മാധ്യമ-അഭിഭാഷക സംഘര്‍ഷം: ലക്ഷ്മണ രേഖ ആർക്ക് ‍?

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടുവോ? ഇല്ല പരിഹരിക്കപ്പെട്ടിട്ടില്ല. പരിഹരിക്കപ്പെടണം എന്ന് ഇക്കാര്യത്തില്‍ ആഗ്രഹമുള്ളതു മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ്. അധികൃതര്‍ക്കും താൽപര്യമില്ല. അഭിഭാഷകരെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന സംഘടനാ നേതൃത്വങ്ങള്‍ക്കും താൽപര്യമില്ല. അവര്‍ക്ക് പ്രശ്‌നം തീരരുത് എന്നുകൂടി ആഗ്രഹമുള്ളതായി പുതിയ സംഭവങ്ങളും പ്രതികരണങ്ങളും വ്യക്തമാക്കുന്നു. പിന്നെയെങ്ങനെയാണ് പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നത്?

അല്ലെങ്കില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കല്ലാതെ ആര്‍ക്കാണ് ഇവിടെ പ്രശ്‌നമുള്ളത്? കോടതിയില്‍ പോകേണ്ടതും വിവരങ്ങള്‍ ശേഖരിക്കേണ്ടതും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. അഭിഭാഷകരുടെ പണി മാധ്യമപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയിട്ടില്ല. ആഗ്രഹിച്ചാല്‍പോലും അതു ചെയ്യാന്‍ അവര്‍ക്കു കഴിയില്ല. കോടതിയില്‍ ചെന്നു വിവരം ശേഖരിക്കുന്നത്  റിപ്പോര്‍ട്ടര്‍മാരാണ്. അതാണ് അവരുടെ ഉത്തരവാദിത്തവും ഉപജീവനമാര്‍ഗവും. അവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതു വീട്ടില്‍ചെന്നു കുടുംബത്തെ അറിയിക്കാനല്ല, ജനങ്ങളെ അറിയിക്കാനാണ്. കോടതിയില്‍ വാര്‍ത്തയൊന്നുമില്ലെങ്കിലും മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കും. പക്ഷേ, ജനാധിപത്യവ്യവസ്ഥക്കകത്ത് ജുഡീഷ്യറിയില്‍ നടക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മാധ്യമങ്ങള്‍ക്ക് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാനാവില്ല.

ഒരു വക്കീല്‍നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്രെ, മാധ്യമങ്ങള്‍ക്കു സ്വാതന്ത്ര്യം നല്‍കണമെന്നൊന്നും ഭരണഘടന പറയുന്നില്ല എന്ന്. ഇതിനെക്കുറിച്ച് മാധ്യമകാര്യങ്ങളിലും നിയമകാര്യങ്ങളിലും രാഷ്ട്രീയത്തിലും ഒരേ പോലെ അറിവും പരിചയവുമുള്ള ഡോ.സെബാസ്‌ററ്യന്‍ പോള്‍ മറുപടി നല്‍കിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നില്ല എന്നു കരുതുന്ന ആള്‍ സന്നത് തിരിച്ചേല്‍പ്പിച്ച് വേറെ വല്ല പണിക്കും പോകണം. അവര്‍ക്കുപറ്റിയതല്ല അഭിഭാഷകവൃത്തി.

ഹൈകോടതിയിലെ മീഡിയ റൂം തുറക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടെടുക്കുകയും എറണാകുളം ജില്ലാ കോടതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്ത വക്കീലന്മാരെയും ഇക്കൂട്ടത്തില്‍തന്നെയാണ് പെടുത്തേണ്ടത്. അഭിഭാഷകവൃത്തി അവര്‍ക്കു പറ്റിയതല്ല. നിയമം പഠിക്കുകയും നിയമവാഴ്ചയില്‍ വിശ്വസിക്കുകകകകയും ചെയ്യുന്നവരില്‍ നിന്നൊരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത പ്രതികരണമാണ് ഒരു കൂട്ടം വക്കീലന്മാരില്‍നിന്നുണ്ടായത്. കോടതി നടപടികളുടെ അനിവാര്യവും അനിഷേധ്യവുമായ ഘടകമാണ് മാധ്യമം. തുറന്ന കോടതിയില്‍ വിചാരണ എന്ന സങ്കൽപംതന്നെ അതാണ്. അവിടെ നടക്കുന്നതു വക്കീല്‍മാര്‍ക്കും ഗുമസ്തന്‍മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കക്ഷികള്‍ക്കും മാത്രം കേള്‍ക്കാനുള്ളതല്ല. പൊതുജനത്തിനുകൂടി പ്രവേശനമുണ്ട്. മുഴുവന്‍ പൊതുജനവും കോടതിയില്‍ വരിക പ്രായോഗികമല്ല. അതുകൊണ്ടുകൂടിയാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തുന്നതും അവര്‍ക്കു റിപ്പോര്‍ട്ടിങ്ങ് നടത്താന്‍ സുപ്രീംകോടതി മുതല്‍ കീഴ് കോടതി വരെ എല്ലായിടത്തും ആറുപതിറ്റാണ്ടായും അതിനു മുമ്പുപോലും സൗകര്യം അനുവദിച്ചുകൊണ്ടിരുന്നതും.

ഹൈകോടതിയില്‍ തുടക്കത്തില്‍ തന്നെ പ്രകോപനം ഉണ്ടാക്കിയതും അതു കേരളം മുഴുവന്‍ വ്യാപിപ്പിച്ചതും ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയുടെ പേരിലാണ് എന്ന് ആരും വിശ്വസിക്കുന്നില്ല. പത്രം തെറ്റുതിരുത്തിയതിനുശേഷമാണ് ആ പത്രത്തിന്‍റെ ലേഖകനെ ഒരു സംഘം വക്കീലന്മാര്‍ തടഞ്ഞുവെച്ചു കൈയേറ്റം ചെയ്തത്. ഗവണ്മെന്റ് പ്ലീഡര്‍ക്കെതിരായ സ്ത്രീപീഡനപരാതിയും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പൊലീസ്-അഭിഭാഷക ഈഗോ യുദ്ധമായിരുന്നു. അതില്‍ പത്രക്കാര്‍ക്കു പങ്കില്ല, താൽപര്യവുമില്ല. സംഭവത്തില്‍ പ്രതി വക്കീലായതുകൊണ്ട് അതു റിപ്പോര്‍ട്ട് ചെയ്യരുതെന്നു വക്കീല്‍ സംഘടന ആജ്ഞാപിച്ചാല്‍ ആരും വഴങ്ങാന്‍ പോകുന്നില്ല. അതിന്മേല്‍ പിടിച്ച് സംസ്ഥാനവ്യാപകമായി വക്കീല്‍ സംഘടനാനേതൃത്വത്തെ ഉപയോഗിച്ച് മാധ്യമങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ആക്രമം അഴിച്ചുവിട്ടതും അതു തുടരുന്നതും വക്കീല്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള ചില ശക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എന്ന സത്യം ഇപ്പോള്‍  പ്രകടമായി വരികയാണ്. പി.സി.ജോര്‍ജ് ആണ് പറഞ്ഞത് എന്നതുകൊണ്ടുമാത്രം നമ്മളതു തള്ളിക്കളയരുത്.

മുഖ്യമന്ത്രി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് ഈ സംഭവവികാസങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും പരിഹാസ്യമായ നാടകം. ആര്‍ക്കോ വേണ്ടി, മനസ്സില്ലാതെ ചെയ്യുന്ന ഒരു കാര്യം എന്നു കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ബോധ്യപ്പെടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ താൽപര്യമില്ല. എന്തെങ്കിലും ചെയ്യാന്‍ അധികാരവുമില്ല. ഒന്നും ചെയ്തില്ല എന്നു നാളെ പരാതി ഉണ്ടാകാതിരിക്കാന്‍ ഒരു യോഗം ചേര്‍ന്നു. പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ആക്രമണത്തിന് ഇരയാവുകയും തുടര്‍ന്നും ഭീഷണി നേരിടുകയും ചെയ്യുന്നതു പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. അവരുടെ ഒരു ചോദ്യത്തിനും ഉത്തരംപോലും പറയാതെ, കുത്തുവാക്കുകള്‍ ധാരാളം പ്രയോഗിച്ചു സ്ഥലംവിടുകയാണ് അദ്ദേഹം ചെയ്തത്. തുടര്‍ന്ന് തിങ്കളാഴ്ച ഒരു കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ടതിനെക്കുറിച്ചു പരാതി ഉന്നയിച്ചപ്പോള്‍ അകാരണമായി, ഒരു പ്രകോപനവുമില്ലാതെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്നതും ചാനലുകളില്‍ കേരളം കാണുന്നുണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങ് സ്വാതന്ത്ര്യമാണ് തടയപ്പെട്ടത്. ആ പ്രശ്‌നം തുടരുകയാണ്. ഹൈകോടതികെട്ടിടത്തിലെ അടച്ചിട്ട മീഡിയ റൂം തുറക്കുക എന്നതാണ് കോടതിയില്‍ പൂര്‍വസ്ഥിതി ഉണ്ടാക്കാനുള്ള ഒരേയൊരു മാര്‍ഗം. മാധ്യമപ്രവര്‍ത്തകരെ ഒരു പാഠം പഠിപ്പിക്കണം എന്നു പറഞ്ഞുനടക്കുന്നവരുടെ താൽപര്യം എന്താണ് എന്ന് ആര്‍ക്കാണറിയാത്തത്? മാധ്യമങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം ജനങ്ങള്‍ക്ക് അപ്പോഴപ്പോള്‍ കാണാം. അവര്‍ എഴുതുന്നതിലെ തെറ്റും കുറ്റവും മറച്ചുവെക്കപ്പെടില്ല. ചിലരെല്ലാം ചെയ്യുന്നത് ജനങ്ങള്‍ കാണുകയില്ല, മാധ്യമങ്ങളും അങ്ങോട്ടുനോക്കുന്നില്ല. മറ്റു മൂന്നു ഭരണസ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമായി ഫോര്‍ത്ത് എസ്റ്റേറ്റ് ഒരു വ്യവസായം കൂടിയാണ്.  ജനങ്ങള്‍ ഉണ്ടാക്കുന്ന നിയമവും അവര്‍ അനുവദിക്കുന്ന അവകാശങ്ങളും അവസരങ്ങളുമേ അതിനുള്ളൂ. പൊതുജനത്തിന്‍റെ നികുതിപ്പണം കൊണ്ടാണ് കോടതിയുടെ ഓരോ കല്ലും പടുത്തുയര്‍ത്തിയിട്ടുള്ളത് എന്നു കോടതി ചൂണ്ടിക്കാട്ടിയത്,  തങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന ധാര്‍ഷ്ട്യത്തില്‍ അഴിഞ്ഞാടുന്നവരെ ഉദ്ദേശിച്ചുതന്നെയാണ്.

സാധാരണക്കാരില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മാധ്യമങ്ങളുമായി പിണങ്ങിയാല്‍ വക്കീലന്മാര്‍ക്കല്ലേ നഷ്ടം, അവരുടെ പേരല്ലേ മാധ്യമങ്ങളില്‍ വരാതെ പോകുക എന്ന്. ആ പേടി വേണ്ട. കുഴപ്പം ഉണ്ടാക്കുന്ന കുറെ വക്കീലന്മാര്‍ക്ക് ആ പേടിയില്ല. ആ പേടി ഉണ്ടാവേണ്ടത് കേസും പണിയും ധാരാളമുള്ളവര്‍ക്കല്ലേ? അവര്‍ അവരുടെ ജോലിയിലേ ശ്രദ്ധിക്കുന്നുള്ളൂ. പത്രക്കാരെ തല്ലാനും തെറി വിളിക്കാനുമൊന്നും അവര്‍ വരുന്നില്ലല്ലോ.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.