പാര്‍ട്ടിക്കായി സമര്‍പ്പിച്ച സമ്പൂര്‍ണ കോൺഗ്രസുകാരൻ

കോണ്‍ഗ്രസ് രാഷ്​​ട്രീയത്തി​​​​​െൻറ കയറ്റിറക്കങ്ങളില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചാണ്ടിലധികമായി നിറസാന്നിധ്യമായിരുന്നു മുക്കാട്ടുപറമ്പില്‍ ഇബ്രാഹിം ഷാനവാസ് എന്ന എം.ഐ. ഷാനവാസ്. അനുഭവിച്ചും വായിച്ചും കണ്ടും കേട്ടും കൊണ്ടും കൊടുത്തും ആര്‍ജിച്ച അനുഭവസമ്പത്തുകള്‍ പാര്‍ട്ടിക്കായി സമര്‍പ്പിച്ച സമ്പൂര്‍ണ കോൺഗ്രസുകാരൻ. പ്രവർത്തനത്തി​​​​​െൻറ നിമ്​നോന്നതങ്ങളിൽ ചില പേരുകള്‍ മാധ്യമങ്ങള്‍ ഷാനവാസിനായി കരുതിവെച്ചിരുന്നു; കോണ്‍ഗ്രസിലെ തന്ത്രജ്ഞന്‍, രാഷ്​ട്രീയ അട്ടിമറിയുടെ സൂത്രധാരന്‍, പിന്‍സീറ്റ് ഡ്രൈവര്‍, കിങ്​മേക്കർ‍...

ഷാജിക്കയെന്ന് അടുപ്പക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാനവാസ്, കെ.പി.സി.സി ഭാരവാഹിത്വം ആദ്യമായി തന്നെ കടാക്ഷിച്ച വേളയിലെ ഒരനുഭവം രസകരമായി പങ്കുവെക്കുകയുണ്ടായി. നേതാവി​​​​​െൻറ പെട്ടിചുമക്കാനായി ചെന്നതി​​​​​െൻറ ഒാർമ. 1982 എറണാകുളം നോര്‍ത്ത് റെയിൽവേ സ്​റ്റേഷൻ. അന്ന്​ കേരളത്തിൽ കണ്ണോത്ത് കരുണാകരന്‍ ഉഗ്രപ്രതാപിയായി വാഴുന്ന കാലം. ഡല്‍ഹിയിലാക​െട്ട ഇന്ദിരാജിയുടെ സുവര്‍ണകാലവും. അലക്കിത്തേച്ച ഖദറൊക്കെയിട്ട് അന്ന് അവര്‍ രണ്ടുപേര്‍ ആ റെയിൽവേ സ്​റ്റേഷ​​​​​െൻറ മുറ്റത്ത് കാത്തുനില്‍പാണ്. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചരിത്രത്തിലെ ആദ്യ ജോയൻറ്​ സെക്രട്ടറിമാര്‍ എം.ഐ. ഷാനവാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും; പ്രസിഡൻറ്​ സി.വി. പത്മരാജ​​​​​െൻറ വരവും കാത്ത്​. രണ്ടു പേരും വല്ലാത്ത സങ്കടത്തിലായിരുന്നു.

നേതാക്കളാവാൻ കച്ചകെട്ടിയവരുടെ പടതന്നെ ഒപ്പമുള്ളപ്പോൾ ഏതായാലും അവര്‍ക്ക് രണ്ട് ജോയൻറ്​ സെക്രട്ടറിമാരാകാനായി എന്നത് ശരിതന്നെ. വിഷയം അതല്ല; ഒരുത്തനും മൈൻഡ്​​ ചെയ്യുന്നില്ല. ഒരു ചുമതലകളുമില്ല. ക്ലര്‍ക്കി​​​​​െൻറ വിലപോലുമില്ല. ഇങ്ങനെ നീണ്ടുപോകുന്ന സങ്കടങ്ങള്‍ അടുത്ത വണ്ടിയില്‍ വന്നിറങ്ങുന്ന പ്രസിഡൻറ്​ പത്മരാജന്‍ സാറിനോട് പറയണം. അതിനായിരുന്നു കാത്തുനിൽപ്​. നില്‍പിനിടയില്‍ ചെറിയൊരു ചിരിയോടെ ഷാനവാസ് തിരുവഞ്ചൂരിനോട് പറഞ്ഞു: തിരുവഞ്ചൂരേ, സാറി​​​​​െൻറ പെട്ടി ഞാനെടുത്തോളാം കെട്ടോ...! തിരുവഞ്ചൂരുണ്ടോ വിടുന്നു. ഏതൊക്കെയായാലും ഇന്ന് നീയെടുത്തോയെന്ന് പഞ്ചായത്താക്കി രാധാകൃഷ്ണന്‍. അപ്പോഴേക്കും തീവണ്ടി കൂകിവിളിച്ചെത്തി. പുരുഷാരങ്ങളുടെ നടുവില്‍ ആദരണീയനായ പ്രസിഡൻറി​​​​​െൻറ വെള്ളപ്പൊട്ട് ജോയൻറ്​ സെക്രട്ടറിമാര്‍ കണ്ടു.

പെട്ടിയിലേക്കാണ് കണ്ണ് ആദ്യം പാഞ്ഞത്. എവിടെ? കണ്ടില്ല. കൈയും വീശി നടന്നുവരുന്നു പ്രസിഡൻറ്. അപ്പോഴല്ലേ രസം! തൊട്ടുപിറകിലതാ തങ്ങളെക്കാള്‍ വലിയ ഒരു നേതാവ് ഇരുകൈയിലും പെട്ടികളുമായി ചിരിതൂവി നടന്നുവരുന്നു! സൈക്കിളില്‍നിന്ന് വീണ ചിരിയെന്ന് അന്നോളം നീണ്ട ജീവിതത്തില്‍ ഷാനവാസ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അന്ന്, പതിറ്റാണ്ടുകള്‍ മുമ്പത്തെ ആ സുന്ദരപ്രഭാതത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്​റ്റേഷനിലെ ആ നില്‍പില്‍ സ്വന്തം മുഖത്ത് ചിരി വിരിയുന്നത് ഷാനവാസ് അറിഞ്ഞു. പാര്‍ട്ടിയില്‍ ആരും മൈൻഡ്​ ചെയ്യുന്നില്ലെന്ന സങ്കടം പറയാന്‍ വന്നവര്‍ക്ക് കിട്ടിയത് പുതിയൊരു തിരിച്ചറിവ്; പെട്ടിയെടുക്കാന്‍പോലും അവസരമില്ലാത്ത ജോയൻറ്​ സെക്രട്ടറിമാര്‍!

എം.ഐ. ഷാനവാസ് എന്ന രാഷ്​​ട്രീയക്കാര​​​​​െൻറ ജീവിതത്തിലെ സംഭവബഹുലമായ മറ്റൊരേട് അവിടെത്തുടങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട്​ ഇന്നുവരെ മുപ്പത്തഞ്ചാണ്ടിലേറെ കാലം പിന്നിടുമ്പോഴും കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ രണ്ടാമനോ മൂന്നാമനോ ഒക്കെയായി ആ പേരുണ്ട്. കോളജ്​ പഠനം കോഴിക്കോടായതുകാരണം ഷാനവാസിന്​ എന്നും പ്രിയമായിരുന്നു അവിടം. ഞാന്‍ പിറക്കാതെ പോയ എ​​​​​െൻറ പ്രിയപ്പെട്ട നഗരമാണ് കോഴിക്കോട്. ഇവിടന്ന് അന്ന് ആ കോളജ്കാലം കഴിഞ്ഞ് കൊച്ചിയിലേക്കുതന്നെ മടങ്ങിയതാണ് എ​​​​​െൻറ ജീവിതത്തിലെ പില്‍ക്കാലത്തെ പല നിര്‍ഭാഗ്യങ്ങള്‍ക്കും കാരണം. ഞാനേറ്റവും സങ്കടപ്പെടുന്നതും അതോര്‍ത്താണിപ്പോള്‍...

തെരഞ്ഞെടുപ്പുകളില്‍ ഷാനവാസിന്​ കാലിടറുന്നത്​ മലയാളികള്‍ക്ക്​ ഒരു വിഷയമേ ആയിരുന്നില്ല! പലപ്പോഴും ജയിക്കുമെന്ന് തോന്നിച്ചൊടുവില്‍ ഷാനവാസ് തോല്‍ക്കും. എതിരാളികള്‍വരെ ആ വീര്യത്തിനു മുമ്പില്‍ പകച്ചുപോയി തോല്‍വി സമ്മതിച്ച അനുഭവങ്ങളും ഏറെ. പക്ഷേ, പെട്ടിതുറന്ന് വോട്ടെണ്ണിത്തീരുമ്പോള്‍ പൊട്ടിയത് ഷാനവാസ് തന്നെയാകും. ഉപരിപഠനത്തിന്​ കോഴിക്കോ​െട്ടത്തിയതിനുപിന്നിലും ഒരു കാരണമുണ്ട്​. അന്ന് കെ.എസ്.യു കളി വല്ലാതെ അതിരുകടന്നപ്പോഴാണ് ബാപ്പ ഷാനവാസിനെ നല്ല കുട്ടിയാക്കാനായി മലബാറി​​​​​െൻറ അലീഗഢെന്ന് കേളികേട്ട ഫാറൂഖ് കോളജിലേക്ക് അയക്കുന്നത്. ആലപ്പുഴ എസ്.ഡി കോളജിലെ പ്രീഡിഗ്രിക്കാലത്തേ കെ.എസ്.യുവി​​​​​െൻറ തലപ്പത്ത്. അമ്പലപ്പുഴ താലൂക്ക് കെ.എസ്.യു പ്രസിഡൻറ്​. പിന്നെ ആലപ്പുഴ ജില്ല പ്രസിഡൻറ്​. ഭാരങ്ങള്‍ അങ്ങനെ നീണ്ടപ്പോഴേ ബാപ്പക്ക് കലിയിളകിത്തുടങ്ങി. മകനെ ഡോക്ടറാക്കണമെന്ന് മോഹിച്ച വക്കീലായ ബാപ്പ പിന്നെ കാണുന്നത് കോടതിക്കു മുമ്പില്‍ മഴനനഞ്ഞ് സത്യഗ്രഹമിരിക്കുന്ന പുത്രനെ! അങ്ങനെ ആലപ്പുഴയില്‍ ഇംഗ്ലീഷ് സാഹിത്യ ബിരുദപഠനം പാതിയില്‍ നിര്‍ത്തി മകനെ കോഴിക്കോട്ടെ ഫാറൂഖാബാദിലേക്ക് പായിച്ചു, സ്നേഹനിധിയായ ആ പിതാവ്​.

ഫാറൂഖ് കോളജിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥി രാഷ്​​ട്രീയത്തി​​​​​െൻറ ഓളപ്പരപ്പുകളില്‍ ഒരു രാഷ്​​ട്രീയക്കാരന്‍ പിറവിയെടുക്കുകയായിരുന്നു പിന്നെ. പല ചരിത്രങ്ങളുടെയും തുടക്കവുമായിരുന്നു അത്. കെ.എസ്.യുവി​​​​​െൻറ ചരിത്രത്തിലെ ആദ്യ റിബല്‍ സ്ഥാനാര്‍ഥി, ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ ആദ്യ തോല്‍വി. കോഴിക്കോടിനെ ഇളക്കിമറിച്ച് ആദ്യ റിബല്‍ ജാഥ, കാമ്പസി​​​​​െൻറ പുറത്തേക്കുനീണ്ട് വിശാലാര്‍ഥത്തിലുള്ള ആദ്യ മുഴുനീള കാമ്പസ് സംഘട്ടനം. എല്ലാറ്റിലും നായകസ്ഥാനത്ത് മുഖ്യമായി ആ പേരായിരുന്നു; ഷാനവാസ്. ഫാറൂഖ് കോളജില്‍ നാലു കൊല്ലത്തിനിടക്ക് അവിടെ യൂനിയൻ ചെയര്‍മാനായ ഷാനവാസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയ​ൻ ചെയർമാനുമായി. ഫാറൂഖ് കോളജിലെ ഹോസ്​റ്റല്‍ മുറിക്കു പുറമെ നഗരത്തിലെ ഇംപീരിയല്‍ ലോഡ്ജിലെ പതിനാലാം നമ്പര്‍ മുറി. പുലരുവോളം നീണ്ട ചര്‍ച്ചകള്‍. യൂനിയന്‍ ചെയർമാനായ കാലത്തെ കലോത്സവത്തില്‍ നാലുനാളും നിര്‍ത്താതെ അടിപൊട്ടിയത്. ഒടുവില്‍ കെ.പി. കേശവമേനോന്‍ വിളിപ്പിച്ച് കലോത്സവം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് മാതൃഭൂമി പത്രം മുഖപ്രസംഗമെഴുതിയത്.

അതൊരുകാലം. പ്രായത്തിനുമൊക്കെ എത്രയോ മുമ്പേ പാഞ്ഞ സ്വപ്നങ്ങളുടെയും പാഠങ്ങളുടെയും കാലം. ഫാറൂഖ് കോളജി​​​​​െൻറ ഓരോ പുല്‍ത്തകിടികളുമായും തീര്‍ത്ത ആത്മബന്ധം. പഠിത്തം കഴിഞ്ഞിട്ടും വിട്ടുപോരാതെനിന്ന സ്നേഹത്തി​​​​​െൻറ പിടിത്തം. 68ല്‍ തുടങ്ങി 79ല്‍ അവസാനിച്ചുപോയ രമണീയമായ കാലം. വീട്ടിലേക്ക് അപൂര്‍വമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. കാലം 79ല്‍ എത്തിയപ്പോള്‍ എന്തൊക്കെയോ നിര്‍ബന്ധങ്ങളില്‍ കുടുങ്ങി എറണാകുളത്തേക്ക് മടക്കം. ഇതിനിടക്ക് തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ എല്‍എല്‍.ബിക്ക് ചേര്‍ന്നെങ്കിലും കോഴിക്കോട്ടായിരുന്നു വാസം. പിന്നെ എറണാകുളം ലോ കോളജിലേക്ക് മാറ്റം. ക്ലാസുകളിലൊന്നും ഇരിക്കാറുണ്ടായിരുന്നില്ല. ഒടുക്കം മൂന്നു വര്‍ഷത്തെ പരീക്ഷകള്‍ ഒരുമിച്ചെഴുതി ജയിക്കുകയായിരുന്നു. നന്നെ കുറഞ്ഞ കാലത്തെ വക്കീൽ പ്രാക്ടിസ്. പിറകെ വിവാഹം. പാര്‍ട്ടിയിലെ ഭിന്നിപ്പ്. കരുണാകര​​​​​െൻറ ക്യാമ്പിലെ സന്തോഷവും കയ്പും അനുഭവിച്ച ജീവിതം. കെ.പി.സി.സിയിലെ ജീവിതാരംഭം. അങ്ങനെ പലതും... ജോയൻറ്​ സെക്രട്ടറിയായുള്ള തുടക്കക്കാലം. കെ.പി.സി.സി പ്രസിഡൻറിനോട് കരഞ്ഞുപറഞ്ഞ് ഒടുവില്‍ ഷാനവാസ് ആര്‍ക്കും വേണ്ടാതെ കിടന്ന സേവാദളി​​​​​െൻറ ചുമതലയേറ്റു. രാഷ്​​ട്രീയ സംഘര്‍ഷങ്ങളുടെ ഭൂവിലേക്ക് ഷാനവാസി​​​​​െൻറ സുപ്രധാനമായൊരു വഴിത്താരയായി അത് മാറി. കെ.പി.സി.സി സെക്രട്ടറി ഇന്‍ചാര്‍ജ് ഓഫ് സേവാദള്‍ ആയതു മുതല്‍ ഷാനവാസ് ഒരിടത്തിരുന്നില്ല. കേരളം മുഴുക്കെ ക്യാമ്പുകള്‍, പ്രസംഗങ്ങള്‍...

അങ്ങനെ ആ ചുറുചുറുക്കു കണ്ട് പട്​ന റൂട്ട് മാര്‍ച്ചിനുള്ള സംഘത്തെ നയിക്കാന്‍ ഷാനവാസ് നിയോഗിക്കപ്പെട്ടു. വര്‍ഷം1984. കേരളത്തിൽനിന്നുള്ള 3500 ഡെലിഗേറ്റുകളെയും വഹിച്ചുള്ള സ്പെഷല്‍ ട്രെയിന്‍ പട്​ന ലക്ഷ്യമാക്കി കുതിച്ചു. സംഘത്തില്‍ 500 പെണ്‍കുട്ടികള്‍. നാലുദിവസത്തെ യാത്ര. എ.സിയില്ല, റിസര്‍വേഷനുമില്ല. ആവശ്യത്തിന് പണമില്ല. ഇങ്ങനെ പലവിധ ടെന്‍ഷനുകളില്‍ തലപുകച്ച് യാത്ര തുടരവെയാണ്​ ആ ദുരന്തവര്‍ത്തമാനം യാത്രാക്യാപ്റ്റ​​​​​െൻറ ചെവിയിലെത്തിയത്​. പട്​നക്കിപ്പുറം റാഞ്ചി സ്​റ്റേഷനിലെത്തിയപ്പോള്‍ സംഘത്തിലെ കണ്ണൂര്‍ക്കാരായ രണ്ടുപേരെ കാണാനില്ല. ചിരി മാഞ്ഞു. വണ്ടിനിന്നു. ഷാനവാസ് കരഞ്ഞുകൊണ്ട് കമ്പാര്‍ട്ടുമ​​​​െൻറുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പകച്ച നിമിഷങ്ങള്‍. ഒടുവില്‍ പട്​നയെത്തുന്നതിനു മുമ്പ് ഏതോ സ്​റ്റേഷനില്‍നിന്ന് അനൗണ്‍സ്മ​​​​െൻറ്​ മുഴങ്ങി. കേരള ടീം ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്. റാഞ്ചിക്കടുത്ത് പുറത്തേക്ക് തെറിച്ചുവീണ നിലയില്‍ രണ്ട് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. കമ്പാര്‍ട്ടുമ​​​​െൻറുകളിലെ സഹപ്രവര്‍ത്തകരുടെ നിലവിളിക്കിടയില്‍ ആശ്വാസവാക്കുകള്‍ കിട്ടാതെ ഷാനവാസെന്ന യുവനേതാവ് നിന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങണമെന്ന മുറവിളിയുമായി ഷാനവാസിനെ പൊതിഞ്ഞു.

ഒരു കുടുംബംപോലെ നീണ്ട യാത്രക്കൊടുവില്‍ വന്ന ദുരന്തം. ആരും ഉറങ്ങിയില്ല. വഴിനീളെ തടസ്സങ്ങള്‍. ഫോണില്ല. അഞ്ചുലക്ഷം പേരുടെ ക്യാമ്പാണ്. മറ്റു സംസ്ഥാനക്കാരൊക്കെ ക്യാമ്പ് ആഘോഷിക്കുകയാണ്. കേരള ട​​​​െൻറുകള്‍ മാത്രം മൂകമായിക്കരഞ്ഞു. മൃതദേഹങ്ങള്‍ റാഞ്ചി ആശുപത്രിയില്‍. റാഞ്ചിയിലെ നേതാക്കളും സര്‍ക്കാറുമൊക്കെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഷാനവാസ് പിന്നെയും ഞെട്ടിത്തരിച്ചു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞങ്ങള്‍ 3498 പേരും ഇവിടെ ഉപവാസം കിടന്ന് മരിക്കും. നാട്ടിലേക്ക് കൊണ്ടുപോയേ പറ്റൂ... ക്യാപ്റ്റന്‍ ഉറപ്പോടെനിന്നു. തൃശൂര്‍ രാമനിലയത്തിലേക്ക് വിളിച്ചു. കരുണാകരനെ ലൈനില്‍ കിട്ടിയില്ല. ഒടുവില്‍ ആരുടെയൊക്കെയോ ശ്രമത്തില്‍ ബോഡി കൊണ്ടുപോവാന്‍ സമ്മതമായി. മൃതദേഹം ഡല്‍ഹിയിലെത്തിയപ്പോള്‍ പിന്നെയും പ്രശ്നം. നന്നായി പാക്ക് ചെയ്തില്ലെന്ന് പറഞ്ഞ് പൈലറ്റുമാര്‍ ഉടക്കി. അപ്പോഴേക്കും കരുണാകരനെ ഫോണില്‍കിട്ടി. നീ ധൈര്യമായിരി, ഞാന്‍ നോക്കിക്കൊള്ളാം എന്ന വാക്കുകൾ. അദ്ദേഹം ഇന്ദിരാജിയെ വിളിച്ചു. അങ്ങനെ ആ കുടുക്കും നീങ്ങി.

പിന്നെ പട്​നയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാനവാസ് മുഴുവൻ സേവാദളുകാരുമായി യൂനിഫോമില്‍ കണ്ണൂരിലെ മരിച്ചവരുടെ വീടുകളില്‍പോയി. അന്ത്യാഞ്ജലി അർപ്പിച്ചു. കൂടെവന്ന പലരും ഉയരങ്ങള്‍ കയറിപ്പോയപ്പോഴും ഷാനവാസിന് തോല്‍ക്കാന്‍വേണ്ടിയെന്നപോലെ പാര്‍ട്ടി പലതും കരുതിവെച്ചു. ഇന്നേവരെ പാര്‍ട്ടി ജയിക്കാത്ത വടക്കേക്കരയില്‍ 1987ല്‍ തുടക്കം. അന്ന്​ ഡി.വൈ.എഫ്.ഐ കത്തിനില്‍ക്കുന്ന സമയം. അതി​​​​​െൻറ സെക്രട്ടറി എസ്. ശര്‍മ എതിര്‍സ്ഥാനാര്‍ഥി. എന്നിട്ടും ഷാനവാസ് പൊരുതി. ഒടുവില്‍ ഫലം വന്നപ്പോള്‍ ഷാനവാസ് തോറ്റു. വെറും 400 വോട്ടിന്. 1991ലും അവസാനം ഗ്രൂപ്പ്​ വീതംവെപ്പിനൊടുവിൽ വടക്കേക്കര തന്നെ മണ്ഡലമായി ലഭിച്ചു. എതിരാളി ശർമ തന്നെ. തോല്‍വി തന്നെ ഫലം. അതും ചെറിയ വോട്ടിന്. തോല്‍വി പലവട്ടം പിന്നെയും വന്നു. നാട്ടുകാരനായ ഹസനും തലേക്കുന്നില്‍ ബഷീറും രണ്ടുവട്ടവും തോറ്റ ചിറയിൻകീഴില്‍ പരിചയസമ്പന്നനായ വര്‍ക്കല രാധാകൃഷ്ണനോട് എതിരിട്ടപ്പോഴും ഷാനവാസ് ഉശിരുകാട്ടി. ഈ പയ്യനോ... മത്സരിക്കാനുള്ള രസംപോയെന്ന് ചിരി നീട്ടിയ വര്‍ക്കല അവസാന നാളായപ്പോഴേക്ക് തോളില്‍തട്ടി പറഞ്ഞു; എടാ, നീ ജയിച്ചെന്ന്. പക്ഷേ, അവിടെയും തലനാരിഴ അകലത്തിന് ഷാനവാസ് വീണു; മൂവായിരം വോട്ടിന്. ഒടുവിൽ വിജയം കടാക്ഷിക്കാൻ വടക്കൻ മലബാറിലേക്ക്​ വരേണ്ടിവന്നു. അതും ചരിത്ര വിജയം കുറിക്കാൻ.

2009ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ വയനാട്​ മണ്ഡലത്തിൽനിന്ന്​ ലക്ഷത്തിലധികം ഭൂരിപക്ഷം നേടി റെക്കോഡിട്ടു. 2014ലും അതേ മണ്ഡലത്തിൽ നിന്ന്​ വീണ്ടും ജയിച്ചെങ്കിലും ഭൂരിപക്ഷം നന്നെ ചുരുങ്ങി. ഇടക്കാലത്ത്​ തന്നെ ഗ്രസിച്ച മാരക രോഗം മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധനൽകുന്നതിൽനിന്ന്​ അദ്ദേഹത്തെ തടഞ്ഞു. ചാനൽ ചർച്ചകളിൽ കോണ്‍ഗ്രസി​​​​​െൻറ നാവ്, പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന് പ്രതിരോധമൊരുക്കുന്ന മുന്നണിപ്പടയാളി. മാറാട് സമാധാന ഉടമ്പടിയിലും നരേന്ദ്രന്‍ കമീഷന്‍ പാക്കേജിലും തുടങ്ങി സച്ചാര്‍ റിപ്പോര്‍ട്ടി​​​​​െൻറ അടിയൊഴുക്കുകളില്‍ വരെ തികഞ്ഞ നീതിബോധത്തോടെ ത​​​​​െൻറതായ സംഭാവന അർപ്പിച്ചു ഷാനവാസ്​.

Tags:    
News Summary - MI Shanavas Congress Leader Wayanad mp-Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.