മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽ വംശീയാക്രമണത്തിനിരയായ ഏഴു ലക്ഷത്തോളം വരുന്ന റോഹിങ്ക്യകൾക്ക് നേരെയുള്ള മനുഷ്യാവകാശധ്വംസനം യു.എൻ മനുഷ്യാവകാശ സമിതി 2017ൽ നിയോഗിച്ച സംഘം വസ്തുനിഷ്ഠമായ അന്വേഷണത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നതോടെ രാഷ്ട്രാന്തരീയതലത്തിൽ ഒരിക്കൽക്കൂടി അത് സജീവ ചർച്ചക്ക് വിഷയീഭവിച്ചിരിക്കുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ അഭയാർഥികളായി കഴിയുന്ന ലക്ഷക്കണക്കിന് റോഹിങ്ക്യകളിൽനിന്ന് 875 പേരുമായി അഭിമുഖം നടത്തിയും േഫാേട്ടാകൾ, വിഡിയോകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ എന്നിവ പരിശോധിച്ചുമാണ് യു.എൻ സംഘം റിപ്പോർട്ട് തയാറാക്കിയത്. മ്യാന്മർ സൈനിക മേധാവി മിന് ആങ് ലിയാങ്ങും ഇരുപതോളം ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കാളികളായി നടത്തിയ കൂട്ടക്കൊലകളുടെയും ബലാത്സംഗങ്ങളുടെയും പീഡനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലേക്ക് വിരൽചൂണ്ടുന്ന റിപ്പോർട്ടാണ് ഇപ്പോൾ ലോകജനത മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് റോഹിങ്ക്യകളുടെ നേരെ മ്യാന്മർ സൈന്യം നടത്തിയതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സമാധാനത്തിന് നൊേബൽ സമ്മാനം നേടിയ മ്യാന്മർ ഭരണകൂട നായിക ഒാങ്സാൻ സൂചി സ്വന്തം നാട്ടിൽ ഇത്രമാത്രം മനുഷ്യത്വരഹിതമായ അക്രമങ്ങൾ നടമാടിയിട്ടും ഒരക്ഷരം ഉരിയാടാൻ സന്നദ്ധയായിട്ടില്ല. അവരെക്കുറിച്ചുമുണ്ട് യു.എൻ സംഘത്തിെൻറ റിപ്പോർട്ടിൽ പരാമർശം. അവർ രാഖൈൻ പ്രവിശ്യയിലെ കലാപത്തിൽ ഇടപെടാൻ മടിക്കുകയായിരുന്നു. ഇൗ സാഹചര്യത്തിൽ വംശീയാക്രമണത്തിന് ഉത്തരവാദികളായ മ്യാന്മർ സൈന്യത്തെ വിചാരണ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ മുഖ്യമായ ആവശ്യം.
എന്നാൽ, യു.എൻ വസ്തുതാന്വേഷണ റിപ്പോർട്ട് അപ്പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് മ്യാന്മർ സർക്കാർ. സൈന്യം ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ ബലാത്സംഗം ചെയ്തു തുടങ്ങിയ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് സർക്കാർ വക്താവ് അവകാശപ്പെട്ടിരിക്കുന്നത്. കണ്ടെത്തലുകൾ കള്ളമായതിനാൽ യു.എൻ വസ്തുതാന്വേഷണ സംഘത്തെ മ്യാന്മറിലേക്ക് കടത്തുകയില്ലെന്നും മനുഷ്യാവകാശ സമിതി കൊണ്ടുവരുന്ന പ്രമേയങ്ങൾ തള്ളിക്കളയുമെന്നും ഭരണകൂടം പറയുന്നു. വിചിത്രമായ വസ്തുത യു.എൻ സംഘത്തെ മ്യാന്മറിലേക്ക് പ്രവേശിപ്പിക്കാത്തതുകൊണ്ടാണ് അവർ ആരോപിക്കുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധ റിപ്പോർട്ട് സമർപ്പിക്കപ്പെടാൻ ഇടയായത് എന്ന വൈരുധ്യമാണ്. ആദ്യമേ അന്വേഷണ സംഘത്തിന് പ്രവേശനാനുമതി നൽകുകയും സർക്കാറിന് പറയാനുള്ള ന്യായീകരണങ്ങൾ അവരുടെ മുമ്പാകെ നിരത്തുകയും ചെയ്തിരുന്നെങ്കിൽ വ്യത്യസ്ത റിപ്പോർട്ടായിരുന്നില്ലേ യു.എൻ സംഘം തയാറാക്കുക എന്ന ചോദ്യത്തിന് എന്താണ് മറുപടി? അപ്പോൾ കാര്യം വ്യക്തമാണ്. പുറംലോകം അറിയാൻ പാടില്ലാത്ത പലതും രാഖൈനിൽ സംഭവിച്ചിട്ടുണ്ട്. ഇരകളുടെ മൊഴികൾ മാത്രമല്ല, മതിയായ തെളിവുകളും സംഘം ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സൂചി സർക്കാറിെൻറ ഏറ്റവും വലിയ ആശ്രയവും പിന്തുണയും ചൈനയാണെന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട കാര്യം. റോഹിങ്ക്യൻ പ്രശ്നത്തിൽ രാഷ്ട്രീയ പരിഹാരമാണ് അഭികാമ്യമെന്നും ഏകപക്ഷീയമായ ആരോപണങ്ങൾകൊണ്ടും സമ്മർദംകൊണ്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കുകയില്ലെന്നുമാണ് ചൈനീസ് വിദേശമന്ത്രാലയം അവകാശപ്പെട്ടിരിക്കുന്നത്. ഒരു ജനത അനുഭവിക്കുന്ന അങ്ങേയറ്റത്തെ നിസ്സഹായതയോ സ്വരാജ്യത്തുനിന്ന് പുറന്തള്ളപ്പെട്ടവരുടെ യാതനകളോ വേദനകളോ ഒന്നും ഏഷ്യയിലെ ഒന്നാം നമ്പർ ശക്തിക്ക് പ്രശ്നമല്ല. രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെങ്കിൽ അതിന് മുൻകൈയെടുക്കുന്നുമില്ല. രാഖൈൻ പ്രവിശ്യ മ്യാന്മറിേൻറതാണെങ്കിൽ നൂറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന മനുഷ്യരും മ്യാന്മർ പൗരന്മാരല്ലേ? അവർക്കെന്തുകൊണ്ട് പൗരത്വവും അതേ തുടർന്നു നൽകേണ്ട അവകാശങ്ങളും നിഷേധിക്കപ്പെടുന്നു? തീർത്തും വംശീയമാണ് മ്യാന്മറിെൻറ വിവേചനത്തിനും അക്രമങ്ങൾക്കും അവകാശനിഷേധത്തിനും കാരണങ്ങളെന്ന് വ്യക്തം. അതുകൊണ്ടുതന്നെ വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യകളെ ഇല്ലാതാക്കിയോ നാടുകടത്തിയോ രാഖൈൻ പ്രവിശ്യ മ്യാന്മറിെൻറ ഭാഗമായി നിലനിർത്താനാണ് സർക്കാറിെൻറയും സൈന്യത്തിെൻറയും പദ്ധതി എന്ന് വ്യക്തമാവുന്നു. പതിറ്റാണ്ടുകളായി മ്യാന്മർ അടക്കിഭരിക്കുന്ന പട്ടാളത്തിെൻറ ചെയ്തികൾക്കെതിരെ ചെറുവിരലനക്കാൻ ഒാങ്സാൻ സൂചിയും ഭയപ്പെടുന്നു.
ജനാധിപത്യ പുനഃസ്ഥാപന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സൂചിയെ വെറും പാവയായി മുന്നിൽനിർത്തി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ് സൈനിക മേധാവികളുടെ അജണ്ട. സ്വന്തം പ്രവിശ്യയായ സിൻജ്യങ്ങിലെ വംശീയ ന്യൂനപക്ഷത്തോടും ബുദ്ധമതക്കാരായ തിബത്തൻ ജനതയോടും മാനുഷികമായും ജനാധിപത്യപരമായും പെരുമാറാത്ത ചൈനക്ക് മ്യാന്മർ സൈനിക മേധാവികളുടെനേരെ കണ്ണുരുട്ടാൻ ധൈര്യമില്ലാത്തത് സ്വാഭാവികം. മറ്റെല്ലാത്തിനുമുപരി സ്വന്തം ദേശീയ താൽപര്യങ്ങളാണ് ഒാരോ രാജ്യത്തെയും ഭരണാധികാരികളെയും നയിക്കുന്നതെന്നത് അനിഷേധ്യമാണ്. മ്യാന്മറിെൻറ അത്യാചാരങ്ങൾക്കും മനുഷ്യാവകാശനിഷേധത്തിനുമെതിരെ ശബ്ദമുയർത്താൻ ഇന്ത്യയിലെ മോദി സർക്കാർ തയാറാവാത്തതിെൻറ പിന്നിലും റോഹിങ്ക്യൻ വംശജരുടെ മതപരമായ പശ്ചാത്തലം മാത്രമല്ല, ഇടപെടൽ കശ്മീർ നയത്തിലേക്കും പാളുമെന്ന ആശങ്കയുമുണ്ടാകാം. അതിനാൽ െഎക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെയും യു.എൻ രക്ഷാസമിതിയുടെയും ശക്തമായ നടപടികളാണ് നീതിയുടെ പക്ഷത്തുനിൽക്കുന്നവർ പ്രതീക്ഷിക്കുന്നത്. അവിടെയും ചൈന വീറ്റോ പ്രയോഗിക്കാൻ ഒരുെമ്പട്ടാൽ ശുഭപ്രതീക്ഷക്ക് അർഥമില്ലാതാവും. ഏഴു ലക്ഷം റോഹിങ്ക്യൻ അഭയാർഥികൾ മാത്രമല്ല, അവരുടെ ഭാരംപേറുന്ന ബംഗ്ലാദേശും അക്ഷരാർഥത്തിൽ വഴിയാധാരമാവുകയാവും പരിണതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.