എനിക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടെങ്കിൽ, അത് ഇന്ത്യൻ പൗരൻ എന്ന നിലക്കുള്ള അംഗീകാരമാണോ? ഒരു വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്, പാസ്‌പോർട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നാണ്; ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളതുകൊണ്ട് മാത്രം നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണെന്ന് അർഥമില്ല എന്ന്. അതിനാൽ, ഞാൻ 1967-ലെ പാസ്‌പോർട്ട് നിയമം എടുത്തു നോക്കി. അതിന്റെ ആമുഖത്തിൽ പറയുന്നത്, ഇത് “പാസ്‌പോർട്ടുകളും യാത്രാ രേഖകളും നൽകുന്നതിനും, ഇന്ത്യൻ പൗരജനങ്ങളുടെയും മറ്റ് വ്യക്തികളുടെയും ഇന്ത്യയിൽ നിന്നുള്ള പുറപ്പെടൽ നിയന്ത്രിക്കുന്നതിനും” വേണ്ടിയുള്ള നിയമമാണ് എന്നാണ്. നിയമത്തിൽ പാസ്‌പോർട്ട് എന്താണെന്നും യാത്രാ രേഖ എന്താണെന്നും പ്രത്യേകം നിർവചിച്ചിട്ടുമുണ്ട്.
പാർലമെന്റ് ഒരിക്കലും അനാവശ്യമോ അർഥശൂന്യമോ ആയ വാക്കുകൾ ഉപയോഗിച്ച് നിയമങ്ങൾ ഉണ്ടാക്കാറില്ല എന്നത് സുസ്ഥിരമായൊരു തത്വമാണെന്നാണ് ഞാൻ കരുതുന്നത്. പാസ്‌പോർട്ട് നിയമത്തിൽ പാസ്‌പോർട്ടിനെക്കുറിച്ചും യാത്രാ രേഖയെക്കുറിച്ചും പ്രത്യേകം പരാമർശിക്കുമ്പോൾ, ഇവ രണ്ടും രണ്ട് വ്യത്യസ്ത രേഖകളാണെന്നാണ് അതിനർഥം. ആകയാൽ, ഒരു ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തി ഇന്ത്യയിലെ പൗരനാണ്.
ഇനി, രാജ്യത്തിന് പുറത്തുള്ള ഒരാളുടെ വീക്ഷണകോണിൽ നിന്ന് ഇതിനെ നോക്കൂ. നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യാൻ വിസക്കായി ഒരു എംബസിയിൽ പോകുന്നു, അവിടുത്തെ ഉദ്യോഗസ്ഥർ പറയുന്നു: ‘‘നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണെന്ന അടിസ്ഥാനത്തിലാണ് ഞാൻ വിസ നൽകുന്നത്. എന്നാൽ, നിങ്ങളുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത് നിങ്ങൾ എനിക്ക് മുന്നിൽ സമർപ്പിച്ച രേഖ ആ അർഥത്തിലുള്ള ഒരു പാസ്‌പോർട്ട് അല്ലെന്നും, നിങ്ങളുടെ ഇന്ത്യൻ പൗരത്വം അത് സാക്ഷ്യപ്പെടുത്തുന്നില്ലെന്നുമാണ്. അതിനാൽ നിങ്ങൾക്ക് വിസ നൽകാൻ സാധിക്കില്ല!’’
അങ്ങനെയൊരു സാഹചര്യമുണ്ടായാൽ എന്താണ് സംഭവിക്കുക? വിദേശത്ത് പോയ എല്ലാ ഇന്ത്യക്കാരും, അവർക്ക് ഒരു പാസ്‌പോർട്ട് ഉള്ളതുകൊണ്ട് മാത്രം ഇന്ത്യൻ പൗരത്വമില്ലാത്ത വ്യക്തികളാണെന്നാണോ ഇതിനർഥം? പാസ്‌പോർട്ട് എന്നത് ഫലത്തിൽ വെറുമൊരു ടിക്കറ്റായി ചുരുക്കപ്പെടുകയാണ്. ഒരു വിമാന ടിക്കറ്റ് പോലുമല്ല, ഒരുപക്ഷേ ഒരു ബസ് ടിക്കറ്റ്-ഒരു ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യാൻ നിങ്ങളെ അർഹനാക്കുന്ന ഒരു രേഖ മാത്രമായി അത് മാറുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ ആ ഉദ്യോഗസ്ഥനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, നിയമത്തിനും ഇന്ത്യയുടെ ഭരണഘടനക്കും തികച്ചും വിരുദ്ധമായ കാര്യമാണ് താങ്കൾ പറയുന്നത്. ഇന്ത്യൻ ഭരണഘടന ചില മൗലികാവകാശങ്ങൾ പൗരർക്ക് മാത്രമാണ് നൽകുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാനും താമസിക്കാനുമുള്ള അവകാശം, ഏത് ബിസിനസും തൊഴിലും ഉദ്യോഗവും പ്രവർത്തനവും നടത്താനുള്ള അവകാശം എന്നിവയാണ്. ഇവ പൗരർക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21, പൗരർക്കും അല്ലാത്തവർക്കും അനുവദിച്ചിട്ടുള്ളതാണ്. സമത്വത്തിനുള്ള അവകാശം വ്യക്തമാക്കുന്ന ആർട്ടിക്കിൾ 14-ഉം എല്ലാവർക്കും ബാധകമാണ്-നിങ്ങൾ ഇന്ത്യയിലെ പൗരനാണോ അല്ലയോ എന്നത് അതിൽ പ്രശ്നമല്ല. എന്നാൽ ആർട്ടിക്കിൾ 19 ഇന്ത്യൻ പൗരർക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഇലക്ഷൻ കമീഷൻ നിർദേശിച്ച രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിന്റെ പേരിൽ, ആർട്ടിക്കിൾ 326 പ്രകാരമുള്ള സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിർവഹിക്കാൻ സാധിക്കാതിരിക്കുകയും ഇന്ത്യൻ പൗരത്വം സംശയാസ്പദമാവുകയും ചെയ്താൽ എന്തു സംഭവിക്കും? പൗരത്വമില്ലാത്ത വ്യക്തിക്ക് ആർട്ടിക്കിൾ 19 പ്രകാരമുള്ള മൗലികാവകാശങ്ങൾക്ക് അർഹതയുണ്ടാവില്ല. നിങ്ങൾക്ക് അത് സങ്കൽപ്പിക്കാൻ കഴിയുമോ? നിങ്ങൾ കോടതിയിൽ ചെന്ന് പറയുന്നു, ഞാൻ ഒരു ഇന്ത്യൻ പൗരനാണ്, എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം തട്ടിയെടുക്കപ്പെട്ടിരിക്കുന്നു എന്ന്. അപ്പോൾ ജഡ്ജി ചോദിക്കും: ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് നിങ്ങളുടെ കൈയിൽ എന്തുണ്ട്? നിങ്ങൾ എന്തു മറുപടി പറയും? പൗരത്വം തെളിയിക്കാൻ നിങ്ങളുടെ പക്കൽ ഒരൊറ്റ രേഖയുമില്ല; പക്ഷേ, പാസ്‌പോർട്ട് ഉണ്ട്. അപ്പോൾ ജഡ്ജി പറയുന്നു, ക്ഷമിക്കണം, പാസ്‌പോർട്ട് ഒരു യാത്രാ രേഖയാണ്, അത് പൗരത്വ രേഖയല്ല.
ഫലത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കപ്പെടാത്ത, അതിനാൽ പൗരന്മാരല്ലെന്ന് കരുതപ്പെടുന്ന, ഒരുപക്ഷേ രാജ്യരഹിതരായ ഈ വ്യക്തികൾക്കെല്ലാം ആർട്ടിക്കിൾ 19 പ്രകാരം ഉറപ്പുനൽകിയിട്ടുള്ള മൗലികമായ ഭരണഘടനാ അവകാശം പൂർണമായും നിഷേധിക്കപ്പെടുകയാണ്. അങ്ങനെ 27 ലക്ഷം അല്ലെങ്കിൽ 6.5 കോടി ആളുകൾ-അവരുടെ എണ്ണം എത്രയുമാകട്ടെ- അഭിപ്രായ സ്വാതന്ത്ര്യമോ, സഞ്ചാര സ്വാതന്ത്ര്യമോ, ഏതെങ്കിലും ബിസിനസോ തൊഴിലോ ചെയ്യാനുള്ള മൗലികാവകാശമോ ഇല്ലാതെ അലയേണ്ടി വരുന്നു, കാരണം അവർ പൗരരല്ല. പൗരത്വത്തെക്കുറിച്ചും പാസ്‌പോർട്ടുകളെക്കുറിച്ചും മറ്റുമുള്ള തർക്കം പരിശോധിക്കുമ്പോൾ നാം കാണുന്നത് അങ്ങേയറ്റം ഗൗരവമുള്ള, ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള ഒരു കാര്യത്തെയാണ്. അത് വിപുലമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
(‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്- ഫെഡറലിസവും പൗരത്വവും’ എന്ന വിഷയത്തിൽ കോൺസ്റ്റിറ്റ്യൂഷനൽ കണ്ടക്ട് ഗ്രൂപ്പും ഗ്രൂപ്പ് ഓൺ ഫെഡറലിസം ആൻഡ് ഇലക്ഷനും ഡൽഹിയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.