‘‘ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. പറയൂ, അതു തെളിയിക്കാൻ ഞങ്ങൾ എന്തു സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്?’’-അതിർത്തിസേനയിൽ ഹെഡ്കോൺസ്റ്റബിളായി രാജ്യത്തെ സേവിക്കുന്ന ഒരു ഇന്ത്യക്കാരന്റെ രണ്ടു മക്കൾ, വംശവെറിയും പറഞ്ഞ് തല്ലിക്കൊല്ലാൻ വന്ന കൊലയാളികളോട് കെഞ്ചിച്ചോദിച്ചതാണിത്. ഏക സിവിൽകോഡ് പാസാക്കി, ബഹുഭാര്യത്വവും മതപരിവർത്തനവുമൊക്കെ നിരോധിച്ച് ഹിന്ദുരാഷ്ട്രക്രമത്തിലേക്ക് കുതിക്കുന്ന സംഘ്പരിവാറിന്റെ മാതൃകാസംസ്ഥാനമായ ഉത്തരാഖണ്ഡിന്റെ തലസ്ഥാനത്ത് ഡറാഡൂണിലാണ് അൻജേൽ ചക്മ എന്ന ത്രിപുരക്കാരൻ എം.ബി.എ വിദ്യാർഥിയെ വിദേശി മുഖലക്ഷണം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊന്നത്. വൈകീട്ട് പലവ്യഞ്ജനക്കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു ഡറാഡൂണിലെ ജിജ്ഞാസ സർവകലാശാലയിൽ മാനേജ്മെന്റ് വിദ്യാർഥിയായ ത്രിപുരയിലെ ചക്മ ഗോത്രവിഭാഗക്കാരൻ അൻജേലും അവിടെത്തന്നെ ഉത്തരാഞ്ചൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന സഹോദരൻ മിഷേലും. നഗരപ്രാന്തത്തിൽ അവരെ ഏതാനും പേർ വളഞ്ഞ് ചൈനക്കാരെന്നു തോന്നുന്നല്ലോ എന്നുപറഞ്ഞ് ആക്രമിച്ചു. തങ്ങൾ ഇന്ത്യക്കാരാണെന്ന് അൻജേൽ തീർത്തുപറഞ്ഞത് അക്രമികൾക്ക് പിടിച്ചില്ല. കത്തിയെടുത്ത് കഴുത്തിൽ വെട്ടിയും വയറു കുത്തിക്കീറിയും അവർ പകവീട്ടി. മിഷേലിന് തലക്ക് ഗുരുതരമായ പരിക്കേറ്റു. രണ്ടാഴ്ച ആശുപത്രിയിൽ മരണത്തോടു മല്ലടിച്ച അൻജേൽ ശനിയാഴ്ച പുലർച്ചെ മരിച്ചു. അതോടെ ത്രിപുരയിൽ സ്വാധീനമുള്ള ചക്മ വിഭാഗത്തിൽ പ്രതിഷേധമുയർന്നിരിക്കുന്നു. യൂത്ത് തിപ്ര ഫെഡറേഷൻ (വൈ.ടി.എഫ്), ഗോത്ര ആദിവാസി വിദ്യാർഥി ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ, കുറ്റക്കാരെ പിടികൂടി ശിക്ഷിക്കണമെന്നും സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്നുമാണ് അവരുടെ ആവശ്യം.
പ്രബുദ്ധ കേരളത്തിൽ പാലക്കാട്ടെ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢുകാരൻ രാംനാരായൺ ഭാഗേലിനെ ‘നീ ബംഗ്ലാദേശുകാരനാണോടാ’ എന്നു ചോദിച്ച് വംശവെറിയുടെ വൈതാളികർ തല്ലിക്കൊന്നിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. ഏതാണ്ട് അതേസമയത്തു തന്നെയാണ് പരവിദ്വേഷം കത്തിച്ചുനിർത്തുന്ന ഉത്തരാഖണ്ഡിൽ വംശീയഹത്യ നടക്കുന്നത്. ചക്മ സഹോദരങ്ങളെ ആക്രമിച്ചവർ മദ്യലഹരിയിലായിരുന്നു എന്നു പറയുന്നു. പാലക്കാട്ടെ സംഭവത്തിലും ഈ കാരണം ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ, ആ സംശയം വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. മദ്യലഹരിയിൽ ആളുകളുടെ മേക്കിട്ടുകയറാനും അവരെ തല്ലിക്കൊല്ലാനും വരെ പരമത, അന്യജാതി, വിദേശി വിദ്വേഷം നിമിത്തമാകുന്നുവെങ്കിൽ ആളുകളുടെ ഉപബോധമനസ്സിൽ ഈ വിദ്വേഷക്കനൽ എത്രമേൽ എരിയുന്നു എന്നാണ് അത് കാണിക്കുന്നത്. രാജ്യത്ത് മതത്തിന്റെ, ജാതിയുടെ, പ്രദേശത്തിന്റെ പേരിലുള്ള വംശീയവെറി ആളുകളെ ഉന്മാദലഹരിയിലേക്കും തല്ലിക്കൊലകളിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണ് എന്നതിന്റെ തെക്കും വടക്കുമുള്ള ഏറ്റവും പുതിയ തെളിവുകളാണ് പാലക്കാട്ടും ഡറാഡൂണിലും കണ്ടത്. സംഭവത്തിൽ പൊലീസ് പ്രതിചേർത്ത ആറുപേരിൽ രണ്ടുപേർ പ്രായപൂർത്തി തികയാത്തവരാണ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും വംശവെറി കുത്തിവെക്കാനും അത് കത്തിപ്പടർത്താനുമുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങളിലേർപ്പെടുമ്പോൾ അത് അണികൾ അതേപടി ഏറ്റെടുക്കുന്നതിന്റെ ഫലമാണ് ആൾക്കൂട്ടക്കൊല എന്ന കാര്യത്തിൽ സംശയമില്ല. ഒരു വിഭാഗത്തിനെതിരെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തുമ്പോൾ അവരുടെ ജീവന് വിലയില്ലെന്നും അവരെ ആർക്കും തട്ടിക്കളിക്കാമെന്നുമുള്ള സാമാന്യവത്കരണത്തിലേക്ക് അനുയായികളും മറ്റും എത്തിച്ചേരും. ആരെയും ആർക്കും കൊല്ലാനും ബംഗ്ലാദേശി, ചൈനീസ്, പാകിസ്താനി സംശയങ്ങൾ ന്യായമായി മാറുന്നതാണല്ലോ ഈ സംഭവങ്ങളിലെല്ലാം കാണുന്നത്. മതാടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇന്ന് മുസ്ലിംകളും ക്രൈസ്തവരും ഈ വംശവെറിയുടെ ഇരകളായിക്കഴിഞ്ഞെന്ന് ഈ ക്രിസ്മസ് കാലത്ത് നടന്ന ആൾക്കൂട്ട അതിക്രമങ്ങൾ തെളിയിക്കുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നേരിടുന്ന ദേശീയതയുടെ പേരിലുള്ള വംശവെറിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട് അൻജേലിന്റെ കൊലപാതകം. വടക്കുകിഴക്കൻ മേഖലയിലുള്ളവർ സംസ്ഥാനത്തിനു പുറത്ത് ചൈനക്കാരെന്ന അധിക്ഷേപത്തിൽ അതിക്രമത്തിനിരയാകുന്നുവെന്നാണ് ഗോത്രവർഗക്കാരുടെ പരിഭവം. ചൈന നമ്മുടെ രാജ്യത്തേക്ക് കടന്നുകയറാതെ സൂക്ഷിച്ചത് ദേശസ്നേഹികളായ ഞങ്ങളുടെ തലമുറകളായുള്ള ധീരമായ ചെറുത്തുനിൽപാണെന്ന് വംശീയവാദികൾ അറിയണമെന്ന് തിപ്ര മോത പാർട്ടി അധ്യക്ഷൻ പ്രദ്യുത് ബിക്രം മാണിക്യ ദെബ്ബാർമ ഓർമിപ്പിക്കുന്നു. വടക്കെ ഇന്ത്യയിൽ നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്നുള്ളവർക്കെതിരായ വംശീയ വിവേചനവും വിദ്വേഷവും പതിവായി മാറിയിരിക്കുകയാണ് എന്നവർ കുറ്റപ്പെടുത്തുന്നു. ഉത്തരേന്ത്യക്കാർ തങ്ങളുടെ നാട്ടിൽ എത്തുമ്പോൾ സ്വന്തം നാട്ടുകാരായി പരിഗണിച്ചു സൽക്കരിക്കുന്നതാണ് തങ്ങളുടെ ശീലമെന്നും എന്നാൽ അതിനു പകരം കിട്ടുന്നത് തല്ലും കൊലയുമാണെന്നും അവർ സങ്കടപ്പെടുന്നു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതെന്നും നീതി നടപ്പാക്കി അതിനെ ചെറുക്കണമെന്നുമാണ് ചക്മ സംഘടനകളുടെ ആവശ്യം. മുഖ്യമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കളും മന്ത്രിമാരും തന്നെ വംശീയ പ്രചാരണങ്ങളും വിദ്വേഷ പ്രസ്താവനകളും ആഹ്വാനങ്ങളുമായി കളം നിറഞ്ഞാടുന്ന ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽനിന്ന് നീതി പ്രതീക്ഷിക്കുന്നതെങ്ങനെ? സംഭവത്തിൽ കേസെടുത്ത പൊലീസ് വംശവെറിയുടെ വകുപ്പുകൾ ചേർക്കാൻ തയാറായിട്ടില്ല. അൻജേൽ സംഭവത്തിൽ പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ച കലാശാല വിദ്യാർഥികൾ, വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്കെതിരെ ദേശീയതലത്തിൽ തന്നെ നിയമനിർമാണം വേണമെന്ന ആവശ്യമുയർത്തിയിരിക്കുന്നു. ഏറെ പ്രസക്തമായ ഈയാവശ്യം ഒരു ബഹുജന പ്രക്ഷോഭമായി ഉയർന്നുവരേണ്ട അതിഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.