കോടതി ചുമതലപ്പെടത്തിയ സംഘം സർവേ നടത്താൻ ഗ്യാൻവാപി പള്ളിയിലേക്ക്

കാശിയിലെ പള്ളിമാത്രമല്ല അവരുടെ ലക്ഷ്യം

വാരാണസിയിലെ മുതിർന്ന മാധ്യമപ്രവർത്തകനും കാശി പത്രകാർ സംഘ് മുൻ പ്രസിഡൻറുമായിരുന്ന രാജ്നാഥ് തിവാരി ആർ.എസ്.എസ്-ബി.ജെ.പി അഭിഭാഷകർ മുന്നോട്ടുവെക്കുന്ന ശിവലിംഗ കണ്ടുപിടിത്തത്തെ തള്ളിപ്പറയുന്നു. ''കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനടുത്താണ് എന്റെ വീട്. ബാല്യകാലം മുഴുവൻ ഞാൻ ചെലവിട്ടത് തോളോടുതോൾ ചേർന്നുനിൽക്കുന്ന ഈ ദേവാലയങ്ങളുടെ മുറ്റത്താണ്. വർഷങ്ങളായി ഈ മസ്ജിദിലേക്കും മന്ദിറിലേക്കും വരുന്ന വിശ്വാസികൾ സഹോദരതുല്യമായ സഹവർത്തിത്വമാണ് പുലർത്തിയിരുന്നത്. അയോധ്യ വിഷയം വിവാദമാക്കി കത്തിപ്പടർത്തിയശേഷമാണ് കാശിക്ഷേത്രം സംബന്ധിച്ചും പുതിയ ചരിത്രനിർമാണ ശ്രമങ്ങൾ ആരംഭിച്ചത്. അതോടെ, ഇരുമ്പുവേലികൾകൊണ്ട് ക്ഷേത്രവും പള്ളിയും വേർതിരിക്കപ്പെട്ടു. ഇരു ദേവാലയങ്ങളിലേക്കും സർവസ്വതന്ത്രമായി കയറിച്ചെല്ലാൻ അക്കാലമത്രയും ഏവർക്കുമുണ്ടായിരുന്ന അവകാശവും ഇല്ലായ്മ ചെയ്യപ്പെട്ടു.'' ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ നടത്തിയ സർവേയിൽ 'ശിവലിംഗം കണ്ടെത്തി' എന്ന അവകാശവാദം സമ്മാനിച്ച സുവർണാവസരത്തിന്റെ അത്യുത്സാഹത്തിലാണ് ഭാരതീയ ജനത പാർട്ടിയും കൂട്ടാളികളും.

പുതിയ കണ്ടെത്തലിനെക്കുറിച്ച് വലിയ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നത് അത് സംബന്ധിച്ച യാഥാർഥ്യപൂർണമായ എതിർവാദം ആരും കേൾക്കാതിരിക്കട്ടെ എന്ന ശാഠ്യത്തോടെയാണെന്ന് വ്യക്തം. ശിവലിംഗം എന്ന പേരിൽ കൊട്ടിഘോഷിക്കുന്നത് പള്ളിയിലെ ഒരു പഴയ ജലധാരയാണത്രെ. (വുദു) അംഗശുദ്ധി വരുത്താൻ ലോകത്തെ ഏതാണ്ടെല്ലാ പള്ളികളിലുമുണ്ടാവും ഹൗദ് എന്നറിയപ്പെടുന്ന അത്തരം ഫൗണ്ടനുകൾ.

സർവേ നടത്താൻ കോടതി ചുമതലപ്പെടുത്തിയ അജയ് മിശ്ര അതു സംബന്ധിച്ച റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചിട്ടില്ല. ദൗത്യം പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അതിനകംതന്നെ മസ്ജിദിനെ മന്ദിറാക്കി മാറ്റാൻ പരിശ്രമിക്കുന്നവർ തങ്ങളുടെ പ്രചാരവേലകൾ നാടാകെ പരത്തിക്കഴിഞ്ഞിരിക്കുന്നു. മുഗൾ ചക്രവർത്തി ഔറംഗസീബ് പണികഴിപ്പിച്ച 350 വർഷം പഴക്കമുള്ള പള്ളിയിൽനിന്ന് ശിവക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ലഭിച്ചെന്നും അമ്പലം പൊളിച്ചാണ് പള്ളി പണിതതെന്നുമാണ് അവർ സ്ഥാപിച്ചെടുത്തുകൊണ്ടിരിക്കുന്ന വാദം.

പക്കാ വിശ്വഹിന്ദു പരിഷത്തുകാരനായ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യതന്നെ പ്രഖ്യാപനവുമായി മുന്നിട്ടിറങ്ങി. സത്യം ഏറെക്കാലം മുടിവെക്കാൻ കഴിയില്ലെന്നും ഈ ബുദ്ധപൂർണിമ ദിവസത്തിൽ നാം അന്വേഷിച്ചിടത്ത് ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ടെന്നുമാണ് വാരാണസിയിലെത്തി മൗര്യ പ്രഖ്യാപിച്ചത്. സത്യം പുറത്തുവന്നു, എന്തുകൊണ്ടെന്നാൽ ശിവൻതന്നെ സത്യമാണെന്നും അദ്ദേഹം ഹരഹര വിളികൾക്കൊപ്പം കൂട്ടിച്ചേർക്കുന്നു.

ആർ.എസ്.എസ് ഭരണക്കാരും അവരുടെ ആർപ്പുവിളിക്കാരും മറച്ചുവെക്കുന്ന സത്യസന്ധമായ ഒരു ചരിത്രം പറയാം. ഗ്യാൻവാപി പള്ളിയോട് ചേർന്ന് ഇന്ന് കാണുന്ന കാശി വിശ്വനാഥ ക്ഷേത്രമുണ്ടല്ലോ, അത് നിർമിക്കപ്പെട്ടത് മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷമാണ്. മഹാറാണി അഹല്യാ ബായ് ഹോൽക്കറുടെ നിർദേശാനുസരണമായിരുന്നു ക്ഷേത്രം പണി. ഹിന്ദുത്വ കുഴലൂത്തുകാർ പറയുന്നതുപോലെ അമ്പലം തകർത്താണ് പള്ളി പണിതിരുന്നത് എങ്കിൽ പള്ളിയുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള സകല അധികാരങ്ങളും പ്രതാപങ്ങളുമുള്ള ആളായിരുന്നു മഹാറാണി. ശിവക്ഷേത്രം തകർത്തു എന്നൊരു ആരോപണം അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് സ്പഷ്ടം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചോ ജ്യോതിർലിംഗത്തെക്കുറിച്ചോ ഒന്നും വിശ്വനാഥക്ഷേത്രം പണിയുന്ന വേളയിൽ ചർച്ചയുമുയർന്നില്ല.

സത്യത്തെ മറച്ചുപിടിച്ചും വളച്ചൊടിച്ചും കോടിക്കണക്കിന് വരുന്ന ഹിന്ദുജനതയെ വിഡ്ഢികളാക്കുന്ന വേലയാണ് ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് ചെയ്തുകൂട്ടുന്നതെന്ന് ഗ്യാൻവാപി പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് യാദവ് വിശദമാക്കുന്നു. വർഗീയ വിഭജന രാഷ്ട്രീയം കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ഉപകരണം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ഈ ക്ഷേത്ര അവകാശവാദം.

വാരാണസിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കാശി പത്രകാർ സംഘ് മുൻ പ്രസിഡൻറുമായിരുന്ന രാജ്നാഥ് തിവാരി ആർ.എസ്.എസ്-ബി.ജെ.പി അഭിഭാഷകർ മുന്നോട്ടുവെക്കുന്ന ശിവലിംഗ കണ്ടുപിടിത്തത്തെ തള്ളിപ്പറയുന്നു. ''കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനടുത്താണ് എന്റെ വീട്. ബാല്യകാലം മുഴുവൻ ഞാൻ ചെലവിട്ടത് തോളോടു തോൾചേർന്ന് നിൽക്കുന്ന ഈ ദേവാലയങ്ങളുടെ മുറ്റത്താണ്. വർഷങ്ങളായി ഈ മസ്ജിദിലേക്കും മന്ദിറിലേക്കും വരുന്ന വിശ്വാസികൾ സഹോദരതുല്യമായ സഹവർത്തിത്വമാണ് പുലർത്തിയിരുന്നത്. അയോധ്യ വിഷയം വിവാദമാക്കി കത്തിപ്പടർത്തിയശേഷമാണ് കാശിക്ഷേത്രം സംബന്ധിച്ചും പുതിയ ചരിത്രനിർമാണ ശ്രമങ്ങൾ ആരംഭിച്ചത്. അതോടെ, ഇരുമ്പുവേലികൾകൊണ്ട് ക്ഷേത്രവും പള്ളിയും വേർതിരിക്കപ്പെട്ടു. ഇരു ദേവാലയങ്ങളിലേക്കും സർവ സ്വതന്ത്രമായി കയറിച്ചെല്ലാൻ അക്കാലമത്രയും ഏവർക്കുമുണ്ടായിരുന്ന അവകാശവും ഇല്ലായ്മ ചെയ്യപ്പെട്ടു.''

ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

ശിവലിംഗമാണോ ജലധാരയാണോ എന്ന് കോടതി തീരുമാനിക്കട്ടെ. പക്ഷേ, ഏതെങ്കിലും അമ്പലത്തിന്റെ ഒന്നാം നിലയിൽ ശിവലിംഗം പ്രതിഷ്ഠിച്ചതായി താൻ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നാണ് പ്രാദേശിക മാധ്യമ പ്രവർത്തകൻ ഹിമാൻഷു ശർമ പറഞ്ഞത്. ഗ്യാൻവാപി പള്ളിയുടെ ഒന്നാം നിലയിൽ ശിവലിംഗം കണ്ടുവെന്നാണ് കാവിപ്പടയുടെ അവകാശവാദം.

'അന്വേഷിച്ചു', 'കണ്ടെടുത്തു' എന്ന മട്ടിലെ പ്രചാരവേല വഴി മറച്ചുവെച്ചിരുന്ന എന്തോ സത്യം വീണ്ടെടുത്തു എന്ന് ധ്വനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, ഈ ലേഖകനുൾപ്പെടെ ഗ്യാൻവാപി പള്ളിയിലെ ചര്യകളും രീതികളും കണ്ടിട്ടുള്ള ഏവർക്കുമറിയാം അംഗശുദ്ധിവരുത്താനുള്ള അവിടത്തെ ഹൗദ് എന്നും എപ്പോഴും തുറന്നുകിടക്കുകയായിരുന്നുവെന്ന കാര്യം.

ഹരി ശങ്കർ ജെയിൻ എന്ന അഭിഭാഷകന്റെ ഹരജി പരിഗണിച്ച് പള്ളിയുടെ ഉള്ളിൽ സർവേ നടത്താൻ ഉത്തരവിട്ട പ്രാദേശിക കോടതി പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം പൂട്ടി സീലുവെക്കാൻ തിങ്കളാഴ്ച ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ട് സമർപ്പിക്കുകപോലും ചെയ്യും മുമ്പ് ഇങ്ങനെ സീൽചെയ്യാൻ ഉത്തരവിടുന്നത് അനവസരത്തിലുള്ള തീരുമാനമാണെന്ന മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ അഭയ് യാദവിന്റെ വാദം കോടതി തീർത്തും അവഗണിക്കുകയായിരുന്നു.

ഇത് സ്വാഭാവിക നീതിയുടെയും സമത്വത്തിന്റെയും ലംഘനമാണെന്ന് അഡ്വ. അഭയ് ചൂണ്ടിക്കാട്ടുന്നു. ''ഇത്തരമൊരു സർവേ നടത്താനുള്ള ഹരജി പരിഗണിക്കുന്നതുതന്നെ 1991ലെ ആരാധനാസ്ഥല നിയമത്തിന്റെ ലംഘനമാകുമെന്ന എന്റെ വാദവും നേരത്തേ കോടതി തള്ളിയിരുന്നു. അയോധ്യയിലെ വിവാദമായ ബാബരി മസ്ജിദിന്റേതൊഴികെ മറ്റേതൊരു ആരാധനാലത്തിന്റെയും കാര്യത്തിൽ 1947 ആഗസ്റ്റ് 15ലെ സ്ഥിതി തുടരണം എന്ന നിയമം രാജ്യത്തെ പാർലമെൻറ് ആവിഷ്കരിച്ചതാണ്. ആ നിയമത്തിൽ എന്തെങ്കിലും മാറ്റത്തിരുത്തലുകൾ വന്നിട്ടില്ല എന്നിരിക്കെ ഇങ്ങനെ ഒരു സർവേതന്നെ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

നിലവിൽ പാർലമെൻറിൽ വൻ ഭൂരിപക്ഷം കൈയാളുന്ന ബി.ജെ.പി വൈകാതെ ഈ നിയമം പൊളിച്ചെഴുതി ഗ്യാൻവാപി പള്ളിയിലേക്ക് കൈകൾ നീട്ടാനുള്ള സകല സാധ്യതകളും കാണാൻ സാധിക്കും. ഹിന്ദുമതത്തോടുള്ള പ്രതിപത്തിയോ ശിവ ഭഗവാനോടുള്ള ഭക്തിയോ അല്ല അവരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്ന് സുവ്യക്തം. മതത്തിന്റെയും ഭഗവാന്റെയും പേരിൽ ഒച്ചപ്പാടുണ്ടാക്കി ആൾക്കൂട്ടത്തിന്റെ രക്തം തിളപ്പിച്ച് അതു വോട്ടാക്കി മാറ്റുക, രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതു മാത്രമാണ് അവരുടെ അജണ്ട. രാജ്യത്തിന്റെ അസ്തിവാരംതന്നെ ഇളക്കിക്കളയുന്ന അപകടം പിടിച്ച കളിയാണ് അവർ കളിക്കുന്നതെന്ന് നീതിപീഠവും ജനങ്ങളും അവരെ ബോധ്യപ്പെടുത്താൻ ഇനി വൈകിക്കൂടാ.

Tags:    
News Summary - Their target is not only the Masjid in Kashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.