വിനാശകാലേ വിപരീതബുദ്ധി

സ്വരച്ചേർച്ചയില്ലായ്മ എത്രയും വേഗം അവസാനിപ്പിച്ച് യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കാനും, യു.ഡി.എഫ് സർക്കാറിന്റെ വീഴ്ചകൾ ജനപിന്തുണയോടെ തിരുത്തിക്കാനും ഇടതുപാർട്ടികൾക്ക് സാധിച്ചില്ലെങ്കിൽ ജനാധിപത്യത്തിനാണ് പരിക്കേൽക്കുക

ഒടുവിലത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അഭൂതപൂർവമായ പരാജയം സമ്മാനിച്ചതോടെ അടിതെറ്റി ഭരണത്തിൽനിന്ന് നിഷ്‍കാസിതമായ ഇടത് ജനാധിപത്യമുന്നണി തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തി വീഴ്ചകളും പാളിച്ചകളും പരിഹരിച്ച് വീണ്ടെടുപ്പിനുള്ള നെട്ടോട്ടത്തിലാണെന്നാണ് സാമാന്യധാരണ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മാസം രണ്ടു കഴിഞ്ഞിട്ടും ഇടതുമുന്നണി സമ്മേളിച്ച് പരാജയകാരണങ്ങൾ യാഥാർഥ്യബോധത്തോടെ കണ്ടെത്താനോ തിരുത്തൽ നടപടികൾക്ക് തുടക്കംകുറിക്കാനോ സാധിച്ചിട്ടില്ലെന്നത് ഗൗരവതരമായ സ്ഥിതിവിശേഷമാണ്. ഇടതുമുന്നണി ഘടകകക്ഷികൾ ഒമ്പതുണ്ടെങ്കിലും ഇലക്ഷൻ ജയിച്ചുകയറിയവർ ഒരേയൊരു ആർ.ജെ.ഡിക്കാരനെ മാറ്റിനിർത്തിയാൽ സി.പി.എമ്മും സി.പി.ഐയും മാത്രമാണ്. അതുകൊണ്ടുതന്നെ മുന്നണി യോഗം വിളിച്ചുചേർക്കേണ്ടതും ഈ രണ്ടു പാർട്ടികൾ തന്നെ. പക്ഷേ, ഇതുവരെ സംഭവം നടന്നിട്ടില്ലെന്നു മാത്രമല്ല, എപ്പോൾ നടക്കുമെന്ന വ്യക്തമായ സൂചനയുമില്ല. മുന്നണിയുടെ ഘടകങ്ങളിൽ ഓരോന്നും സ്വന്തമായി പരാജയകാരണങ്ങൾ വിശകലനം ചെയ്ത ശേഷമാണ് പൊതുവായ വിലയിരുത്തലുണ്ടാവുക എന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അനിശ്ചിതത്വവും അന്തക്കേടും തുടരുന്നതാണ് ജനങ്ങളുടെ മുന്നിലുള്ള കാഴ്ച. കാരണം മറ്റൊന്നുമല്ല, മുഖ്യഘടകങ്ങളായ സി.പി.എമ്മും സി.പി.ഐയും തമ്മിലെ ശീതസമരംതന്നെ. പുതിയ നിയമസഭ സമ്മേളിക്കാൻ പോവുന്നതിന്റെ മുമ്പേതന്നെ പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. പരസ്പരം ചർച്ചചെയ്ത് പരിഹരിക്കാവുന്ന ആവശ്യമാണിതെന്ന സൂചനകൾ തുടക്കത്തിൽ കേട്ടെങ്കിലും ദിവസങ്ങൾ പിന്നിടുന്തോറും ഉപനേതാവ് പദവി കീഴ്വഴക്കമനുസരിച്ച് തങ്ങൾക്കവകാശപ്പെട്ടതാണെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വലിയ തമ്പുരാൻ. അതുകൊണ്ടുതന്നെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചതോടൊപ്പം മുൻ ധനമന്ത്രി ബാലഗോപാലനെ ഉപനേതാവായും വാഴിച്ചു. നിയമസഭയിലെ ഇരിപ്പിടവും തദനുസാരം ക്രമീകരിച്ചു. ഏറ്റവും ഒടുവിൽ പിണറായി വിജയന്റെ പരിഹാസപൂർവമായ പ്രതികരണം കൂടിവന്നതോടെ രോഷാകുലരായ സി.പി.ഐ അവകാശവാദത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസാണ് പ്രതിപക്ഷ നേതൃപദവി കൈയാളിയിരുന്നതെങ്കിലും ഉപനേതൃപദവി മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്‍ലിംലീഗിന് വകവെച്ചുകൊടുത്ത പാരമ്പര്യം സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അതല്ല ഇടതുമുന്നണിയിലെ കീഴ്വഴക്കം എന്നാണ് പിണറായി വിജയന്റെ ഉറച്ച നിലപാട്. മാധ്യസ്ഥം വഹിക്കാൻ ശക്തമായ ഒരു ദേശീയനേതൃത്വം രണ്ട് പാർട്ടികൾക്കുമില്ലാത്തതിനാൽ കടിപിടി അനിശ്ചിതമായി തുടരുന്നു. അതിന്റെ ഫലമാവട്ടെ, തങ്ങൾ ചൂണ്ടിക്കാട്ടിയ മൂന്ന് അബദ്ധങ്ങൾ യഥാസമയം തിരുത്താൻ പിണറായി വിജയൻ തയാറായിരുന്നെങ്കിൽ ​ഭീമമായ പരാജയം ഏറ്റു​വാ​ങ്ങേണ്ടിവരുമായിരുന്നില്ലെന്ന് തുറന്നടിക്കുന്നു സി.പി.ഐ.

കേരള ചരിത്രത്തിലാദ്യമായി ഭരണത്തിന്റെ പത്തുവർഷങ്ങൾ പൂർത്തീകരിച്ച ഇടതുമുന്നണി സർക്കാറിനെ നയിച്ച പിണറായി വിജയന്റെ ധാർഷ്ട്യത്തിന്റെ മുന്നിൽ പത്തിമടക്കാനേ സി.പി.ഐക്ക് കഴിഞ്ഞിരുന്നുള്ളൂ എന്ന് കേരളം കണ്ടതാണ്; ഒ​രു തിരുത്തൽ ശക്തിയായി ഉയരാൻ പാർട്ടിക്ക് സാധിക്കുന്നതുമില്ല. താരതമ്യേന കരുത്തരായ നേതാക്കൾ സി.പി.ഐക്കുണ്ടായിരുന്നപ്പോൾ ചില തീരുമാനങ്ങളിലോ നടപടികളിലോ ഭിന്നാഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് അൽപസ്വൽപം വിട്ടുവീഴ്ചകൾക്ക് നിർബന്ധിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ സി.പി.ഐയുടെ സംസ്ഥാന നേതൃത്വം ദുർബലമാണെന്നത് ശത്രുക്കളുടെ ആരോപണമല്ല പാളയത്തിലെത്തന്നെ പരസ്യമായ അഭിപ്രായപ്രകടനമാണ്. ഏതുനിലക്കും ഇടതുമുന്നണിയിലെ മുഖ്യഘടകങ്ങൾ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മ എത്രയും വേഗം അവസാനിപ്പിച്ച് യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കാനും, വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന യു.ഡി.എഫിന്റെ വീഴ്ചകളും പാളിച്ചകളും ജനപിന്തുണയോടെ തിരുത്തിക്കാനും ഇടതുപാർട്ടികൾക്ക് സാധിച്ചില്ലെങ്കിൽ ജനാധിപത്യത്തിനാണ് പരിക്കേൽക്കുക. ജനാധിപത്യം നേരിടുന്ന അപചയത്തിൽനിന്ന് മുതലെടുക്കുക സ്വാഭാവികമായും തീവ്രവലതുപക്ഷമാണെന്നതും അനിഷേധ്യ യാഥാർഥ്യമാണ്.


Tags:    
News Summary - As the end approaches, the intellect works in the opposite direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.