ജനാധിപത്യ വിരുദ്ധതക്കെതിരെ ഒരു ജനാധിപത്യ മാതൃക

ദുരുദ്ദേശ്യത്തോടെ, അവിഹിതരീതിയിൽ യൂനിയൻ സർക്കാർ നടത്തിയ അനുചിതനീക്കം ലോക്സഭയിൽ പരാജയപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷം രാജ്യത്തെ ഒരു ദുർവിധിയിൽനിന്ന് തൽക്കാലത്തേക്കെങ്കിലും രക്ഷിച്ചിരിക്കുന്നു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്താനെന്ന നാട്യത്തിൽ സർക്കാർ അവതരിപ്പിച്ച 131ാമത് ഭരണഘടന ഭേദഗതി ബിൽ, ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു.

ലോക്സഭയുടെ അംഗബലം ഇപ്പോഴത്തെ 543ൽനിന്ന് 850 ആക്കി ഉയർത്തുക, അതിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുക എന്നിവയായിരുന്നു ഭരണഘടനാ ഭേദഗതിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ, ഇതിലൊരു ചതിക്കുഴി ഉണ്ടായിരുന്നു. 2021ൽ നടക്കേണ്ടിയിരുന്ന കാനേഷുമാരി അന്യായമായി നീട്ടിക്കൊണ്ടുപോയ യൂനിയൻ സർക്കാർ 2011ലെ ജനസംഖ്യ കണക്ക് അടിസ്ഥാനപ്പെടുത്തി മണ്ഡല പുനർനിർണയം നടത്തുമ്പോൾ, ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ ഗണ്യമായി വർധിക്കുകയും പ്രതിപക്ഷ സ്വാധീനമുള്ള തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വല്ലാതെ കുറയുകയും ചെയ്യും.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ മൊത്തമുള്ള 207 ലോക്സഭാ സീറ്റ് 366 ആയി വർധിക്കും; കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവക്ക് ഇപ്പോഴുള്ള 132 സീറ്റ് 176ലേക്ക് മാത്രമേ എത്തൂ. തെക്കൻ സംസ്ഥാനങ്ങൾക്ക് ഇപ്പോഴുള്ള 24.3 ശതമാനം ലോക്സഭാ പ്രാതിനിധ്യം 20.7 ശതമാനത്തിലേക്ക് ഇടിയും. സർക്കാർ നയങ്ങൾ കാരണം ഇതിനകംതന്നെ വല്ലാതെ കുറഞ്ഞിട്ടുള്ള ഫെഡറൽ സന്തുലനം പാടേ തകരും. തെക്കൻ സംസ്ഥാനങ്ങൾ അന്യവത്കരിക്കപ്പെടും. ഇത് രാജ്യത്തിനുണ്ടാക്കുന്ന പരിക്ക് ചെറുതാവില്ല. പാർട്ടിയുടെ രാഷ്ട്രീയനേട്ടത്തിന് രാജ്യത്തെ കരുവാക്കാൻ ബി.ജെ.പി നടത്തിയ ശ്രമം പൊളിഞ്ഞപ്പോൾ രാജ്യമാണ് ജയിച്ചത്.

എൻ.ഡി.എ സർക്കാറിന്‍റെ ലക്ഷ്യം നടക്കാതെപോയതോടെ, വനിതാസംവരണത്തെ പരാജയപ്പെടുത്തിയ കുറ്റം പ്രതിപക്ഷത്തിനു മേൽ ചാർത്തുകയാണ് പ്രധാനമന്ത്രിയും മറ്റും. വാസ്തവം നേർവിപരീതമാണ്. വനിതാ സംവരണത്തെയല്ല, 2011ലെ കാനേഷുമാരി പ്രകാരമുള്ള മണ്ഡല പുനർനിർണയത്തെയാണ് തങ്ങൾ എതിർക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതാണ്. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയത്തോട് കൂട്ടിക്കെട്ടിയ സർക്കാർ തന്ത്രമാണ് പ്രശ്നം. 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ മണ്ഡല പുനർനിർണയത്തിനുള്ള മറയാണ് വനിതാ സംവരണം.

അസ്വീകാര്യമായ പുനർനിർണയവും സീറ്റ് വർധനാതോതുമായി കണ്ണിചേർത്തിരുന്നില്ലെങ്കിൽ സംവരണത്തോട് പ്രതിപക്ഷത്തിന് എതിർപ്പുണ്ടാകുമായിരുന്നില്ല. ബിൽ പരാജയപ്പെടുമെന്ന് തോന്നിയപ്പോൾ സ്പീക്കർ നടത്തിയ സമവായശ്രമത്തിൽപോലും അതേ നിലപാട് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. പുനർനിർണയത്തെ വനിതാ സംവരണത്തിൽനിന്ന് പൂർണമായും വേർപെടുത്തിയാൽ സംവരണത്തെ പിന്തുണക്കാം എന്നായിരുന്നു ആ നിലപാട്. എന്നാൽ, സർക്കാർ അത് തള്ളിക്കളയുകയായിരുന്നു. അതായത്, പ്രതിപക്ഷം പരാജയപ്പെടുത്തിയത് വനിതാ സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയും അശാസ്ത്രീയമായ സീറ്റ് വർധനയെയുമാണ്. വനിതാ സംവരണത്തെ പരാജയപ്പെടുത്തിയത് പ്രതിപക്ഷത്തിന് അസ്വീകാര്യമായ നിയമങ്ങളുമായി അതിനെ കോർത്തുവെച്ച സർക്കാറാണ്.

ബില്ലിന്‍റെ പരാജയം ഒരു ദുരവസ്ഥയിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്തുക മാത്രമല്ല ചെയ്തത്. മോദി സർക്കാറിന് നേരിടേണ്ടിവന്ന ഈ ആദ്യ പരാജയം, നിലപാടിലധിഷ്ഠിതമായ പ്രതിപക്ഷ രാഷ്ട്രീയ ഐക്യത്തിന്‍റെ ഉജ്ജ്വല വിജയവുമായി. ജനാധിപത്യ സംവിധാനങ്ങളെ ഉപകരണമാക്കിയാണല്ലോ സർക്കാർ സമഗ്രാധിപത്യ അജണ്ടക്ക് വഴിയടയാളങ്ങളിട്ടു നോക്കിയത്. ജർമൻ നാസിസവും ഇറ്റാലിയൻ ഫാഷിസവും ദക്ഷിണാഫ്രിക്കൻ അപ്പാർതൈറ്റും സയണിസ്റ്റ് വംശീയതയുമെല്ലാം ജനാധിപത്യത്തിലൂടെത്തന്നെയാണ് പുലർന്നതെന്ന് ഓർക്കുന്നത് നല്ലതാണ്.

വനിതാക്ഷേമമെന്ന വർണപ്പൊതിയിലിട്ട് മോദിസർക്കാർ വിൽപനക്ക് വെച്ചതെന്ത് എന്നു തിരിച്ചറിയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞതാണ് ഒന്നാമത്തെ വിജയം. രാജ്യനന്മക്കുവേണ്ടി ഒരുമിക്കാൻ വ്യത്യസ്ത രാഷ്ട്രീയധാരകളിലുള്ളവർക്ക് കഴിഞ്ഞത് രണ്ടാമത്തെ നേട്ടം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി മുതലായവ അന്യായബില്ലിനെതിരെ ഒന്നിച്ചു. ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ തിരക്കിനിടയിലും തൃണമൂൽ കോൺഗ്രസിന്‍റെ 20 അംഗങ്ങളും ലോക്സഭയിലെത്തിയത് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. മോദി സർക്കാറിന്‍റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്ക് തടയിടാൻ ശേഷിയുള്ള പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വിജയംകൂടിയാണ് രാജ്യം ഇപ്പോൾ കണ്ടത്. ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയുക, അവക്കെതിരെ വിജയസാധ്യതയുള്ള മുറകൾ ആസൂത്രണം ചെയ്യുക, അത് ഒറ്റമനസ്സോടെ നടപ്പാക്കുക -ഇതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഫോർമുല എന്നുകൂടി ഈ ലോക്സഭാ വിജയം കാണിച്ചുതരുന്നു.

Tags:    
News Summary - Women's Reservation Bill defeated in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.