ലഹരിയുടെ സാമൂഹിക ശാസ്ത്രവും ഓപറേഷന്‍ തൂഫാനും

ലഹരി മാഫിയയുടെ വേരറുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത, ശക്തമായ ഒരു നാര്‍ക്കോ വേട്ടക്ക് നമ്മള്‍ വീണ്ടും തുടക്കം കുറിക്കുകയാണ്. കേരളത്തിലെ കാമ്പസുകളെ ലക്ഷ്യമിട്ട് ലഹരിമാഫിയ നടത്തുന്ന അധിനിവേശം ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല; വരുംതലമുറയെ തകര്‍ക്കുന്ന വലിയൊരു സാമൂഹിക വിപത്തുമാണ്.

2014-ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ് എന്ന പദ്ധതിക്ക് രൂപം നല്‍കിയത് ഈ തിരിച്ചറിവിലാണ്. മധ്യകേരളത്തിലെ ഒരു കോളജില്‍ പഠിച്ചിരുന്ന മിടുക്കിയായ പെണ്‍കുട്ടി ലഹരിക്ക് ഇരയാവുകയും, പിന്നീട് ഹോസ്റ്റല്‍ മുറി ലഹരി വിതരണ കേന്ദ്രമാക്കാന്‍ മാഫിയ അവളെ പ്രേരിപ്പിക്കുകയും ചെയ്ത യാഥാര്‍ഥ്യം അന്നു നമ്മള്‍ കണ്ടതാണ്. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും സ്വഭാവം പരിശോധിച്ചാല്‍ ലഹരിയുടെ വേരോട്ടം എത്രത്തോളമുണ്ടെന്ന് വ്യക്തമാകും.

അന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത റെയ്ഡുകളിലൂടെ നമ്മള്‍ ലഹരി ശൃംഖലകളെ തളച്ചിരുന്നു. മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡറാക്കി നടത്തിയ ബോധവല്‍ക്കരണം ശക്തമായ സുരക്ഷാ കോട്ട തീര്‍ത്തു. എന്നാല്‍, പിന്നീട് വന്ന ഭരണകൂടം ഈ പദ്ധതിയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായ പരിശോധനകള്‍ ഇല്ലാതായതോടെ ഉണ്ടായ ആ വലിയ വിടവിലാണ്, കഞ്ചാവില്‍ നിന്ന് മാരകമായ എം.ഡി.എം.എ പോലെയുള്ള സിന്തറ്റിക് ഡ്രഗ്‌സുകളിലേക്ക് മാറ്റി മാഫിയ ശക്തമായി തിരിച്ചുവന്നത്.

കാമ്പസുകളെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യമായിരുന്നു മുമ്പുണ്ടായിരുന്നത് എങ്കിലും, ലഹരി വ്യാപനത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ ലഹരിവേട്ടയുടെ കൊടുങ്കാറ്റ് കേരളമൊട്ടാകെ വ്യാപിക്കേണ്ടതുണ്ട്.

ഇന്ന് കേരളത്തിലേക്ക് ഒഴുകുന്ന സിന്തറ്റിക് മരുന്നുകളുടെ ഉറവിടം ബംഗളൂരു, ഗോവ, ചെന്നൈ തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളാണ്. അതുകൊണ്ടുതന്നെ അയല്‍സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സംയുക്ത ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിനുള്ള വിപുലമായ അന്തര്‍സംസ്ഥാന സഖ്യം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വലിയ പോരാട്ടത്തിനായി രൂപീകരിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന ദൗത്യവുമായി അയല്‍സംസ്ഥാനങ്ങളും സഹകരിക്കും.

മുമ്പ് നമ്മള്‍ വിതരണക്കാരെ മാത്രമാണ് ലക്ഷ്യമിട്ടതെങ്കില്‍, ഇനി അതിര്‍ത്തി കടന്ന് മയക്കുമരുന്ന് കേരളത്തിലെത്തുന്നതിന് മുന്‍പ് തന്നെ അതിന്റെ ഉറവിടം തകര്‍ക്കുകയാണ് ലക്ഷ്യം. ലഹരി വിപണനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കലും കര്‍ശനമായ സൈബര്‍ നിരീക്ഷണവും ഇതിലുള്‍പ്പെടുന്നു.

വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടത്തില്‍ പൊലീസിനൊപ്പം വിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും അധ്യാപകരും, രക്ഷിതാക്കളും, പൊതുസമൂഹവും എല്ലാം ഒരൊറ്റ മനസ്സോടെ അണിനിരക്കണം. നമ്മുടെ മക്കളുടെ പുഞ്ചിരി തകര്‍ക്കാന്‍ ലഹരിമാഫിയയ്ക്ക് നമ്മള്‍ അനുവാദം നല്‍കരുത്. ലഹരി മാഫിയയുടെ കോട്ടകൾ തകർത്തെറിയാൻ, വരുംതലമുറയുടെ സുരക്ഷയ്ക്കായി സമാനതകളില്ലാത്ത പ്രതിരോധമുയര്‍ത്തി, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന ലഹരി വേട്ടയായിരിക്കും 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്'.

Tags:    
News Summary - The social science of addiction and Operation Toofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.