ഡിസംബർ ഒമ്പത്, 11 തീയതികളിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രികകൾ സമർപ്പിച്ചവർക്ക് പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ ചിത്രം തെളിഞ്ഞിരിക്കുന്നു. അതുപ്രകാരം ഇപ്പോൾ ഇലക്ഷൻ നടക്കേണ്ടതില്ലാത്ത മട്ടന്നൂർ നഗരസഭ ഒഴിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള 1199 ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ മൊത്തം 23576 വാർഡുകളിലേക്ക് 72005 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 37786 സ്ത്രീകൾ, 34218 പുരുഷന്മാർ, ഒരു ട്രാൻസ്ജെൻഡറും. അന്തിമ കണക്കിൽ ഇനിയും മാറ്റങ്ങൾ വരാം. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലേക്കാൾ വീറും വാശിയും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമാവുക സ്വാഭാവികമാണ്.
സാധാരണ പൗരർക്ക് ഭാഗ്യപരീക്ഷണത്തിന് അവസരമൊരുക്കുന്നു എന്നതാണ് ഒരു കാരണം. കേരളത്തിൽ ആറുമാസത്തിനകം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതിനിർണയിക്കുന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് അവഗണിക്കാനാവാത്ത പങ്കുണ്ട് എന്ന കണക്കുകൂട്ടലും ഒരു ഹേതുവാണ്. അതുകൊണ്ടുകൂടി, ഭരണത്തിന്റെ മൂന്നാമൂഴം ലഭിച്ചേ തീരൂ എന്ന് തീരുമാനിച്ച എൽ.ഡി.എഫും തുടർച്ചയായി പത്തുവർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്ന യു.ഡി.എഫും കേന്ദ്രത്തിലും 20 സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കേ കേരള നിയമസഭയിൽ അക്കൗണ്ടില്ലാത്ത ദുരവസ്ഥ മാറ്റാൻ തക്കം പാർത്ത് നടക്കുന്ന എൻ.ഡി.എയും ഒരുപോലെ അരയും തലയും മുറുക്കി പോരാട്ടത്തിനിറങ്ങിയതിൽ അസ്വാഭാവികതയില്ല. ജനപ്രീതി അളക്കുന്നതിന്റെ പ്രഥമ മാനദണ്ഡമാണ് പഞ്ചായത്ത്-നഗരസഭകളിലെ വോട്ടും പ്രാതിനിധ്യവും എന്നാണല്ലോ കണക്കാക്കപ്പെടുന്നത്.
അതേസമയം, ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികളെ മുമ്പെന്നത്തേക്കാളും കുഴക്കുന്ന വെല്ലുവിളിയായിത്തീർന്നിരിക്കുന്നത് പരക്കെ പ്രകടമാവുന്ന വിമത ഭീഷണിയാണ്. തലസ്ഥാന നഗരിയിലെ വാശിയേറിയ പോരാട്ടത്തിൽ മൂന്ന് മുന്നണികൾക്കും തലവേദനയായിരിക്കുന്നു രംഗം വിടാൻ തയാറല്ലാത്ത വിമതപ്പട. എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചുപേർ വീതമുണ്ട് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ രംഗത്ത്. ബി.ജെ.പിയിലാകട്ടെ, സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ഒരു ആത്മാഹുതി പോലുമുണ്ടായി. മഹാ നഗരസഭകളിലോ നഗരസഭകളിലോ പഞ്ചായത്തുകളിലോ വിമതഭീഷണി നേരിടാത്ത ഒരു ജില്ലയുമില്ല, മുന്നണിയുമില്ല എന്നതാണ് സാമാന്യ സ്ഥിതി. മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിൽ യു.ഡി.എഫ് ചെയർമാൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും ഭാരവാഹികളും സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി അറിയിച്ച് പാർട്ടിയിൽനിന്ന് രാജിവെച്ചിരിക്കുകയാണ്.
രായ്ക്കുരാമാനം പാർട്ടിയിൽനിന്ന് രാജിവെച്ച് എതിർപാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നവരും കുറവല്ല. കണ്ണൂർ ജില്ലയിലെ പാനൂരിൽ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ് ബി.ജെ.പിയിൽ ചേക്കേറിയ സംഭവം പോലുമുണ്ടായി. കാലുമാറ്റവും കൂറുമാറ്റവുമൊന്നും ആദർശമാറ്റത്തിന്റെയോ രാഷ്ട്രീയ നയനിലപാടുകളിലുള്ള ഭിന്നാഭിപ്രായത്തിന്റെയോ ഫലമല്ലെന്ന് വ്യക്തം. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലെ അതൃപ്തിയും അധികാരക്കൊതിയും വ്യക്തിവിരോധവുമെല്ലാമാണ്, തന്നെ വളർത്തിയതോ താൻ ദീർഘകാലം പ്രവർത്തിച്ചതോ ആയ പാർട്ടിയോട് പെട്ടെന്നൊരു പ്രഭാതത്തിൽ വഴിപിരിയാനുള്ള ഹേതു. കൂറുമാറ്റവും കാലുമാറ്റവും കുതികാൽവെട്ടും ദേശീയതലത്തിൽ ഏറ്റവും ഉന്നതങ്ങളിൽ തന്നെ സാധാരണമായിരിക്കെ പ്രാദേശികതലത്തിൽ മാത്രം സംഭവിച്ചുകൂടാ എന്ന് ശഠിക്കുന്നതിൽ അർഥവുമില്ല.
പക്ഷേ, പഞ്ചായത്തിരാജിന്റെ ചരിത്രവും ലക്ഷ്യവും പരിശോധിക്കുമ്പോൾ രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് ഈ ദുർഗതിയുടെ നാരായവേരെന്ന് കണ്ടെത്താനാവും. ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യസമര നായകൻ മഹാത്മാഗാന്ധിയാണ് പഞ്ചായത്തിരാജിന്റെ പ്രേരകശക്തി. 1916 ഫെബ്രുവരിയിൽ മദ്രാസിൽ നടന്ന മിഷനറിമാരുടെ സമ്മേളനത്തിൽ ആദ്യമായി, രാഷ്ട്രീയ-സാംസ്കാരിക പൈതൃകമായ പഞ്ചായത്തുകളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ടുവെച്ചതായി ചരിത്രം പറയുന്നു. ‘സംസ്ഥാനങ്ങൾ ഗ്രാമപഞ്ചായത്തുകളെ സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കേണ്ടതും സ്വയം ഭരണകൂടമായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരശക്തിയും പ്രവർത്തനാധികാരങ്ങളും അവക്ക് നൽകേണ്ടതുമാണ്’ എന്ന് ഭരണഘടനയുടെ മാർഗദർശക തത്ത്വങ്ങളിലും എഴുതിച്ചേർത്തു. ഫലപ്രദമായ സാമൂഹിക വികസനത്തിനും ജനാധിപത്യ വികേന്ദ്രീകരണത്തിനും ത്രിതല പഞ്ചായത്തുകൾ അനുപേക്ഷ്യമാണെന്ന് 1958ൽ ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടി. 1989ൽ രാജീവ്ഗാന്ധി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച 64ാം ഭരണഘടനാ ഭേദഗതി ബിൽ പഞ്ചായത്തിരാജിന് ഭരണഘടനാ പദവി നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ, 73ാം ഭരണഘടനാ ഭേദഗതി ബില്ലായി അത് പുനരവതരിപ്പിക്കപ്പെട്ടതും പാർലമെന്റ് പാസാക്കി നടപ്പിൽവരുത്താൻ പച്ചക്കൊടി കാട്ടിയതും 1993ൽ ആയിരുന്നു.
1994ലെ കേരള പഞ്ചായത്തിരാജ് ആക്ട് അധികാര വികേന്ദ്രീകരണം ലക്ഷ്യമാക്കി നിലവിൽവന്നപ്പോഴും അതിൽ നിഷ്കർഷിച്ചത് സ്വയം ഭരണകൂടമായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരശക്തിയും പ്രവർത്തനാധികാരങ്ങളും പഞ്ചായത്തുകൾക്ക് നൽകണമെന്നതാണ്. ഈ നിയമനിർമാണങ്ങളുടെ പൊതുസ്വഭാവം, രാഷ്ട്രീയാതീതമായി വേണം ത്രിതല പഞ്ചായത്തുകളുടെ രൂപവത്കരണവും പ്രവർത്തനങ്ങളും എന്നുള്ളതാണ്. നിലവിലെ സാഹചര്യങ്ങളിൽ അത് നടപ്പില്ല എന്ന് തീരുമാനിച്ചാലും രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗ്രാമപഞ്ചായത്തുകൾ മുതൽ ജില്ല പഞ്ചായത്തുകൾ വരെയുള്ള സംവിധാനങ്ങളെ വിഴുങ്ങാൻ അനുവദിക്കാമോ എന്ന് സഗൗരവം ആലോചിക്കണം. ജാതി, മത, വർഗ വിവേചനങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും ജീവിതസൗകര്യങ്ങൾ ഉറപ്പുവരുത്താനും ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനും വികസനം സാധ്യമാക്കാനുമുള്ള സാധ്യതയായി പഞ്ചായത്ത്-നഗരസഭാ ശ്രേണികളെ മാറ്റിയെടുക്കാൻ പാർട്ടികൾ തീരുമാനിച്ചാലേ ലക്ഷ്യം നിറവേറൂ. നിലവിലെ സാഹചര്യങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന്റെ പരിശീലന കളരികൾ മാത്രമായി പഞ്ചായത്തിരാജ് അധഃപതിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. വിമതശല്യം പകർച്ചവ്യാധിയായി പാർട്ടികളെ വേട്ടയാടുന്നതും അതുകൊണ്ടുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.