ഇനി ഇൻശാ അല്ലാഹ് പറയുമ്പോഴും സൂക്ഷിക്കണം?

തീവ്രവാദം തടയാനാണോ അതോ മുസ്‍ലിം സമുദായാംഗങ്ങളെക്കുറിച്ച് സഹപൗരരിൽ സംശയം വളർത്തി ഒറ്റപ്പെടുത്താനാണോ ഇത്തരമൊരു നിർദേശം വഴി ഗുജറാത്ത് പൊലീസ് ഉദ്ദേശിക്കുന്നത്‍?

ഒട്ടേറെ മാധ്യമ പുരസ്കാരങ്ങൾ നേടിയ, നിർഭയമായ ചലച്ചിത്ര നിരൂപണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശ്രദ്ധേയയായ മാധ്യമ പ്രവർത്തക അന്ന എം.എം. വെട്ടിക്കാട് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഇൻശാ അല്ലാഹ് (ദൈവം ഇച്ഛിച്ചാൽ) എന്ന് കുറിച്ചതിനും വംശഹത്യക്കിരയാക്കപ്പെടുന്ന കുഞ്ഞുങ്ങളോട് ഐക്യപ്പെട്ട് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കഫിയ്യ ധരിച്ച് പങ്കെടുത്തതിനും സംഘ്പരിവാർ ആൺകൂട്ടത്തിന്റെ സൈബർ അധിക്ഷേപങ്ങൾ നേരിട്ടത് ഏതാനും മാസങ്ങൾ മുമ്പാണ്. ആരെന്ത് പറഞ്ഞാലും ‘‘മനോഹരമായ പദങ്ങൾ ഉപയോഗിക്കുന്നത് താൻ തുടരുമെന്നും പുലഭ്യം പറയുന്നവരുടെ ആത്മവിശ്വാസമില്ലായ്മ ഇൻശാ അല്ലാഹ് മാറട്ടെ’’ എന്നും തനത് ശൈലിയിൽ മറുപടി പറഞ്ഞു അന്ന. എന്നാൽ, ഗുജറാത്ത് പൊലീസിന്റേതെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന പുതിയൊരു സർക്കുലർ പ്രകാരം സംസാരത്തിൽ അറബി വാക്കുകൾ ഉപയോഗിക്കുന്നതും ആഗോളതലത്തിൽ മുസ്‍ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ പ്രതിഷേധവും അമർഷവുമൊക്കെ രേഖപ്പെടുത്തുന്നതുമൊക്കെ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

ഗുജറാത്തിൽ പുതുതായി നിലവിൽ വന്ന ആന്റി റാഡിക്കലൈസേഷൻ സെല്ലിനെ സംബന്ധിച്ച് ഗുജറാത്ത് പൊലീസ് ഇന്റലിജൻസ് സൂപ്രണ്ട് പ്രഫുൽ വാനിയയുടെ പേരിലുള്ള നോട്ടീസും ഒരു ചെക്‍ലിസ്റ്റുമാണ് മൂന്ന് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രഹസ്യ സ്വഭാവമുള്ളത് എന്ന് രേഖപ്പെടുത്തിയ ഗുജറാത്ത് പൊലീസിന്റെ ഔദ്യോഗിക മുദ്രയും വിലാസവുമടങ്ങിയ ഈ രേഖയുടെ ആധികാരികത പൊലീസ് ആസ്ഥാനം ഇതുവരെ നിഷേധിച്ചിട്ടില്ല. പൗരാവകാശ പ്രവർത്തകരും മാധ്യമങ്ങളും ഉയർത്തിയ ചോദ്യങ്ങളോടും അധികൃതർ പ്രതികരിച്ചിട്ടില്ല.

തീവ്രവാദിവത്കരണത്തിന് വിധേയരായ ആളുകളെ കണ്ടെത്തി നിരീക്ഷിക്കാനും കൗൺസലിങ്ങിന് വിധേയമാക്കാനുമായി സർക്കുലറിൽ നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ കണ്ടാൽ ആരും നടുങ്ങിപ്പോകും: താടിവെക്കുക, നിഖാബ് ധരിക്കുക, അറബി വാക്കുകൾ അടിക്കടി ഉപയോഗിക്കുക, അറബി കോളജും മദ്റസകളും സന്ദർശിക്കുക, പള്ളികളിൽ ഇഅ്തികാഫ് (ഭജനമിരിക്കുക), ഇസ്‍ലാമിക ബാധ്യത ചൂണ്ടിക്കാട്ടി പെട്ടെന്ന് പഠനമോ ജോലിയോ ഉപേക്ഷിക്കുക-ഇത്യാദി പ്രവർത്തനങ്ങളെല്ലാം ഒരാളെ ‘തീവ്രവത്കരണ’ത്തിന് വിധേയമായതിന്റെ ലക്ഷണങ്ങളായാണ് ഗുജറാത്ത് പൊലീസ് എണ്ണിയിരിക്കുന്നത്. വി.പി.എൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും സിഗ്നൽ, എലമെന്റ് തുടങ്ങിയ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നതും നശീദുകൾ (മുസ്‍ലിം ഭക്തിഗാനങ്ങൾ) പങ്കുവെക്കുന്നതുമെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളായി പട്ടികയിൽ പെടുത്തിയിട്ടുണ്ട്. മദ്റസകളിൽ പഠിപ്പിക്കുന്ന മൗലവിമാരുടെ ഡയറക്ടറി തയാറാക്കാനും, ‘അവർ തീവ്രവാദ പ്രത്യയശാസ്ത്രമുള്ള സംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ടോ’ എന്നതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഇത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നു.

താടിവെക്കുന്നതും പള്ളിയിൽ ഇരിക്കുന്നതും ഇൻശാ അല്ലാഹ്, മാഷാ അല്ലാഹ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നതുമെല്ലാം മുസ്‍ലിം ജീവിതത്തിന്റെ ഭാഗമാണെന്നിരിക്കെ തീവ്രവാദം തടയാനാണോ അതോ മുസ്‍ലിം സമുദായാംഗങ്ങളെക്കുറിച്ച് സഹപൗരരിൽ സംശയം വളർത്തി ഒറ്റപ്പെടുത്താനാണോ ഇത്തരമൊരു നിർദേശം വഴി ഗുജറാത്ത് പൊലീസ് ഉദ്ദേശിക്കുന്നത്? ഇത് കടമെടുത്തിരിക്കുന്നത് ഫാഷിസത്തിന്റെ കൈപ്പുസ്തകങ്ങളിൽ നിന്നാണെന്ന് നിസ്സംശയം പറയാം. ഭീകരതയും തീവ്രവാദവും ഇസ്‍ലാമിന് വിരുദ്ധമാണെന്നും അതിൽ നിന്ന് അകലം പാലിക്കണമെന്നും രാജ്യത്തെ മുൻനിര ഇസ്‍ലാമിക പണ്ഡിതരും സംഘടനകളുമെല്ലാം ഏകസ്വരത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നിരിക്കെ ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ആളുകൾക്കുമേൽ വ്യാജ ആരോപണങ്ങൾ ചുമത്താനും കള്ളക്കേസുകൾ കെട്ടിച്ചമക്കാനുമുള്ള പ്രക്രിയ എളുപ്പമാക്കുകയാണ് ഈ സർക്കുലർ.

വിവിധ സമുദായങ്ങളിൽ തീവ്രവത്കരണം നടക്കുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും വിയോജിപ്പുള്ള ശബ്ദമുയർത്തുന്നവരെ ഉപദ്രവിക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള വഴികൾ തുറന്നുനൽകുന്നതാണ് ഗുജറാത്ത് പൊലീസിന്റെ നീക്കമെന്നും ഇന്ന് മുസ്‍ലിംകളെയാണ് ഉന്നമിടുന്നതെങ്കിൽ നാളെ ഒരുപക്ഷേ ദലിതരെയോ ആദിവാസികളെയോ ക്രൈസ്തവരെയോ ലക്ഷ്യം വെച്ചേക്കാമെന്നുമാണ് പൗരാവകാശ പ്രവർത്തക ശബ്നം ഹാഷ്മി ആരോപിച്ചത്. ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വെക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന ഏതൊരു നടപടിയും നിയമങ്ങളുടെ തുല്യമായ സംരക്ഷണം എന്ന ഭരണഘടന നൽകുന്ന ഉറപ്പിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സി.പി.എം നേതാവുമായ ഡോ. ജോൺ ബ്രിട്ടാസ് എം.പി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തയച്ചിട്ടുണ്ട്.

മസ്ജിദുകൾ അന്യായമായി പൊളിച്ചും സംഘടിത നമസ്കാരങ്ങൾക്കും ബലികർമത്തിനും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും നോമ്പുതുറയെപ്പോലും കുറ്റവത്കരിച്ചും ബി.ജെ.പി സർക്കാറുകൾ ഇതിനകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന് തടയിടുന്നുണ്ട്; കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്തം പോലും സമുദായത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു. ഗുജറാത്ത് പൊലീസ് പുറത്തിറക്കിയ സർക്കുലർ വൈകാതെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും ഫോട്ടോ കോപ്പിയെടുത്ത് പുനഃപ്രസിദ്ധീകരിക്കാനും സാധ്യതയേറെയാണ്.

മുസ്‍ലിംകളെയും ക്രൈസ്‍തവരെയും സാമൂഹികമായി ബഹിഷ്കരിക്കാനും മുസ്‍ലിംകൾക്കെതിരെ വംശഹത്യ നടത്താനും പരസ്യ ആഹ്വാനം ചെയ്യുന്ന സമ്മേളനങ്ങളും പ്രസംഗകരും എമ്പാടുമുണ്ട്. ആൾക്കൂട്ടക്കൊലകൾ നടത്തി അശിക്ഷിതരായി നടക്കുന്നവരും നിരവധി. എന്തിനേറെ പറയുന്നു, ഈ സഹസ്രാബ്ദത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ വർഗീയ തീവ്രവാദ പ്രവർത്തനങ്ങളും വംശീയതയും നടമാടിയ നാടാണ് ഗുജറാത്ത്. എന്നിട്ടും, കുഞ്ഞുങ്ങളെ കല്ലിലടിച്ചുകൊന്ന് ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത അതിക്രമകാരികളുടെ ലക്ഷണങ്ങളൊന്നും ഏമാന്മാർക്ക് കണ്ടെത്താനായില്ല. അതോ, സർക്കാർ ഒത്താശയിൽ പുറത്തിറങ്ങിയപ്പോൾ സംഘ്പരിവാർ പൂമാലയണിയിച്ചും തിലകം ചാർത്തിയും വരവേറ്റ അത്തരക്കാരാണോ ‘പുതിയ ഇന്ത്യ’ വിഭാവനം ചെയ്യുന്ന സംസ്കാരികളായ പൗരന്മാർ?

Tags:    
News Summary - Should we still be careful when we say "Insha Allah"?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.