പോയ വർഷം ജൂലൈ മധ്യത്തോടെ ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭം ക്രമസമാധാനനില പാടെ തകർത്തതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടേണ്ടിവന്ന പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിനും ഒളിവിൽ കഴിയുന്ന മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിന്’ വധശിക്ഷ വിധിച്ചിരിക്കുന്നു ആ രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ.
പ്രക്ഷോഭം അടിച്ചമർത്തുന്നതിൽ പങ്കുവഹിച്ചതായി സമ്മതിച്ച പൊലീസ് ഐ.ജി അബ്ദുല്ലാ മാമുന് അഞ്ചുവർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട് ട്രൈബ്യൂണൽ. വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേരുടെയും മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടണമെന്നും വിധിയിലുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്തതല്ലാത്ത ഇടക്കാല സർക്കാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘തട്ടിപ്പ് ട്രൈബ്യൂണലി’ന്റെ ഉത്തരവ് പക്ഷപാതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ഹസീനയുടെ പ്രതികരണം. നീതിയാണ് ലക്ഷ്യമെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ഉന്നയിക്കണമായിരുന്നു എന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷം ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിലൂടെ 300ൽ 288 സീറ്റും തന്റെ പാർട്ടി നേടിയ പിൻബലത്തിൽ അധികാരത്തിൽ തുടർന്ന ഹസീന, താൻ തട്ടിക്കൂട്ടിയ വാർ ക്രൈം ട്രൈബ്യൂണൽ, ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെ ലോക മനുഷ്യാവകാശ സംഘടനകളുടെ കടുത്ത എതിർപ്പ് തൃണവൽഗണിച്ച് പ്രതിപക്ഷ നേതാക്കളെ വിചാരണ പ്രഹസനം നടത്തി തൂക്കിലേറ്റിയപ്പോൾ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയില്ല.
1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാക് സേനയോടൊപ്പം ചേർന്ന് യുദ്ധക്കുറ്റങ്ങൾ ചെയ്തുവെന്നാരോപിച്ചായിരുന്നു ജമാഅത്തെ ഇസ്ലാമി അമീർ മുത്വീഉർറഹ്മാൻ നിസാമി, സെക്രട്ടറി അലി അഹ്സൻ മുജാഹിദ്, അസി. സെക്രട്ടറി ഖമറുസ്സമാൻ, മുതിർന്ന നേതാവ് അബ്ദുൽഖാദിർ മുല്ല, ബംഗ്ലാ നാഷനൽ പാർട്ടി നേതാവും മുൻമന്ത്രിയുമായ സ്വലാഹുദ്ദീൻ ചൗധരി, മുസ്ലിം ലീഗ് നേതാവ് ഫുർഖാൻ മലിക് എന്നിവരെ ‘കങ്കാരു ട്രൈബ്യൂണൽ’ നിഷ്കരുണം തൂക്കിലേറ്റിയത്. ഇപ്പോൾ ദാക്ഷിണ്യമില്ലാത്ത ദൈവനീതി തന്നോട് പ്രതികാരം ചെയ്യുമ്പോൾ അവർ ഡോ. മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാറിന്റെ ഇന്റർനാഷനൽ ക്രൈം ട്രൈബ്യൂണലിനെ കങ്കാരു ട്രൈബ്യൂണൽ എന്നുതന്നെ വിളിക്കുന്നു. എക്കാലത്തെയും ഏകാധിപതികളുടെ ദൗർബല്യമായേ ചരിത്രം ഇതിനെ അടയാളപ്പെടുത്തൂ.
2024 ജൂലൈ-ആഗസ്റ്റ് കാലത്ത് രാജ്യത്തെ ഇളക്കിമറിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ 1400 ജീവനാണ് ഹസീന സർക്കാറിന്റെ വെടിയുണ്ടകൾക്കിരയായതെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. നവംബറിൽ ഇന്ത്യൻ പത്രമായ ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ ‘സുരക്ഷാസേന തീർച്ചയായും ചില തെറ്റുകൾ ചെയ്തിട്ടുണ്ട്’ എന്ന് സമ്മതിച്ച മുൻ ബംഗ്ലാ പ്രധാനമന്ത്രി, ഹിംസ തടയാൻ ശ്രമിച്ച ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ജീവനഷ്ടം കുറക്കാനാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് ന്യായീകരിക്കുകയായിരുന്നു. ട്രൈബ്യൂണലിന്റെ വിധി അന്തിമമല്ല, സുപ്രീംകോടതിയിൽ അതിനെതിരെ അപ്പീൽ സമർപ്പിക്കാൻ നിയമം അനുവദിക്കുന്നു. തന്റെ പാർട്ടിയായ അവാമി ലീഗ് കൂടി പങ്കെടുക്കുന്ന സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന സർക്കാറിൽനിന്നേ പ്രതീക്ഷിക്കാനാവൂ എന്നാണവരുടെ നിലപാട്.
ഇപ്രകാരം ശഠിക്കുമ്പോൾ താൻ കാഴ്ചവെച്ച ഭരണമാതൃക നിമിഷനേരത്തേക്ക് പോലും ഹസീന ഓർത്തിട്ടുണ്ടാവില്ല. കാരണം പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദാ സിയായെ തടങ്കലിലിട്ട്, മുഖ്യപ്രതിപക്ഷ പാർട്ടികളിൽ രണ്ടാമത്തേതായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ തൂക്കിലേറ്റി, ഇലക്ഷനിൽ ജമാഅത്ത് പങ്കെടുക്കുന്നത് വിലക്കി, പ്രതിപക്ഷ ബഹിഷ്കരണം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുത്ത തന്റെ 15 വർഷം നീണ്ട ജനാധിപത്യ ഭരണം എന്തുമാത്രം ‘സ്വതന്ത്രവും നിഷ്പക്ഷവു’മാണെന്ന് അവർ തെളിയിച്ചുകഴിഞ്ഞതാണ്. അവാമി ലീഗിന്റെ അഴിഞ്ഞാട്ടം പൗരാവകാശങ്ങളുടെ സകല സീമകളും അതിലംഘിച്ചതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗങ്ങളിലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ മക്കൾ എന്ന വ്യാജേന അവാമി ലീഗിലെ അധികാര ദല്ലാളുമാർക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തുക കൂടി ചെയ്തപ്പോഴാണ് വിദ്യാർഥികൾ പ്രക്ഷുബ്ധരായി തെരുവിലിറങ്ങേണ്ടി വന്നത്. ഇളംതലമുറയുടെ അപ്രതിരോധ്യമായ മുന്നേറ്റത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള സുരക്ഷാസേനയുടെ ദൗത്യമാണ് 1400 മനുഷ്യജീവൻ അപഹരിച്ചത്. പുറത്ത് ‘മതേതരബോർഡ്’ സ്ഥാപിച്ചാൽ എന്ത് അത്യാചാരവും ന്യായീകരിക്കപ്പെടും എന്ന് ഹസീനയും പാർട്ടിക്കാരും ധരിച്ചുവെച്ചിരുന്നിരിക്കണം.
ബംഗ്ലാദേശിലെ ജനങ്ങളുടെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉൾപ്പെടെ താൽപര്യങ്ങൾ നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നാണ്, ഹസീനയെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് മോദി സർക്കാർ പ്രതികരിച്ചിരിക്കുന്നത്. ബംഗ്ലാദേശിൽ തുടരുന്നത് ആത്മഹത്യാപരമാണെന്ന് ബോധ്യമായപ്പോൾ അഭയം തേടി വന്ന ഹസീനക്ക് ഇന്ത്യ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് മനസ്സിലാക്കാൻ കഴിയാത്തതല്ല. എന്നാൽ, സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിൽ പിന്നെ കരുതലോടെയാണ് അയൽരാജ്യവുമായുള്ള നമ്മുടെ സർക്കാറിന്റെ സമീപനം. ഇന്ത്യയുമായി 4000 കി.മീറ്റർ അതിർത്തി പങ്കിടുന്ന, ഒരേസമയം ചൈനയുമായും പാകിസ്താനുമായും അമേരിക്കയുമായും ഉറ്റബന്ധത്തിനു ശ്രമിക്കുന്ന ബംഗ്ലാദേശിനോട് ഈ സന്ദിഗ്ധ ഘട്ടത്തിൽ ഏറ്റുമുട്ടലിന്റെ സമീപനം അഭികാമ്യമല്ല, നയതന്ത്രതലത്തിൽ ബന്ധം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതാണ് ആരോഗ്യകരം എന്നു തിരിച്ചറിഞ്ഞാണ് സംഭവങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നതെന്നുവേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.