വ്യക്തത വേണ്ടത് സര്‍ക്കാറിന്‍െറ മദ്യനയത്തിന്

ദേശീയ, സംസ്ഥാന പാതകളില്‍ മദ്യക്കടകള്‍ക്ക് 2017 മാര്‍ച്ച് 31 മുതല്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് കഴിഞ്ഞ ഡിസംബര്‍ 15ന് ഇറക്കിയ ഉത്തരവ് പരിഷ്കരിക്കുകയോ നിര്‍ദേശങ്ങളില്‍ വ്യക്തതവരുത്തുകയോ വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിനാല്‍ പിന്‍വലിക്കാന്‍ തീരുമാനിക്കേണ്ടിവന്നു.

കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യത്തിന്‍െറ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യങ്ങളില്‍ പ്രധാനമായ ഒന്ന്. ഇവയില്‍ ആല്‍ക്കഹോള്‍ കുറവായതിനാല്‍ നിരോധനം ബാധകമായ മദ്യത്തില്‍ ഉള്‍പ്പെടുകയില്ളെന്നാണ് ഇതിനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയിരുന്നത്. നഗരസഭകളുടെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ്, സിവില്‍ സപൈ്ളസ് കോര്‍പറേഷനുകളുടെ മദ്യവില്‍പനശാലകള്‍ക്ക് നിരോധനം ബാധകമാക്കരുത്; ഹൈവേകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടകള്‍ മാറ്റിസ്ഥാപിക്കാന്‍ 2018 ഏപ്രില്‍വരെ സമയമനുവദിക്കണം; കോടതി ഉത്തരവ് നടപ്പാക്കുന്നതുമൂലം സംഭവിക്കുന്ന സര്‍ക്കാറിന്‍െറ വരുമാന നഷ്ടവും തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചെലവും അനുവദിച്ചുതരാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നുമൊക്കെയായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യങ്ങളിലുണ്ടായിരുന്നത്.

യഥാര്‍ഥത്തില്‍ ആദ്യം വ്യക്തതവരുത്തേണ്ടത് സുപ്രീംകോടതിയുടെ ഉത്തരവിലോ ഇടതുസര്‍ക്കാറിന്‍െറ മദ്യനയത്തിലോ എന്നതാണ് പ്രസക്തമായ സംശയം. പത്തുവര്‍ഷത്തിനകം ഘട്ടംഘട്ടമായുള്ള മദ്യനിരോധനമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഖ്യാപിത മദ്യനയം. അതുപ്രകാരം പ്രഥമഘട്ടത്തില്‍ ഫോര്‍സ്റ്റാര്‍ പദവിവരെയുള്ള ഹോട്ടലുകളില്‍ മദ്യംനിരോധിക്കുകയും സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പറേഷന്‍െറ വിദേശമദ്യക്കടകളില്‍ പത്തുശതമാനം വീതം അടച്ചുപൂട്ടാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, മദ്യമുതലാളിമാരില്‍നിന്ന് കൈക്കൂലിയും കോഴയും സ്വീകരിച്ച് പ്രഖ്യാപിത മദ്യനയത്തില്‍ പിന്‍വാതിലിലൂടെ ധാരാളം വെള്ളം ചേര്‍ത്തുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പതനത്തിന് വഴിവെച്ച കാരണങ്ങളില്‍ പ്രധാനമായ ഒന്ന്.

അതേസമയം, സമ്പൂര്‍ണ മദ്യനിരോധനത്തിലല്ല മദ്യവര്‍ജനത്തിലാണ് വിശ്വസിക്കുന്നതെന്നു പറഞ്ഞ ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ട് ഒമ്പതു മാസമായെങ്കിലും വ്യക്തവും സുതാര്യവുമായ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ബജറ്റില്‍ അത് വ്യക്തമാകുമെന്ന സൂചനയാണ് ധനമന്ത്രിയും എക്സൈസ് മന്ത്രിയും മറ്റ് ഉത്തരവാദപ്പെട്ടവരും നല്‍കിയിരിക്കുന്നത്. അത് പുറത്തുവരുന്നതിനുമുമ്പേ വിലക്കിന് വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത സര്‍ക്കാര്‍ ആദ്യമായി വേണ്ടത് സ്വന്തം നയം അസന്ദിഗ്ധമായി ജനങ്ങളെ അറിയിക്കുകയായിരുന്നു.

നയം മദ്യവര്‍ജനമാണ് മദ്യനിരോധനമല്ല എന്ന വാദം ആശയക്കുഴപ്പത്തിനും സംശയങ്ങള്‍ക്കും വഴിവെക്കുന്നതാണ്. മദ്യം റേഷന്‍ ഷാപ്പുകളിലൂടെ വിതരണം ചെയ്താല്‍പോലും മദ്യം സ്വമേധയാ വര്‍ജിക്കുന്നവരെ കുടിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. മറിച്ച്, മദ്യവര്‍ജനത്തിന്‍െറ ഫലപ്രദമായ വഴി മദ്യത്തിന്‍െറ ലഭ്യത ഇല്ലാതാക്കുകയാണ് എന്നതാണ് വസ്തുതയെങ്കില്‍ ലഭ്യത കുറക്കാനാവശ്യമായ നടപടികളാണെടുക്കേണ്ടത്. ഈ ദിശയില്‍ സ്വാഗതാര്‍ഹമായ വിധിയാണ് ഡിസംബറില്‍ പരമോന്നത കോടതി പുറപ്പെടുവിച്ചത്. ഭയാനകമായി വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് മുഖ്യകാരണമായ മദ്യപാനം ദേശീയ, സംസ്ഥാന പാതകളുടെ ഓരങ്ങളിലെങ്കിലും തടയപ്പെട്ടാല്‍ അത്രക്ക് ജീവഹാനിയും പരിക്കുകളും കുറക്കാനാവുമെന്ന ശരിയായ വിലയിരുത്തലിന്‍െറ ഫലമാണ് കോടതി ഉത്തരവ്. വിലക്കില്‍നിന്ന് ബിയറും കള്ളും വീഞ്ഞും ഒഴിവാക്കണമെങ്കില്‍ അതൊന്നും ലഹരി പദാര്‍ഥങ്ങളല്ളെന്ന് തെളിയിക്കപ്പെടണം.

വാസ്തവം നേരെമറിച്ചും. മദ്യോപഭോഗത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ മദ്യപരില്‍ ഭൂരിഭാഗവും സേവിക്കുന്നത് വിലകൂടിയ വിദേശമദ്യങ്ങളല്ല നാടന്‍ കള്ളും വീഞ്ഞും ബിയറുമാണെന്നിരിക്കെ ഇവയൊക്കെ മദ്യത്തിന്‍െറ പട്ടികയില്‍നിന്നൊഴിവാക്കിയാല്‍ വിലക്ക് വെറും പ്രഹസനമാവും. കള്ളിനും വീഞ്ഞിനുമൊക്കെ വീര്യംകൂട്ടാനുതകുന്ന മാരകമായ രാസപദാര്‍ഥങ്ങള്‍ സുലഭമാണെന്നത് പരക്കെ അറിയാവുന്നതാണുതാനും. ദേശീയ, സംസ്ഥാന പാതകളില്‍ വലിയൊരുഭാഗം കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളുടെ പരിധിയിലൂടെയാണ് കടന്നുപോവുന്നത് എന്നതുകൊണ്ട് അത് നിരോധനത്തില്‍നിന്നൊഴിവാക്കുന്നതും ലക്ഷ്യത്തെ പിന്നെയും വിഫലമാക്കും. സര്‍ക്കാറിന്‍െറ പ്രത്യക്ഷത്തിലുള്ള വരുമാന നഷ്ടം കരണീയമായ ഭീതിതന്നെ. പക്ഷേ, മദ്യക്കെടുതികളാലുണ്ടാവുന്ന നഷ്ടങ്ങളേക്കാള്‍ എത്രയോ കുറവാണ് അതെന്ന് പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നു.

അതിനാല്‍, പൊതുനന്മയും കുടുംബ സമാധാനവും തലമുറകളുടെ ആരോഗ്യവും കണക്കിലെടുത്ത് മദ്യത്തിന്‍െറ ഉല്‍പാദനവും വിതരണവും ലഭ്യതയും പരമാവധി കുറക്കുക എന്നതാവണം ജനകീയ സര്‍ക്കാറിന്‍െറ മൗലിക മദ്യനയം. അതല്ളെങ്കില്‍ 1967ല്‍ ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മദ്യനിരോധനം റദ്ദാക്കിയപോലെയുള്ള ആത്യന്തിക നടപടിക്ക് പിണറായി സര്‍ക്കാര്‍ ഉദ്യുക്തമാവണം. എങ്കില്‍ സര്‍ക്കാറിന് വന്‍ റവന്യൂ വരുമാനവും മദ്യാസക്തരുടെ പിന്തുണയും പാര്‍ട്ടികള്‍ക്ക് അബ്കാരികളുടെ കനത്ത സംഭാവനകളും  നേതാക്കള്‍ക്ക് മാസപ്പടിയും ഉറപ്പാക്കാം.

അതേസമയം, സൈ്വരവും സമാധാനവും ആഗ്രഹിക്കുന്ന കുടുംബിനികളുടെയും ജനസാമാന്യത്തിന്‍െറയും മദ്യവര്‍ജന പ്രസ്ഥാനങ്ങളുടെയും മതനേതാക്കളുടെയും സംഘടനകളുടെയും രൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടിയും വരും. രണ്ടിലേതാണ് ഗുണകരമെന്ന് നല്ലപോലെ വിലയിരുത്തി വ്യക്തവും സുതാര്യവുമായ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കട്ടെ. ഇപ്പോഴത്തെ സന്ദിഗ്ധ നിലപാടും ഒളിച്ചുകളിയും ആര്‍ജവമുള്ള ഒരു ഭരണകൂടത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ടതല്ല.

 

Tags:    
News Summary - want clarification for govt liqure policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.