മലപ്പുറത്തെ ബോംബ്

നവംബര്‍ ഒന്നിന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള ദുരൂഹത ഇതെഴുതുമ്പോഴും നീങ്ങിയിട്ടില്ല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റജി കെ. കുഴിയേലില്‍ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷെവര്‍ലെ കാറിലാണ്  ഉച്ചക്ക് ഒരു മണിക്ക് സ്ഫോടനം ഉണ്ടായത്. പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് സംഭവത്തിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിലെ പ്രതികളെ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവന്ന് ദുരൂഹതയും സംശയങ്ങളും അകറ്റുകയെന്നത് അടിയന്തര കര്‍ത്തവ്യമാണ് എന്നതില്‍ തര്‍ക്കമില്ല.

മലപ്പുറം സ്ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയോ ചെയ്തിട്ടില്ല. അതായത്, പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതുപോലെ ഉഗ്ര സ്ഫോടനം എന്നു പറയാവുന്നവിധം തീവ്രതയുള്ളതാണ് അത് എന്നു പറയാന്‍ കഴിയില്ല. പക്ഷേ, സംഗതി മലപ്പുറത്തായതിനാല്‍, മലപ്പുറത്തെക്കുറിച്ച് നമ്മുടെ പൊതുബോധത്തില്‍ അടിയുറച്ച മുന്‍വിധികളുള്ളതു കാരണം പലവിധ പ്രചാരണങ്ങള്‍ ബോധപൂര്‍വം നടത്തപ്പെടുന്നുണ്ട്. ബോംബ് സ്ഫോടനങ്ങള്‍ കേരളത്തില്‍ പുതിയ കാര്യമല്ല. ബോംബ് പൊട്ടിച്ച് ആളുകളെ കൊല്ലുകയെന്നത് നാടന്‍ കലാരൂപമായി വികസിപ്പിച്ചവരാണ് കേരളത്തിലെ ഭരണകക്ഷിയായ സി.പി.എമ്മും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയും. കണ്ണൂര്‍ ജില്ലയില്‍ അവര്‍ ഇപ്പോഴും പൂര്‍വാധികം ആഡംബരത്തോടെ പ്രസ്തുത പരിപാടികള്‍ തുടര്‍ന്നുപോരുന്നുമുണ്ട്. പക്ഷേ, അപ്പോഴൊക്കെ താരതമ്യേന സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്ന ജില്ലയാണ് മലപ്പുറം. തെരഞ്ഞെടുപ്പ് കാലത്ത്, സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളുടെ കണക്കെടുത്താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. മലപ്പുറം ജില്ലയിലാണ് അത്തരം ബൂത്തുകള്‍ ഏറ്റവും കുറവ് എന്നതാണത്. അങ്ങനെയൊക്കെയാണെങ്കിലും മലപ്പുറം വല്ലാത്ത അപകടം പിടിച്ച സ്ഥലമാണ് എന്ന മട്ടിലാണ് മുഖ്യധാരാ മാധ്യമങ്ങളും വലതു, ഇടതു, ലിബറല്‍ സമൂഹവും അടയാളപ്പെടുത്താറുള്ളത്. അതുകൊണ്ടാണ് ആര്‍ക്കും പരിക്കുപോലും പറ്റാത്ത സിവില്‍ സ്റ്റേഷന്‍ സ്ഫോടനത്തെ ഹിരോഷിമക്ക് ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണം എന്ന മട്ടില്‍ പല മാധ്യമങ്ങളും വിശകലന വിശാരദന്മാരും കൈകാര്യം ചെയ്യുന്നത്.

മലപ്പുറം ജില്ലയിലെ താനൂരില്‍ 1993ല്‍ ഒരു ആര്‍.എസ്.എസുകാരന്‍ ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു. അതേക്കുറിച്ച് അന്വേഷിച്ച പൊലീസ് സംഘം ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവിട്ടത്. ആര്‍.എസ്.എസിന്‍െറതന്നെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കെതിരെ എറിയാന്‍ കരുതി വെച്ചിരുന്ന ബോംബായിരുന്നുവത്രെ അത്. കുട്ടികളെ ബോംബെറിഞ്ഞു കൊന്ന് അത് മുസ്ലിം ഭീകരരുടെ തലയില്‍ കെട്ടിവെച്ച് കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയെന്നര്‍ഥം. മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചുവെന്നാണ് അതേക്കുറിച്ച് അന്നത്തെ ജില്ല പൊലീസ് മേധാവി പറഞ്ഞത്. ഇമ്മാതിരി ഭീകരര്‍ മാന്യന്മാരായി നടക്കുന്ന നാടാണിത്. അതിനാല്‍തന്നെ പുതിയ സ്ഫോടനത്തെക്കുറിച്ചും സമഗ്രതലത്തില്‍ അന്വേഷിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ട ചുമതല സര്‍ക്കാറിനുണ്ട്. മലപ്പുറത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുതിയ ദൈവങ്ങള്‍ ആരൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്.
സംഭവത്തെ ഗൗരവത്തില്‍ കാണുമെന്നും കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരുമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് നമുക്ക് വിശ്വാസത്തിലെടുക്കാം. അതേസമയം, മലപ്പുറത്തെക്കുറിച്ചും അവിടെ കൂടുതലായി അധിവസിക്കുന്ന മുസ്ലിം ജനവിഭാഗത്തെക്കുറിച്ചുമുള്ള മുന്‍വിധികള്‍ ഇടതുപക്ഷ സര്‍ക്കാറിനും അവര്‍ നിയന്ത്രിക്കുന്ന പൊലീസിനും ഇല്ല എന്നു പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. വിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകനെതിരെയും ആര്‍.എസ്.എസ് പ്രഭാഷകനെതിരെയും പരാതി വന്നപ്പോള്‍ സലഫി പ്രഭാഷകനെതിരെ മാത്രം യു.എ.പി.എ ചുമത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന നാടാണിത്. അതിനാല്‍തന്നെ മലപ്പുറത്തെ ബോംബിനെ മറ്റ് സ്ഥലങ്ങളിലെ ബോംബുകളെപ്പോലെ കാണാന്‍ സര്‍ക്കാറും പൊലീസും സന്നദ്ധമാവുമെന്ന് വിചാരിക്കാന്‍ മാത്രം നിഷ്കളങ്ക സാധുക്കളാകാന്‍ നമുക്ക് കഴിയില്ല. ബോംബിനെക്കാള്‍ പ്രഹരശേഷിയുള്ള മുന്‍വിധികളും ഇരട്ട സമീപനങ്ങളും കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍. അതിനാല്‍ അവര്‍ ശരിയാംവണ്ണം കാര്യങ്ങള്‍ നടത്തുമോയെന്നത് കാത്തിരുന്നു കാണേണ്ട സംഗതി തന്നെയാണ്.
Tags:    
News Summary - malappuram explosion madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.