കാലാവസ്ഥ: കൃത്യതയില്ലാത്ത പ്രവചനങ്ങൾ


മഴ തിമിർത്തുപെയ്യേണ്ട ജൂൺ മാസം കഴിഞ്ഞു. പതിവിലും വളരെ കുറഞ്ഞ മഴയാണ് കേരളത്തിൽ പെയ്തത്. മഴയുടെ ഏറ്റക്കുറച്ചിലുകൾ കൃഷി അടക്കമുള്ള കാര്യങ്ങളെ ബാധിക്കുമെന്ന് പറയേണ്ടതില്ല. അതേസമയം ശരിയായ മുന്നറിയിപ്പുകൾ പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറക്കാൻ സഹായിക്കും. അതിന് നല്ല ഉദാഹരണമാണ് കഴിഞ്ഞ മാസം ഗുജറാത്തിൽ വീശിയടിച്ച ബിപാർജോയ് ചുഴലിക്കാറ്റ്. മുൻകൂട്ടി വിവരം കിട്ടിയതിനാൽ ആ അതിതീവ്രചുഴലിക്കെതിരെ മുൻകരുതലെടുക്കാൻ അധികൃതർക്ക് സാധിച്ചു. തീരപ്രദേശങ്ങളിലെ ഒരു ലക്ഷത്തോളംപേരെ മാറ്റിപ്പാർപ്പിച്ചു.

തീവണ്ടി സർവിസുകൾ റദ്ദാക്കിയും മീൻപിടിത്തക്കാരെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കിയും അപകടങ്ങൾ ഒഴിവാക്കാനായി. ആശ്വാസ കേന്ദ്രങ്ങളും സംവിധാനങ്ങളും കാലേക്കൂട്ടി ഒരുക്കി വെക്കാൻ കഴിഞ്ഞു. സാധാരണ നിലക്ക് പരമാവധി അഞ്ചു ദിവസം മുമ്പുമാത്രം സാധ്യമാകുന്ന പ്രവചനം ഒരു ദിവസം കൂടി നേരത്തേ നടത്താനായത് രക്ഷാപ്രവർത്തനങ്ങളിൽ നിർണായകമായി. 1998 ൽ ഗുജറാത്തിൽ അടിച്ച ചുഴലിക്കാറ്റ് മൂവായിരത്തോളം മരണത്തിൽ കലാശിച്ചതുമായി തട്ടിക്കുമ്പോൾ ഈ നേട്ടം ചെറുതല്ല. എന്നാൽ കൃത്യവും കാലേക്കൂട്ടിയുമുള്ള ഇത്തരം പ്രവചനം ഇന്നും വിരളമായെ സാധ്യമാകുന്നുള്ളൂ എന്നത് വെല്ലുവിളിയായി തുടരുന്നു.

ഏറെ ദിവസങ്ങൾക്കു മുമ്പ് നൽകുന്ന മുന്നറിയിപ്പുകൾ പിന്നീട് മാറ്റേണ്ടി വരുന്നു; മുന്നറിയിപ്പുകൾക്ക് കൃത്യതയും കുറവ്. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂണിന് മുമ്പേ തുടങ്ങുമെന്നായിരുന്നു ആദ്യ പ്രവചനം. അതുണ്ടായില്ല. ജൂൺ ആദ്യവാരത്തിൽ നാലുദിവസത്തെ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതും ഉണ്ടായില്ല. രണ്ടാം വാരത്തിൽ അഞ്ചുദിവസത്തെ ശക്തമായ മഴ വരുന്നു എന്നറിയിച്ചു. അടുത്തയാഴ്ചയിൽ, ഇടവപ്പാതി സജീവമായി കനത്തമഴ വരുന്നു എന്നുപറഞ്ഞു.

കാലവർഷം ശക്തിപ്പെടുമെന്ന് നാലാമത്തെ ആഴ്ചയും പ്രവചനം വന്നു. ഇതിനിടക്കെങ്ങോ കാലവർഷം എത്തിയതായി അറിയിപ്പ് വന്നു. മഞ്ഞയും ഓറഞ്ചും മുന്നറിയിപ്പുകളും ശക്തമായ ഇടിമിന്നലിനെപ്പറ്റിയും കാറ്റിനെപ്പറ്റിയും പ്രവചനങ്ങളുമുണ്ടായി. കുറഞ്ഞ സമയങ്ങളിൽ അങ്ങിങ്ങായി പ്രവചനം പുലർന്നു എന്നതല്ലാതെ, പതിവു കാലവർഷത്തിന്റെ വൃഷ്ടിയില്ലാതെയാണ് ജൂൺ അവസാനിച്ചത്. കൃഷി മേഖലയിലും വൈദ്യുതി മേഖലയിലും ആശങ്ക നിഴലിട്ടു തുടങ്ങി. ജൂണിൽ ശരാശരിയുടെ 35 ശതമാനം മഴ മാത്രമാണ് കേരളത്തിൽ പെയ്തത്.

മഴ ഒട്ടനേകം ഘടകങ്ങളെ ആശ്രയിച്ചുണ്ടാകുന്നതാണ്. ആഗോള താപനവും കാലാവസ്ഥ പ്രതിസന്ധിയും കാലവർഷവും തുലാവർഷവുമടക്കം ഋതുഭേദങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൃത്യമായ മുൻകൂർ പ്രവചനം കൂടുതൽ പ്രാധാന്യം നേടുന്നു. മഴ പെയ്യിക്കാൻ അതുകൊണ്ടു കഴിയില്ലെങ്കിലും വർഷ ദൗർലഭ്യത്തിന്റെ ദുഷ്ഫലങ്ങൾക്കെതിരെ കഴിയുന്നത്ര മുന്നൊരുക്കം നടത്താൻ കഴിയും. ഇക്കൊല്ലം ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) പതിവ് വർഷപാതമാണ് ആദ്യം പ്രവചിച്ചിരുന്നത്. ഇനിയും മഴ ശക്തിപ്പെടാമെന്നും സെപ്റ്റംബറോടെ സാധാരണ തോതിൽ മഴ ലഭ്യമാകുമെന്നും തുടർന്നും പറയുന്നുണ്ട്.

അതേസമയം ചില സ്വകാര്യ കാലാവസ്ഥ ഏജൻസികൾ, മഴ പതിവിൽ കുറവാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. പ്രവചനത്തിലെ കൃത്യതക്കുറവിന് ആരെയും കുറ്റപ്പെടുത്താനാവില്ല. എങ്കിലും ആധുനിക സാങ്കേതിക വിദ്യകൾ അനുദിനം മെച്ചപ്പെടുന്ന മുറക്ക് ആ കുറവ് പരിഹരിക്കാൻ കാര്യമായ ശ്രമങ്ങൾ ആവശ്യമായിരിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി അറേബ്യൻ സമുദ്രത്തിൽ നിന്ന് കൂടുതൽ തീവ്രചുഴലിക്കാറ്റുകൾ രൂപപ്പെടുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ, ഇക്കൊല്ലം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള എൽനിനോ പ്രതിഭാസവും പ്രവചനങ്ങളിൽ പരിഗണിക്കേണ്ടതുണ്ട്.

മധ്യശാന്തസമുദ്രത്തിൽ രൂപംകൊള്ളുന്ന ഈ ഉഷ്ണപ്രഭാവം കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കിൽപെടാത്തതു കൊണ്ടാവുമോ ‘‘സാധാരണ തോതിലുള്ള മൺസൂൺ’’ അവർ പ്രവചിച്ചത്? ശരാശരിയുടെ 96 ശതമാനമെങ്കിലും മഴ കിട്ടുമെന്നാണ് ‘‘സാധാരണ തോതി’’ന്റെ അർഥം. എൽനിനോക്കു ശമനമുണ്ടാക്കാവുന്ന ഒരു ഇന്ത്യൻ സമുദ്രപ്രതിഭാസം (ഇന്ത്യൻ ഓഷൻ ഡൈപോൾ-ഐ.ഒ.ഡി) അമിത ശുഭപ്രതീക്ഷ ഉയർത്തിയതും ‘‘പതിവ് മൺസൂൺ’’ പ്രവചനത്തിന് കാരണമാകാം.

ഇത്തരം അസാധാരണ പ്രതിഭാസങ്ങൾക്കപ്പുറം, ഇപ്പോൾ യാഥാർഥ്യമായിക്കഴിഞ്ഞ കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്ന മാറ്റങ്ങൾ പതിവ് പ്രവചനരീതികളെ പഴഞ്ചനാക്കിയതായി തോന്നുന്നു. കാലവർഷ മാസങ്ങളുടെ തുടക്കത്തിൽ മഴ വളരെ കുറഞ്ഞാലും പിന്നീട് അതിവൃഷ്ടി ഉണ്ടാവുകയും കുറവു നികത്തുകയും ചെയ്തുകൂടായ്കയില്ല. എന്നാൽ അത് കൃഷിക്കും മത്സ്യബന്ധനത്തിനും ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ഐ.എം.ഡിയുടെ പാക്ഷിക പ്രവചനങ്ങൾ അടുത്തകാലത്തായി കൂടുതൽ കൃത്യത കാണിക്കുന്നുണ്ട്.

പക്ഷേ, മാറിവരുന്ന അന്തരീക്ഷാവസ്ഥകളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നോക്കുമ്പോൾ ദീർഘകാല പ്രവചനങ്ങളിലും ഹ്രസ്വകാല പ്രവചനങ്ങളിലും കൂടുതൽ കൃത്യത വരുത്തേണ്ടതുണ്ട്. ഒപ്പം, പ്രകൃതി ദുരന്തം നടക്കുമ്പോഴും അതിനുശേഷവും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലുമുപരിയായി, പ്രതിരോധ പദ്ധതികളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. തീരദേശങ്ങളിലും ഉരുൾപൊട്ടലിന് സാധ്യതയുള്ള മേഖലകളിലും കണ്ടൽകാടുപോലുള്ള സ്വാഭാവിക പ്രതിരോധങ്ങൾ ഫലം ചെയ്യും. കാലാവസ്ഥ പ്രതിസന്ധിയെന്ന ആഗോള വിപത്തിനെ ചെറുക്കാൻ നടക്കുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നതും പ്രധാനമാണ്.

Tags:    
News Summary - Weather: Imprecise forecasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.