നാവ് ചൂലാക്കുന്ന വിദ്യ

പ്രസംഗകലയുടെ അപാര സാധ്യതകളെക്കുറിച്ച് തന്‍െറ ആത്മകഥയില്‍ (മെയ്ന്‍ കാംഫ്) അഡോള്‍ഫ് ഹിറ്റ്ലര്‍ പറയുന്നത് ഇങ്ങനെ: ‘‘പ്രസംഗങ്ങളാണ് എക്കാലവും വാക്കുകളെക്കാള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയിട്ടുള്ളതെന്ന് എനിക്കറിയാം. ഏതൊരു മഹാപ്രസ്ഥാനവും അതിന്‍െറ വളര്‍ച്ചക്ക് കടപ്പെട്ടിരിക്കുന്നത് മഹാന്മാരായ പ്രസംഗകരോടാണ്, എഴുത്തുകാരോടല്ല.’’ വിമര്‍ശകരെ നേരിടാനും രാഷ്ട്രീയപ്രതിയോഗികളെ അടിച്ചിരുത്താനും വാക്സാമര്‍ഥ്യം മൂര്‍ച്ചയുള്ള ആയുധമാക്കുന്ന ഏകാധിപതികളെല്ലാം തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ വസ്തുനിഷ്ഠമായി ഖണ്ഡിക്കാനോ മാന്യമായി പ്രതികരിക്കാനോ തയാറാകാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം മുതല്‍ പിന്തുടരുന്നത് താന്‍പ്രമാണിത്തത്തില്‍ അഭിരമിക്കുന്ന ഏകാധിപതികളുടെ ഈ പാതയാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

വിമര്‍ശനത്തെ അശേഷം സഹിഷ്ണുതാപൂര്‍വം കേള്‍ക്കാന്‍ സന്നദ്ധനല്ലാത്ത മോദി, രാഷ്ട്രീയപ്രതിയോഗികളെ അധിക്ഷേപിക്കാനും വ്യക്തിഹത്യനടത്താനും തന്‍െറ വാക്ചാതുരിയെ മാന്യതയുടെ നിഷ്ഠ മറന്ന്, പ്രയോഗിക്കുന്നുവെന്ന ആരോപണം തള്ളിക്കളയാനാകില്ല.  നവംബര്‍ എട്ടിന്‍െറ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം മോദിയില്‍നിന്ന് ലോകം ശ്രവിച്ചതൊന്നും വസ്തുതകളോ യാഥാര്‍ഥ്യങ്ങളോ അല്ല. ജനായത്തക്രമത്തില്‍ ജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍പോലും മറച്ചുവെച്ച് ഒരുവേള മൗനം ദീക്ഷിച്ച പ്രധാനമന്ത്രി, ചൊവ്വാഴ്ച ലോക്സഭയിലും ബുധനാഴ്ച  രാജ്യസഭയിലും നടത്തിയ മാരത്തണ്‍ പ്രസംഗങ്ങള്‍, സൂക്ഷ്മമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. നോട്ട് അസാധുവാക്കിയ നടപടി കോടിക്കണക്കിനു മനുഷ്യരെ ജീവിതപ്പെരുവഴിയില്‍ ദുരിതങ്ങളിലും മരണങ്ങളിലും തള്ളിവിട്ട് പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനത്തില്‍ മോദി കുറ്റകരമായ മൗനത്തില്‍ ഒളിച്ചിരുന്നത് ആരും മറന്നിട്ടില്ല. നോട്ട് കെടുതികള്‍ക്ക് എന്ന് അറുതിയുണ്ടാകുമെന്നോ സാമ്പത്തികദുരിതങ്ങളില്‍പെട്ട് ഉഴലുന്ന കോടിക്കണക്കിനു മനുഷ്യര്‍ക്ക് എങ്ങനെ പ്രതിസന്ധി മറികടക്കാനാകുമെന്നോ തുറന്നുപറയാന്‍ അന്ന് അദ്ദേഹം തയാറായിരുന്നില്ല.

എതിര്‍ശബ്ദത്തെയും വിമര്‍ശനത്തെയും നരേന്ദ്ര മോദി വല്ലാതെ ഭയപ്പെടുന്നുണ്ട് എന്ന് മാത്രമല്ല, തന്‍െറ പ്രതിച്ഛായ നിര്‍മിതിയില്‍ തടസ്സമാകുന്ന ഒന്നിനെയും പൊറുക്കാനും അദ്ദേഹം തയാറല്ല എന്നതിനു തെളിവാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരായ അതിരുവിട്ട അധിക്ഷേപങ്ങളും പരിഹാസങ്ങളും. നോട്ട് അസാധുവാക്കിയ നടപടിയെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിഷ്കൃഷ്ടമായി വിലയിരുത്തിയ ഡോ. മന്‍മോഹന്‍ സിങ് അത്  ചരിത്രപരമായ മണ്ടത്തമാണെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനു സമാനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ സിങ്ങിന്‍െറ വാക്കുകള്‍ക്ക് മീഡിയ നല്‍കിയ അര്‍ഹിക്കുന്ന പ്രാധാന്യം മോദിയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായി. കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍ സാഹിബിനേ അറിയൂ എന്നാണ് മോദി പരിഹസിച്ചത്. ഒട്ടേറെ സാമ്പത്തിക കുംഭകോണങ്ങളുണ്ടായിട്ടും മന്‍മോഹന്‍െറ ശരീരത്തില്‍ അഴിമതിയുടെ ചളി പുരളാത്തതിലുള്ള കുണ്ഠിതമാകാം മോദിയെ എരിപൊരികൊള്ളിക്കുന്നത്. രാഹുല്‍ ഗാന്ധിയെയും പ്രധാനമന്ത്രി വെറുതെവിട്ടില്ല.

കോര്‍പറേറ്റ് ഭീമന്മാരില്‍നിന്ന് മോദി വന്‍തുക കൈപ്പറ്റിയതിന്‍െറ തെളിവ് തന്‍െറ പക്കലുണ്ടെന്നും വിവരങ്ങള്‍ മുഴുവന്‍ പുറത്തുവിട്ടാല്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നും രാഹുല്‍ മുമ്പ് പറഞ്ഞത് മോദി മനസ്സില്‍വെച്ച് നടക്കുകയാണെന്ന് തോന്നുന്നു. ഇന്നലെ ഇവിടെ ഭൂകമ്പമുണ്ടായി എന്നു പറഞ്ഞ് ബി.ജെ.പി അംഗങ്ങള്‍ക്കിടയില്‍ കൂട്ടച്ചിരി ഉണര്‍ത്താനും മോദി സമയം കണ്ടത്തെി. എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനായ ഒരു ‘സൂപ്പര്‍മാനെ’ സ്വയം സൃഷ്ടിച്ചെടുക്കാനുള്ള യത്നത്തില്‍ കാല്‍പനിക ശത്രുക്കളെ സൃഷ്ടിച്ച് ജനങ്ങളുടെ മുന്നില്‍ പ്രതിഷ്ഠിക്കുന്ന വിചിത്രമായൊരു തന്ത്രം മോദി പയറ്റുകയാണ്. തന്‍െറ ജീവന്‍ അപായത്തിലാണെന്നും ജനങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലിനല്‍കാന്‍ താന്‍ തയാറാണെന്നും കൂടക്കൂടെ പറയുന്നത് ഈ തന്ത്രത്തിന്‍െറ ഭാഗമാണ്. യഥാര്‍ഥത്തില്‍, മോദിയില്‍നിന്ന് ജനങ്ങള്‍ക്കാണ് ജീവഭയം ഉണ്ടാകുന്നതെന്ന് അവരുടെ കൈയിലുള്ള പണം മുഴുവന്‍ അസാധുവാക്കിയപ്പോള്‍ തെളിഞ്ഞതാണ്.

നവംബര്‍ എട്ടില്‍നിന്ന് ഫെബ്രുവരി എട്ടിലേക്ക് എത്തിയിട്ടും പണത്തിന്‍െറ ഒഴുക്ക് പൂര്‍വസ്ഥിതിയിലേക്ക് പൂര്‍ണമായി തിരിച്ചുപോയിട്ടില്ല. എന്നാല്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാവണം ഈമാസം 20 തൊട്ട് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കയാണ്. വോട്ടും അധികാരവുമാണല്ളോ പ്രധാനം. നോട്ട് അസാധുവാക്കലിനു താന്‍ കൈക്കൊണ്ട തീരുമാനം സമാനതകളില്ലാത്തതാണെന്നും വരുംകാലങ്ങളില്‍ സാമ്പത്തിക പണ്ഡിതന്മാരും സര്‍വകലാശാലകളും ഇതേക്കുറിച്ച് പഠനം നടത്തുമെന്നുമാണ് മോദി കഴിഞ്ഞദിവസം ആവേശംകൊണ്ടത്. ‘ഡിമോണിറ്റൈസേഷന്‍’ എന്ന, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തത്തെ വാചാടോപങ്ങള്‍കൊണ്ട് പാവനവത്കരിക്കാമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നുണ്ടെങ്കില്‍ അത് ജനങ്ങളുടെ സാമാന്യബുദ്ധിയോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കൂ.

Tags:    
News Summary - prime minister narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.