ഇന്ത്യൻ റെയിൽവേ ഈ സാമ്പത്തിക വർഷത്തിൽ, ആറു മാസത്തിനകം രണ്ടാമതും നിരക്കുയർത്തി പുതിയ റെക്കോഡിട്ടിരിക്കുന്നു. 215 കിലോമീറ്ററിനപ്പുറം ഓർഡിനറി ക്ലാസിന് കിലോമീറ്റർ ഒന്നിന് ഒരു പൈസയും മെയിൽ-എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയുമാണ് വർധന. സബർബൻ ട്രെയിനുകളിൽ വർധനയില്ല. മാസാന്ത സീസൺ ടിക്കറ്റുകാരെയും ഒഴിവാക്കി. കഴിഞ്ഞ ജൂലൈയിൽ നിരക്ക് വർധിപ്പിച്ച റെയിൽവേ പാർലമെന്‍റിന്‍റെ ബജറ്റ് സെഷൻ തുടങ്ങും മുമ്പേയാണ് അധികബാധ്യത ചുമത്തിയിരിക്കുന്നത്. ജൂലൈ വർധനയിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ-എക്സ്പ്രസുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചിരുന്നു. വർധിച്ച ചെലവിനനുസൃതമായി യുക്തിസഹമാക്കാനാണ് ചാർജ് വർധനയെന്നാണ് മോദി സർക്കാറിന്‍റെ ന്യായം.
കഴിഞ്ഞ പതിറ്റാണ്ടിൽ റെയിൽവേ ശൃംഖല കൂടുതൽ വികസിച്ചതും ട്രെയിനുകളുടെ എണ്ണം വർധിച്ചതും റെയിൽവേ നടത്തിപ്പും സുരക്ഷയും മെച്ചപ്പെടുത്തിയതും മനുഷ്യവിഭവ ശേഷിയിൽ വലിയ വർധനയുണ്ടാക്കിയെന്നും തന്മൂലമുള്ള സാമ്പത്തികബാധ്യത നേരിടാൻ ചാർജ് വർധനയല്ലാതെ വഴിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. മനുഷ്യവിഭവശേഷി വർധിപ്പിച്ചതുകാരണം ചെലവ് 1,15,000 കോടി രൂപ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ ഓപറേഷൻ ചെലവ് 2,63000 കോടിയാണ്. ഈ ചെലവ് നേരിടാൻ ചരക്കുകടത്ത് വർധിപ്പിച്ചും യാത്രാനിരക്ക് യുക്തിസഹമാക്കുകയുമാണ് റെയിൽവേ കണ്ടെത്തിയ പരിഹാരം. ലോകത്ത് ഏറ്റവും കൂടുതൽ ചരക്കുകടത്തുള്ള രണ്ടാമത്തെ റെയിൽവേയാണ് ഇന്ത്യയുടേത്.
തീവ്ര ദേശീയത വാക്കുകളിൽ കുത്തിനിറക്കുന്ന നരേന്ദ്ര മോദി സർക്കാറും ഭരണരംഗത്തെ പരിഷ്കാരങ്ങളിൽ മുതലാളിത്ത പാതയിലാണ് നീങ്ങുന്നത് എന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നു മാത്രമാണ് റെയിൽവേയിൽ അടിക്കടി നടത്തുന്ന ‘പരിഷ്കാരങ്ങൾ’. ഒരൊറ്റ സാമ്പത്തികവർഷം രണ്ടുതവണ നിരക്കു വർധിപ്പിക്കുന്നത് ജനത്തിന് വിചിത്രമായി തോന്നാമെങ്കിലും ബി.ജെ.പിയുടെ ഫാഷിസ്റ്റു ഭരണരീതി വെച്ചുനോക്കുമ്പോൾ അതിൽ അത്ഭുതമില്ല. ജനങ്ങൾക്ക് സേവനങ്ങൾ സൗജന്യമായും സൗജന്യനിരക്കിലും ലഭ്യമാക്കുകയെന്നതാണ് രാജ്യഭരണത്തിന്‍റെ മുഖ്യ ചുമതലയെന്ന് മനസ്സിലാക്കുന്ന ജനാധിപത്യ, ക്ഷേമരാഷ്ട്ര സർക്കാറാണ് ഇന്ത്യയിലേത് എന്നാണ് വെപ്പ്-അതിനെ എന്തു പേരിട്ടു വിളിച്ചാലും.
എന്നാൽ, അതിൽ നിന്ന് കുതറി സർവ്വ മേഖലയിലും മുതലാളിത്ത താൽപര്യങ്ങൾക്കനുസൃതമായി രാജ്യത്തിന്‍റെ വികസന രൂപരേഖ മാറ്റിപ്പണിയുന്നതിലാണ് കുറച്ചുകാലമായി രാജ്യം ഭരിക്കുന്നവരുടെ ശ്രദ്ധ. കോളനിവാഴ്ചയുടെ അടയാളങ്ങൾ മായ്ക്കുന്നതിന്‍റെ മേനി നടിക്കാറുണ്ട് പ്രധാനമന്ത്രി മുതൽപേർ. എന്നാൽ പുത്തൻ കോളനിവാഴ്ചക്കാരായ ആഗോള മൂലധനശക്തികൾക്ക് കോലംകെട്ടു വഴങ്ങുകയും അവരുടെ ഘടനാപരമായ പരിഷ്കാരങ്ങളിൽ ഭരണം ഉടച്ചുവാർക്കുകയുമാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്. ജനങ്ങൾക്ക് സുരക്ഷിതവും ചെലവു കുറഞ്ഞതുമായ സൗകര്യമൊരുക്കുന്ന റെയിൽവേ സംവിധാനത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മോദി സർക്കാർ നടത്തുന്ന പരിഷ്കാരങ്ങളെല്ലാം വൻകിടക്കാരെ സഹായിക്കുന്നതും സാധാരണ യാത്രക്കാരെ വഹിയാഭാരം ചുമപ്പിക്കുന്നതുമായിത്തീർന്നത് അങ്ങനെയാണ്.
റെയിൽവേ ബജറ്റിനെ പൊതുബജറ്റിന്‍റെ ഭാഗമാക്കി മാറ്റുകയാണ് മോദിസർക്കാർ ആദ്യം ചെയ്തത്. അതിനു പറഞ്ഞ കാരണം റെയിൽവേയുടെ നഷ്ടവും അത് സമ്പദ്ഘടനക്ക് ഏൽപിക്കുന്ന ആഘാതവുമാണ്. റെയിൽവേയുടെ നഷ്ടങ്ങളുടെ പ്രധാനകാരണമായി കണ്ടെത്തിയതാകട്ടെ, കുറഞ്ഞ ചാർജ് അടക്കമുള്ള ജനപ്രിയ നടപടികളും. അതു നികത്തുകയാണ് ഇപ്പോൾ യാത്രാക്കൂലി നിരന്തരം വർധിപ്പിച്ചുകൊണ്ട് യൂനിയൻ സർക്കാർ ചെയ്യുന്നത്. റെയിൽവേ ബജറ്റ് പൊതുബജറ്റിന്‍റെ ഭാഗമായതോടെ, റെയിൽവേയുടെ കൃത്യമായ ലാഭനഷ്ടങ്ങൾ അറിയാൻ മാർഗമില്ലാതായി. ആറുമാസം മുമ്പു ചാർജ് വർധിപ്പിച്ചതുവഴി 700 കോടിയുടെ അധികവരുമാനം ലഭിച്ചു. ഡിസംബർ 26ന് നിലവിൽ വരുന്ന പുതിയ വർധന വഴി മറ്റൊരു 600 കോടിയും ലഭ്യമാകുമെന്നാണ് കണക്ക്.
സാധാരണ യാത്രക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന അധികവരുമാനത്തിന്‍റെ നേട്ടം കൊണ്ടുപോകുന്നതാര് എന്നതും ശ്രദ്ധേയമാണ്. മാനവവിഭവ ശേഷിയിലും സുരക്ഷയുടെ കാര്യത്തിലും മികവുണ്ടാക്കാനാണ് നിരക്കു വർധന എന്ന അവകാശവാദത്തെ ശരിവെക്കുന്നതല്ല നിലവിലെ റെയിൽവേയുടെ കുത്തഴിഞ്ഞ സംവിധാനങ്ങൾ. സുരക്ഷയുടെ കാര്യം മാത്രമെടുത്താൽ തന്നെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ബോധ്യപ്പെടാൻ സമീപകാല അപകടങ്ങളുടെ കണക്കെടുത്താൽ മതി. ഭക്ഷണം, വൃത്തി, വെടിപ്പ് എന്നിത്യാദി അടിസ്ഥാനകാര്യങ്ങളിൽ പോലും നില മോശമായി വരുകയാണ്.
സാധാരണക്കാരുടെ നിരക്ക് വർധിപ്പിക്കുമ്പോഴും അവർക്കു മതിയായ വണ്ടി ഓടിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. പകരം അതിവേഗ സ്പെഷൽ ട്രെയിനുകളാണ് കൂടുതലും അനുവദിക്കുന്നത്. സമൂഹത്തിലെ സമ്പന്നരുടെ യാത്രാസൗകര്യങ്ങളാണ് ഇതുവഴി വർധിക്കുന്നത്. ചരക്കു കടത്തുകൂലി കഴിഞ്ഞ ഏഴുവർഷമായി വർധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അഥവാ, ഏതു നിരക്കുവർധനയും സാധാരണക്കാരുടെ ചെലവിൽ സമ്പന്നർക്ക് നില മെച്ചപ്പെടുത്താനുള്ള മാർഗമായി പരിണമിച്ചിരിക്കുന്നു മോദിയുടെ ‘സബ് കേ സാഥ്, സബ് കേ വികാസ്’ ഭരണത്തിൽ എന്നതിന്‍റെ മുന്തിയ ഉദാഹരണമായി മാറുകയാണ് റെയിൽവേയിലെ നിരക്കുവർധനയും അതിനെ സാധൂകരിക്കാത്ത അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.