ഏതാനും നാളുകൾ മാത്രമെടുത്ത് ജെൻ സി വിപ്ലവത്തിലൂടെ ‘ജൂലൈ പ്രക്ഷോഭം’ നടത്തിയെടുത്ത ബംഗ്ലാദേശ് അതേ ലാഘവത്തോടെ പുതിയ ഭരണത്തെ വരവേൽക്കുകയാണ്. വിലക്കിന്റെയും വേട്ടയാടലിന്റെയും വർഷങ്ങളവസാനിപ്പിച്ച് വീണ്ടും ഗോദയിലിറങ്ങിയ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി)യും അതിന്റെ അധ്യക്ഷൻ താരിഖ് റഹ്മാനും ഇനി ബംഗ്ലാദേശ് ഭരിക്കും. പൊതു തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പിച്ചാണ് ധാക്കയിലെ ഷേറെ ബംഗ്ലാ നഗറിലെ ജതിയ സംഗദ് ഭബനിൽ പുതിയ ഊഴവുമായി ബി.എൻ.പി എത്തുന്നത്.

അധികാരകൈമാറ്റം സമ്മാനിച്ച് 2024 ജൂലൈയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനുടൻ ഇടക്കാല ചുമതലയിലെത്തിയ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പ് ഏറെക്കുറെ സുതാര്യമായാണ് കഴിഞ്ഞ ദിവസം നടന്നത്. താരിഖ് റഹ്മാൻ നയിച്ച ബി.എൻ.പിയും ജമാഅത്തെ ഇസ്‍ലാമി നയിച്ച സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. പ്രക്ഷോഭം നയിച്ച നാഷനൽ സിറ്റിസൺ പാർട്ടി ജമാഅത്ത് സഖ്യത്തിന്റെ ഭാഗമായിരുന്നു. ഒടുവിൽ ഫലമെത്തുമ്പോൾ 299 സീറ്റുകളിൽ 212ഉം ബി.എൻ.പി സഖ്യത്തിനൊപ്പം നിന്നു. ജമാഅത്ത് സഖ്യം 77ലൊതുങ്ങി. നാഷനൽ സിറ്റിസൺ പാർട്ടി 30 സീറ്റിൽ മത്സരിച്ച് ആറെണ്ണം മാത്രം നേടി. സമീപകാലത്ത് ബംഗ്ലാദേശ് കണ്ട ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പായിരുന്നു ഇത്. വലിയ ആഘോഷങ്ങളില്ലെന്നും രാജ്യത്തെ സ്ഥിരതയിലേക്ക് തിരികെയെത്തിക്കലാണ് ഇനിയുള്ള ദൗത്യമെന്നും നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ പറയുന്നു. ഇന്ത്യയടക്കം അയൽരാജ്യങ്ങളും ലോക നേതാക്കളും ഒരുപോലെ ബംഗ്ലാദേശിലെ പുതിയ ഭരണമാറ്റത്തെ സ്വാഗതം ചെയ്തത് പ്രതീക്ഷ നൽകുന്നു.

നിലംതൊടാതെ ‘ജെൻ സി’

ഒന്നര പതിറ്റാണ്ടുകാലം തുടർച്ചയായി രാജ്യം ഭരിച്ച ഉരുക്കുവനിത ശൈഖ് ഹസീനയെ അട്ടിമറിച്ച പ്രക്ഷോഭത്തിലെ നായകർ അവസരം തേടി ഗോദയിലിറങ്ങിയപ്പോൾ അവർക്ക് കൂറ് കാട്ടാൻ ജനം തയാറായില്ലെന്നതാണ് ഏറ്റവും വലിയ ഞെട്ടലായത്. പ്രക്ഷോഭ നായകരായ വിദ്യാർഥികൾ മുന്നിൽനിന്ന നാഷനൽ സിറ്റിസൺ പാർട്ടി രാജ്യത്തെ പ്രമുഖ സംഘടന ജമാഅത്തെ ഇസ്‍ലാമിയുമായി ചേർന്ന് മത്സരിച്ചെങ്കിലും പാർട്ടി ബാനറിൽ ജയിച്ചവരുടെ എണ്ണം രണ്ടക്കം കടന്നില്ല. എന്നാൽ, മുൻ സർക്കാർ ഏർപ്പെടുത്തിയ നിരോധനംമൂലം ഏറെയായി ചിത്രത്തിലില്ലാതിരുന്ന ബി.എൻ.പി മൃഗീയ ഭൂരിപക്ഷവുമായി ജനങ്ങളുടെ പാർട്ടിയായി മാറുകയും ചെയ്തു. ഇതുവരെയും രാജ്യത്തിന്റെ അമരത്തിരുന്നവരെ മാറ്റിനിർത്തി ഇന്നലെ മുളച്ച പുത്തൻകൂറ്റുകാർക്ക് അവസരം നൽകാനില്ലെന്ന ജനകീയ പ്രഖ്യാപനമായിരുന്നു ഇത്. 2001ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഒടുവിൽ ബി.എൻ.പി ഇത്രയും വലിയ മാർജിനിൽ അധികാരമേറിയത്. അന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ ഖാലിദ സിയയുടെ മകൻ അതിലേറെ ഉയർന്ന സീറ്റുകളുമായി ഇതേ പദവിയിലെത്തുന്നുവെന്നത് കൗതുകമാകാം.

ഭരണഘടന പൊളിച്ചെഴുത്തിനും പച്ചക്കൊടി

പുതിയ സർക്കാറിനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിനൊപ്പം മറ്റൊന്നിന് കൂടി ഇത്തവണ ബംഗ്ലാദേശ് ജനത പോൾ നൽകിയിരുന്നു. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ ശിപാർശ ചെയ്യുന്ന ഭരണഘടന പരിഷ്‍കാരത്തിന് അംഗീകാരം തേടിയായിരുന്നു അത്. 60 ശതമാനം വോട്ടോടെ അതിനും ജനം അനുമതി നൽകിയിട്ടുണ്ട്. നൊബേൽ ജേതാവായ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ മേൽനോട്ടത്തിൽ തയാറാക്കിയതായിരുന്നു ശിപാർശ. ഏക സഭാരീതിക്ക് പകരം ദ്വിസഭാ പാർലമെന്റ്, തെരഞ്ഞെടുപ്പ് കമീഷൻപോലുള്ള ഭരണഘടന സഭകളെ തെരഞ്ഞെടുക്കാൻ പുതിയ നടപടിക്രമങ്ങൾ, വിജയിച്ച പാർട്ടി എല്ലാം തങ്ങളുടെതാക്കുന്ന നിലവിലെ രീതി തടയാൻ പുതിയ മാറ്റങ്ങൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. മൗലികാവകാശങ്ങളുടെ പരിധിയിൽ കുറേക്കൂടി വിഷയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ജയം പിടിച്ച ബി.എൻ.പി തുടക്കത്തിൽ ഈ ഭരണഘടന പൊളിച്ചെഴുത്തിന് അനുകൂലമായിരുന്നില്ലെങ്കിലും ജനം ഇതിനൊപ്പമാണെന്ന് തിരിച്ചറിഞ്ഞ് വൈകി അംഗീകരിക്കുകയായിരുന്നു. പഴയ എതിർപ്പ് വീണ്ടും പൊടിതട്ടിയെടുത്ത് പരിഷ്‍കരണ ശിപാർശ നടപ്പാക്കുന്നതിൽ മെല്ലെപ്പോക്ക് കാണിച്ചാൽ രാജ്യത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും പുലരാൻ പോകുന്നില്ലെന്നർഥം. കാരണം, അത്രക്ക് ദുർബലമാണ് പുതിയ പാർലമെന്റിലെ പ്രതിപക്ഷം. തെരഞ്ഞെടുക്കപ്പെട്ടവരെന്ന ബാധ്യതയൊന്നുമില്ലാതെ ഒന്നരവർഷം മുമ്പ് തെരുവിലിറങ്ങാൻ കാണിച്ച സ്വാതന്ത്ര്യത്തോടെ അതേ വിദ്യാർഥി നേതാക്കൾക്ക് ഇനിയൊരിക്കൽകൂടി പ്രക്ഷോഭം നയിക്കൽ ദുഷ്‍കരമാകും തീർച്ച.

അവാമി ലീഗില്ലാത്ത ബംഗ്ലാദേശ്

1971ൽ പാകിസ്താനിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷം അവാമി ലീഗില്ലാത്ത രാഷ്ട്രീയം ബംഗ്ലാദേശ് പരിചയിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ 2009ൽ തുടങ്ങി നീണ്ട 15 വർഷമാണ് ഇതേ കക്ഷിയും പാർട്ടി നേതാവ് ശൈഖ് ഹസീനയും അധികാരത്തിലിരുന്നത്. ഇനിയൊരു എതിരാളിയില്ലാതെ എല്ലാം തങ്ങൾ ഇച്ഛിച്ച പോലെയെന്നുറപ്പിച്ചിരിക്കെയായിരുന്നു ‘ജൂലൈ പ്രക്ഷോഭം’ എത്തുന്നതും നാളുകൾക്കുള്ളിൽ പാർട്ടിയും ശൈഖ് ഹസീനയും രാജ്യത്തിന് പുറത്താകുന്നതും. 1,400ഓളം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം അടിച്ചമർത്തിയതിന്റെ പേരിൽ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ വിലക്ക് വീഴുകയായിരുന്നു. ഇതോടെ, പാർട്ടിക്ക് ഒരു പ്രതിനിധിപോലും അടുത്ത സഭയിലുണ്ടാകില്ലെന്ന സവിശേഷതയുണ്ട്. അവാമി ലീഗിനെ ഇത്തവണ മാറ്റിനിർത്താമെന്ന് വെച്ച ജനത്തിന് അവരെ തിരിച്ചുവിളിക്കാനുമാകുമെന്ന് ബി.എൻ.പിക്ക് തിരിച്ചറിവുണ്ട് എന്നതിനാൽതന്നെ ഓരോ പടവും സൂക്ഷിച്ചായിരിക്കുമെന്നുതന്നെ കരുതണം. ജനം ഹിതമറിയിച്ച ഭരണപരിഷ്‍കാരങ്ങൾ നടപ്പാക്കുക മാത്രമല്ല, നിലവിലെ പ്രതിപക്ഷത്തെ കൂട്ടി മികച്ച ഭരണം കാഴ്ചവെക്കുന്നതിൽ പരാജയമായാലും അവാമിയുടെ തിരിച്ചുവരവിന് വേഗം കൂടും.

താ​രീഖ് റ​ഹ്മാ​ൻ ‘ഹ​വാ ഭ​വ​നി’​ൽനിന്ന് വെളിച്ചത്തിലേക്ക്

രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ച സിയ കുടുംബത്തിലെ പ്രമുഖനായ 60കാരൻ താരിഖ് റഹ്മാനാണ് പുതുതായി ചുമതലയേൽക്കുന്നത്. അധികാരം തനിക്കോ കുടുംബത്തിനോ പുതിയ വിശേഷമൊന്നുമല്ലെങ്കിലും താരിഖ് റഹ്മാന് ശരിക്കും മുൾവേലിയിലൂടെയായിരുന്നു ഇതുവരെയും യാത്ര.

 

അഴിമതി, സ്വജന പക്ഷപാത ആരോപണങ്ങൾ നേരിടുകയും അതിന്റെ പേരിൽ ജയിലിലെത്തുകയും ചെയ്തതിനിടെ 2008ലായിരുന്നു സ്വയം വനവാസം വരിച്ച് ലണ്ടനിലേക്ക് നാടുപിടിക്കുന്നത്. പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ലണ്ടൻ വാസം. അതത്രയും അവസാനിപ്പിച്ച് രണ്ടുമാസം മുമ്പ് താരിഖ് വീണ്ടുമെത്തുന്നത് രാജ പരിവേഷത്തോടെയാണ്. ഏറെയായി രാജ്യത്തെ വേട്ടയാടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പോംവഴിയും രാഷ്ട്രീയ സ്ഥിരതയും താരിഖിലൂടെ നേടിയെടുക്കാനാകുമെന്ന് ജനം കാത്തിരിക്കുന്നുവെന്നുവേണം ഈ ഫലത്തിലൂടെ മനസ്സിലാകാൻ.

ബി.എൻ.പി സ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാഉറഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായി 1965ലാണ് ജനനം. ധാക്ക യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ നിർത്തി ടെക്സ്റ്റൈൽസ്, കാർഷിക ഉൽപന്നങ്ങളെക്കുറിച്ച പഠനത്തിലേക്ക് തിരിഞ്ഞു. മാതാവ് പ്രധാനമന്ത്രിയായ 2001-2006 കാലത്താണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പദവികളില്ലാതിരുന്നിട്ടും മാതാവിനെ മുന്നിൽ നിർത്തി അധികാരം ഒറ്റക്ക് നിയന്ത്രിച്ച അദ്ദേഹത്തിന് ഈ കാലത്ത് ‘ഇരുട്ടിന്റെ രാജകുമാരൻ’ എന്ന വിളിപ്പേരും കിട്ടി. അഴിമതി ആരോപണങ്ങളും ഈ നാളുകളിൽ വിടാതെ വേട്ടയാടി. പ്രധാനമന്ത്രിയുടെ ഓഫിസിനോട് ചേർന്ന ഇരുനില കെട്ടിടമായ ‘ഹവാ ഭവനി’ൽ ഇരുന്നായിരുന്നു താരിഖ് ഭരണചക്രം നിയന്ത്രിച്ചത്. 2006ൽ നടന്ന പൊതുതെരഞ്ഞെടുപ്പിനെ ചൊല്ലി കടുത്ത അനിശ്ചിതത്വം നിലനിന്ന നാളുകളിൽ പട്ടാളം ഭരണമേറ്റെടുത്തു. 2007ൽ പട്ടാള ഭരണകൂടം താരിഖിനെ അറസ്റ്റ് ചെയ്ത് വിവിധ കേസുകളിൽ ജയിലിലിട്ടു. 17 മാസം നീണ്ട ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ കൂടുതൽ അപകടകരമായത് വരാനിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് നാടുവിട്ടു.

പ്രവാസത്തിലിരിക്കെ പഴയ ആരോപണങ്ങളിൽ കുറ്റം ചുമത്തപ്പെട്ടു. ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. ജീവപര്യന്തംവരെ ഒരിക്കൽ തേടിയെത്തി. എന്നാൽ, എല്ലാം രാഷ്ട്രീയപ്രേരിതമായിരുന്നെന്ന് താരിഖ് റഹ്മാനും ബി.എൻ.പിയും പറയുന്നു.

ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും തന്റെ പാർട്ടിയും നേതൃത്വവും കൂടുതൽ ഒതുക്കപ്പെട്ടതായിരുന്നു ശൈഖ് ഹസീന കാലത്തെ വിശേഷം. ഒടുവിൽ മത്സരിക്കാൻപോലും അനുമതിയില്ലാതെ പുറത്തിരിക്കേണ്ടിവന്നു. അതോടെ, അണികളും അപ്രത്യക്ഷരായെന്ന് മുഖ്യ എതിരാളികളായ അവാമി ലീഗ് ഉറപ്പിച്ചെങ്കിലും ഫിനിക്സ് പക്ഷിയെപോലെയാണ് ഇത്തവണ തിരിച്ചുവരവ്. പഴയ വെടിക്കെട്ടുകൾക്ക് പകരം സമചിത്തതയും അനുരഞ്ജനവുമാണ് രണ്ടാം വരവിൽ താരിഖിന്റെ മുഖവും ഭാഷയും.

രാജ്യത്തിന് പുറത്തായിരുന്നെങ്കിലും പാർട്ടിക്കുള്ളിൽ താരിഖിന്റെ പിടി ശക്തമാണ്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഖാലിദ സിയയുടെ വിയോഗത്തെതുടർന്ന് ഒഴിവുവന്ന പാർട്ടി അധ്യക്ഷ പദവിയിൽ മറ്റൊരു പേരുയരാതെ അദ്ദേഹം അവരോധിക്കപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തെരഞ്ഞെടുത്തത് പോലും അദ്ദേഹം നേരിട്ടായിരുന്നു.

മൂന്ന് അയൽക്കാർ

ബംഗ്ലാദേശ് ഭൂമിശാസ്ത്രപരമായി അതിർത്തി പങ്കിടുന്നത് രണ്ട് രാജ്യങ്ങളുമായി മാത്രം- ഇന്ത്യയും മ്യാന്മറും. എന്നാൽ, 17 കോടി ജനസംഖ്യയും ഇനിയും കരകയറിയിട്ടില്ലാത്ത സമ്പദ്‍വ്യവസ്ഥയുമുള്ള രാജ്യത്തെ ഓരോ വിശേഷങ്ങളിലും കൺപാർത്ത് വേറെയും അയൽക്കാരുണ്ട്. ഒരുകാലത്ത് മാതൃരാജ്യമായിരുന്ന പാകിസ്താൻമുതൽ മേഖലയിലെ വൻശക്തിയായ ചൈനവരെ ബംഗ്ലാദേശുമായി അടുത്ത ബന്ധവും വ്യാപാര സൗഹൃദവും തേടുന്നവർ.

അയൽക്കാരിൽ ഏറ്റവും പ്രധാനം ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യതന്നെ. ശൈഖ് ഹസീനയുടെ കാലത്ത് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്ന ഉറ്റ സൗഹൃദം, അവർ പുറത്താവുകയും രാജ്യത്ത് അഭയം തേടുകയും ചെയ്തതോടെ പ്രതിസന്ധിയിലായിരുന്നു. ശൈഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യവും അനുബന്ധ വിഷയങ്ങളും രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ അടുത്തിടെ ഉഭയകക്ഷി തലത്തിൽ കാലുഷ്യങ്ങൾ കൂടി. ബംഗ്ലാദേശിൽ ഹിന്ദുവിരുദ്ധ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഐ.പി.എല്ലിൽ ബംഗ്ല താരങ്ങൾക്ക് അപ്രഖ്യാപിത വിലക്കിലും ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് പിന്മാറ്റത്തിലുമെത്തിച്ചു.

‘ധാക്കയാണ്, ഡൽഹിയല്ല’ എന്ന മുദ്രാവാക്യം ചുമരുകളിൽ മാത്രമല്ല, സ്ത്രീകളുടുത്ത സാരികളിൽവരെ വ്യാപകമായി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയ വിദ്യാർഥി പ്രക്ഷോഭ നായകൻ കൊല്ലപ്പെട്ടപ്പോൾ ഘാതകർ ഇന്ത്യയിൽ അഭയം തേടിയെന്ന ആരോപണവുമുയർന്നു. 2014, 2018, 2024 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ശൈഖ് ഹസീനയുടെ ജയത്തിന് ന്യൂഡൽഹിയുടെ പിന്തുണ കൂടി ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയങ്ങൾ രാഷ്ട്രീയമായി മാറിയതോടെ വ്യാപാര നിയന്ത്രണങ്ങൾ, ജലത്തർക്കങ്ങൾ തുടങ്ങിയവയെല്ലാം ആളിക്കത്തി.

എന്നാൽ, എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് നല്ല അയൽക്കാരാണെന്ന സൂചനയുമായിട്ടായിരുന്നു അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ ബംഗ്ലാദേശ് യാത്ര. താരിഖ് റഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അനുമോദിച്ച് പ്രധാനമന്ത്രി മോദി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതും ഇതിന്റെ തുടർച്ച.

മുഹമ്മദ് യൂനുസ് മാറി താരിഖ് റഹ്മാൻ വരുമ്പോൾ ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും ഇരുരാജ്യങ്ങളും പഴയ സൗഹൃദത്തിലേക്ക് തിരികെ നടക്കുമെന്നും അതിർത്തിക്കിരുവശത്തെയും സമാധാനകാംക്ഷികൾ പ്രതീക്ഷിക്കുന്നു. അതേസമയം, ബി.എൻ.പി വീണ്ടും അധികാരമേറുമ്പോൾ പാകിസ്താനുമുണ്ട് കൂടുതൽ സ്വപ്നങ്ങൾ. ഇന്ത്യയോട് അകൽച്ച നിലനിൽക്കെ അത് നേട്ടമാക്കാൻ പുതിയ സാഹചര്യം കൂടുതൽ അനുകൂലമാക്കാനുള്ള ഓട്ടത്തിലാണ് ഇസ്‍ലാമാബാദ് സർക്കാർ.

മറ്റൊരു അയൽക്കാരായ ചൈന സമീപനാളുകളിൽ മേഖലയിലുടനീളം സ്വാധീനം കൂട്ടുന്ന കാഴ്ചയും വിസ്മരിക്കാനാകില്ല. ബംഗ്ലാദേശിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ വലിയ വിപണി സ്വന്തമാക്കുകയും സമ്പദ്‍വ്യവസ്ഥ നിയന്ത്രിക്കുകയുമാണ് ബെയ്ജിങ്ങിന്റെ മോഹം.

Tags:    
News Summary - Bangladesh Reaps, July Revolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.