മുഹമ്മദലി മാൽകം എക്സിനൊപ്പം (1964) z Jack Kanthal/AP
ലോകം കണ്ട അതുല്യ കായിക പ്രതിഭയും സാംസ്കാരിക ഐക്കണുമായിരുന്ന മുഹമ്മദലി ക്ലേ വിട പറഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം തികയുന്നു. പതിറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന്റെ ഉറച്ച ശബ്ദവും ഉയർത്തിപ്പിടിച്ച നിലപാടുകളും മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉപാസകരുടെ ഓർമകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
മുഹമ്മദലിയെ ലോകം ഓര്‍ക്കുന്നത് എക്കാലത്തെയും ഏറ്റവും വലിയ ബോക്സര്‍ എന്നതിലുപരി വർണാധിപത്യത്തിന്റെയും യുദ്ധക്കൊതിയുടെയും മസ്തകം നോക്കി പ്രഹരിക്കാൻ കാണിച്ച ധീരതയുടെയും ആദര്‍ശ പ്രഖ്യാപനത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പേരിൽ കൂടിയാണ്.
1942 ല്‍ അമേരിക്കയിലെ കെന്റക്കിയിൽ ജനിച്ച കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ 1960ല്‍ 18-ാമത്തെ വയസ്സിലാണ് റോം ഒളിമ്പിക്സില്‍ അമേരിക്കക്ക് വേണ്ടി ബോക്സിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്. വിജയശ്രീലാളിതനായി നാട്ടില്‍ തിരിച്ചെത്തി സുഹൃത്തിനോടൊപ്പം ഒരു റസ്റ്ററന്റിലേക്ക് കയറിച്ചെന്നപ്പോൾ അവിടെ വെള്ളക്കാര്‍ക്ക് മാത്രമേ ഭക്ഷണം നൽകൂ എന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചു. അഭിമാനത്തിനു മുറിവേറ്റ അദ്ദേഹത്തോട് ബോക്സിങ് സ്പോണ്‍സറെ ഫോണ്‍ ചെയ്ത് വിവരമറിയിക്കാൻ സുഹൃത്ത് ആവശ്യപ്പെട്ടു. തന്റെ സ്പോണ്സര് ആ റസ്റ്റോറന്റ് തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ള ആളായിട്ടും കാഷ്യസ് ക്ലേ അതിനു തുനിഞ്ഞില്ല. റസ്റ്ററന്റില്‍ നിന്ന് ഇറങ്ങി മുന്നോട്ടു നീങ്ങവെ ജഫേഴ്സൺ കൗണ്ടി പാലത്തിന് അടുത്തെത്തും തോറും അദ്ദേഹത്തിന്റെ നടത്തത്തിനു വേഗം കൂടി.
സുഹൃത്തിന് കാരണം പിടികിട്ടിയില്ല. കാര്യം പന്തിയല്ലെന്ന് കണ്ട് സുഹൃത്ത് ഓടിയടുത്തപ്പോഴേക്കും അത് സംഭവിച്ചിരുന്നു. കഴുത്തിലണിഞ്ഞിരുന്ന സ്വർണ മെഡല്‍ ഊരിയെടുത്ത് ഒഹായോ നദിയിലേക്ക് വീശിയെറിഞ്ഞു ആ ഒളിമ്പിക്സ് ജേതാവ്! പൊട്ടിക്കരഞ്ഞ സുഹൃത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘കരയരുത്, ഇത് വ്യാജ സ്വര്‍ണമാണ്, ഒരുനാൾ ഞാൻ യഥാർഥ സ്വര്‍ണം നേടും’’. തന്റെ ചരിത്ര വിജയങ്ങള്‍ കാണാന്‍ ആ സുഹൃത്ത് ജീവിച്ചിരുന്നില്ല എന്ന കാര്യം ആത്മകഥയില്‍ മുഹമ്മദലി അനുസ്മരിക്കുന്നുണ്ട്. ഈ സംഭവത്തോടെ അമേരിക്കയിലെ വർണവിവേചനത്തിന്റെ കാഠിന്യം ലോകത്തിന് മുന്നിൽ കൂടുതല്‍ വെളിപ്പെട്ടു. വിവേചനത്തിനെതിരായ ധീരമായ ചെറുത്തു നില്‍പ്പുകളുടെ പുതിയൊരധ്യായത്തിന്റെ തുടക്കമായിരുന്നു അത്. പ്രസിദ്ധരായ എതിരാളികളെ ഓരോരുത്തരെയായി ക്ലേ മലര്‍ത്തിയടിച്ചു. അന്നുവരെ അജയ്യനായി കരുതപ്പെട്ടിരുന്ന ലോക ചാമ്പ്യന്‍ സോണി ലിസ്റ്റനെ നോക്കൗട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ചു കൊണ്ടായിരുന്നു തുടക്കം.
മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും പരമമായ നീതിയുടെയും ശാദ്വലതലങ്ങൾ തേടി അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ചു; മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു. അമേരിക്കൻ സാമ്രാജ്യത്വ ത്വരയുടെ മകുടോദാഹരണമായിരുന്ന വിയറ്റ്നാം യുദ്ധത്തോട് വിയോജിച്ച് സൈന്യത്തില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചു. ‘‘എന്റെ മതവിശ്വാസം നിരപരാധികളെ കൊല്ലാന്‍ അനുവദിക്കുന്നില്ല’’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിയറ്റ്കോങ്ങുകളോട് തനിക്ക് വിരോധമില്ല എന്ന് തുറന്നു പറഞ്ഞ മുഹമ്മദലിയെ അമേരിക്കൻ ഭരണകൂടം ഒരു ദേശീയ ശത്രുവായി കണക്കാക്കി. അദ്ദേഹത്തിന്റെ ലോകകപ്പ് കിരീടവും ബോക്സിങ് ലൈസന്‍സും സര്‍ക്കാര്‍ എടുത്തുമാറ്റി.
എന്നിട്ടും ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാനോ നിലപാടുകള്‍ മയപ്പെടുത്താനോ അദ്ദേഹം തയ്യാറായില്ല. വർണവിവേചനത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെട്ടു. വെള്ളക്കാരന്റെ ദുരഭിമാനത്തെക്കുറിച്ച് അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘‘എന്തെങ്കിലും എടുത്തു പറയത്തക്ക ഗുണം ഒരു കറുത്ത വർഗക്കാരനില് കണ്ടാല്‍ അവന്റെ മുൻഗാമികളിൽ ഒരു വെള്ളക്കാരന്റെ സാന്നിധ്യം അവര്‍ കണ്ടുപിടിക്കും. എന്നാല്‍ ഒരു കറുത്ത വർഗക്കാരന് തെമ്മാടിയോ അക്രമിയോ ആയിരുന്നാൽ പാരമ്പര്യത്തില്‍ ഒരു വെള്ളക്കാരന്റെ സാന്നിധ്യം അവര്‍ സമ്മതിച്ചു തരില്ല. കറുത്ത വർഗക്കാരന്റെ പാരമ്പര്യത്തില്‍ ഏതെങ്കിലും വെള്ള രക്തത്തിന്റെ സാന്നിധ്യം കണ്ടുവെങ്കിൽ തന്നെ അത് ബലാത്സംഗത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായിരിക്കും’’.
അതികഠിനമായ സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ട് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍, മതവിശ്വാസത്തിന്റെ പേരില്‍ പട്ടാളത്തില്‍ ചേരാന്‍ വിസമ്മതിച്ച നടപടി ശരിവെച്ച് അമേരിക്കന്‍ സുപ്രീം കോടതി ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിച്ചു. എടുത്തുമാറ്റിയ ബോക്സിങ് ലൈസന്‍സ് തിരിച്ചു നല്‍കാനും ഉത്തരവ് വന്നു. തിരിച്ച് റിങ്ങിലെത്തി അതികായന്മാരായ ജോർജ് ഫോർമാനുമായും ജോ ഫ്രേസിയറുമായും നടത്തിയ മത്സരങ്ങളിൽ അദ്ദേഹം ഉജ്ജ്വല വിജയം നേടി. റിംഗില്‍ നിന്ന് വിരമിച്ച ശേഷം മനുഷ്യാവകാശ-വർണ വിവേചന വിരുദ്ധ പ്രവര്‍ത്തനങ്ങളിലും, ജീവകാരുണ്യ പരിശ്രമങ്ങളിലും അദ്ദേഹം കൂടുതൽ സജീവമായിരുന്നു. പാര്‍ക്കിൻസൺസ് രോഗം പിടിപെട്ട മുഹമ്മദലി വിറയാർന്ന കൈകള്‍ കൊണ്ട് 1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിന്റെ ഉദ്ഘാടന വേളയില്‍ ഒളിമ്പിക് ദീപം കൊളുത്തുന്ന ചിത്രം വല്ലാത്ത ഒരു ഓര്‍മ്മയായി ഇന്നും നിലനില്ക്കുന്നു.
ഭരണകൂടത്തിന് അനഭിമതനായപ്പോഴും ലോകപ്രശസ്ത ചിന്തകൻ ബര്‍ട്രന്റ് റസ്സല്‍ അടക്കമുള്ള മനുഷ്യാവകാശ സ്നേഹികളുടെയും വര്‍ണ്ണവിവേചന വിരുദ്ധരുടെയും മനസ്സില്‍ മുഹമ്മദലിയോടുള്ള ആദരവും സ്നേഹവും വര്‍ധിച്ചു കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ അംഗീകാരം നല്കിക്കൊണ്ടും അവകാശം ഉന്നയിച്ചു കൊണ്ടും അമേരിക്ക സമീപിച്ചപ്പോഴേക്കും മുഹമ്മദലി എന്ന ഇതിഹാസം മുഴുലോകത്തിന്റെയും സ്വന്തമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒളിമ്പിക്സ് കമ്മിറ്റി ഭാരവാഹികള്‍ തന്നെ, അദ്ദേഹം ഒളിമ്പിക്സ് വേദിയിലേക്ക് തിരിച്ചെത്തിയപ്പോൾ ആ പഴയ സ്വര്‍ണമെഡലിന് പകരം പ്രതീകാത്മകമായി മറ്റൊന്ന് വെള്ളിത്തളികയില്‍ വെച്ച് സമര്‍പ്പിച്ചത്. വംശീയതയും വര്‍ണ്ണ-വർഗ വെറികളും അന്തമില്ലാതെ തുടരുന്ന ലോകത്ത് മുഹമ്മദലിയുടെ പോരാട്ട ഓർമകൾ പകരുന്ന ആശ്വാസവും കരുത്തും അപാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.