ഫിഫ ലോകകപ്പിന്റെ ഇരുപത്തിമൂന്നാം പതിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ, ലയണൽ മെസ്സിയുടെ അർജന്റീനയെ ഒറ്റ ഗോളിന് കീഴടക്കി റോഡ്രിയും കൂട്ടരും വിശ്വകിരീടം സ്പെയിനിലേക്ക് മുതൽക്കൂട്ടുമ്പോൾ ലോകം ആസ്വദിച്ചാനന്ദിച്ചത് കാൽപന്ത് കളിയുടെ സൗന്ദര്യമായിരുന്നു. ഓരോ ലോകകപ്പും പകർന്നുതരുന്നത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാരസ്പര്യത്തിന്റെയും കളിയഴകാണ്. കളിക്കളത്തിൽ സ്വന്തമായൊരിടം ഇല്ലാത്തവരും ആഗോളാരാവങ്ങളിൽ ഒപ്പം ചേരുന്നു. ന്യൂയോർക്കിലെ ഉച്ചവെയിലിൽ കപ്പുയർത്താൻ സ്പെയിനും അർജൻറീനയും മാറ്റുരച്ചപ്പോൾ രാവിനെ പകലാക്കി കൊച്ചുകേരളത്തിലെ നാട്ടിൻപുറങ്ങൾ പോലും ഉണർന്നിരുന്നത് കാൽപന്ത് കളിയുടെ മാസ്മരികത തൊട്ടറിയാനാണ്. അങ്ങനെയാണ് ലയണൽ മെസ്സിയും ലാമിൻ യമാലുമൊക്കെ മലയാളികളുടെ എത്രയും പ്രിയപ്പെട്ടവരായി തീരുന്നത്.
ഇതാദ്യമായി മൂന്നു രാജ്യങ്ങൾ ആതിഥ്യം വഹിക്കുകയും 48 ടീമുകൾ പങ്കെടുക്കുകയും ചെയ്ത ഫിഫ ലോകകപ്പിന്റെ കാവ്യനീതിയാണ് സ്പാനിഷ് വിജയം എന്നു പറയാം. ഒരു കളിയും തോൽക്കാതെ, ഒറ്റ ഗോൾ മാത്രം വഴങ്ങിയാണ് അവർ അടുത്ത നാലുവർഷം ഫുട്ബാൾ ലോകത്തിന്റെ രാജത്വം നേടിയെടുത്തത്. കുറിയ പാസുകളുമായി അതിവേഗം എതിർ തട്ടകങ്ങൾ ഭേദിച്ച് കയറിയ സ്പാനിഷ് പട ലയണൽ മെസ്സിയെയും സംഘത്തെയും കാഴ്ചക്കാരാക്കി നിർത്തി രണ്ടാം കിരീട വിജയം ഗംഭീരമാക്കി. 2010ൽ
ആദ്യമായി കപ്പ് മാറോടുചേർത്ത ശേഷം കഴിഞ്ഞ മൂന്നുതവണ കപ്പിന്റെ വഴിയേ ഇടറിവീണ സ്പെയിനിന് അതിഗംഭീരമായ തിരിച്ചുവരവു കൂടിയാണ് ഈ വിജയം. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളുള്ള സ്പാനിഷ് ലീഗിന് വേദിയാവുന്ന രാജ്യത്തിന്റെ കേളിക്കൊത്ത വിജയം. കൈവിടാത്ത ടിക്കിടാക്ക ശൈലിയിൽ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെയും മധ്യനിരയിൽ സ്പാനിഷ് നീക്കങ്ങളുടെ കുന്തമുനയായി വർത്തിച്ച നായകൻ റോഡ്രിയുടെയും കഠിനപ്രയത്നത്തിന്റെ അന്തിമ വിജയം കൂടിയാണിത്.
അമേരിക്കയും കാനഡയും മെക്സികോയും ആതിഥേയത്വം വഹിച്ച ചരിത്രത്തിലെ നീളമേറിയ ലോകകപ്പാണ് കടന്നുപോയത്. ഒരുപാട് കണ്ണീരും കിനാവും പെയ്തിറങ്ങിയ മൈതാനങ്ങളിൽ വമ്പന്മാരിൽ പലർക്കും തുടക്കത്തിലേ അടിതെറ്റി. മൂന്നു തവണ കപ്പ് ജയിച്ച ഇറ്റലിക്ക് യോഗ്യത പോലും നേടാനാവാതെ പോയ ഇത്തവണ, കരുത്തരായ ജർമനിയും ബ്രസീലും നെതർലൻഡ്സും പോർചുഗലുമൊക്കെ ലോകം മുഴുവനുമുള്ള ആരാധകരെ നിരാശരാക്കി തുടക്കത്തിലേ മടങ്ങി. അപ്പോഴും പലരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൊച്ചുരാജ്യങ്ങൾ പുൽത്തകിടികളെ ത്രസിപ്പിച്ച ഫുട്ബാൾ മാന്ത്രികതയുമായി ലോകത്തെ വിസ്മയിപ്പിച്ചു. കപ്പ് ജയിച്ച സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻരാജ്യമായ കാപ് വെർഡെ രണ്ടാം റൗണ്ടിൽ കടന്ന് അർജന്റീനയുടെ മുട്ടിടിപ്പിച്ചാണ് തോറ്റു മടങ്ങിയത്. ഭൂഖണ്ഡങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പിച്ച് ടീമുകളുടെ എണ്ണം കൂട്ടിയപ്പോൾ മത്സരാവേശത്തിന്റെ വീര്യം കുറയുമെന്ന വിമർശനങ്ങളെ കാപ് വെർഡെക്കൊപ്പം പുതുതായി കടന്നുവന്നവർ അസ്ഥാനത്താക്കി.
ഒരു പാട് കളിക്കാരുടെ ഉദയവും അസ്‌തമയവും കൂടി ഈ കളിയിടങ്ങളിൽ കണ്ടു. ലോകകപ്പ് കളിക്കാൻ ഇനിയുമൊരു കാലം ബാക്കിയില്ലാത്ത ലയണൽ മെസ്സിക്ക് രണ്ടാം കപ്പെന്ന മോഹം നഷ്‌ടമായി. മഞ്ഞ ജഴ്സിയിൽ ലോക കിരീടമെന്ന നെയ്മറുടെയും പോർചുഗലിന് തന്നിലൂടെ ലോക കിരീടമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്നങ്ങൾ ഈ മണ്ണിൽ വീണുടഞ്ഞു. മൂന്നാം ലോകകപ്പ് കളിക്കുമ്പോഴേക്കും ചരിത്രത്തിലെ ഗോളടിക്കാരിൽ ഒന്നാമനായ കിലിയൻ എംബാപ്പെ തുടർച്ചയായി രണ്ടാം തവണയും സുവർണ പാദുകം സ്വന്തമാക്കി. ഗോളടിച്ച് കൂട്ടിയില്ലെങ്കിലും കളം നിറഞ്ഞുകളിച്ച് കിരീട വിജയത്തിൽ മുഖ്യ പങ്കാളിയായ ലാമിൻ യമാലും ക്ലബ് ഫുട്ബാളിലെ പെരുമക്കൊത്ത് ഗോളടിമേളം തുടർന്ന നോർവേ താരം എർലിങ് ഹാലൻഡും ഇംഗ്ലണ്ടിന്റെ ജൂഡ് ബെലിങ്ഹാമുമൊക്കെ തങ്ങളുടെ മാന്ത്രികച്ചെപ്പുകളിൽ ഇനിയുമേറെ ബാക്കിയുണ്ടെന്നു ലോകത്തോട് വിളിച്ചുപറഞ്ഞു.
ഫിഫയുടെ ലാഭക്കൊതിയിൽ വാണിജ്യവത്കരിക്കപ്പെടുമ്പോഴും ചോരാതെ സൂക്ഷിച്ച ഫുട്ബാളിന്റെ ഏകമാനവികതയിൽ രാഷ്ട്രീയത്തിന്റെ നിറം ചേർത്ത കെട്ടകാഴ്ചയും ഈ ലോകകപ്പിന് പറയാനുണ്ട്. ഏഷ്യയിൽ നിന്ന് യോഗ്യത നേടിയ ശേഷം യുദ്ധമുഖത്തുനിന്ന് പന്തു തട്ടാനെത്തിയ ഇറാൻ ഈ ലോകകപ്പിന്റെ വേദനയാവുന്നത് ട്രംപ് ഭരണകൂടം അവരോട് കാണിച്ച നീതികേടിലാണ്. കളികൾക്കും പരിശീലനത്തിനുമിടയിൽ നിന്നു തിരിയാനിടം നൽകാതെ നിരന്തര യാത്രകളിലൂടെ ആതിഥേയ മര്യാദയില്ലാതെ ട്രംപിന്റെ അമേരിക്ക അവരെ ശ്വാസം മുട്ടിച്ചു. ഒറ്റക്കളിയും തോൽക്കാതെ ഒടുവിൽ ഗോൾ ശരാശരിയുടെ കണക്കിൽ മടങ്ങാനായിരുന്നു അവരുടെ വിധി. ഏറെ വിവാദമായ റഫറിയിങ്ങും വംശീയ ആക്ഷേപങ്ങളും ഉയർന്നുകേട്ട അർജന്റീന-ഈജിപ്ത് പോരാട്ടത്തിനിടയിൽ ലോകത്തെ ഒന്നിപ്പിക്കുന്ന കളിയാരവങ്ങളുടെ പെരുമ്പറ മുഴങ്ങിയില്ല. സ്വന്തം രാജ്യക്കാരനുവേണ്ടി ഫിഫയുടെ തീരുമാനങ്ങളെ തിരുത്തിക്കുന്ന ട്രംപ് രീതിയും കളിക്കളത്തിലെ നല്ല കാഴ്ചകളല്ല.
കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച ഇത്തവണത്തെ ലോകകപ്പിന്റെ വാണിജ്യ വിജയം നൽകുന്ന ആത്മവിശ്വാസത്തിൽ അടുത്ത തവണ ടീമുകളുടെ എണ്ണം 64 ആയി വർധിപ്പിക്കണമെന്ന ആലോചനയിലാണ് ഫിഫ. അങ്ങനെ വരുമ്പോൾ ലോകരാജ്യങ്ങളിലെ ഏതാണ്ട് മൂന്നിലൊന്നും ലോകകപ്പ് കളിക്കാനെത്തും. അപ്പോഴും കാൽപന്ത് കളിയെയും കളിക്കാരെയും നെഞ്ചേറ്റി നടക്കുന്ന ഇന്ത്യക്ക് ലോകകപ്പ് പ്രവേശം ഒരു വിദൂര സ്വപ്നം തന്നെയായി തുടരും. ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവാത്ത വിധം പിന്നാക്കം പായുന്ന ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചക്ക് ഭരണകൂടം എന്ത് ചെയ്യുന്നുവെന്ന ചോദ്യം മറ്റൊരു ലോകകപ്പിന്റെ അന്തിമ വേളയിലും ബാക്കിയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.