ഇതും ഒരു ‘ജനകീയ’ തെരഞ്ഞെടുപ്പ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ ഫലം രാഷ്ട്രീയ നിരീക്ഷകര്‍ ഏറക്കുറെ തീരുമാനിച്ചതായി തോന്നുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്വയം തോല്‍പിച്ചു കഴിഞ്ഞതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ളിന്‍റന്‍ യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാകാന്‍ പോകുന്നു എന്നാണ് പൊതുവായി പ്രചരിക്കുന്ന അനുമാനം. ഇവര്‍തമ്മില്‍, പാര്‍ട്ടികളുടെ നിലപാടിലോ, വ്യക്തികളുടെ ആര്‍ജവത്തിലോ എത്രത്തോളം വ്യത്യാസമുണ്ട് എന്നതുതന്നെ ചര്‍ച്ചാവിഷയമാണ്.

മുതലാളിത്തം, യുദ്ധം, അഭയാര്‍ഥികള്‍, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍, അമേരിക്കന്‍ മേല്‍ക്കോയ്മ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ തമ്മില്‍ അളവിലല്ലാതെ അടിസ്ഥാനപരമായി അന്തരങ്ങളില്ല. അടുത്തകാലത്ത് പുറത്തുവന്ന വിവരങ്ങള്‍ ഇക്കാര്യത്തില്‍ അടിവരയിടുന്നുണ്ട്. സ്ത്രീലമ്പടനും സ്ത്രീവിരുദ്ധനും അഭയാര്‍ഥി വിരുദ്ധനും വംശീയവാദിയുമെല്ലാമായി സ്വയം പരിചയപ്പെടുത്തിക്കഴിഞ്ഞ ട്രംപ് മുമ്പ് പറയുന്നതും ഇപ്പോള്‍ പറയുന്നതുമെല്ലാം തെളിയിക്കുന്നത് താന്‍ ഒരു രാഷ്ട്രനേതാവായിരിക്കാന്‍ കൊള്ളാത്തയാളാണ് എന്നത്രെ. മറുവശത്ത്, വിക്കിലീക്സ് പുറത്തുവിട്ട രഹസ്യ ഇ-മെയില്‍ രേഖകള്‍ ഹിലരിയുടെ തനിനിറം വ്യക്തമാക്കുന്നു-വന്‍കോര്‍പറേറ്റുകളുടെ അരുമയാണവര്‍ എന്ന്.

 ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യം എത്രത്തോളം വഷളായി എന്നു കൂടി തെളിയിക്കുന്നു, തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയില്ലാത്തവര്‍ തമ്മിലുള്ള ഈ മത്സരം. സാധാരണ ജനങ്ങളും അവരുടെ താല്‍പര്യങ്ങളും ഇവരുടെ പ്രചാരണ അജണ്ടയില്‍പ്പോലുമില്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ച് ഹിലരിയുടെ തന്ത്രങ്ങള്‍ക്കുമുന്നില്‍ അടിയറവുപറഞ്ഞ് പിന്മാറിയ ബേണി സാന്‍ഡേഴ്സ് ജനകീയ പ്രശ്നങ്ങള്‍ ഇലക്ഷന്‍ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പരസ്പരം തിരിച്ചറിയാത്തവിധം സാദൃശ്യമുള്ള നയസമീപനങ്ങളുമായി ട്രംപും ഹിലരിയൂം മുഖ്യപോരാളികളായി മാറുകയായിരുന്നു. അതോടെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യത്തിലെ തെരഞ്ഞെടുപ്പ് അര്‍ഥമില്ലാത്ത നേരമ്പോക്കായി മാറി എന്നതാണ് സത്യം. ആരു ജയിച്ചാലും വലിയ വിശേഷമില്ലാത്ത അവസ്ഥ.

ട്രംപ് കൊള്ളരുതായ്മകളുടെ ആള്‍രൂപമാണെന്ന് എതിരാളികള്‍ പറയുന്നുണ്ട്. അതില്‍ കുറെ ശരിയുണ്ടുതാനും. എന്നാല്‍, ട്രംപിന്‍െറ ഏറ്റവും വലിയ വീഴ്ചയായി കണക്കാക്കേണ്ടത്, അദ്ദേഹം ഹിലരിയുടെ വിജയം എളുപ്പമാക്കി എന്നതാവും. ഗൂഢമായ ആയുധമിടപാടുകളിലൂടെയും അവിഹിതമായ പണമിടപാടുകളിലൂടെയും ഹിലരി സമ്പാദിച്ചതൊന്നും തെരഞ്ഞെടുപ്പില്‍ പ്രശ്നമാകാതെ പോകുന്നത്, മറുഭാഗത്ത് അറപ്പുണ്ടാക്കുന്ന ആത്മപ്രശംസയുമായി ട്രംപ് നില്‍ക്കുന്നതുകൊണ്ടാണ്. ഒബാമക്കുകീഴില്‍ വിദേശകാര്യ സെക്രട്ടറി എന്ന നിലക്ക് വിവിധ ജനസമൂഹങ്ങളുടെ നരകയാതനക്കുമുകളില്‍ യുദ്ധവ്യവസായത്തെ വളര്‍ത്തിയ ഹിലരി തമ്മില്‍ മെച്ചമായി തോന്നുന്നത് അപ്പുറത്ത് അതേ യുദ്ധഭ്രാന്തും വംശീയതയും പച്ചയായി പറയുകയെന്ന അവിവേകം ട്രംപ് കാണിച്ചതിനാലാണ്. അധികാരത്തിലിരുന്ന് പരിചയമില്ലാത്ത ട്രംപിനെ ആ നിലക്ക് വിലയിരുത്താന്‍ പറ്റില്ല. പക്ഷേ, വായാടിത്തവും വഷളത്തവും അദ്ദേഹത്തെ വേണ്ടുവോളം പരിചയപ്പെടുത്തുന്നുണ്ട്. അതേസമയം, അധികാരത്തിലിരുന്ന സമയത്ത് ഹിലരി ചെയ്ത കാര്യങ്ങളില്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ വേണ്ടത്ര ന്യായങ്ങള്‍ ഇല്ല -വോട്ട് ചെയ്യാതിരിക്കാന്‍ മതിയായ പലതും ഉണ്ടുതാനും.

പക്ഷേ, ദ്വികക്ഷി ജനാധിപത്യത്തിന്‍െറ കുരുക്കിലകപ്പെട്ട അമേരിക്കന്‍ ജനതക്ക് ഇവരിലൊരാളെ വരിച്ചേ പറ്റൂ. അതാകട്ടെ, ലോകത്തെയും ബാധിക്കും. സാമ്രാജ്യത്വ ധാര്‍ഷ്ട്യം, പ്രകടമോ പരോക്ഷമോ ആയ വംശീയത, യുദ്ധോത്സുകത, സാമാന്യ ജനതയോടുള്ള പുച്ഛം -ഇതെല്ലാം തുടര്‍ന്നും പ്രതീക്ഷിക്കാം. ലോകം മുഴുവന്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പുതിയ യു.എസ് പ്രസിഡന്‍റിന്‍െറ അജണ്ടയിലുണ്ടാകണമെന്നില്ല. യുദ്ധം, കാലാവസ്ഥാ മാറ്റം, സാമ്പത്തിക പ്രതിസന്ധി, അഭയാര്‍ഥികള്‍ തുടങ്ങിയ ആഗോള വിഷയങ്ങള്‍ക്കുള്ള പരിഹാരം അടിയന്തരാവശ്യമാണ്. പക്ഷേ, വൈറ്റ് ഹൗസില്‍ ഇനി വരുന്നത് ആരുതന്നെയായാലും പ്രശ്നം സൃഷ്ടിക്കുന്നതിലെ ജാഗ്രത അത് പരിഹരിക്കുന്നതില്‍ ഉണ്ടാകാനിടയില്ല.

 

Tags:    
News Summary - us presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.