ഫിഫ ലോകകപ്പിന്റെ ഫൈനൽമത്സരത്തലേന്നുതന്നെ സംഘാടകർ വിധിയെഴുതി. ഈ ടൂർണമെൻറ് പ്രതീക്ഷകളെ കവച്ചു വെച്ചെന്നും ലോകത്തിന്റെ “ഔദ്യോഗിക സന്തോഷദാതാവാണ് ഫിഫ”യെന്നും ഫിഫ പ്രസിഡന്റ് ജ്യോണി ഇൻഫന്റിനോ ഊറ്റം കൊണ്ടു. ആതിഥേയരാജ്യങ്ങളിലൊന്നായ യു.എസിന്റെ പ്രസിഡന്റ് ട്രംപ്, അതിനെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കായിക പരിപാടി എന്ന് വിളിച്ചു. ഇൻഫന്റിനോ ട്രംപിന് “സന്തോഷദാതാവാ”യി എന്നതിൽ സംശയമില്ല. ഫിഫയുടെ പേരിൽ സമാധാന സമ്മാനം നൽകിയതും ചുവപ്പു കാർഡ് കണ്ട അമേരിക്കൻ കളിക്കാരന്റെ വിലക്ക് നീക്കിയതും ട്രംപിനെ സന്തോഷിപ്പിച്ചു. “ലോകത്തെ ഫുട്ബാൾ ഒന്നിപ്പിക്കുന്നു” എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച ടൂർണമെന്റിനൊപ്പം ലോകത്തെ ഞെരുക്കുന്ന യുദ്ധംകൂടി നടത്തുന്നത് “ചരിത്രസംഭവം” തന്നെയാണ്. “ടൂർണമെൻറ് വഴി അമേരിക്ക ശാന്തി പടർത്തി”യെന്നു പറഞ്ഞ് ട്രംപ് നേരെ പോയത് ഇറാനുമായി യുദ്ധം മൂർച്ചകൂട്ടുമെന്ന് പ്രഖ്യാപിക്കാനാണ്. ഇൻഫന്റിനോയും ട്രംപും പരസ്പരം അഭിനന്ദിക്കുമ്പോൾ, അമേരിക്കൻ പിന്തുണയോടെ തങ്ങൾ കൊന്ന ഫലസ്തീൻകാരുടെ സംസ്കാരച്ചടങ്ങിൽ ബോംബിട്ട് ഇസ്രായേൽ പിന്നെയും 14 ജീവനെടുത്തിരുന്നു.
മനസ്സുകളെയും രാഷ്ട്രങ്ങളെയും കളിമത്സരത്തിന്റെ രസച്ചരടിൽ കോർത്തുനിർത്താൻ ഫുട്ബാളിനുള്ള ശേഷി ചെറുതല്ല. പക്ഷേ, ആ ശേഷി ഫിഫ നേതൃത്വവും മുഖ്യആതിഥേയ രാജ്യവും ഗണ്യമായി കുറച്ചിട്ടുണ്ട്; അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കുകൊണ്ട് കളിയെ അവർ രാഷ്ട്രീയക്കരുവാക്കി. മനുഷ്യത്വഹീനമായ വിവേചനങ്ങൾക്കും അനീതികൾക്കുമെതിരെ നിലപാടെടുത്ത ചരിത്രമുണ്ട് ഫുട്ബാളിന്റെ പൈതൃകത്തിൽ. അതേസമയം, പണത്തിനും അധികാരത്തിനും വഴങ്ങിയ സംഭവങ്ങളും ഫിഫയുടെ ചരിത്രത്തിലുടനീളം കാണാം. ഇത്തവണ, ഒരുമിപ്പിക്കലിന്റെ മുദ്രാവാക്യമുയർത്തിയ സംഘാടകർ തന്നെ അതിനെതിരെ പ്രവർത്തിച്ചു. പ്രത്യേക “ഫിഫ ശാന്തിപുരസ്കാരം” ചാർത്തപ്പെട്ടയാൾ യുദ്ധത്തിന്റെ മുഖ്യകാർമികനാണ്. 2018ൽ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യ അടുത്ത ടൂർണമെന്റിൽനിന്ന് വിലക്കപ്പെട്ടത് യുക്രെയിനെ അവർ ആക്രമിച്ചതിന്റെ പേരിലായിരുന്നു. എന്നാൽ, ഇപ്പോൾ അതിനെക്കാൾ വലിയ കുരുതി നടത്തുന്ന ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞില്ല. യോഗ്യതാ മത്സരത്തിൽ പുറത്താവുകയായിരുന്നു അവർ. ഇസ്രായേലിനൊപ്പം ചേർന്ന് ഫലസ്തീനോടും ഇറാനോടും യുദ്ധം ചെയ്യുന്ന അമേരിക്കയാകട്ടെ മുഖ്യആതിഥേയരാണ്; ഫിഫയുടെ നയങ്ങളെ വരെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണ്. റഫറിമാരിൽ ഒരാളായി നിയുക്തനായ ഉമർ അബ്ദുൽ ഖാദർ ആർത്താനെ യു.എസ് അധികൃതർ വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. യോഗ്യതയും കീർത്തിയും ഫിഫയുടെ നിയമനവും യു.എസ് യാത്രാ വിസയുമെല്ലാം ഉണ്ടായിട്ടും അദ്ദേഹത്തിന് അമേരിക്ക ഫിഫയുടെ തലക്കുമീതെ വിലക്കേർപ്പെടുത്തി. ട്രംപിന് ഇഷ്ടമില്ലാത്ത സോമാലിയയിൽനിന്നുള്ള ആളാണദ്ദേഹം എന്നതാണ് കാരണം. തങ്ങൾ നിയോഗിച്ച റഫറിക്ക് ആതിഥേയരാജ്യം വിലക്കേർപ്പെടുത്തിയതിനെ ഫിഫ ന്യായീകരിക്കുകയാണ് ചെയ്തത്. ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നിലപാടുകളിൽ ഇടപെടില്ലത്രേ. അതിനർഥം, ട്രംപിന്റെ തന്നിഷ്ടപ്രകാരം വേണമെങ്കിൽ ടീമുകളെപ്പോലും വിലക്കാം എന്നാണ്. ഇറാൻ ടീമിനോട് യു.എസ് ചെയ്ത അനീതി ഫുട്ബാൾ പ്രേമികളെ ലജ്ജിപ്പിച്ചു: ആ ടീമിന് മെക്സികോയിൽ താമസം, അമേരിക്കയിൽ കളി; വിശ്രമത്തിനോ പരിശീലനത്തിനോ സാവകാശം നൽകാതെ അങ്ങോട്ടുമിങ്ങോട്ടും അവരെ തട്ടിക്കളിച്ചു. ഇറാന്റെ ടീമിലെ 15 ഒഫിഷ്യലുകൾക്ക് വിസ നിഷേധിച്ചു. ഇറാഖി സ്ട്രൈക്കർ അയ്മൻ ഹുസൈനെ വിമാനത്താവളത്തിൽ ഏഴുമണിക്കൂർ തടഞ്ഞുവച്ചു. ഇറാഖിന്റെ ഔദ്യോഗിക ഫോട്ടോഗ്രഫറെ മടക്കി അയച്ചു.
ഫുട്ബാൾ പ്രതിനിധാനം ചെയ്തുപോന്ന മാനവിക ഐക്യത്തെ സംഘാടകരാണ് ഇല്ലാതാക്കുന്നത്. യുദ്ധത്തിനും കളിമേളക്കും ഒരേസമയം അധ്യക്ഷനാവാൻ ട്രംപിന് കഴിയുന്നു. മൂന്ന് ഉത്തര അമേരിക്കൻ രാജ്യങ്ങളിലായി 48 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് അവസാനിക്കുമ്പോൾ വിജയത്തിനും റെക്കോഡുകൾക്കുമപ്പുറത്തായി വലിയൊരു യാഥാർഥ്യം അംഗീകരിക്കേണ്ടിവരുന്നു: ഇത് ഫുട്ബാളിന്റെ മാനവികതയും മാനവികതക്കെതിരെ ഉറഞ്ഞുതുള്ളുന്ന അക്രമോത്സുക രാഷ്ട്രീയവും തമ്മിലുള്ള മത്സരം കൂടിയായിരുന്നു. ആ മത്സരത്തിൽ ജയിച്ചത് സ്പെയിനോ അർജന്റീനയോ അല്ല, അമേരിക്കയുടെ ധാർഷ്ട്യമാണ്. സങ്കുചിതവും മനുഷ്യത്വവിരുദ്ധവുമായ കുടിയേറ്റച്ചട്ടങ്ങൾ, വിസ നിയന്ത്രണങ്ങൾ, കളിക്കാർക്കും ഒഫിഷ്യൽസിനുമെതിരായ ചട്ടമ്പി നയങ്ങൾ, ഹീനമായ വിവേചനങ്ങൾ, ഫിഫയുടെ വിധേയത്വം-ഇതെല്ലാം കളിയുടെ തിളക്കത്തിന് മങ്ങലുണ്ടാക്കി. പുതുതായി 16 ടീമുകളെ അധികം ചേർത്ത് ഏറ്റവും വലിയ മത്സരമായിത്തീർന്ന ഈ 23ാമത് ഫിഫ ടൂർണമെന്റിനെ കാണികളും കളിക്കാരും ഏറ്റവും വിപുലമായ ആഗോള കായിക സംഭവമാക്കി. സ്വന്തം താൽപര്യങ്ങൾക്കായി ഈ മനോഹര കളിയെ ഉപയോഗിച്ച ഇൻഫന്റിനോക്കും ട്രംപിനും മത്സരത്തെ നശിപ്പിക്കാൻ സാധിക്കാതിരുന്നത് അതിന്റെ ജനകീയതകൊണ്ടാണ്. നശിപ്പിക്കാനാവില്ലെങ്കിലും ദുഷിപ്പിക്കാമല്ലോ. അതവർ ചെയ്തു. പന്തുകളിയുടെ തനത് സൗന്ദര്യവും മാനവികതയും വീണ്ടെടുക്കാൻ ഇപ്പോഴത്തെ ഫിഫ നേതൃത്വത്തിനു കീഴിൽ കഴിയുമോ എന്ന് സംശയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.