പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം കരുതാൻ
രാജ്യത്ത് സെൻസസ് പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ആദ്യഘട്ടമായ, വീട്ടുകാർ സ്വയം പൂരിപ്പിക്കുന്ന സർവേ പ്രക്രിയ ജൂൺ 30ന് അവസാനിച്ചു. എന്യൂമറേറ്റർമാർ വീടു സന്ദർശിച്ചുള്ള കണക്കെടുപ്പ് സെപ്റ്റംബർ 30 വരെ തുടരും. ശേഷം യഥാർഥ ജനസംഖ്യാ കണക്കെടുപ്പ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 2027 ഫെബ്രുവരിയിൽ പൂർത്തീകരിക്കും. 147 കോടിയിൽ പരം ജനങ്ങളുള്ള രാജ്യത്തിന്റെ കണക്കെടുപ്പായതിനാൽ 33 ലക്ഷം എന്യൂമറേറ്റർമാർ ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിയാണ് ഇന്ത്യയുടെ സെൻസസ്. ഇതിനു മുമ്പ് ദശവർഷ സെൻസസ് നടന്നത് 2011ലാണ്. പതിനാറാമത് സെൻസസിന്റെ സമയം 2021 ആയിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം നീണ്ടുപോയി. യൂനിയൻ ഭരണകൂടത്തിന്റെ താൽപര്യമനുസരിച്ച് സമയപ്പട്ടിക വീണ്ടും നീണ്ടുവെന്നും പറയാം.
ജാതിതിരിച്ച കണക്കെടുപ്പും കൂടിയുണ്ടാവും എന്നതാണ് 2027 സെൻസസിന്റെ പ്രത്യേകത. 1931നു ശേഷം നടക്കാത്ത ഒന്നാണിത്. 2011ൽ സാമൂഹിക സാമ്പത്തിക സർവേ, സെൻസസിനു പുറത്തായി നടന്നിരുന്നു. എന്നാൽ, അതിന്റെ കണക്കുകൾ അന്നത്തെ യു.പി.എ സർക്കാറോ ശേഷം വന്ന എൻ.ഡി.എ സർക്കാറോ പുറത്തുവിട്ടില്ല. അന്ന് ജാതിയുടെ കള്ളി ഒഴിച്ചിട്ടു പൂരിപ്പിക്കാൻ നൽകിയപ്പോൾ ഭൂരിഭാഗവും ജാതി എന്ന് അവർ മനസ്സിലാക്കിയ പേരുകൾ നൽകിയതുകാരണം മൊത്തം 45 ലക്ഷം ജാതികളുടെ പട്ടികയാണ് കിട്ടിയതത്രെ. 1931 സെൻസസിൽ കിട്ടിയ 4,147ന്റെ സ്ഥാനത്തായിരുന്നു ഇത്. നേരത്തെ ജാതി സെൻസസിനു വേണ്ടിയുള്ള മുറവിളികളോടെല്ലാം മുഖംതിരിച്ച പാർട്ടിയാണ് ബി.ജെ.പി. അത് വോട്ടുബാങ്കിനെ പ്രീണിപ്പിക്കലാണെന്നും ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന് ഇടവരുത്തുമെന്നും പറഞ്ഞ് നഖശിഖാന്തം എതിർത്തിരുന്ന അവർക്കും പയ്യെപ്പയ്യെ ഈ ആവശ്യം അംഗീകരിക്കേണ്ടിവന്നു. അതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലും പുറത്തുമായി രണ്ടു വർഷത്തോളം ഉന്നയിച്ചുകൊണ്ടിരുന്ന ഈയാവശ്യം സർക്കാർ തിരസ്കരിച്ചാലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പിന്നാക്ക വിഭാഗങ്ങൾ ഭൂരിപക്ഷം അതിനെ പിന്തുണക്കുമെന്നതു കാണാതിരിക്കാനാവില്ല. രണ്ടാമതായി, നിതീഷ് കുമാർ മുഖ്യമന്ത്രിയായിരിക്കെ ജനതാദൾ (യു) സർക്കാർ ബിഹാറിൽ നടത്തിയ ജാതിസർവേയും അനുകൂല പ്രചാരണവും ആ പാർട്ടി എൻ.ഡി.എയിൽ ചേർന്നതോടെ ബി.ജെ.പിക്കും സ്വീകരിക്കേണ്ടി വന്നു. അതിനിടയിൽ ബിഹാറിനു പുറമെ കർണാടകയിൽ 2015ൽ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദ്യ കാലയളവിലും, തെലങ്കാനയിൽ കോൺഗ്രസ് സർക്കാറിനുകീഴിൽ 2023ലും ജാതിസർവേകൾ നടന്നു.
നേരത്തെ ബി.ജെ.പിയും ഔദ്യോഗികമായി മോദി സർക്കാറും ജാതിക്കണക്ക് സെൻസസിൽ ഉൾപ്പെടുത്തുന്നതിനെതിരായിരുന്നു. 2021 ഫെബ്രുവരിയിലും 2023 ജൂലൈയിലും കേന്ദ്ര ആഭ്യന്തര സ്റ്റേറ്റ് മന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിനെ അറിയിച്ചത്, ജാതി വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്തില്ലെന്നായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതും ഒരു നയമെന്ന നിലയിൽ 1951നു ശേഷം ജാതിതിരിച്ചുള്ള കണക്കെടുപ്പ് ഉപേക്ഷിക്കപ്പെട്ടതാണെന്നായിരുന്നു. എന്നാൽ ബിഹാറിനു പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാതി മേധാവിത്വവും അതിനെതിരെ പിന്നാക്ക, പാർശ്വവത്കൃത വിഭാഗങ്ങളുടെ ഐക്യപ്പെടലും നടക്കുന്നുണ്ടായിരുന്നു. അതിനെ ചെറുത്തുതോൽപിക്കുക എന്നതാവും ബി.ജെ.പിയുടെ ജനിതകഭാവത്തിനു ചേരുക. അതത്ര എളുപ്പമല്ലാത്തതിനാലും പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലും ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചു എന്നുവേണം കരുതാൻ. മൊത്തമായി നോക്കിയാൽ കോൺഗ്രസ് നയിക്കുന്ന ഇൻഡ്യാ മുന്നണിയുടെ ജാതി സെൻസസ് വാദത്തിന്റെ മുനയൊടിക്കുകയാണ് ബി.ജെ.പി തന്ത്രം.
എന്തെല്ലാം മാനദണ്ഡങ്ങൾ വെച്ചാവും ജാതി തരംതിരിവ് നടത്തുക എന്ന നിർണായക ചോദ്യത്തിന് കൃത്യമായി യൂനിയൻ സർക്കാർ ഉത്തരം നൽകുന്നില്ല. അവസാനത്തെ കണക്കനുസരിച്ച് 1,170 പട്ടികജാതി വിഭാഗങ്ങളും 890 പട്ടികവർഗങ്ങളും 2,650 മറ്റു പിന്നാക്ക ജാതിക്കാരുമാണ് രാജ്യത്തുള്ളത്. ഇതിനുപുറമെ, സംസ്ഥാന സർക്കാറുകളുടെ പട്ടികകൾ വേറെയും. ഇതിലെ അവ്യക്തത നീക്കാൻ വിശാലമായ ചർച്ചക്ക് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സർക്കാറിന് സെൻസസ് ചോദ്യങ്ങളുടെ കരട് പ്രസിദ്ധീകരിക്കാനോ പൊതുമണ്ഡലത്തിൽ നിർദേശങ്ങൾ ക്ഷണിക്കാനോ ഉദ്ദേശ്യമുണ്ടോ എന്ന് പാർലമെന്റിൽ രാഹുൽ ഗാന്ധി തിരക്കുകയും ചെയ്തു. അതിന് മന്ത്രി നിത്യാനന്ദ റായ് പറഞ്ഞ മറുപടി, കരട് സെൻസസ് ചോദ്യാവലിയുടെ പ്രായോഗികത മുൻകൂട്ടി പരിശോധിക്കുകയും 150 വർഷമായി നടന്ന സെൻസസ് അനുഭവത്തിന്റെ പാഠങ്ങൾ പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്.
കോവിഡ് മഹാവ്യാധി കഴിഞ്ഞിട്ടും ഇത്ര വൈകിയതിനെക്കുറിച്ച ചോദ്യങ്ങളോടും ഇതുപോലെ തന്നെയാണ് കേന്ദ്രം പ്രതികരിച്ചത്. 2025 ജൂണിൽ ആകെ പറഞ്ഞത് ജനസംഖ്യാ സെൻസസും ജാതി കണക്കെടുപ്പും ഒന്നിച്ച് രണ്ടു ഘട്ടങ്ങളിലായി നടത്തി 2027 ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും എന്നു മാത്രമാണ്. മൊത്തത്തിൽ ചില അവ്യക്തതകളും സംശയങ്ങളും ബാക്കിവെച്ചു തന്നെയാണ് കേന്ദ്ര സർക്കാർ 2027 സെൻസസ് നടപടികളുമായി മുന്നോട്ടുപോകുന്നത്. അതിന്റെ ഫലങ്ങൾ വരുന്ന സമയം തെരഞ്ഞെടുപ്പിനു പറ്റിയ രീതിയിൽ പ്രഖ്യാപനങ്ങൾ നടത്താനും അതിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാനും പരിപാടിയുണ്ടോ എന്നും സംശയിക്കാവുന്ന രീതിയിലാണ് നീക്കം. കൃത്യമായ ഒരു റോഡ് മാപ് പൗരസഞ്ചയത്തിനു മുന്നിൽ വെച്ചെങ്കിലേ രാജ്യത്തിന്റെ ഭരണ ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാവേണ്ട ജാതിവിവരങ്ങളുൾപ്പെട്ട ജനസംഖ്യാ കണക്കെടുപ്പിന്റെ സ്വഭാവമെന്തെന്ന് അവർക്കു ബോധ്യപ്പെടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.