കന്യാസ്ത്രീ മഠങ്ങൾ എന്ന സങ്കൽപം യഥാർഥത്തിൽ രൂപപ്പെട്ടത് എപ്പോഴാണ് എന്നതിന് കൃത്യമായ രേഖകളില്ല. വൈദികർക്കും കന്യാസ്ത്രീകൾക്കും പകരം ആദിമസഭയിൽ ഉണ്ടായിരുന്നത് സാധാരണ ജീവിതം നയിച്ചിരുന്ന വചന പ്രഘോഷകരും ശുശ്രൂഷകരും ആയിരുന്നു. പിന്നീട് പൂർണാർഥത്തിലുള്ള സന്യസ്തരുണ്ടായെങ്കിലും സി.ഇ 500ലായിരുന്നു ഇവർക്ക് സാധാരണക്കാരിൽനിന്ന് വേറിട്ടുള്ള പ്രത്യേക വസ്ത്രം നടപ്പായത്. 1079ലാണ് സന്യസ്തർക്ക് വിവാഹ ജീവിതം നിഷിദ്ധമാക്കിയതും. പോർചുഗീസുകാരുടെ വരവോടെയാണ് കേരളത്തിൽ കന്യാസ്ത്രീ മഠങ്ങൾ വ്യവസ്ഥാപിത രൂപത്തിൽ പ്രവർത്തനമാരംഭിച്ചത് എന്നും പറയുന്നു. കോൺവെൻറ് മാതൃകയിൽ ആദ്യമായി പെൺകുട്ടികൾക്ക് മാത്രമുള്ള ഹോസ്റ്റൽ സ്ഥാപിച്ചത് ചാവറയച്ചനുമായിരുന്നുവത്രെ.
സഭ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായതിനൊപ്പം, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കോൺവെൻറുകളും മഠങ്ങളും ഉയർന്നുവന്നു. ദൈവ വിളി പിന്തുടർന്ന് കന്യാസ്ത്രീ മഠങ്ങളിലേക്കും കോൺവെൻറുകളിലേക്കും മലയാളി പെൺകുട്ടികളുടെ ഒഴുക്കു തന്നെയുണ്ടായി.
വൻതോതിലുള്ള ഇൗ കടന്നുവരവിന് ആദ്യകാലത്ത് പ്രധാന കാരണങ്ങളിലൊന്ന് ദാരിദ്ര്യമായിരുന്നു. ഉപജീവനം തേടി കരയും കടലും കടന്ന് മലയാളി പല നാടുകളിൽ ചേക്കേറിയതോടെ, പിന്നീടുള്ള വർഷങ്ങളിൽ ദാരിദ്ര്യത്തിെൻറ തീവ്രത കുറഞ്ഞു. പക്ഷേ, ‘ദൈവവിളി കിട്ടി’ മഠങ്ങളിലേക്ക് പോകുന്ന ബാലികമാരുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായില്ല. ബൈബിൾ ക്ലാസുകളിലെയും സൺഡേ ക്ലാസുകളിലെയും നിരന്തരമായ ഉദ്ബോധനങ്ങളും കർത്താവിെൻറ മുന്തിരിത്തോപ്പിൽ വേല ചെയ്യുന്നതിന് ചെറുപ്പക്കാരെ ക്ഷണിച്ചുകൊണ്ട് സഭാ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന ക്ഷണവുമെല്ലാം കാലാകാലങ്ങളിൽ ഇൗ ഒഴുക്കിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.
കത്തോലിക്ക സഭയിൽ സന്യാസിനിയാകാൻ തീരുമാനിച്ചാൽ, നാലാഴ്ചവരെ നീളുന്ന ആസ്പിരൻസി കോഴ്സുണ്ട്. മറ്റു കന്യാസ്ത്രീകളുമായി ഒരുമിച്ചുള്ള ഇൗ താമസ കാലയളവിലും പുനർവിചിന്തനത്തിനുള്ള അവസരമുണ്ട്. സന്യാസിനീ ജീവിതമെന്ന് ഉറപ്പിച്ച് മുന്നോെട്ടങ്കിൽ പിന്നെ രണ്ടിലധികം വർഷം നീളുന്ന പഠന പരിശീലന കാലമാണ്; പോസ്റ്റുലൻസി പീരിയഡ്. ഇൗ ഘട്ടവും തരണം ചെയ്യുന്നതോടെ, കന്യാസ്ത്രീ പട്ടത്തിലേക്കുള്ള കടമ്പകൾ കടന്ന് നൊവിഷ്യാറ്റിലേക്ക് പ്രവേശിക്കുന്നു. പുതിയ പേരും പുതിയ പ്രതിജ്ഞകളുമായി ഒരു കന്യാസ്ത്രീ ജനിക്കുകയായി. വീട്ടിലെത്തി അവസാനമായി വീട്ടുകാരോടും ചുറ്റുമുള്ള സസ്യലതാദികളോടും ജീവികളോടുംവരെ യാത്രപറഞ്ഞാണ് മഠങ്ങളിൽ അന്തേവാസികളാകുന്നത്.
തുടർന്നുള്ള പഠനത്തിനും പരിശീലനത്തിനും ശേഷമുള്ള കാലയളവിലാണ് ഇവരുടെ പ്രവർത്തന മേഖല നിശ്ചയിക്കുന്നതും. ചിലരെ അധ്യാപക വൃത്തിയിലേക്ക് തിരിച്ചുവിടുമ്പോൾ മറ്റുചിലരെ രോഗീശുശ്രൂഷക്ക് നിയോഗിക്കും. സേവനം ഏൽപിക്കപ്പെടുന്നത് സർക്കാർ ശമ്പളം കൈപ്പറ്റുന്ന സഭയുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിൽ ആണെങ്കിലും സർക്കാർ ശമ്പളമില്ലാത്ത മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കാണെങ്കിലും സ്വന്തം ശമ്പളം കൈകൊണ്ട് തൊടാൻ കന്യാസ്ത്രീകൾക്ക് അർഹതയില്ല. മൂന്നു പതിറ്റാണ്ടുകാലം എയ്ഡഡ് കോളജുകളിലും സ്കൂളുകളിലും അധ്യാപകരായും പ്രിൻസിപ്പലായുമൊക്കെ പ്രവർത്തിച്ച് വിരമിച്ചവർക്കുപോലും തങ്ങളുടെ ശമ്പളം എത്രയായിരുന്നു എന്നറിയില്ല. മാസാവസാനം ശമ്പളരേഖയിൽ ഒപ്പുവെക്കൽ മാത്രമാണ് ഇവർക്കുള്ള അവകാശം. ശമ്പളം മൊത്തമായി മഠത്തിനുള്ളതാണ്. പകരം, ഭക്ഷണവും താമസവും മഠത്തിൽനിന്ന് പൊതുവായി നൽകും. എന്നാൽ, വരുമാനത്തിെൻറയും വോട്ടുബാങ്കിെൻറയും കാര്യത്തിൽ തങ്ങൾക്ക് കരുത്തേകിയിരുന്ന മഠങ്ങൾ മെലിഞ്ഞ് ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് സഭാനേതൃത്വം. പടിഞ്ഞാറൻ രാജ്യങ്ങളിലെ മഠങ്ങൾ നേരിടുന്ന അവസ്ഥ അവരുെട ഉറക്കം കെടുത്തുന്നുമുണ്ട്.
സഭക്കുള്ളിൽ വിശ്വാസികളുടെ എണ്ണം കൂടുകയും ചർച്ചുകൾ സജീവമാവുകയും ചെയ്യുേമ്പാൾതന്നെ, ‘കർത്താവിെൻറ മുന്തിരിത്തോപ്പിൽ വേല ചെയ്യാൻ താൽപര്യപ്പെടുന്ന’ യുവതീ യുവാക്കളുടെ എണ്ണം വർഷംതോറും കുറയുകയാണ്. സഭാ സിനഡ് നാലുവർഷം മുമ്പ് ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തിരുന്നു. വരാപ്പുഴ-അങ്കമാലി അതിരൂപതയിൽ നടത്തിയ സർവേയിൽ കന്യാസ്ത്രീകളാകാൻ താൽപര്യപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നതായാണ് കണ്ടെത്തിയത്.
ഇങ്ങനെ പോയാൽ അടുത്ത 20 വർഷത്തിനകം കേരളത്തിലെ മഠങ്ങൾ സന്യാസിനികളില്ലാതെ പൂട്ടേണ്ടി വരുമെന്ന് തുറന്നുപറഞ്ഞത് സഭാ വക്താവായിരുന്ന ഫാ. പോൾ തേലക്കാട്ട്. അതേ, സംസ്ഥാനത്തും കന്യാസ്ത്രീ മഠങ്ങൾ മെലിയുക തന്നെയാണ്. പുതിയ ലൈംഗിക പീഡന വിവാദങ്ങൾ ആ മെലിച്ചിലിന് ഗതിവേഗം കൂട്ടുമെന്നും ഉറപ്പ്.
പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്നവർ
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകൾ സമരം ആരംഭിച്ച നാളുകൾ. ഇതേ ദിവസങ്ങളിൽ ഒന്നിലാണ്, അതായത് െസപ്റ്റംബർ എട്ടിന്, കൊല്ലം പത്തനാപുരത്തെ കോൺവെൻറിന് പിറകിലെ കിണറ്റിൽ ഒരു കന്യാസ്ത്രീയുടെ കൂടി മൃതദേഹം കാണപ്പെട്ടത്; സിസ്റ്റർ സൂസമ്മയുടെ മൃതദേഹം. കന്യാസ്ത്രീകൾ മഠത്തിനു പിന്നിലെ കിണറുകളിൽ ജഡമായി മാറുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമല്ല. സംസ്ഥാനത്തെ മഠങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രണ്ടു ഡസനോളം കന്യാസ്ത്രീകൾ ദുരൂഹനിലയിൽ മരിച്ചിട്ടുണ്ട്. ഇതിൽ പല സംഭവങ്ങളിലും കോൺവെൻറിന് സമീപത്തെ കിണറുകളിലാണ് മൃതദേഹം കണ്ടെത്തിയത് എന്നതും യാദൃച്ഛികം.
മാധ്യമങ്ങളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട കന്യാസ്ത്രീ ചിത്രം, കോട്ടയം പയസ് ടെൻത് കോൺവെൻറിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയുടേതാണ്. അഭയയുടെ ജഡവും േകാൺവെൻറിലെ കിണറ്റിലാണ് കണ്ടെത്തിയതും. അതിനും അഞ്ചുവർഷം മുമ്പ് കൊല്ലത്തെ മഠത്തില്‍ വാട്ടർ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സിസ്റ്റര്‍ ലിന്‍ഡ, കൊട്ടിയത്തെ സിസ്റ്റർ ബീന, തൃശൂരിെല സിസ്റ്റർ ആന്‍സി, കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്‌ദേല, 1998ല്‍ പാലായിലെ സിസ്റ്റര്‍ ബിന്‍സി, കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ത്തില്‍ പാലായിൽ തന്നെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വർഗീസ്, കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റർ അനുപമ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി, വാഗമണിൽ സിസ്റ്റര്‍ സ്റ്റെല്ല മരിയ, അതേവർഷം പാലായിൽ സിസ്റ്റര്‍ അമല... ആത്മഹത്യയും കൊലപാതകവുമൊക്കെയായി മഠങ്ങളിലും കോൺവെൻറുകളിലും അകാല മരണത്തിന് കീഴ്പ്പെടുന്ന കന്യാസ്ത്രീകളുടെ പട്ടിക ഇങ്ങനെ നീളുന്നു. ഇതിൽ മിക്കതും ആത്മഹത്യയാണ് എന്ന നിലപാടിലാണ് പൊലീസ്. മാധ്യമങ്ങളുടെയും സഭാ വിശ്വാസികൾ തന്നെയായ ആക്ടിവിസ്റ്റുകളുടെയും നിരന്തര ശ്രമങ്ങളുടെയും ഭാഗമായി സിസ്റ്റർ അഭയയുടേതു പോലുള്ള ചില മരണങ്ങൾ മാത്രമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. അഭയ കേസിലെ തന്നെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞുമില്ല.
സഭക്കുള്ളിൽ നിന്നുതന്നെ അപചയങ്ങൾക്കെതിരെ പൊരുതുന്ന ഒരു കൂട്ടായ്മയുണ്ട്, എറണാകുളം കേന്ദ്രീകരിച്ച് കത്തോലിക്കസഭ നവീകരണ പ്രസ്ഥാനം (കെ.സി.ആർ.എം). മൂന്നുവർഷം മുമ്പ് അവർ സംസ്ഥാന വനിത കമീഷന് നൽകിയ നിവേദനത്തിൽ അടുത്തകാലത്തായി ദുരൂഹസാഹചര്യത്തിൽ മരിച്ച 18 കന്യാസ്ത്രീകളുടെ കാര്യം പരാമർശിക്കുന്നുണ്ട്.
ദുരൂഹമായ കന്യാസ്ത്രീ മരണങ്ങളിൽ ഭൂരിഭാഗവും ആത്മഹത്യയാണെന്ന വാദം അംഗീകരിച്ചാൽ തന്നെ കർത്താവിെൻറ മണവാട്ടിമാരായി ജീവിതം സമർപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർ എന്തുകൊണ്ട് പാതിവഴിയിൽ ജീവിതം മതിയാക്കി മടങ്ങുന്നു എന്ന ചോദ്യം ബാക്കി. സന്യാസിനിമാർക്കിടയിൽ വർധിച്ചുവരുന്ന ആത്മസംഘർഷം ഇതിന് മുഖ്യകാരണമെന്ന് സഭാ വക്താക്കൾ തന്നെ സമ്മതിക്കുന്നുമുണ്ട്. 13-14 വയസ്സുള്ളപ്പോൾ ദൈവവിളിയുടെ പേരിൽ കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കാൻ അനുവദിക്കുന്നത് തികച്ചും അശാസ്ത്രീയമാണ് എന്ന വാദം പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ സഭയിൽ ഉയർന്നിരുന്നു.
കന്യാസ്ത്രീയാകാൻ സമ്മതപത്രം നൽകുന്നതിനുള്ള പ്രായം ചുരുങ്ങിയത് 25 വയസ്സ് ആക്കണമെന്നും അപ്പോഴേ വിവേകത്തോടെ തീരുമാനമെടുക്കാനുള്ള പ്രാപ്തി കൈവരൂവെന്നും ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള സഭ പരിഷ്കരണവാദികൾ നേരേത്തതന്നെ ആവശ്യമുന്നയിച്ചിരുന്നു.
നാളെ: ‘മഠം ചാടുന്നവരും തിരികെ പോകാൻ ഇടമില്ലാത്തവരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.