ഏകാധിപതിയെ ആട്ടിയോടിച്ച വെട്ട്

'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ, വിശേഷിച്ചും അതിന്റെ അവസാനത്തെ ഏതാനും വർഷങ്ങളുടെ യഥാർഥ പ്രതിപുരുഷൻ. ഇന്ത്യയിലെന്നല്ല, മറ്റെവിടെയുമുള്ള സ്വേച്ഛാധിപത്യത്തിന്റെ ആരാധകൻ, ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ഏകാധിപതിയുടെ തിളങ്ങുന്ന അലങ്കാരം'-ജവഹർലാൽ നെഹ്റു തന്റെ ആത്മകഥയിൽ സർ സി.പി. രാമസ്വാമി അയ്യരെക്കുറിച്ച് ഇങ്ങനെ പറയുന്നു.

തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സ്വീകരിച്ച നടപടികൾ വിശകലനംചെയ്യുമ്പോൾ നെഹ്റു നൽകിയ വിശേഷണങ്ങളൊന്നും മതിയാവില്ല സർ സി.പിക്ക് (ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ എന്നാണ് മുഴുവൻ പേര്). ഭിന്നിപ്പിച്ച് തകർക്കുക എന്ന കുതന്ത്രമായിരുന്നു സർ സി.പി ആദ്യം പ്രയോഗിച്ചുനോക്കിയത്. സ്റ്റേറ്റ് കോൺഗ്രസ് ക്രിസ്ത്യാനികൾക്ക് മുൻതൂക്കമുള്ള സംഘടനയാണെന്ന പ്രചാരണമായിരുന്നു ആദ്യഘട്ടം. സ്റ്റേറ്റ് കോൺഗ്രസിനെതിരായി തിരുവിതാംകൂർ നാഷനൽ കോൺഗ്രസുണ്ടാക്കാൻ മന്നത്ത് പത്മനാഭനെയും നായർ സർവിസ് സൊസൈറ്റിയുടെ നേതാക്കളെയും പ്രേരിപ്പിക്കാൻ ശ്രമിച്ചതും അതിന്റെ ഭാഗമായാണ്. ആ തന്ത്രം വിലപ്പോകുന്നില്ലെന്നായപ്പോൾ സമരനേതാക്കൾക്കുനേരെ മർദന നടപടികൾ തുടങ്ങി. സംസ്ഥാനമൊട്ടാകെ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തി പല നേതാക്കളെയും അറസ്റ്റ് ചെയ്തു.

മാവേലിക്കര നിയോജക മണ്ഡലത്തിൽനിന്ന് തിരുവിതാംകൂർ നിയമസഭയിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പിൽ ദിവാൻ കൃത്രിമം കാണിക്കുകയും സ്റ്റേറ്റ് കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവി ഉറപ്പുവരുത്തുകയും ചെയ്തുവെന്നുമുള്ള രേഖകളും പിന്നീട് പുറത്തുവന്നു. സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളെ ഓരോരുത്തരെയായി ആക്രമിക്കാനുള്ള പദ്ധതിയും അദ്ദേഹം തയാറാക്കിവെച്ചിരുന്നു. കെ.പി. നീലകണ്ഠപിള്ള, എം.ആർ. മാധവ വാര്യർ, മിസ് ആനി മസ്ക്രീൻ തുടങ്ങിയ പ്രമുഖ നേതാക്കൾ തിരുവനന്തപുരം നഗരത്തിൽ വാടകഗുണ്ടകളാൽ ആക്രമിക്കപ്പെട്ടു. യോഗങ്ങളിലും പ്രകടനങ്ങളിലും ലാത്തിച്ചാർജ് നടക്കുന്നത് നിത്യസംഭവമായി.

കോളജ് വളപ്പുകളിൽ വിദ്യാർഥി യോഗങ്ങൾ നേരിടാൻ കുതിരപ്പട്ടാളത്തെ സർ സി.പി നിയോഗിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്ന ദിനപത്രങ്ങളുടെ ലൈസൻസുവരെ റദ്ദു ചെയ്യപ്പെട്ടു. ദിവാന്റെ മർദനമുറകളിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള മെമ്മോറാണ്ടം സ്റ്റേറ്റ് കോൺഗ്രസ് മഹാരാജാവിന് സമർപ്പിച്ചു. ഒടുവിൽ 1947 ജൂലൈ 25ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽവെച്ച് ആർ.എസ്.പി പ്രവർത്തകനായിരുന്ന കെ.സി.എസ്. മണി ( കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ) വെട്ടിപ്പരിക്കേൽപിച്ചു. അതോടെയാണ് ദിവാൻ രാജിവെച്ചൊഴിഞ്ഞത്. തിരുവിതാംകൂർ അടക്കിവാണ ദിവാനെ വെട്ടിയ ധീരവിപ്ലവകാരിയെ അക്കാലത്ത് പിടികൂടാൻ പൊലീസിന് സാധിച്ചതേയില്ല.?

Tags:    
News Summary - The cut that ousted the dictator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.