നാലു വർഷമായി തുടരുന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി തുടരുന്ന സമാധാനചർച്ച പരമ്പരയിൽ ഒന്നുകൂടി ഞായറാഴ്ച അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്നുകഴിഞ്ഞു. യുക്രെയ്നും റഷ്യയും തമ്മിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാധ്യസ്ഥ്യത്തിൽ അയഞ്ഞും മുറുകിയും മുന്നോട്ടുപോകുന്ന ചർച്ചയിൽ ഗണ്യമായ പുരോഗതി ഇരുകൂട്ടരും അവകാശപ്പെടുന്നു. ‘രണ്ടോ മൂന്നോ മുള്ളുകളുടെ’ കുരുക്കിലിഴയുകയാണ് ചർച്ച എന്നാണ് ട്രംപ് ഫ്ലോറിഡ മാർ-എ-ലോഗോയിലെ കൂടിക്കാഴ്ചക്കുശേഷം അറിയിച്ചത്. സമാധാന സംഭാഷണത്തിന് മാർഗരേഖയായി നിശ്ചയിച്ച 20 ഇന സമാധാനപദ്ധതി നിർദേശങ്ങളിൽ 95 ശതമാനത്തിലും ഒത്തുതീർപ്പായി എന്നു ട്രംപ് പറയുമ്പോൾ 90 ശതമാനം പരിഹാരമായി എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പ്രസ്താവിച്ചത്. അടുത്തയാഴ്ച തന്നെ ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘങ്ങൾ തമ്മിൽ ചർച്ച തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിൽനിന്ന് യുക്രെയ്നെ മോചിപ്പിക്കാനുള്ള നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങളും അമേരിക്കൻ മാധ്യസ്ഥ്യത്തിൽ ധാരണയായെങ്കിലും കടന്നുകയറ്റത്തിലൂടെ പിടിച്ചെടുത്ത 20 ശതമാനം ഭൂമിയിൽനിന്ന് പിന്മാറാനുള്ള നിർദേശമാണ് റഷ്യക്ക് ഇനിയും ദഹിക്കാതെ കിടക്കുന്നത്.
കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖല കൈയടക്കിയ റഷ്യ അത് വിട്ടുകൊടുക്കണമെന്നാണ് സെലൻസ്കിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ഡോൺബാസ് പ്രവിശ്യയിലെ ലുഹാൻസ്ക് പ്രദേശത്തിന്റെ 99 ശതമാനവും ഡോണസ്ക് മേഖലയുടെ 75 ശതമാനവും റഷ്യ കൈയടക്കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ അവകാശവാദം മുറുകിയിരിക്കുന്ന പ്രധാന രണ്ടുവിഷയങ്ങളിൽ ഒന്ന് ഡോൺബാസിന്റെ മേലുള്ള ആധിപത്യമാണ്. മേഖലയിൽനിന്ന് യുക്രെയ്ൻ സൈന്യത്തെ സമ്പൂർണമായി പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെടുന്നു. എന്നാൽ, നിലവിലെ യുദ്ധാതിർത്തികളിൽ അടിയുറച്ച് പോരാട്ടം തുടരുമെന്നാണ് സെലൻസ്കിയുടെ നിലപാട്. അമേരിക്കയാവട്ടെ, യുക്രെയ്ൻ നിയന്ത്രണത്തിലുള്ള മേഖല നിസ്സൈനീകരിച്ച് അവിടെ സ്വതന്ത്ര സാമ്പത്തികമേഖല തുറക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെക്കുന്നത്. സാപൊറീഷ ആണവോർജ നിലയത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് മറ്റൊരു പ്രധാന വിഷയം. ഇപ്പോൾ റഷ്യ അധീനപ്പെടുത്തിയ ഭൂപ്രദേശത്താണ് യൂറോപ്പിലെ ഏറ്റവും വലിയ ഈ ആണവോർജ നിലയമുള്ളത്. റഷ്യയും യുക്രെയിനും അമേരിക്കയും ചേർന്ന് അമേരിക്കക്കാരെ ചീഫ് മാനേജർമാരായി നിയമിച്ച് പ്ലാന്റ് നടത്തിക്കൊണ്ടുപോകാം എന്ന നിർദേശമാണ് ട്രംപ് മുന്നോട്ടുവെക്കുന്നത്. എന്നാൽ, അമേരിക്കക്കും യുക്രെയിനും തുല്യാവകാശമുള്ള നടത്തിപ്പാണ് സെലൻസ്കി നിർദേശിക്കുന്നത്. അത് റഷ്യക്ക് സമ്മതമാവില്ല എന്നു പറയേണ്ടതില്ലല്ലോ. ഇരുപതിന സമാധാനപദ്ധതിയിലെ ഈ സുപ്രധാന വിഷയങ്ങളിലാണ് ഇനിയും യോജിപ്പിലെത്താനുള്ളത്.
ഇരുരാജ്യങ്ങളുമായും വെവ്വേറെ കൂടിയാലോചന നടത്തി രമ്യമായ ഒത്തുതീർപ്പ് ഫോർമുല ഉരുത്തിരിച്ചെടുത്തശേഷം ത്രികക്ഷി സംഭാഷണമാവാം എന്നാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും ഉചിതമായ നേരത്തുതന്നെ അത് നടക്കും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നുമുണ്ട്. ഞായറാഴ്ച നടന്ന ചർച്ചയിൽ യൂറോപ്യൻ യൂനിയനും ശുഭപ്രതീക്ഷയിലാണ്. നാനാഭാഗത്തുനിന്നുമുള്ള സമ്മർദങ്ങൾ ഇരുരാജ്യങ്ങളെയും സമാധാനത്തിലേക്ക് അടുപ്പിക്കുമെന്നു കരുതാം. ചർച്ച കഴിഞ്ഞയുടൻ ‘ലോകം മുഴുവൻ ട്രംപിനെ അഭിനന്ദിക്കുന്നു’ എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രത്യേക ദൂതൻ കിറിൾ മിത്രിയേവ് ‘എക്സി’ൽ കുറിച്ചത് മോസ്കോയുടെ സമാധാനവാഞ്ഛയായാണ് നിരീക്ഷകർ കാണുന്നത്. ഫ്ലോറിഡ ചർച്ചക്കു മുമ്പ് പുടിനും ട്രംപും തമ്മിൽ രണ്ടു മണിക്കൂറിലേറെ ടെലഫോണിൽ സംസാരിച്ചിരുന്നു. ഡോൺബാസിന്മേലുള്ള അവകാശവാദത്തിൽ വാശിയോടെ ഉറച്ചുനിൽക്കുന്ന സെലൻസ്കി പക്ഷേ, അക്കാര്യത്തിൽ ജനഹിതം അറിയാൻ വോട്ടെടുപ്പ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് രണ്ടുമാസക്കാലത്തെ പൂർണ യുദ്ധവിരാമം അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ അപ്പേരിൽ അത്ര നീണ്ടൊരു യുദ്ധവിരാമം പൂർണ പ്രശ്നപരിഹാരത്തിന് മുമ്പ് വേണ്ടെന്നാണ് റഷ്യയുടെ നിലപാട്. ചർച്ച മുന്നോട്ടുനീക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന്റെ തുടർച്ചയെന്നോണം അമേരിക്ക യുക്രെയ്ൻ പ്രതിസന്ധി പരിഹാരത്തിനുള്ള വർക്കിങ് ഗ്രൂപ്പിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ വിശ്വസ്തരായ സ്റ്റീവ് വിറ്റ്കോഫ്, ജാമാതാവ് കൂടിയായ ജാറെദ് കുഷ്നർ, ജനറൽ ഡാൻ കെയ്ൻ, സെനറ്റർ മാർകോ റൂബിയോ എന്നിവരാണ് സംഘത്തിലുള്ളത്. യുക്രെയ്ൻ പക്ഷത്തുനിന്നുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കും. സമാധാനകരാറും യുദ്ധാനന്തര പുനർനിർമാണവും സുരക്ഷാസജ്ജീകരണങ്ങളും ഇരുവിഭാഗവും കൂടിച്ചേർന്ന് തയാറാക്കും. സമാധാനകരാറിൽ ഇരുരാജ്യങ്ങളും യോജിപ്പിലെത്തുകയും യുദ്ധവിരാമം സാധ്യമാവുകയും ചെയ്താൽ യുക്രെയിന് കൂടുതൽ സാമ്പത്തികസഹായം നൽകുമെന്നു ട്രംപ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശത്തോടെ തുടങ്ങിയ യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെയായി 54000 ത്തോളം പേർ കൊല്ലപ്പെടുകയും 37 ലക്ഷം പേർ ഭവനരഹിതരാകുകയും 69 ലക്ഷം പേർ നാടുവിടേണ്ടിവരികയും ചെയ്തു. സാമ്പത്തിക-ആയുധസഹായവുമായി അമേരിക്ക യുക്രെയ്നൊപ്പം നിലയുറപ്പിക്കുകകൂടി ചെയ്തതോടെ സംഘർഷത്തിന് ആഗോളയുദ്ധത്തിന്റെ സ്വഭാവം കൈവന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധവും അമേരിക്കയുടെയും യൂറോപ്യൻരാജ്യങ്ങളുടെയും ഉപരോധവും കൂടിയായതോടെ ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ യുക്രെയ്ൻ പ്രതിസന്ധി പിടിച്ചുലച്ചു. അതിൽനിന്ന് കരകയറാനുള്ള ഏതു നീക്കവും പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. ആ പ്രതീക്ഷയെ ത്വരിപ്പിക്കുവാൻ ഫ്ലോറിഡയിലെ ട്രംപ്- സെലൻസ്കി ചർച്ചക്ക് കഴിഞ്ഞിട്ടുണ്ട്. യുദ്ധവിരാമം എല്ലാവരുടെയും ആവശ്യമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ സമാധാനത്തിലേക്കുള്ള ചുവടുവെപ്പുകൾക്ക് ഇനിയും ആക്കം കൂടും എന്നുതന്നെ പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.