ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമകൾ പുതുക്കി ബലിപെരുന്നാൾ (ഈദുൽ അദ്ഹാ) ആഘോഷിക്കുകയാണ്. മനുഷ്യസമൂഹത്തിന് എക്കാലത്തും വെളിച്ചം പകരുന്ന ഒട്ടേറെ ചരിത്രപാഠങ്ങളുടെയും മൂല്യങ്ങളുടെയും ഓർമപ്പെടുത്തൽകൂടിയാണ് ഈ സുദിനം.
ചരിത്രത്തിലെ അതുല്യനായ ഇബ്റാഹീം നബി എന്ന മഹാപുരുഷനും പത്നി ഹാജർ, മകൻ ഇസ്മാഈൽ എന്നിവരും പ്രപഞ്ചനാഥന്റെ കൽപനകൾക്ക് മുന്നിൽ സ്വന്തം ഇഷ്ടങ്ങളെയും ജീവനെത്തന്നെയും നിരുപാധികം സമർപ്പിച്ചതിന്റെ ഉജ്ജ്വലമായ ഓർമകളാണ് ബലിപെരുന്നാളിന്റെ ആത്മാവ്.
മുഴുവൻ മനുഷ്യരെയും സന്മാർഗത്തിലേക്ക് നയിക്കുക എന്ന ദൗത്യമാണ് ഇബ്‌റാഹീമിനെ സ്രഷ്ടാവായ ദൈവം ചുമതലപ്പെടുത്തിയത്. ഒരു സാരോപദേശകനായി, ഒരുപാട് ദാർശനിക, മഹദ്വചനങ്ങൾ ചൊല്ലി കടന്നുപോവുകയായിരുന്നില്ല ആ ദൈവദൂതൻ. അനീതിയെയും അക്രമത്തെയും ചോദ്യംചെയ്തു. ദൈവിക നിയമങ്ങളിൽനിന്ന് വഴിതെറ്റിക്കുന്ന മനുഷ്യന്റെ മനസ്സിൽ കൂടിയിരുത്തുന്ന എല്ലാ ഭൗതിക വിഗ്രഹങ്ങളെയും നിരാകരിച്ചു. ഇക്കാരണങ്ങളാലൊക്കെ കൊടിയ പീഡനങ്ങളും ദുരിതങ്ങളും ഏൽക്കേണ്ടിവന്നു. തീകുണ്ഡത്തിലേക്ക് എറിയപ്പെട്ടു, വീട്ടിൽനിന്ന് പുറത്തായി, നാട്ടിൽനിന്നും ഇറങ്ങിപ്പോരേണ്ടി വന്നു... പക്ഷേ, സത്യത്തിന്റെ പാതയിൽ ഉറച്ചുനിന്നു. ധർമത്തിന്റെയും മൂല്യങ്ങളുടെയും മാർഗത്തിൽ ഉറച്ചുനിൽക്കാനാഗ്രഹിക്കുന്നവരുടെ നിത്യപ്രചോദകമാണ് ഇബ്റാഹീം.
തനിക്കു ശേഷം ഈ ദൗത്യം തുടരണമെന്ന് ഇബ്റാഹീം നബി കൊതിച്ചു. അതിനായി, തനിക്കൊരു കുഞ്ഞിനെ നൽകണമെന്ന് ദൈവത്തോട് പ്രാർഥിച്ചു. ദൈവം പ്രാർഥന സ്വീകരിച്ചു. ഇബ്റാഹീമും പ്രത്നിയും അഹ്ലാദിച്ചു. പക്ഷേ, വാർധക്യത്തിൽ ലഭിച്ച പൊന്നോമനയെ ബലിയർപ്പിക്കാൻ ദൈവകൽപന വന്നു. ഒരു വൈമനസ്യവും കൂടാതെ അതിന് തയാറായ പിതാവും, അതിന് പൂർണസമ്മതം നൽകിയ മകനും, ദൈവത്തിന്റെ തീരുമാനത്തിൽ അടിയുറച്ച് വിശ്വസിച്ച മാതാവും ലോകത്തിന് നൽകുന്ന സന്ദേശം സമാനതകളില്ലാത്തതാണ്. സ്വന്തം താൽപര്യങ്ങളേക്കാൾ സ്രഷ്ടാവിന്റെ കൽപനകൾക്ക് മുൻഗണന നൽകാൻ വിശ്വാസിയെ പ്രാപ്തനാക്കുക എന്നതാണ് ബലിപെരുന്നാൾ നൽകുന്ന ഏറ്റവും വലിയ പാഠം. ത്യാഗസന്നദ്ധതയെ മുൻനിർത്തി മകന് പകരം ആടിനെയറുക്കാൻ ദൈവം നിർദേശിച്ചു.
ജനങ്ങൾക്ക് നിർഭയമായും സുഭിക്ഷമായും കഴിഞ്ഞുകൂടാവുന്ന നാടൊരുക്കുക എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമാണ്. ലോകത്ത് ഭൂരിപക്ഷം ആളുകളും ആദരിക്കുന്ന ഇബ്റാഹീം നബിയുടെ പ്രാർഥനയെ ഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു: ‘‘നാഥാ, ഈ നാടിനെ നീ നിർഭയത്വമുള്ളതാക്കേണമേ, ഇവിടത്തുകാർക്ക് നീ ആഹാരം നൽകേണമേ...’’ (ഖുർആൻ 2:126). ഏതൊരു സമൂഹത്തിന്റെയും നിലനിൽപിനും പുരോഗതിക്കും ഏറ്റവും അനിവാര്യമായ രണ്ട് കാര്യങ്ങളാണ് ഭയരഹിതമായ അന്തരീക്ഷവും അന്നവും. വിശപ്പും ഭയവും ഇല്ലാത്ത ഒരു നാട് കെട്ടിപ്പടുക്കുക എന്നത് ഭരണകൂടത്തിന്റെയും ബാധ്യതയാണ്, പൗരരുടെ അവകാശവുമാണ്. ഈ നൈതികതയെ നിരാകരിച്ച് സ്വേച്ഛാധിപത്യം ജനതയുടെ മേൽ അടിച്ചേൽപിച്ച നംറൂദ് എന്ന ഭരണാധികാരത്തിന്റെ നൈതികത ചോദ്യംചെയ്യുന്ന ശല്യക്കാരനായ വ്യവഹാരിയായി ഇബ്റാഹീം എഴുന്നറ്റുനിൽക്കുന്നു. മനുഷ്യർ അകാരണമായി വേട്ടയാടപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യുന്ന ആനുകാലിക ലോകത്ത് ഇബ്റാഹീം നബിയുടെ ഈ പ്രാർഥനക്ക് വലിയ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ട്.
പരീക്ഷണങ്ങളുടെ മഹാപർവങ്ങൾ തരണംചെയ്തെത്തിയ ഇബ്‌റാഹീമിന് ദൈവം തന്റെ ആത്മമിത്രമെന്ന അംഗീകാരം നൽകി. ദൈവം ഇബ്റാഹീമിന് നൽകിയ മറ്റൊരു പേര് ജനങ്ങളുടെ നേതാവ് എന്നായിരുന്നു. ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ച് മുന്നിലെത്താതെ ഒരാൾക്ക് എങ്ങനെ അവരുടെ നേതാവാകാനാവും? മാതൃക പകരാനാവും? ജനങ്ങളോട് ബന്ധം സ്ഥാപിച്ചേ ദൈവസാമീപ്യം സാധ്യമാകൂ എന്ന പാഠമാണ് ബലിപെരുന്നാൾ നൽകുന്നത്.
ഈ ചരിത്ര സംഭവങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് മക്കയിലേക്ക് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ ഹജ്ജ് കർമത്തിലേർപ്പെട്ടിരിക്കുന്ന വേളയിലാണ് നാം പെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മനുഷ്യസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹാപ്രഖ്യാപനമാണ്. ദേശ, ഭാഷ, വർണ, വംശ വ്യത്യാസങ്ങളില്ലാതെ, തുന്നലില്ലാത്ത രണ്ട് വെള്ളത്തുണികൾ മാത്രം ധരിച്ച് ‘ലബ്ബൈക്’ ചൊല്ലി അവർ അറഫാ മൈതാനത്ത് സംഗമിക്കുമ്പോൾ, അവിടെ മനുഷ്യൻ സൃഷ്ടിച്ച സകല മതിലുകളും തകർന്നുവീഴുന്നു. നാമെല്ലാവരും ഒരു സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നും, പരസ്പരം ഒരു ഏറ്റക്കുറച്ചിലുമില്ലെന്നും അറഫ നമ്മെ ഓർമിപ്പിക്കുന്നു.
ഇസ്‌ലാമിലെ ആഘോഷങ്ങൾ കേവലം ആനന്ദത്തിനോ ആർഭാടത്തിനോ ഉള്ളതല്ല; മറിച്ച്, അവ മാനവികതയുടെ അടയാളങ്ങളാണ്. ബലിപെരുന്നാൾ ദിനത്തിൽ അറുക്കപ്പെടുന്ന മൃഗത്തിന്റെ മാംസം പാവപ്പെട്ടവർക്കും അയൽക്കാർക്കും ബന്ധുക്കൾക്കുമായി വിതരണം ചെയ്യണമെന്നാണ് നിയമം. എന്റെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ ഞാൻ മാത്രം ആഘോഷിക്കുന്നതിൽ അർഥമില്ല എന്ന വലിയ സാമൂഹിക പാഠമാണ് ഇതിലൂടെ ഇസ്‌ലാം നൽകുന്നത്. സ്വന്തം സുഖാനുഭൂതിയിലല്ല, മറ്റുള്ളവർക്ക് വേണ്ടിയുള്ള ത്യാഗത്തിലൂടെയും സഹാനുഭൂതിയിലൂടെയുമാണ് യഥാർഥ സന്തോഷം കൈവരുന്നത്.
മനുഷ്യരെ കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിയുടേയും തൊഴിലിന്റെയും മതത്തിന്റെയും പേരിൽ വിഭജിക്കാൻ ശ്രമങ്ങൾ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അധികാരവും സ്വാധീനവും നേടാനും ഉറപ്പിക്കാനും നിലനിർത്താനും മനുഷ്യർക്കിടയിൽ മതിലുകൾ സൃഷ്ടിക്കുന്ന പൈശാചിക ശക്തികൾ നാടുവാഴും കാലമാണ്. ഇത്തരം വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ സ്നേഹംകൊണ്ടും സഹവർത്തിത്വംകൊണ്ടും നാം പ്രതിരോധം തീർക്കേണ്ടതുണ്ട്. പെരുന്നാൾ ദിന സന്തോഷങ്ങളിൽ ജാതി-മത ഭേദമന്യേ അയൽക്കാരെയും സുഹൃത്തുക്കളെയും പങ്കുചേർക്കണം. പരസ്പരം അറിയാനും അടുക്കാനുമുള്ള വേദികളായി ഇത്തരം ആഘോഷങ്ങളെ മാറ്റിയെടുക്കണം.
സ്നേഹവും സമാധാനവും പുലരുന്ന, എല്ലാവർക്കും നിർഭയത്വത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം, അതിനായി കൈകോർക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.
(ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.