സ്വാതന്ത്ര്യസമര സേനാനികളുടെ പിന്മുറക്കാരെയും കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്കുവേണ്ടി പൊരുതി പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥന്റെ കുടുംബത്തെയും ഭരണകൂട വിമർശകനായ പത്രാധിപരെയുമടക്കം പൗരത്വത്തിൽ സംശയമുയർത്തി വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് കമീഷന്റെ അകമഴിഞ്ഞ പിന്തുണയോടെ വംഗമണ്ണിൽ ഭരണം പിടിച്ച സംഘ്പരിവാർ, അധികാരത്തെ അതിക്രമങ്ങളുടെ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലെ ആദ്യ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേൽക്കും മുമ്പുതന്നെ മുസ്‍ലിംകൾക്കെതിരായ നടപടികൾക്ക് തുടക്കമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിലുടനീളം മുഴക്കിയ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളാൽ മുസ്‍ലിം സാന്നിധ്യം തന്നെ നാടിന് അപായകരവും അനാവശ്യവുമാണെന്ന സന്ദേശമാണ് ഹിന്ദുത്വ ഇന്ത്യയുടെ നെടുനായകർ പരത്തിവിട്ടത്. ബുൾഡോസറിലേറി ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും ബീഫ് സ്റ്റാളുകളും തകർത്തുകൊണ്ടാണ് മാറ്റത്തിന്റെ വരവറിയിച്ചത്. പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപാരസ്ഥാപനങ്ങൾ തകർക്കലും വഴിയോരക്കച്ചവടക്കാരെ കൈയേറ്റം ചെയ്യലുമെല്ലാം വെറും രണ്ടുമാസം കൊണ്ട് ബംഗാളി ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.
ഭീതിയുടെയും ഭീഷണികളുടെയും നിഴലിലാണ് മേയ് അവസാന വാരം സംസ്ഥാനത്തെ മുസ്‍ലിംകൾ ബലിപെരുന്നാൾ ആചരിച്ചത്. നമസ്കാരത്തിനും ബലികർമത്തിനും ഉച്ചഭാഷിണി ഉപയോഗത്തിനുമെല്ലാം മുമ്പൊന്നുമില്ലാത്തവിധം കടുത്ത നിയന്ത്രണങ്ങളാണ് ഭരണകൂടം അടിച്ചേൽപിച്ചത്. പതിറ്റാണ്ടുകൾ നീണ്ട ഇടതുഭരണം റിക്ഷാവലിക്കാരും വെള്ളം കോരികളുമായ ദരിദ്ര മുസ്‍ലിംകളുടെ ക്ഷേമത്തിനും വികസനത്തിനും കാര്യമായൊന്നും ചെയ്തില്ലെങ്കിലും, ജീവനോടെ ഇരിക്കാനുള്ള അവകാശം ഉറപ്പാക്കിയിരുന്നു. ശേഷം വന്ന മമത ബാനർജി മുസ്‍ലിംകൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുകയും ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ചെയ്തതിനൊപ്പം വർഗീയ ശക്തികളെ നിലക്കുനിർത്താനുള്ള തികഞ്ഞ ആർജവവും പ്രകടിപ്പിച്ചു.
ആ കാലം കഴിഞ്ഞിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് ബി.ജെ.പി സർക്കാറിന്റെ ഓരോ നടപടിയും. വോട്ടർപട്ടികയിൽ നിന്ന് അന്യായമായി പേരുവെട്ടിമാറ്റിയ ശേഷം ആ മനുഷ്യർക്ക് റേഷനും പെൻഷനുമുൾപ്പെടെ സകല സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കാൻ ധിറുതിപ്പെടുന്നതിന് പിന്നിലെ ലക്ഷ്യവും സുവ്യക്തമാണ്. ഇത് കേവലം ന്യൂനപക്ഷ വേട്ട മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരത്തിനും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കും നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഗുരുദേവ് രവീന്ദ്രനാഥ ടാഗോറും കാസി നസ്റുൽ ഇസ്‍ലാമും വിഭാവനം ചെയ്ത, മാനവികതയെ മുറുകെപ്പിടിക്കുന്ന ബംഗാളിന്റെ സാംസ്കാരിക തനിമയെ ഇല്ലാതാക്കി, പകരം ഉത്തരേന്ത്യൻ രീതിയിലുള്ള തീവ്ര വർഗീയതയെ ഇറക്കുമതി ചെയ്യാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നത്.
മുസ്‍ലിം അന്യവത്കരണം കൊണ്ടുപിടിച്ചു നടത്തുന്നതിനിടെ ക്രൈസ്തവരെത്തേടി ഇറങ്ങിയിരിക്കുകയാണവരിപ്പോൾ. ഭരണമാറ്റം നടന്ന മേയ് മാസത്തിൽ തന്നെ ക്രൈസ്തവവിരുദ്ധ അക്രമങ്ങൾ തലപൊക്കിത്തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ബാങ്കുറയിലെ ഒരു വീട്ടിൽ പ്രാർഥനായോഗം നടത്തിയതിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ചതും, മുർഷിദാബാദിൽ ക്ഷേത്രനിർമാണത്തിന് സ്വത്ത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഒരു വിധവയുടെ വീട് ആക്രമിച്ചതും ഒറ്റപ്പെട്ട സംഭവങ്ങളായി നിസാരവത്കരിച്ചു മാധ്യമങ്ങൾ. എന്നാലിപ്പോൾ ചർച്ചുകൾക്കുനേരെ തിരിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച പ്രാർഥനക്കായി എത്തിയ സോനാർപൂരിലെ സുഭാഷ് ഗ്രാമിലെ വിശ്വാസികൾ കണ്ടത് തല്ലിത്തകർക്കപ്പെട്ട ചർച്ചും അശുദ്ധമാക്കപ്പെട്ട അൾത്താരയുമാണ്. മിസോ സിനഡിന് കീഴിലുള്ള ചർച്ചിലെ സംഗീതോപകരണങ്ങൾ പോലും നശിപ്പിച്ച അക്രമകാരികൾ, ക്രൈസ്തവ കൂട്ടായ്മകൾ തുടർന്നാൽ കൂടുതൽ അക്രമം ഉണ്ടാകുമെന്ന ഭീഷണിയും ചുവരിലെഴുതിയിട്ടാണ് പോയിരിക്കുന്നത്. പൂർബ ബർധമാൻ ജില്ലയിലെ ഫരീദ്പൂരിലെ ഗ്രേസ് ചർച്ചിൽ ആരാധന നടന്നുകൊണ്ടിരിക്കെയാണ് അക്രമികൾ കടന്നുകയറി പാസ്റ്ററെയും വിശ്വാസികളെയും മർദിച്ചത്.
കൂട്ട മതംമാറ്റം നടത്താൻ ശ്രമിക്കുന്നുവെന്ന വ്യാജപ്രചാരണം സംഘ്പരിവാർ വ്യാപിപ്പിച്ചതോടെ, ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപകരെപ്പോലും വിദ്യാർഥികളും രക്ഷിതാക്കളും അനാവശ്യമായി സംശയിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നതായി പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് കൈമാറിയതും സ്കൂൾ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കിയതുമെല്ലാം കുട്ടികളുടെ പോഷകാഹാര ലഭ്യതയെപ്പോലും ബലിനൽകി വർഗീയ താൽപര്യങ്ങൾ അടിച്ചേൽപിക്കാനുള്ള ശ്രമമാണെന്ന ആശങ്ക ശക്തമാക്കുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ മതപരിവർത്തന നിയമവും ഏകസിവിൽ കോഡുമെല്ലാം തിരക്കുപിടിച്ച് ചുട്ടെടുക്കുന്നതിനുപിന്നിൽ ക്രൈസ്തവ-മുസ്‍ലിം സമൂഹങ്ങളെ ഉന്നമിടുക എന്ന അജണ്ടയാണെന്ന് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് മുതൽ ഒഡിഷ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നനുഭവങ്ങൾ സാക്ഷ്യംപറയും.
ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന് പറയേണ്ടി വരും. ബംഗാളിന്റെ ബൗദ്ധികവും സാംസ്കാരികവുമായ വളർച്ചക്ക് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ പിന്തുണ സമാനതകളില്ലാത്തതാണ്. കൊൽക്കത്തയിലെ ഏറ്റവും മികച്ച കലാലയമേതെന്ന ചോദ്യത്തിന് അന്നും ഇന്നും സെന്റ് സേവ്യേഴ്സ് കോളജ് എന്ന ഒറ്റ ഉത്തരമേയുള്ളൂ. കുഷ്ഠരോഗം ബാധിച്ച് തെരുവിലുപേക്ഷിക്കപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് എടുത്തുയർത്തിയ, ചേരികളിലും ഗ്രാമങ്ങളിലും അറിവിന്റെയും ആതുരസേവനത്തിന്റെയും വെളിച്ചമെത്തിച്ച മദർ തെരേസ രാജ്യത്തിനർപ്പിച്ച സേവനങ്ങളുടെ നൂറിലൊരംശം ചെയ്യാൻ നൂറ്റാണ്ട് തികഞ്ഞ ആർ.എസ്.എസിന് സാധിച്ചിട്ടുണ്ടോ- ഇല്ല തന്നെ. മുറിവേറ്റവരിൽ ദൈവസാന്നിധ്യം കണ്ട് ചേർത്തുപിടിച്ച മദറിന്റെ പിന്മുറക്കാരെ മതംമാറ്റികളെന്നാക്ഷേപിച്ച് വേട്ടയാടുന്നവർ ചെയ്യുന്നത് മാപ്പർഹിക്കാത്ത അപരാധമാണ്.
മദറിന്റെ, അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു പുലരിക്കായ് പ്രയത്നിച്ച മഹത്തുക്കളുടെ ബംഗാൾ രണ്ടുമാസം കൊണ്ട് ഇത്രയേറെ മാറിയെങ്കിൽ സംഘ്പരിവാർ ഭരണത്തിൽ തുടരുന്ന വരുംദിവസങ്ങളിലെ ഗതിയെന്തായിരിക്കും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.