അമ്പതാണ്ടിന്‍റെ മലപ്പുറം വർത്തമാനങ്ങൾ

മലപ്പുറം ജില്ലക്ക് അമ്പത് വയസ് പൂർത്തിയായി. 1969 ജൂൺ 16നാണ് കോഴിക്കോട് - പാലക്കാട് ജില്ലകൾക്കിടയിൽ മലപ്പുറം പിറന് നുവീണത്. ഏറെ പേറ്റുനോവ് അനുഭവിച്ച ശേഷം വിവാദങ്ങളുടെ അകമ്പടികളോടെയായിരുന്നു ജില്ലയുടെ പിറവി. വരാൻ പോകുന്ന ജില ്ലയിൽ ഭൂരിപക്ഷം മുസ് ലിം സമുദായമാകുമെന്നതായിരുന്നു മുഴുവൻ വിവാദങ്ങളുടെയും മർമ്മം. പിറക്കാൻ പോകുന്ന ജില്ലയില െ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ഭാവിയായിരുന്നു ചിലരെ ആശങ്കയിലാക്കിയത്. ഘട്ടം ഘട്ടമായി അവരെയൊന്നടങ്കം പൊന്നാനി യിൽ കൊണ്ടു പോയി തൊപ്പിയിടീക്കുമെന്നുവരെ പ്രചരണങ്ങളുണ്ടായി. കടൽ വഴി പാകിസ്താനുമായി ബന്ധം സ്ഥാപിച്ച് മലപ്പുറത ്തെ സ്വതന്ത്ര്യ മാപ്പിളസ്ഥാനാക്കാനുള്ള സാധ്യതയും ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. താനൂർ കടപ്പുറത്ത് പാകിസ ്താന്‍റെ പച്ചപ്പതാക ഉയർത്തിയ കപ്പൽ കണ്ടതായ വാർത്ത അക്കാലത്ത് മലയാളത്തിന്‍റെ ദേശീയപത്രത്തിൽ പ്രത്യക്ഷപ്പെട് ടു.

കേരള ഗാന്ധി കെ. കേളപ്പന്‍റെ നേതൃത്വത്തിൽ ശക്തമായ ജില്ലാ വിരുദ്ധ പ്രക്ഷോഭം നടന്നു. ഇന്നത്തെ ബി.ജെ.പിയുടെ അന്നത്തെ രൂപമായ ജനസംഘമായിരുന്നു കേളപ്പന്‍റെ പിന്നിൽ അണിനിരന്നത്. അവരുടെ ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിലെ എം.പിമാരും ഈ പ്രക്ഷോഭത്തിൽ അണിനിരന്നു. സമരം ദേശീയ തലത്തിൽ ഡൽഹിയിലും ബോംബെയിലുമൊക്കെ അലയടിച്ചു. അതിനിടയിൽ തന്‍റെ "മതേതരത്വം" തെളിയിക്കാൻ മലപ്പുറം ജില്ലക്കാരനായ ആര്യാടൻ മുഹമ്മദ് വഴിക്കടവ് നിന്ന് കോഴിക്കോട് വരെ ജില്ലാ വിരുദ്ധറാലിയും നടത്തി. പക്ഷേ, ഇതു കൊണ്ടൊന്നും സി.പിഎമ്മും മുസ് ലിം ലീഗും ഒരുമിച്ചുണ്ടായിരുന്ന സപ്തകക്ഷി മുന്നണി ഒരടി പിന്നോട്ടു പോയില്ല. വികസനം നിഷേധിക്കപ്പെട്ട ഒരു ഭൂപ്രദേശത്തിന്‍റെ പുരോഗതിക്കായി ഉയർന്നുവന്ന ജനകീയാവശ്യം ഈ വിഷവേലികളെല്ലാം മറികടന്ന് അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ല യാഥാർഥ്യമായി.

മലപ്പുറം രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്നു ജില്ലയിലെ ജനസംഖ്യ. ഒരു പുതിയ ജില്ല രൂപീകരിക്കുക വഴി ലഭിക്കുന്ന സർക്കാർ പദ്ധതികളും സംരഭങ്ങളും ഓഫീസുകളും വഴി കൂടുതൽ വികസനം ഈ ജനങ്ങൾക്ക് ലഭിക്കുമെന്നതായിരുന്നു ജില്ലാ രൂപീകരണ ശിൽപികളുടെ സ്വപ്നം. ഒട്ടും വികസനമെത്താത്ത ഒരു മേഖലയിൽ ചില ചലനങ്ങൾ മലപ്പുറം ജില്ലയിലുണ്ടായി എന്നത് ചരിത്രമാണ്. പക്ഷേ, ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് കിട്ടേണ്ട വികസനപദ്ധതികൾ ജില്ലയുടെ പിറവിക്ക് ശേഷവും ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. മലപ്പുറം ജില്ലക്ക് അമ്പത് വയസ് പൂർത്തിയാകുന്ന വേളയിൽ വികസനത്തിന്‍റെ മുഴുവൻ മേഖലയിലെയും കണക്കുകൾ അത് വിളിച്ച് പറയുന്നുണ്ട്. ജില്ല അനുവദിക്കുമ്പോൾ ഉണ്ടായിരുന്ന 14 ലക്ഷത്തിത്തിൽ നിന്ന് ജനസംഖ്യ മൂന്നിരട്ടിയിലധികം വർധിച്ച് 45 ലക്ഷമായിരിക്കുന്നു. ഈ ജനസംഖ്യാനുപാതത്തിന് അനുസരിച്ചുള്ള വികസനവും അധികാരവും താഴെ തട്ടിലെത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും ജില്ലയിലുണ്ടായിട്ടില്ല.

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം ഏത് മേഖല പരിശോധിച്ചാലും മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം വളരെ പിറകിലാണെന്ന് കാണാം. മഞ്ചേരി ജില്ലാ ഹോസ്പിറ്റലിന്‍റെ നെയിംബോർഡ് മാറ്റി പകരം മെഡിക്കൽ കോളജെന്ന് ബോർഡ് വെച്ചത് മാത്രമാണ് ആരോഗ്യരംഗത്തെ ശ്രദ്ധേയ മാറ്റം. ജില്ലയിലെ മൂന്ന് താലൂക്കാശുപത്രികളിലെ ഈ പേരു മാറ്റം നടന്ന് ജില്ലാ പദവി നേടിയിട്ടുണ്ട്. പേരുമാറ്റമല്ലാതെ ഒരടിസ്ഥാന സൗകര്യ വർധനവും ഈ പദവി കൊണ്ട് ഈ ഹോസ്പിറ്റലുകൾക്ക് ലഭിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജ് തന്നെയാണ് ഇപ്പോഴും വിദഗ്ധ ചികിത്സക്ക് മലപ്പുറം ജില്ലക്കാരുടെ ആശ്രയം.

വിദ്യാഭ്യാസ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെയാണ് ജില്ലയിൽ ഏറ്റവുമധികം സമരം നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷ ഏറ്റവുമധികം പേർ എഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. പക്ഷേ, ഇങ്ങനെ വിജയിക്കുന്നവരിൽ എഴുപത് ശതമാനത്തിന്‍റെ മുകളിൽ മാർക്ക് നേടിയ വിദ്യാർഥിക്ക് പോലും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇങ്ങനെ ഓരോ വർഷവും കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ ജില്ലയിൽ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഈ വർഷവും സപ്ലിമെന്‍ററി അലോട്മെന്‍റിന് ശേഷവും ഇരുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റില്ല. ഉന്നത വിദ്യാഭ്യാസ രംഗമായ ബിരുദ ബിരുദാനന്തര മേഖലയിലെ അവസ്ഥ ഇതിലും ദാരുണമാണ്.

ഹയർ സെക്കന്‍ററി പാസാകുന്ന പകുതി വിദ്യാർഥികൾക്ക് പോലും ജില്ലയിൽ ഉപരിപഠന സൗകര്യമില്ല. ജില്ലയിലെ വിദ്യാഭ്യാസ പ്രതീക്ഷയായിരുന്ന അലിഗഡ് ഓഫ് കാമ്പസ് തുടങ്ങിയയിടത്തു നിന്ന് ഒരനക്കം മുന്നോട്ട് പോയിട്ടില്ല. മറ്റ് പ്രതീക്ഷകളായിരുന്ന ഇഫ്ലു കാമ്പസും അറബിക് യൂനിവേഴ്സിറ്റിയും കടലാസിലെ വാഗ്ദാനമായി മാത്രം മാറി. ഒട്ടേറെ സമരങ്ങൾക്ക് ശേഷം ഒടുവിൽ അനുവദിക്കപ്പെട്ട ഗവൺമെന്‍റ് കോളജുകളിൽ നാലെണ്ണവും ഇപ്പോഴും വേണ്ടത്ര അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഫണ്ട് അനുവദിച്ചിട്ടും പ്രഖ്യാപിക്കപ്പെട്ട നിലമ്പൂർ സർക്കാർ കോളജ് ഇതുവരെ ആരംഭിക്കുകയോ ആവശ്യമായ ഭൂമി ഏറ്റെടുക്കുകയോ ചെയ്തിട്ട് പോലുമില്ല. മേനി പറയാൻ ആറ് വിദ്യാഭ്യാസ മന്ത്രിമാരെയും ഒരുന്നത വിദ്യാഭ്യാസ മന്ത്രിയെയും മലപ്പുറം ജില്ല സംസ്ഥാനത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നത് മറക്കുന്നില്ല; അതവർ മറക്കാനിഷ്ടപ്പെട്ടാലും.

ഗതാഗത മേഖലയിൽ ജില്ലയുടെ മുഖഛായ മാറ്റുമായിരുന്ന നിലമ്പൂർ - നഞ്ചൻകോട് റെയിൽ പാതയും അങ്ങാടിപ്പുറം - ഫറോക് റെയിൽപാതയും താനൂർ - ഗുരുവായൂർ പാതയും പഴങ്കഥകളിലെ വാഗ്ദാനങ്ങൾ മാത്രമായി. മലപ്പുറത്തെ പരിഹസിച്ച് ഉച്ചത്തിൽ ചൂളമടിച്ച് ജില്ലയിൽ ഒരിടത്തും നിർത്താതെ കടന്നു പോകുന്ന ട്രെയിനുകൾ അനവധിയുണ്ട്. അവക്ക് ജില്ലയിൽ സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് പോലും അധികാരികൾ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ജില്ലയുടെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചിറകരിയുന്ന നടപടികളാണ് കേന്ദ്രസർക്കാർ സമീപ കാലത്തായി സ്വീകരിക്കുന്നതെന്നത് മറ്റൊരു ദുരന്തമാണ്. ടൂറിസം മേഖലയിൽ നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം, തേക്ക് മ്യൂസിയം, മലപ്പുറം കോട്ടക്കുന്ന്, പൊന്നാനി ബിയ്യം കായൽ, ഊരകം മല എന്നിവയെല്ലാം വികസിപ്പിക്കാവുന്ന ഇടങ്ങളാണ്. പക്ഷേ, ആകർഷണീയമായ സർക്കാർ പദ്ധതികളൊന്നും ഇവിടെ ഉണ്ടാകാതെ പോകുന്നു.

സർക്കാർ പദ്ധതികളൊന്നും വേണ്ടത്ര ഇല്ലാഞ്ഞിട്ടും മലപ്പുറമിങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസമാണ്. ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത കുടുംബം മലപ്പുറം ജില്ലയിൽ അപൂർവമായിരിക്കും. ഇവർ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അയച്ച പണമാണ് മലപ്പുറത്തിന്‍റെ മുഖഛായ മാറ്റിയത്. സൗകര്യമുള്ള വീടുകളും വാഹനങ്ങളും അങ്ങാടികളിൽ കോൺക്രീറ്റ് ബിൽഡിങ്ങുകളും അങ്ങനെയാണുണ്ടായത്. പുതുതലമുറയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ ഊർജവും ഈ ഗൾഫ്മണി തന്നെ. പക്ഷേ, ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കപ്പുറം ഭാവിതലമുറയുടെ തൊഴിൽ സംരക്ഷണത്തിനുള്ള പദ്ധതികളൊന്നും ഗൾഫ് പണം കൊണ്ട് ആസൂത്രണം ചെയ്യാനുള്ള ദീർഘവീക്ഷണം വേണ്ടത്ര ഉണ്ടായിട്ടില്ല. അതിജീവനത്തിന്‍റെ തുരത്തായ ഗൾഫ് പച്ചപ്പ് മങ്ങിത്തുടങ്ങിയതോടെ ജില്ലയിലെ മുഖ്യ വരുമാനത്തിന്‍റെ മാർഗമാണ് അടഞ്ഞു പോകുന്നത്. അത് യാഥാർഥ്യമായാൽ ജില്ലയിലെ ജനജീവിതത്തിന്‍റെ സാധാരണ ഒഴുക്കിനെ എങ്ങനെയെല്ലാം ബാധിക്കുമെന്നത് ഇനിയും പഠിക്കപ്പെടേണ്ടതാണ്.

മറ്റ് ജില്ലകളിലെ പോലെ
സർക്കാർ പദ്ധതികളിലൂടെ മലപ്പുറം ജില്ലയിൽ വികസനം യാഥാർഥ്യമാവണമെങ്കിൽ ജനസംഖ്യാനുപാതികമായി പുതിയ വില്ലേജുകളും താലൂക്കുകളും ഉണ്ടാവേണ്ടതുണ്ട്. ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ ആബിദ് ഹുസൈൻ എം.എൽ.എ കണക്കുകൾ സഹിതം ഈയാവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി അംഗീകരിച്ച ആ കണക്കനുസരിച്ച് ജനസംഖ്യാനുപാദികമായി ഇനിയും 62 വില്ലേജുകളും മൂന്ന് താലൂക്കുകളും അനുവദിക്കേണ്ടതുണ്ട്.

14 ലക്ഷം ജനങ്ങളുടെ വികസനത്തിനായി 1969ൽ അനുവദിച്ചതാണ് മലപ്പുറം ജില്ല. അതിന്‍റെ മൂന്നിരട്ടിയും വർധിച്ച് ജനസംഖ്യ ഇപ്പോൾ 45 ലക്ഷമായിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. വികസനാവശ്യാർഥം മലപ്പുറം - പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായാവശ്യം ഉയരുന്നത് ഈ സന്ദർഭത്തിലാണ്. സംസ്ഥാന സർക്കാറിന്‍റെ വികസന പദ്ധതികൾ യാതൊരു വിവേചനവുമില്ലാതെ എല്ലാ പ്രദേശത്തെ പൗരൻമാർക്കും നീതിയോടെ ലഭിക്കേണ്ടതുണ്ട്. ആ സാമൂഹിക നീതി ഉറപ്പുവരുത്താൻ പുതിയ ജില്ലയും പുതിയ വില്ലേജുകളും താലൂക്കുകളുമെല്ലാം മലപ്പുറം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്.

Tags:    
News Summary - Malappuram District reach 50th Anniversary -Open Forum News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.