ഉന്മാദത്തിന്‍െറ  ലോകക്രമത്തിലേക്ക്

‘‘എന്നെ വ്യക്തിപരമായി ബാധിക്കുന്ന വിഷയംകൂടിയാണിത്. എന്‍െറ പിതാമഹന്മാര്‍ യൂറോപ്പില്‍നിന്ന് കുടിയേറിയവരാണ്. ഭാര്യ പ്രസില്ല ചാനിന്‍െറ കുടുംബം ചൈനയില്‍നിന്നും വിയറ്റ്നാമില്‍നിന്നും അമേരിക്കയുടെ അഭയാര്‍ഥിത്വം സ്വീകരിച്ചവരാണ്’’ -ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള  പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ജനുവരി 28ന്‍െറ ഉത്തരവിനോട് പ്രതികരിച്ച് ഫേസ്ബുക്കിന്‍െറ സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍നിന്നാണ് മേല്‍വരികള്‍. സുക്കര്‍ബര്‍ഗ് പറയുന്നതില്‍ വലിയകാര്യമുണ്ട്. നാം ഇന്ന് ജീവിക്കുന്ന ലോകം പലതരം വംശ, കുടുംബ വേരുകളുള്ള മനുഷ്യര്‍ നിറഞ്ഞതാണ്. ട്രംപിന്‍െറ തീരുമാനത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച പ്രമുഖരില്‍ ഒരാള്‍ വന്‍കിട അമേരിക്കന്‍ കമ്പനിയായ ഗൂഗ്ളിന്‍െറ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ആണ്. ഇദ്ദേഹം ഇന്ത്യന്‍ വംശജനാണ്. അങ്ങനെ പല വേരുകളും നാടുകളുമുള്ള മനുഷ്യര്‍ പരസ്പരം കൂടിക്കലര്‍ന്നും യാത്രചെയ്തും പങ്കുവെച്ചുമാണ് നാഗരികത ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വികസിച്ചത്. എന്നാല്‍, വംശ, രക്ത ശുദ്ധിയുടെയൊക്കെ പേരുപറഞ്ഞ് ഇത്തരം കൂടിച്ചേരലുകള്‍ക്കും പാരസ്പര്യത്തിനുമെതിരെ നിലകൊണ്ടവരും മനുഷ്യര്‍ക്കിടയിലുണ്ട്. രാഷ്ട്രമീമാംസയുടെ ഭാഷയില്‍ വലതുപക്ഷക്കാര്‍ എന്നാണ് നാമവരെ വിളിക്കാറ്. ബഹുസ്വരതയുടെയും ഉള്‍ക്കൊള്ളലിന്‍െറയും സംസ്കാരത്തിന് എതിരാണവര്‍. വംശം, വര്‍ണം, മതം, ദേശം, ജാതി തുടങ്ങിയ പലതരം സങ്കുചിതത്വങ്ങളുടെ കണ്ണിലൂടെ മാത്രം മനുഷ്യരെയും മനുഷ്യവ്യവഹാരങ്ങളെയും കാണുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നവരാണവര്‍.

നിര്‍ഭാഗ്യവശാല്‍ ഇത്തരം സങ്കുചിതവാദികള്‍ക്ക് ലോകത്ത് മേല്‍ക്കൈ കിട്ടിക്കൊണ്ടിരിക്കുന്ന കെട്ടകാലത്താണ് നാം ജീവിക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങാനുള്ള ബ്രിട്ടന്‍െറ കഴിഞ്ഞ വര്‍ഷത്തെ തീരുമാനം -ബ്രെക്സിറ്റ്- അതിലൊന്നാണ്. ബ്രെക്സിറ്റിനുശേഷം ഫ്രെക്സിറ്റ് (ഫ്രാന്‍സിന്‍െറ ഇ.യു പിന്മാറ്റം) വരാനുള്ള സാധ്യതകള്‍ കാണുന്നു. ഇതേ നിലപാട് സ്വീകരിക്കുന്നവര്‍ ഇറ്റലിയില്‍ ഭരണത്തിലത്തെുന്നു. വരാനിരിക്കുന്ന ജര്‍മന്‍ തെരഞ്ഞെടുപ്പിലും വലതുപക്ഷക്കാര്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സങ്കുചിതവാദം തത്ത്വശാസ്ത്രമായി സ്വീകരിച്ചവര്‍ നേരത്തേതന്നെ അധികാരത്തില്‍ എത്തിക്കഴിഞ്ഞു. അങ്ങനെ ഇരുള്‍നിറഞ്ഞ യുഗത്തിലേക്ക് ലോകം കടക്കുകയാണോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ പങ്കുവെക്കുന്ന സന്ദര്‍ഭമാണിത്.

ഈ ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവും. ഇത്തരം കാര്യങ്ങള്‍ ഇതെക്കാള്‍ രൂക്ഷമായി പറഞ്ഞാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും അധികാരത്തിലത്തെിയതും. എന്നാലും, ഭ്രാന്തന്‍ നടപടികള്‍ ഇത്രവേഗത്തില്‍ നടപ്പാക്കിത്തുടങ്ങുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍,  താന്‍ മര്‍ക്കട മുഷ്ടിക്കാരനായ വംശീയവാദിതന്നെയാണെന്ന് ട്രംപ് ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ട്രംപിന്‍െറ ഭ്രാന്തന്‍ നടപടികള്‍ ലോകത്ത് മാത്രമല്ല, അമേരിക്കയില്‍തന്നെ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍തന്നെ ഇതിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ വിവിധ അമേരിക്കന്‍ നഗരങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. അവര്‍ ഉയര്‍ത്തിയ ബാനറുകളില്‍ പറയുന്ന ഒരു വാചകമുണ്ട്: ‘‘എങ്കില്‍ ആദ്യം മെലാനയെ നാടുകടത്തൂ’’ എന്നതാണത്. അതായത്, ട്രംപിന്‍െറ ഭാര്യ മെലാന ബാള്‍ക്കന്‍ രാജ്യമായ സ്ലൊവീനിയയില്‍നിന്ന് കുടിയേറിയ ആളാണ് എന്നതാണത്. അതായത്, ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ളോബ് സിനിമ അവാര്‍ഡ് ചടങ്ങില്‍ പ്രമുഖ ഹോളിവുഡ് നടി, മെറില്‍ സ്ട്രീപ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞതുപോലെ അമേരിക്ക എന്നത് ലോകത്തിന്‍െറ പലഭാഗങ്ങളില്‍നിന്നായി കടന്നുവന്നവരുടെ സമൂഹമാണ് (സൂക്ഷ്മമായി പരിശോധിച്ചാല്‍ ലോകത്തെ എല്ലാ സമൂഹങ്ങളും അങ്ങനെതന്നെയാണ്). അത്തരമൊരു സമൂഹത്തില്‍ വംശ, ദേശങ്ങളുടെ പേരില്‍ വിഭജനങ്ങള്‍ സൃഷ്ടിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നാല്‍ അതിന്‍െറ ദോഷം ആ രാജ്യത്തിന് തന്നെയായിരിക്കും. ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞതുപോലെ ലോകത്തിന്‍െറ സര്‍വഭാഗങ്ങളില്‍നിന്നുമുള്ള പ്രതിഭകള്‍ അമേരിക്കയില്‍ എത്തുന്നതിന് ട്രംപിന്‍െറ ഉത്തരവ് തടസ്സമാകും. അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നരേന്ദ്ര മോദി സര്‍ക്കാറും അണിയറയില്‍ രൂപപ്പെടുത്തുന്നുണ്ട്. ട്രംപിന്‍െറ അഭയാര്‍ഥി നിരോധന ഉത്തരവും മോദിയുടെ വരാന്‍പോകുന്ന നിയമവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അതായത്, ട്രംപിന്‍െറ ഭ്രാന്തുകളെ കടത്തിവെട്ടുന്ന ഉന്മാദങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടായാല്‍ അദ്ഭുതപ്പെടാനില്ല.

ലോകത്തിന്‍െറ ഭാവിയെക്കുറിച്ച ആശങ്കകള്‍ പങ്കുവെക്കുന്നതാണ് മേല്‍പറഞ്ഞ നിയമങ്ങളും ഉത്തരവുകളും. അതേ സമയം, ട്രംപിന്‍െറ ഉത്തരവിനെതിരെ അമേരിക്കകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ നന്മയില്‍ താല്‍പര്യമുള്ളവരെ ആവേശം കൊള്ളിക്കുന്നതുമാണ്. ലോകത്തെങ്ങുമുള്ള പുരോഗമനവാദികളും സമാധാനവാദികളും കൂടുതല്‍ കരുതലോടെ കാര്യങ്ങളെ കാണുകയും കൂടുതല്‍ ഐക്യപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നതാണ് അമേരിക്കയില്‍നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സന്ദേശം.

Tags:    
News Summary - trump immigration ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.