സ്വന്തം രാജ്യത്ത് ജനാഭിപ്രായം വൻതോതിൽ തനിക്കെതിരെ ഉയരുന്നതോർത്തെങ്കിലും ട്രംപ് വിട്ടുവീഴ്ചക്ക് വഴങ്ങുമെന്ന പ്രതീക്ഷക്കുപോലും പ്രസക്തി ഇല്ലാതാവുകയാണ്.
പാകിസ്താൻ, തുർക്കിയ, ഖത്തർ എന്നീ രാജ്യങ്ങൾ ചേർന്ന് യു.എസ്-ഇറാൻ യുദ്ധവിരാമം തുടരാനും ഇനിയൊരു യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ വലിച്ചിഴക്കാതിരിക്കാനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ സാഹസികമായി തുടരവെ ഇറാനെതിരെ കടുത്ത ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാക്കുകൾക്കോ വാഗ്ദാനങ്ങൾക്കോ പുല്ലുവില കൽപിക്കാത്ത യു.എസ് പ്രസിഡന്റിനെ സമാധാന പുനഃസ്ഥാപനത്തിന് നിർബന്ധിക്കാൻ ലോകത്താരുമില്ലെങ്കിലും പശ്ചിമേഷ്യയിൽ മാത്രമല്ല ലോകത്തിന്റെതന്നെ മറ്റുഭാഗങ്ങളിലും സാമ്പത്തിക പ്രതിസന്ധിയും വൻ വിലക്കയറ്റവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഹുർമുസ് കടലിടുക്ക് ഉപരോധമെങ്കിലും അവസാനിപ്പിക്കണം എന്നതുകൊണ്ടാണ് വെടിനിർത്തലിനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നത്.
സ്വന്തം രാജ്യത്ത് ജനാഭിപ്രായം വൻതോതിൽ തനിക്കെതിരെ ഉയരുന്നതോർത്തെങ്കിലും ട്രംപ് വിട്ടുവീഴ്ചക്ക് വഴങ്ങുമെന്ന പ്രതീക്ഷക്കുപോലും പ്രസക്തി ഇല്ലാതാവുകയാണ്. അമേരിക്കയുടെ അമ്പത്തൊന്നാം സ്റ്റേറ്റ് എന്നുപറയാവുന്ന ഇസ്രായേലിന്റെ താൽപര്യങ്ങൾക്കാണ് പ്രസിഡന്റിന്റെ പ്രഥമ പരിഗണന എന്ന് സമ്മതിച്ചാലും അന്താരാഷ്ട്ര ചട്ടമ്പിയെന്നോ ലോക തെമ്മാടിരാഷ്ട്രമെന്നോ വിശേഷിപ്പിക്കാൻ മടിക്കേണ്ടതില്ലാത്ത ഇസ്രായേലിന്റെ യുദ്ധക്കൊതിയനായ പ്രധാനമന്ത്രിക്കുവേണ്ടി സമാധാനലോകത്തിന്റെ പൊതുവായ താൽപര്യങ്ങളെ നിശ്ശേഷം അവഗണിക്കുന്നത് എത്രമാത്രം ബുദ്ധിശൂന്യമാണെന്നെങ്കിലും ട്രംപ് ഒരു നിമിഷം ആലോചിക്കണം.
ഏറ്റവുമൊടുവിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ യു.എസിലെ ബഹുഭൂരിപക്ഷം പേരും കരുതുന്നത് ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ട് പരാജയപ്പെട്ടു എന്നാണ്. ഇസ്രായേലിലും നെതന്യാഹുവിനെതിരെ ജനാഭിപ്രായം വലുതായി രൂപപ്പെട്ടിരിക്കുന്നു എന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. മറുവശത്ത് ദിവസങ്ങൾക്കകം ഇറാനെ തകർത്ത് തരിപ്പണമാക്കുമെന്ന് വീമ്പിളക്കി ആരംഭിച്ച യുദ്ധം ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ആ രാജ്യം എല്ലാവിധ പരിമിതികളെയും പ്രയാസങ്ങളെയും അതിജീവിച്ച് ലോകത്തിന്റെ മുന്നിൽ വർധിതവീര്യത്തോടെ ഉയർന്നുനിൽക്കുന്നത് കാണേണ്ടിയും വരുന്നു.
ഏറ്റവുമൊടുവിൽ യു.എസ്-ഇസ്രായേൽ പട നിഷ്കരുണം കൊന്നുതള്ളിയ ഇറാന്റെ പരമോന്നത ആത്മീയ നേതാവും രാഷ്ട്രനായകനുമായ ആയത്തുല്ല അലി ഖാംനഈയുടെ മൃതദേഹ സംസ്കരണ കർമങ്ങളിൽ പങ്കെടുക്കാൻ ലോകത്തിലെ എഴുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ തെഹ്റാനിൽ എത്തിച്ചേർന്നത് മഹാസംഭവമാണ്. യു.എൻ ഉപരോധംമൂലം ഒറ്റപ്പെട്ടുപോയ ഒരു രാജ്യത്താണ് ഈ ഉയിർത്തെഴുന്നേൽപ് സാധ്യമായതെന്നോർക്കണം. കൂട്ടത്തിൽ അമേരിക്കയുടെ ഉറ്റ സുഹൃദ്വലയത്തിലെണ്ണപ്പെടുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഉണ്ടായിരുന്നത് ട്രംപിനെ ഞെട്ടിച്ചിരിക്കണം. ഇതുകൊണ്ടൊക്കെയുള്ള കലിപ്പ് തീർക്കാൻ കൂടിയാവണം ട്രംപിന്റെ ഒടുവിലത്തെ ഇറാൻ ദഹനം. പക്ഷേ, ഒന്നാമതായി ഇത് ബാധിക്കുന്നത് കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യു.എ.ഇ മുതലായ അമേരിക്കയുടെ ഉറ്റ സുഹൃദ് രാജ്യങ്ങളെയാണ്. ഈ രാജ്യങ്ങളുടെ പ്രധാന വരുമാനസ്രോതസ്സായ എണ്ണയുടെ കയറ്റുമതി തീർത്തും തടസ്സപ്പെട്ടിരിക്കുകയാണ്. അമേരിക്കയെ നേരിട്ട് പ്രത്യാക്രമിക്കാൻ തങ്ങൾക്ക് സാധ്യമല്ലാതിരിക്കെ, തങ്ങളുടെ അയൽക്കാരായ ഗൾഫ് നാടുകളിലെ യു.എസ് സൈനിക താവളങ്ങളെയാണ് ലക്ഷ്യമാക്കേണ്ടിവരുന്നതെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്നു.
റഷ്യയുടെയും ചൈനയുടെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും സഹായങ്ങളും ഇതിനകം നേടിയെടുത്ത ഇറാനിൽ ഏറ്റവും പുതുതായി അത്യാധുനിക റഷ്യൻ നിർമിത യുദ്ധസന്നാഹങ്ങൾ എത്തിച്ചേർന്നിരിക്കെ യുദ്ധം പൂർവാധികം വിനാശകരമായി തീരാനുള്ള സാധ്യതയാണ് കാണുന്നത്. ഈയവസരത്തിൽ മധ്യസ്ഥരാജ്യങ്ങൾ ദൗത്യം പൂർവാധികം ജാഗ്രതയോടെ തുടരേണ്ടതിന്റെ അത്യാവശ്യകത ഓർമിപ്പിക്കേണ്ടതായിട്ടില്ല.
ചർച്ചയുടെ വാതിൽ അടഞ്ഞിട്ടില്ലെന്ന് യു.എൻ-ഇറാൻ വൃത്തങ്ങൾ ഇപ്പോഴും നൽകുന്ന സൂചന മധ്യസ്ഥ ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകേണ്ടതാണ്. അതോടൊപ്പം ആക്രമണത്തിന് പിന്തുണ നൽകാതെ മാറിനിൽക്കുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് ട്രംപിനെ രോഷാകുലനാക്കുന്നുണ്ടെങ്കിലും മനുഷ്യരാശിയുടെ പൊതുവായ രക്ഷയും താൽപര്യവുമോർത്ത് ശാശ്വത വെടിനിർത്തലിനും പ്രശ്നപരിഹാരത്തിനുമായി അവർ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിഷ്പക്ഷതയും സമാധാന പുനഃസ്ഥാപനവും താൽപര്യവും പ്രകടിപ്പിക്കുന്ന ഇന്ത്യ, ചരക്കുകപ്പലുകളുടെ നേരെയുള്ള ആക്രമണങ്ങളുടെ ദുഷ്ഫലങ്ങൾ കൂടി കണക്കിലെടുത്ത് പൂർണവിരാമത്തിനുള്ള നയതന്ത്ര സമ്മർദങ്ങൾ പ്രയോഗിക്കേണ്ട സന്നിഗ്ധഘട്ടം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.