പശുവിനെ കെട്ടിയിട്ട് അവര്‍ പള്ളിവേട്ട തുടങ്ങിക്കഴിഞ്ഞു

കേരളത്തിലെ ക്ഷേത്രോത്സവ ചടങ്ങുകളിലെ ഒരിനമാണ് പള്ളിവേട്ട അഥവാ പള്ളിനായാട്ട്. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെയും ഏറ്റുമാനൂരമ്പലത്തിലെയും ഗുരുവായൂരിലെയുമൊക്കെ പള്ളിവേട്ട പണ്ടേക്കുപണ്ടേ പ്രശസ്തവുമാണ്. വനത്തിലെ മൃഗവേട്ടയുടെ പുനരാവിഷ്കാരമാണ് സംഭവം. പദ്മനാഭസ്വാമിക്ഷേത്രത്തില്‍ രാജ സ്ഥാനീയനും മറ്റ് ചില ക്ഷേത്രങ്ങളില്‍ സ്ഥാനികളുമാണ് ഭഗവാനുവേണ്ടി വേട്ട നടത്തുന്നത്. ഗുരുവായൂരില്‍ ഭഗവാന്‍െറ തിടമ്പ് ആനപ്പുറത്തെഴുന്നള്ളിച്ചാണ് വേട്ട. കാടെല്ലാം നാടായതിനാല്‍ ഇതിനായി പള്ളിവേട്ട നടക്കുന്ന സ്ഥാനത്ത് മരക്കമ്പുകളും ചെടിയും ഇലയും കൊണ്ടൊരു താത്കാലിക വനം ഒരുക്കും. അവകാശികള്‍ നായാട്ടുവിളിച്ച് കാടിളക്കും. തുടര്‍ന്നു സ്ഥാനികള്‍ മൃഗത്തിനുപകരം കുമ്പളങ്ങളില്‍ അമ്പെയ്തുകൊളളിച്ചാണ് മിക്ക ക്ഷേത്രങ്ങളിലും പള്ളിവേട്ട നടത്തുന്നത്. ഗുരുവായൂരിലാണെങ്കില്‍ ആളുകള്‍ മൃഗങ്ങളുടെ വേഷംകെട്ടി വലിയ ഘോഷം തന്നെ ഉയര്‍ത്തും. നായാടി ജീവിച്ചിരുന്ന ആ ആദിമ കാലത്തി​​​​െൻറ ഓര്‍മ പുതുക്കലാവാം. അല്ലെങ്കിൽ കാടുകത്തിച്ച് കൃഷി തുടങ്ങിയ കാലത്തിന്‍െറ തുടര്‍ച്ചയായി വന്നതുമാകാം.

കഴിഞ്ഞയാഴ്ച എ​​​​െൻറ നാട്ടില്‍,- കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കിലെ തുരുത്തി എന്ന ഗ്രാമത്തിൽ സി.പി.എമ്മുകാർ കേരളത്തില്‍ എല്ലായിടത്തും എന്നതുപോലെ മാട്ടിറച്ചി ഉത്സവം, ബീഫ് ഫെസ്റ്റ് നടത്തി. പാര്‍ട്ടി ഒരു പൊതുയോഗം വെച്ചാല്‍ കേള്‍ക്കാന്‍ പത്തുപേരെ തികച്ച് കിട്ടാത്ത സ്ഥലത്ത്, (വായനക്കാരുടെ അറിവിനായി ഒര​ുകാര്യം, - -പ്രദേശം മാണിസാറി​​​​െൻറ അധീനതയില്‍പെട്ട ഇടമാകുന്നു) പരിപാടിയിലേക്ക് തള്ളിക്കയറിയവരുടെ എണ്ണം കണ്ട് പാര്‍ട്ടി നേതാക്കള്‍ ബോധം കെട്ടില്ലെന്നേയുള്ളു. ഞാന്‍ സാക്ഷിയാണ്. പരസ്യമായി ബീഫടിക്കാന്‍ ധൈര്യമില്ലാതിരുന്ന കരപ്രമാണിമാര്‍ പലരും രഹസ്യമായി സംഘടിപ്പിച്ച് വീട്ടില്‍ കൊണ്ടുപോകുകയും ചെയ്തു. 

വി.എച്ച്.പി തുരുത്തിയില്‍ സ്ഥാപിച്ച ബോര്‍ഡ്
 

സംഗതി നടന്നത് എം.സി റോഡരികില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനിലെ ആല്‍മരച്ചോട്ടിലാണ്. ആലിനെ ചുറ്റി ടാര്‍ റോഡാണ്. ആല്‍ത്തറയോ അങ്ങനെയൊന്നുമില്ല. പണ്ടുമുതലേ അതാണവസ്ഥ. തൊട്ടടുത്ത ദിവസം ജംഗ്ഷനില്‍ ഒരു ഫ്ലക്​സ്​ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. അതില്‍ ഇങ്ങനെ വായിക്കാം. ‘‘ഈശാനത്തുകാവിലമ്മയുടെ തിരുവുത്സവത്തിന് പള്ളിവേട്ട നടക്കുന്ന, ബ്രഹ്മാവും മഹാവിഷ്ണുവും പരമശിവനുംവസിക്കുന്നു എന്ന് വിശ്വസിച്ച് ഹിന്ദുക്കള്‍ പൂജിക്കുന്ന ഹൈന്ദവ വിശ്വാസത്തി​​​​െൻറ ഒരു പ്രധാന ഭാഗമായ അരയാല്‍ ചുവട്ടില്‍ ബീഫ് ഫെസ്​റ്റ്​ നടത്തി ഹിന്ദു സംസ്കാരത്തെയും വിശ്വാസികളുടെ വികാരത്തെയും ​വ്രണപ്പെടുത്തിയ കമ്യൂണിസ്റ്റുകള്‍ മാപ്പുപറയുക. ന്യൂനപക്ഷ സംരക്ഷകര്‍ എന്ന് മേനിനടിക്കുന്ന കമ്യൂണിസ്റ്റുകാര്‍ എന്തേ ഭൂരിപക്ഷ ഹിന്ദുവിന്‍െറ വിശ്വാസങ്ങളെയും സംസ്കാരത്തെയും നിരന്തരം അവഹേളിക്കുന്നു. ചിന്തിക്കുക പ്രതികരിക്കുക’. വിശ്വഹിന്ദു പരിഷത്ത് തുരുത്തിയാണ് ബോർഡി​​​​െൻറ സ്ഥാപകർ.  

തുരുത്തിയിലെ പ്രധാന ആരാധനാലയമാണ് ഈശാനത്തുകാവ് ദേവീക്ഷേത്രം. ദേശാധിപത്യ ദേവതയെന്നാണ് ഉത്സവ നോട്ടീസില്‍ അച്ചടിക്കുക. എസ്.എൻ.ഡി.പിയും എന്‍.എസ്.എസും സംയുക്ത ഉടമസ്ഥർ. നാട്ടുകാരുടെ കമ്മിറ്റിയാണ് ഭരണം. സംഘപരിവാറിന് ഇപ്പോള്‍ കാര്യമായ സ്വാധീനം ഭരണസമിതിയിലുണ്ട്. ക്ഷേത്രം അവരുടെ കൈയില്‍ അല്ലെങ്കിലും. അയോധ്യയിലേക്കുള്ള രാമശിലാ പൂജ  അനുവദിക്കാതിരുന്ന പാരമ്പര്യം പണ്ടുണ്ടായിരുന്ന ക്ഷേത്രവുമാണ്. സാഹചര്യവശാല്‍ ഞാനും വോട്ടര്‍ പട്ടികയില്‍ പേരുള്ള (ഇപ്പോഴുമുണ്ടോയെന്നറിയില്ല) ഒരു മുന്‍ അമ്പലക്കമ്മിറ്റി അംഗമാണ്. വിഷുവിനാണ് ഉത്സവം. ദേവീക്ഷേത്രമാണെങ്കിലും ശിവനും മറ്റ് പുരുഷ ഉപദേവതകളും ഉള്ളതിനാലാകണം ഉത്സവനോട്ടീസിലെ അവസാന ഇനമാണ് പള്ളിവേട്ടയും എതിരേല്‍പും. പുലര്‍ച്ചെയാണ് പരിപാടി. കലാപരിപാടി കഴിഞ്ഞ് ജനം പിരിഞ്ഞാല്‍ കഷ്ടിച്ച് അമ്പലക്കമ്മിററിക്കാരുണ്ടാകും പരിപാടി നടത്താൻ. അമ്പലമുറ്റത്തെ ആല്‍ചുവട്ടില്‍ നേരത്തെ കുരുത്തോലകൊണ്ട് കൊട്ടില്‍ ഇടുകയായിരുന്നു പതിവ്. ഇപ്പോള്‍ ഷാമിയാനയാണ്. അവിടെയാണ് ഈ പള്ളിവേട്ട നടക്കുന്നത്. 

ഇൗ സ്ഥലം ഏതായാലും സര്‍ക്കാര്‍ വക റോഡാണ്. ഈ ആലിന് ഇപ്പോള്‍ നടക്കുന്ന റോഡ് വികസനത്തില്‍ കെ.എസ്.ടി.പിക്കാര്‍ ദയാവധം വിധിച്ചതാണ്. അന്ന് പൗരസമിതിക്കാര്‍ വലിയ ബഹളമുണ്ടാക്കിയാണ് ആലിനെ കോടാലിയില്‍നിന്ന് രക്ഷിച്ചത്. അന്ന് വിശ്വഹിന്ദുക്കളോ അമ്പലക്കമ്മിറ്റിക്കാരോ രംഗത്തുണ്ടായിരുന്നില്ല. അതിന്‍െറ കാരണം അവസാനം പറയും. നേരത്തെ ആല്‍ചുവട്ടില്‍ കപ്പലണ്ടി വില്‍ക്കുന്ന ഉന്തുവണ്ടിക്കടയുണ്ടായിരുന്നു. കെ.എസ്.ടി.പികാര്‍ ആ ഉന്തുവണ്ടി അല്‍പമകലേക്ക് തള്ളിവിട്ടത് ഇപ്പോഴും റോഡരികില്‍ കപ്പലണ്ടി വിൽക്കുന്നുണ്ട്. രാത്രി വണ്ടിയിറങ്ങുന്നവര്‍ മൂത്രമൊഴിക്കുന്നതും ഇതേ ആല്‍ചുവട്ടിലാണ്. 

സി.പി.എം വി.എച്ച്.പിക്ക് മറുപടിയായി ഉയര്‍ത്തിയ ബോര്‍ഡ്
 

ഏതായാലും ഒറ്റരാത്രികൊണ്ട് ബ്രഹ്മാവും ശിവനും ആല്‍ചുവട്ടില്‍ കുടിപാര്‍പ്പുകാരായി, മതവികാരം വ്രണപ്പെടുത്തലായി, പീഡിത ഹിന്ദുവായി.
എങ്ങനെയുണ്ട്...? ഏതായാലും ബീഫുമടിച്ച് വീട്ടില്‍ പോയ സി.പി.എമ്മുകാർ മറുപടി ഫ്ലക്സുമായി തിരിച്ചത്തെി. തുരുത്തിയുടെ മണ്ണിലും വിഷം ചീറ്റുന്ന മതഭ്രാന്തന്മാര്‍ക്ക് മറുപടിയുമായി. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പിസ്വാമിയെയും വിവേകാനന്ദനെയും കൂട്ടുപിടിച്ചുകൊണ്ട്. അരയാല്‍ ചുവട് പൊതുസ്ഥലമാണെന്നും അവിടെ എന്തുചെയ്യാനും നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന്​ വ്യക്തമാക്കിക്കൊണ്ട്. ഇത് പിണറായി വിജയ​​​​െൻറ കേരളമാണെന്ന വെല്ലുവിളിയുമുണ്ട്.

പക്ഷേ, ഈ ഗീര്‍വാണം കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എ​​​​െൻറ തുരുത്തി കേരളത്തിലെ മറ്റെല്ലാ ഗ്രാമങ്ങളിലെയും പോലെ മതത്തി​​​​െൻറയും ജാതിയുടെയും കള്ളികളിലൊതുങ്ങി ജീവിക്കുന്ന ജനങ്ങളുടേതാണ്. നല്ല വിശ്വാസികളും ജാത്യഭിമാനികളുമാണ് മഹാഭൂരിപക്ഷം. അങ്ങനെയല്ലാത്തവര്‍ വിരലിലെണ്ണാന്‍ തികയില്ല. പക്ഷേ, പൊതുവെ സമാധാന പ്രിയരും വിവാഹം മരണം തുടങ്ങിയ പൊതു സംഭവങ്ങളില്‍ സഹകരിച്ചും ജീവിക്കുന്നവരാണ്. ദലിതരുടേതൊഴികെ. മററു മത, സാമുദായിക സ്ഥാപനങ്ങളുടെ കാര്യങ്ങളില്‍ സ്വകാര്യമായി അഭിപ്രായം പറയുമെങ്കിലും പരസ്യമായി ഇടപെടാത്തവരുമാണ്. എല്ലാനാട്ടിലെയും പോലെ. 

പക്ഷേ, അടുത്തിടെ കാര്യമായ മാററമുണ്ട്. അതിഹൈന്ദവരെന്ന് ഈഴവരിലും ദലിതരിലും ഒരു വിഭാഗം ശക്തമായി വിശ്വസിക്കുകയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നെ നായര്‍ക്ക് പിന്നോട്ടു പോകാന്‍ പറ്റുമോ. എല്ലാവരും മതബോധന ക്ലാസുകള്‍ കുട്ടികള്‍ക്കായി തുടങ്ങി. കാശുള്ള ഹിന്ദുക്കള്‍ അമൃതവിദ്യാലയവും പാവപ്പെട്ട ഈഴവര്‍ ശ്രീനാരായണ സെന്‍ട്രല്‍ സകൂളും കുട്ടികള്‍ക്കായി തെരഞ്ഞെടുത്തു. അവര്‍ മറ്റേ കൂട്ടരാണെന്ന് കൊച്ചു കുട്ടികളെപ്പോലും പറഞ്ഞു പഠിപ്പിക്കുന്ന സ്ഥലമായി മാറുകയാണ് കേരളത്തില്‍ എല്ലായിടത്തെയും പോലെ തുരുത്തിയും.  

 ഇനിയാണ് ശരിയായ തമാശ. ബീഫ് കഴിക്കാത്ത തുരുത്തിക്കാര്‍ ഉണ്ടെങ്കില്‍ അത് വിശ്വാസത്തി​​​​െൻറ പേരിലല്ല, വ്യക്തിപരമായ അനിഷ്ടം കൊണ്ടാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞായറാഴ്ച അത്രക്കാണ് തുരുത്തിയിലെ ബീഫ് വില്‍പന. എല്ലാ അര്‍ഥത്തിലും മതേതര കച്ചവടമാണ്. ഒരു ബി.ജെ.പി ഹര്‍ത്താലിൻറന്ന്​ രാവിലെ ഞാന്‍ പാതിതുറന്ന ചിക്കന്‍ കടയില്‍ നില്‍ക്കുകയാണ്. ബി.ജെ.പിയുടെ പ്രകടനം കടയുടെ മുന്നില്‍കൂടി നടന്നുപോയി. പ്രകടനത്തില്‍നിന്ന് ഒരാള്‍ ഓടിവന്ന് രണ്ട് കോഴി ഓര്‍ഡര്‍ ചെയ്തു. പിന്നാലെ മറ്റൊരുവന്‍ വന്ന് അത് ഏഴാക്കി. നിമിഷങ്ങള്‍ക്കകം അത് ഒമ്പതും പതിനൊന്നുമായി. അതാണ് തുരുത്തിക്കാരുടെ ഒരു രീതി. ഈഴവ ബ്രാഹ്മണരുടെ വീടുകളില്‍പോലും ചടങ്ങുകള്‍ക്ക് ബീഫ് ഉറച്ച വിഭവമാണ്. കല്യാണത്തലേന്ന് കപ്പബിരിയാണി വിളമ്പുന്ന ഹിന്ദുവീടുകളും ഒട്ടും കുറവല്ല.

എല്ലാം കേറ്ററിംഗുകാർക്ക്​ കൊടുക്കുന്ന നാളുകള്‍ക്ക് മുമ്പ് ക്രിസ്ത്യന്‍ വീടുകളിലെ കല്യാണത്തിന് പശുവിനെയോ പോത്തിനെയോ അറക്കും. അതൊരുത്സവമാണ്. ഉളളിയരിയാനും വെളുത്തുള്ളി പൊളിക്കാനും പെരളന്‍ വെക്കാനും കൂടുന്നത് ജാതി അടിസ്ഥാനത്തില്‍ ആയിരുന്നില്ല. അന്നും എല്ലാ വീട്ടുകാരും നല്ല ഈശ്വരവിശ്വാസികളായിരുന്നു.

ഈശാനത്തുകാവിലെ ഉത്സവത്തില്‍നിന്ന്, പിന്നില്‍ കാണുന്ന ഷാമിയാനയിലാണ് പള്ളിവേട്ട നടത്തുന്നത്
 

പക്ഷേ, ഈ തുരുത്തിയിലും ആല്‍ചുവട് പൊതു ഇടമായിരുന്നു, ഇന്നും ആണ് എന്നൊന്നും ഒരു വിശ്വാസിയും  ഒറ്റയടിക്ക് ഓര്‍ക്കില്ല. അതാണ് ദയനീയം. പശുവി​​​​െൻറ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം മലയാളികള്‍ കേരളത്തില്‍ ഇതൊന്നും ഓടില്ല എന്ന നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. തെറ്റാണ്. ചിന്തിച്ച് അതെഴുതുന്നവര്‍ക്ക് ചുറ്റുപാടുള്ളവരും തങ്ങളുടെ പ്രതിഫലനമാകണം എന്ന ആഗ്രഹത്തില്‍നിന്നാണ് ആ ആത്മവിശ്വാസം വരുന്നത്. പക്ഷേ, മലയാളിയെ നിങ്ങള്‍ അത്രക്കങ്ങ് കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഭാഗവത സപ്താഹ, വചനപ്രഘോഷണ, ഇരുപത്തേഴാംരാവ് മെഗാഷോകള്‍ മലയാളി ഏതു വഴിക്കാണ് ചുവടുമാറുന്നതെന്നതി​​​​െൻറ വ്യക്തമായ സൂചനകളാണ്​. അന്ധവിശ്വാസം ജാതി മത ഭേദമെന്യേ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. മത സാമുദായിക പ്രസിദ്ധീകരണങ്ങൾ, ജ്യോതിഷമാസികകള്‍ ഒക്കെ എത്രയാണ് വിറ്റുപോകുന്നതെന്ന് നോക്കിയാല്‍ മതി. വാസ്തുഭ്രാന്തടക്കം എല്ലാ അന്ധവിശ്വാസങ്ങളുടെയും മൊത്തക്കച്ചവടശാലകളാണ് മിക്ക മലയാളികളും.

അങ്ങനെ മണ്ണ് പാകമായിക്കഴിഞ്ഞു എന്ന്് ഉത്തമബോധ്യം വന്നതിനാലാണ് തുരുത്തി ജംഗ്ഷനില്‍ മതവിശ്വാസം വ്രണപ്പെട്ടേ എന്ന്​ നിലവിളിക്കുന്ന ഫ്ലക്സ് ഉയര്‍ത്താന്‍ സംഘപരിവാരത്തിന് ധൈര്യം വന്നത്. അത് ശരിയാണെന്ന് പറയാന്‍ എല്ലായിടത്തെയും പോലെ തുരുത്തിയിലും ആളുണ്ട്. ഇത് ശരിയല്ലെന്ന്​ പറയാന്‍, ആ വിഷപ്പലക എടുത്തു മാറ്റണമെന്നു പറയാന്‍ ഈ നാട്ടില്‍ ഇന്നാരുമില്ല. തലനരച്ച വിവേകികള്‍ മണ്ണടിഞ്ഞുകഴിഞ്ഞു. തലനരച്ചിട്ടും വിവേകം ഉദിക്കാത്തവര്‍ ആ സ്ഥലം കൈയടക്കി കഴിഞ്ഞു.

സൈബര്‍ ഇടത്തില്‍ ഒട്ടേറെപ്പേര്‍ പൊരുതുന്നുണ്ട്. കളളത്തരത്തെ, വ്യാജനിര്‍മിതികളെ പൊളിച്ചടുക്കുന്നുണ്ട്. പക്ഷേ, എന്തു കാര്യം. കന്നിമൂലയില്‍ കിണറുകുഴിക്കാമെന്ന് സ്വന്തം വീട്ടുകാരെക്കൊണ്ടുപോലും എത്രപേര്‍ക്ക് സമ്മതിപ്പിക്കാനാകും. വിളക്ക് പുഷ്പംകൊണ്ട് തൊട്ട് കെടുത്തേണ്ട കാര്യമില്ലെന്ന്​ പറഞ്ഞുനോക്കൂ. ഊതിക്കെടുത്തിയാല്‍ തല്ലുകൊള്ളാതെ രക്ഷപെട്ടാല്‍ മഹാഭാഗ്യം. കരണ്ടുപോയാല്‍ നിലവിളക്കു കൊളുത്തി വെട്ടം കാണാമെന്ന് ഒരുത്തനും വിചാരിക്കണ്ട. കെടുത്തിയ നിലവിളക്ക് രണ്ടാമതുകൊളുത്തുന്നത് മഹാപാപമാകുന്നു. നിങ്ങള്‍ നാട്ടിലെ ഒരഞ്ചു വീട്ടില്‍ വെറുതെ ഒന്ന് കയറിയിറങ്ങി അല്‍പനേരം സംസാരിച്ചു വരൂ. സൈബര്‍ പോരാട്ടത്തിന്‍െറ പരിമിതി അപ്പോഴറിയാം.

പദ്മനാഭസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട
 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ സംഘപരിവാരത്തിന് രാജഗോപാലിന്‍െറ വിജയമൊഴികെ നിരാശ സമ്മാനിച്ച ഒന്നാണ്. അതി​​​​െൻറ  ബാക്കി കലിയാണ് അമിത് ഷാ ബി.ജെ.പി നേതാക്കളോട് കഴിഞ്ഞ ദിവസം തീര്‍ത്തത്. അതിനാല്‍ സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്താനുള്ള ശ്രമങ്ങള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ എമ്പാടുമുണ്ടാകും. തുരുത്തിയിലെ വ്രണിതഹിന്ദു ഫ്ലക്​സും അതിന്‍െറ ഭാഗം തന്നൊയണ്​. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, പ്രത്യേകിച്ച് സ്വന്തം മതത്തിലെ, എതിരെ നേര്‍ക്കുനേര്‍ പൊരുതുകയേ മാര്‍ഗമുള്ളു. ഭീഷണി വരും. ബഹിഷ്കരണമുണ്ടാകും. ചിലപ്പോള്‍ തല്ലുകൊണ്ടെന്നും വരും. പക്ഷെ നമ്മുടെ തെരുവുകളും കവലകളും പൊതു ഇടങ്ങളായി തുടരാന്‍ എന്തെങ്കിലും ചെയ്യേണ്ടെ. അതിനാലാണ് സി.പി.എം തെരുവിൽ, കവലകളില്‍ ബീഫ് ഫെസ്റ്റ് നടത്തുമ്പോള്‍ അതിന് സത്യത്തില്‍ ആവശ്യമുള്ളതിലധികം രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. ഇല്ലെങ്കിൽ ഇന്ന് മാട്ടിറച്ചിയാല്‍ വിശ്വാസവ്രണിതനാകുന്നവന്‍ നാളെ നസ്രാണി ആ ആല്‍ചുവട്ടില്‍ നില്‍ക്കേണ്ടെന്നു പറയും. ദലിതന്‍ തൊട്ടാല്‍ അശുദ്ധമാകുമെന്നു പറയും. ആര്‍ത്തവമുള്ള സ്ത്രീകള്‍ ആലിനരികില്‍ ബസ് കാത്തുനില്‍ക്കരുതെന്ന് ഉത്തരവിറക്കും. 

പശുവിനെ കെട്ടിയിട്ട് പള്ളിവേട്ട നടത്തി അവര്‍ വരികയാണ്. വേട്ടപ്പട്ടികളെ തടയാന്‍ കൈകള്‍ ഉയര്‍ന്നില്ലെങ്കിൽ അവര്‍ ആറാട്ട് നടത്തുന്നത് മതേതര കേരളമെന്ന - എല്ലാ മതക്കാരും ജാതികളും വല്യ പൊല്ലാപ്പൊന്നുമില്ലാതെ ജീവിക്കുന്നു എന്നർഥമുള്ള- സ്വപ്നത്തി​​​​െൻറ നെഞ്ചത്തായിരിക്കും.

അവസാനത്തെ ആണി: തുരുത്തി പുന്നമൂട് ജംഗ്ഷൻ  ശ്രദ്ധിക്കുക.... ജംഗ്ഷ​​​​െൻറ പേര് ആലിന്‍ചുവട് എന്നൊന്നുമല്ല- ആല് വെട്ടാന്‍ റോഡു വികസനക്കാര്‍ ഒരുങ്ങിയപ്പോള്‍ തടയാന്‍ ഒരു സംഘപരിവാറുകാരനും ഉണ്ടായിരുന്നില്ല. കാരണം ആല് ഈശാനത്തു കാവിലമ്മയോടൊപ്പം സ്വയംഭൂവായി വന്നതൊന്നുമല്ല. അത് നട്ടുവളര്‍ത്തിയ ആളെ എല്ലാവര്‍ക്കുമറിയാം. കുട്ടിമണ്ണാന്‍ എന്ന ദലിതൻ. കുട്ടിമണ്ണാന്‍ നട്ടുവളര്‍ത്തിയ ആലില്‍ നിങ്ങളുടെ ബ്രഹ്മാവും മഹാവിഷ്ണുവും പരമശിവനും കുടികൊള്ളുമോ വിശ്വഹിന്ദുക്കളേ?

Tags:    
News Summary - Cattle Slaughter Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.