പണവും ക്രിമിനലിസവും മദ്യവും പിന്നെ തെരഞ്ഞെടുപ്പും

ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യത കല്‍പിക്കണമെന്ന് ഇലക്ഷന്‍ കമീഷനും നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടുവരുകയാണെങ്കിലും ഈ ദിശയില്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ളെന്നതാണ് ദു$ഖകരമായ സത്യം. തന്മൂലം ഓരോ തെരഞ്ഞെടുപ്പിലും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ബാനറില്‍ മത്സരരംഗത്തിറങ്ങുന്നവരിലും ജയിച്ചുകയറുന്നവരിലും ക്രിമിനലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.

ഏറ്റവുമൊടുവില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ടം ബുധനാഴ്ച നടക്കാനിരിക്കെ, യു.പിയില്‍ മത്സരരംഗത്തുള്ള വിവിധ പാര്‍ട്ടിക്കാരില്‍ മൂന്നിലൊന്നും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന കണക്കുകള്‍ ഞെട്ടലുളവാക്കുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പോലുള്ള പ്രമാദ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ഇതിലുള്‍പ്പെടുന്നു. പത്രിക സമര്‍പ്പിച്ച വേളയില്‍ അവര്‍ സ്വയം പ്രഖ്യാപിച്ച രേഖകള്‍ വിളിച്ചോതുന്നതാണീ വിവരം. യു.പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 4823 സ്ഥാനാര്‍ഥികളില്‍ 859 പേരും തങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രിമിനലുകളുടെ അനുപാതം എട്ടുശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 19 ആയി ഉയര്‍ന്നിട്ടുണ്ട്.

ബി.എസ്.പിക്കാണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം. പാര്‍ട്ടിയുടെ 400 സ്ഥാനാര്‍ഥികളില്‍ 150 പേരും പ്രതിക്കൂട്ടില്‍ കയറിയവരോ കയറേണ്ടവരോ ആണ്. അതായത്, 40 ശതമാനം! യു.പി ഭരണം പിടിച്ചെടുക്കുമെന്ന് ആവേശത്തോടെ അവകാശപ്പെടുന്ന ബി.ജെ.പിയും ഒട്ടും പിന്നിലല്ല. 36 ശതമാനമാണ് കാവിപ്പടയുടെ സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസ് പ്രതികള്‍. സമാജ്വാദി പാര്‍ട്ടിയും 37 ശതമാനം ക്രിമിനല്‍ കേസ് പ്രതികളെ രംഗത്തിറക്കിയിട്ടുണ്ട്. 103 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 30 ശതമാനം ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. സംസ്ഥാനത്തെ പ്രബലകക്ഷികള്‍ കുറ്റവാളികളെ മാത്രമല്ല, കോടീശ്വരന്മാരെയും കൂട്ടുപിടിക്കുന്നതില്‍ അമാന്തം കാണിച്ചിട്ടില്ല. സ്വയം വെളിപ്പെടുത്തിയ വിവരപ്രകാരംതന്നെ 30 ശതമാനം അതിസമ്പന്നരുണ്ട് സ്ഥാനാര്‍ഥികളില്‍.

അങ്ങനെ പണക്കാരും ക്രിമിനലുകളും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടുകളുടെ പിടിയിലാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മായാവതിയുടെ ബി.എസ്.പിക്കോ പിന്നാക്കക്കാരുടെ പേരില്‍ ആണയിടുന്ന എസ്.പിക്കോ ദേശസ്നേഹത്തിന്‍െറ കുത്തകക്കാരായ ബി.ജെ.പിക്കോ മഹാത്മ ഗാന്ധിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസിനോ ജനാധിപത്യം ഇവ്വിധം ഹൈജാക് ചെയ്യപ്പെടുന്നതില്‍ ഒരുവിധ ഖേദമോ പരിഭവം പോലുമോ ഇല്ളെന്നതാണ് തിക്തയാഥാര്‍ഥ്യം. തന്‍െറ മന്ത്രിസഭയില്‍ അംഗമായ ഗായത്രി പ്രസാദ് പ്രജാപതിയെ ബലാത്സംഗ കേസില്‍ പ്രതിയായിട്ടും എന്തുകൊണ്ട് പുറത്താക്കുന്നില്ളെന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്.

കൊലപാതകം, ബലാത്സംഗം, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ പുറത്താക്കാമെന്നുവെച്ചാല്‍ തന്‍െറ കൂടെ അധികമാരും അവശേഷിക്കുകയില്ളെന്ന യാഥാര്‍ഥ്യബോധമാവാം ഒരുവേള അഖിലേഷിനെ നടപടിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്! എത്ര പ്രമാദമായ കേസാണെങ്കിലും അന്തിമവിധി വരാന്‍ ഇന്ത്യാ രാജ്യത്ത് അനേകം സംവത്സരങ്ങള്‍തന്നെ വേണ്ടിവരുമെന്ന വസ്തുത, ക്രിമിനലുകളെ സ്ഥാനാര്‍ഥികളാക്കാനും ജയിപ്പിക്കാനും മന്ത്രിമാരാക്കാനും പാര്‍ട്ടികള്‍ക്ക് തുണയാവുകയാണ്. അധികാരപദവികളാകട്ടെ, തെളിവുകള്‍ നശിപ്പിക്കാനും തേച്ചുമാച്ചു കളയാനും വേണ്ടവിധം അവസരമൊരുക്കുകയും ചെയ്യുന്നു. ജനാധിപത്യത്തെയും തെരഞ്ഞെടുപ്പുകളെയും അര്‍ഥശൂന്യമാക്കുന്ന ഈയേര്‍പ്പാട് അവിരാമം തുടരുന്നതിനോട് സാമാന്യജനവും ഏറക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ക്രിമിനല്‍ ആയാലെന്ത്, കാര്യങ്ങള്‍ സാധിപ്പിക്കുന്നതില്‍ അയാള്‍ മിടുക്കനാണ് എന്നതാണ് മന്ത്രിമാരിലും ജനപ്രതിനിധികളിലും ജനം കാണുന്ന യോഗ്യത.

അതോടൊപ്പം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ മദ്യവും പണവും ഒഴുകിയത് അഞ്ചു നിയമസഭകളിലേക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലാണെന്ന് പറയുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. നസീം സെയ്ദി. 2012ലെ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്നിരട്ടി മദ്യവും പണവുമാണ് ഈ തെരഞ്ഞെടുപ്പില്‍ പിടികൂടിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 350 കോടി രൂപ ഇതിനകം പിടിച്ചെടുത്തു. യു.പിയില്‍ മാത്രം 60 കോടിയുടെ മദ്യം പിടികൂടിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഒഴുകിയതിന്‍െറ പത്തിലൊന്നുപോലും വരില്ല ഈ കണക്കെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇങ്ങനെ വന്‍തുക കൈക്കൂലി വാങ്ങിയും വെറുതെ കിട്ടിയ മദ്യത്തില്‍ ആറാടിയും വോട്ട് ഏത് ക്രിമിനലിനും വില്‍ക്കുന്നവര്‍ എന്ത് ക്ഷേമരാജ്യമാണ് പ്രതീക്ഷിക്കുന്നത്? അവര്‍ തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികള്‍ ഏതുതരത്തിലുള്ള വികസനമാണ് കൊണ്ടുവരാന്‍ പോകുന്നത്? അതീവ ഗുരുതരമായ ഈ വിഷമവൃത്തത്തില്‍നിന്ന് രാജ്യം മോചനം നേടാതെ നാട്ടില്‍ സമാധാനവും സൗഹൃദവും സമൃദ്ധിയും പുലരുന്ന ‘അച്ഛേ ദിന്‍’ വരുമെന്ന് ഏത് മോദി പറഞ്ഞാലും അത് വെറും വീമ്പിളക്കല്‍ മാത്രമാണ്.

Tags:    
News Summary - money, criminalism, liquor and election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.