ദുൽഹജ്ജ് ഒമ്പത്. മക്കയിലെ വിശാലമായ അറഫ മൈതാനിയിൽ തീർഥാടകലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിലെ സുപ്രധാന ദിവസം. ഹജ്ജ് അറഫയാണെന്ന് പ്രവാചക വചനം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ അറഫയിൽ ഒഴുകിയെത്തുന്നു. എല്ലാവരുടെയും വസ്ത്രം ഒന്ന്. ചുണ്ടുകൾ ഉരുവിടുന്ന മന്ത്രമൊന്ന്. ലക്ഷ്യം ഒന്ന്. സകലരും മന്ത്രിക്കുന്നത് തൽബിയത്ത്:

'ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നൽ ഹംദ വനിഅ്മത്ത ലക വൽ മുൽക് ലാ ശരീക ലക്, (അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. എല്ലാ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിന്റേതാണ്. എല്ലാ അധികാരവും നിനക്കു മാത്രമാണ്. നിനക്ക് ഒരു പകരക്കാരനുമില്ല.)

ഹാജിമാർ ധരിക്കുന്ന ശുഭ്രവസ്ത്രം ലാളിത്യത്തിന്റെയും നൈർമല്യത്തിന്റെയും പ്രതീകമായതുപോലെ മരണസ്മരണ ജനിപ്പിക്കുന്നതുമാണ്. മൃതശരീരങ്ങളെ വെള്ള പൊതിയുന്നതിനു സമാനം. തൽബിയത്ത് മുദ്രാവാക്യം മുഴക്കി വിവിധതരം വാഹനങ്ങളിലും കാൽനടയായും അറഫയിലേക്ക് ഒഴുകുന്ന മനുഷ്യസമുദ്രം പുനരുത്ഥാന നാളിൽ ദൈവസന്നിധിയിലേക്ക് പ്രവഹിക്കുന്ന മാനവസമൂഹത്തിന്റെ പ്രതീകാത്മക ചിത്രംകൂടിയാണ്.

അറഫയുടെയും ഹറമിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മസ്ജിദുന്നമിറയിൽ അറഫാദിനത്തിന്റെ മധ്യാഹ്നസമയത്ത് ഹജ്ജിന്റെ അമീർ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണം ഇസ്‍ലാമിന്റെ മൗലിക വിശ്വാസകാര്യങ്ങൾ മുതൽ മനുഷ്യജീവിതത്തിന്റെ വിവിധ മണ്ഡലങ്ങൾ വരെ സ്പർശിക്കുന്നതായിരിക്കും.

പതിനാലു ശതകങ്ങൾക്കുമുമ്പ് മുഹമ്മദ് നബി ലക്ഷത്തിൽപരം അനുചരരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിന്റെ തുടർച്ചയാണിത്. തന്റെ ദേഹവിയോഗത്തിന് മൂന്നു മാസം മുമ്പ് ഹിജ്റ പത്താം വർഷം ഹജ്ജ് വേളയിൽ പ്രവാചകൻ നടത്തിയ പ്രഭാഷണം മനുഷ്യാവകാശ പ്രഖ്യാപനംകൂടിയായിരുന്നു. ആ പ്രഭാഷണം ഇങ്ങനെ സംഗ്രഹിക്കാം:

''ദൈവ ദാസന്മാരേ, നിങ്ങളേവരെയും, എന്നെത്തന്നെയും ഞാൻ അനുശാസിക്കുന്നു, അല്ലാഹുവോട് കൂറും ഭക്തിയുമുള്ളവരായി വർത്തിക്കാൻ.

ജനങ്ങളേ, എന്റെ വാക്ക് സശ്രദ്ധം ഗ്രഹിക്കുവിൻ. ഒരുപക്ഷേ, ഈ കാലത്തിനുശേഷം നിങ്ങളുമായി സന്ധിക്കാൻ കഴിഞ്ഞില്ലെന്നു വരാം. നിങ്ങൾക്ക് നിങ്ങളുടെ രക്തവും ധനവും അഭിമാനവും പാവനമാണ്, ഈ ദിനത്തിന്റെയും ഈ മാസത്തിന്റെയും ഈ നാടിന്റെയും പാവനത എത്രയാണോ, അത്രതന്നെ. അതിനാൽ, നിങ്ങൾ അവയുടെമേൽ കൈയേറ്റം നടത്തരുത്. നിങ്ങളുടെ നാഥനുമായി നിങ്ങളൊരിക്കൽ സന്ധിക്കുന്നതായിരിക്കും. തദവസരം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവൻ ചോദ്യം ചെയ്യും. അതുകൊണ്ട് വല്ലവരുടെയും പക്കൽ വല്ല അമാനത്തു (സൂക്ഷിപ്പുമുതൽ) മുണ്ടെങ്കിൽ അവയുടെ അവകാശികൾക്ക് തിരിച്ചേൽപിച്ചുകൊള്ളട്ടെ.

അറിഞ്ഞുകൊള്ളുക: അനിസ്‍ലാമികമായ പലിശയിടപാട് മുഴുവൻ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൂലധനം നിങ്ങൾക്കുണ്ടായിരിക്കും. നിങ്ങളോട് അനീതി കാണിക്കുകയോ നിങ്ങളെ അനീതി കാണിക്കാൻ അനുവദിക്കുകയോ ഇല്ല. പലിശയെല്ലാം അല്ലാഹു ദുർബലപ്പെടുത്തിയിരിക്കുന്നു..... സകല രക്തപ്പകയും പ്രതികാരനടപടിയും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.

ജനങ്ങളേ, നിങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ പത്നിമാർക്ക് ബാധ്യതയുള്ളതുപോലെ അവരുടെ കാര്യത്തിൽ നിങ്ങൾക്കും ബാധ്യതയുണ്ട്. അവരോട് ദയാപുരസ്സരം വർത്തിക്കുക. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, നിങ്ങളുടെ മുന്നിൽ രണ്ടു വസ്തുക്കൾ ഏൽപിച്ചാണ് ഞാൻ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകചര്യയും. അത് രണ്ടും മുറുകെപ്പിടിക്കുന്നപക്ഷം നിങ്ങൾ ഒരിക്കലും പിഴച്ചുപോകുന്നതല്ല-

ജനങ്ങളേ, ഓരോ വിശ്വാസിയും പരസ്പരം സഹോദരങ്ങളാണ്. നിങ്ങൾ സ്വയം ദ്രോഹിക്കരുത്.

മാനവ സമുദായമേ, നിങ്ങളുടെ ദൈവം ഒന്ന്. നിങ്ങളുടെ പിതാവ് ഒന്ന്, നിങ്ങളെല്ലാം ആദമിൽനിന്നുണ്ടായതാണ്. ആദമോ മണ്ണിൽനിന്നും. കൂടുതൽ ദൈവഭക്തരാരോ അവരെത്രെ അല്ലാഹുവിങ്കൽ കൂടുതൽ ശ്രേഷ്ഠർ.

മുസ്‍ലിംകളേ, എനിക്കുശേഷം ഒരു പ്രവാചകനില്ല. നിങ്ങൾക്കുശേഷം ഒരു സമുദായവുമില്ല. നിങ്ങൾ നിങ്ങളുടെ നാഥന് കീഴൊതുങ്ങി ജീവിക്കുക. അഞ്ചു നേരം നമസ്കരിക്കുക, മനഃസംതൃപ്തിയോടെ സകാത് നൽകുക, റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുക, നിങ്ങളുടെ നാഥന്റെ ഭവനം സന്ദർശിക്കുക, നിങ്ങളുടെ കൂട്ടത്തിലെ ഭരണകർത്താക്കളെ അനുസരിക്കുക. എങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാം.

അല്ലയോ ജനങ്ങളേ, നിങ്ങളോട് എന്നെക്കുറിച്ച് ചോദ്യമുണ്ടാകും. അപ്പോൾ എന്തായിരിക്കും നിങ്ങളുടെ മറുപടി?

ജനാവലി ഉച്ചത്തിൽ ഉദ്ഘോഷിച്ചു: ''അങ്ങ് ഞങ്ങളെ ബോധവത്കരിക്കുകയും സദുപദേശം നൽകുകയും ചെയ്തുവെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കും.''

അനന്തരം മുഹമ്മദ് നബി ആകാശത്തേക്ക് വിരൽചൂണ്ടി മൂന്നു തവണ ആവർത്തിച്ചു. ''അല്ലാഹുവേ നീ സാക്ഷി."

അറഫാദിനത്തിൽ അല്ലാഹു അടിമകൾക്ക് അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞുകൊടുക്കുകയും പാപങ്ങൾ പൊറുത്ത് നരകവിമുക്തി നൽകുകയും ചെയ്യുന്നു. അല്ലാഹുവിന് അറഫാദിനത്തെക്കാൾ വിശിഷ്ടമായ മറ്റൊരു ദിനമില്ല എന്ന് പ്രവാചകൻ.

മാറ്റം സംഭവിക്കുന്ന പ്രകൃതമാണ് മനുഷ്യരുടേത്. പലതരം പ്രലോഭനങ്ങളിലൂടെ തിന്മയിലേക്കും തെറ്റിലേക്കും ആനയിക്കുന്ന പൈശാചിക ദുഃശക്തി അവരുടെ കൂടെയുണ്ട്. പിശാച് മനുഷ്യരുടെ ആജന്മ ശത്രുവാണ്. മനുഷ്യർക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളും പാപമുക്തിയും സിദ്ധിക്കുന്നത് അവന് അസഹ്യമാകുന്നു. മനുഷ്യർക്ക് ഏറ്റവും കൂടുതൽ ദൈവകാരുണ്യം ലഭിക്കുന്ന ദിവസം അറഫാദിനമായതിനാൽ പിശാചിന് ഏറ്റവുമധികം ദൈന്യതയും വിദ്വേഷവുമനുഭവപ്പെടുന്നത് അന്നാണ്. നബി പറയുകയുണ്ടായി : ''അഫറാദിനത്തെപ്പോലെ പിശാച് ദൈന്യനും നിന്ദ്യനും കോപാകുലനുമായി കാണപ്പെട്ട

മറ്റൊരു ദിനവുമില്ല.''

അറഫാദിനത്തിന്റെ പ്രാധാന്യം പരിഗണിച്ച് അന്ന് നോമ്പനുഷ്ഠിക്കാൻ പ്രവാചകൻ അനുചരന്മാർക്ക് നിർദേശം നൽകി.

Tags:    
News Summary - Hajj: Arafah gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.