ഏതാനും ആഴ്ചകളായി രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ടെലികോം വകുപ്പിൽനിന്ന് നിരന്തരം ഒരു എസ്.എം.എസ് സന്ദേശം വരുന്നുണ്ട്. നിങ്ങളുടെ പേരിലുള്ള സിമ്മുകളുടെ എണ്ണം പരിശോധിക്കണോ? ആരെങ്കിലും മൊബൈൽ കണക്ഷനുവേണ്ടി നിങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടോ? വ്യാജകോളുകളോ സന്ദേശങ്ങളോ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുണ്ടോ എന്നിത്യാദി ചോദ്യങ്ങളുന്നയിക്കുന്ന ആ സന്ദേശം ഈ പ്രശ്നങ്ങൾക്കായി ഒരു പ്രതിവിധിയും നിർദേശിക്കുന്നുണ്ട്: ‘സഞ്ചാർ സാഥി’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക!
ഇപ്പോഴിതാ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനാവാത്ത വിധത്തിൽ സഞ്ചാർസാഥി ആപ്പ് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നൽകിയ രഹസ്യ നിർദേശം പരസ്യമായിരിക്കുന്നു. ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിൽ മാത്രമല്ല, വിപണിയിലെത്തിച്ച ഫോണുകളിലും ഇപ്പോൾ ഉപയോഗത്തിലിരിക്കുന്ന ഫോണുകളിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നടേ പറഞ്ഞ പ്രശ്നങ്ങൾക്ക് പുറമെ ഫോൺ മോഷണം പോയാൽ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്ത് കണ്ടെത്താനും ഫലപ്രദമാകുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്യുന്ന പുതിയ പ്രയോജനം. എന്നാൽ, ജനങ്ങൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാക്കുക തന്നെയാണോ ആപ്പ് അടിച്ചേൽപിക്കലിന് പിന്നിലെ യഥാർഥ ലക്ഷ്യം? പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും കടുത്ത സംശയദൃഷ്ടിയോടെയാണ് ‘സാഥി’യെ കാണുന്നത്. ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനും പൗരജനങ്ങളെ സദാ സർക്കാറിന്റെ നിരീക്ഷണത്തിൽ വെക്കാനുമുള്ള ഉപാധിയായി ആപ്പ് മാറുമെന്നാണ് മുഖ്യ ആശങ്ക.
നിരീക്ഷണത്തിന്റെ കരിമ്പടത്താൽ മൂടപ്പെട്ട ഒരു സർവയലൻസ് രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കങ്ങളുടെ ഭാഗമെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകനും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് കേന്ദ്രസർക്കാർ നടപടിയെ വിശേഷിപ്പിച്ചത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമായ ഈ ആശയം എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തുന്നു. വിവരം പുറത്തറിയുകയും വിവാദമാവുകയും ചെയ്തപ്പോൾ ഉപയോക്താക്കൾക്ക് വേണമെങ്കിൽ ആപ്പ് ഒഴിവാക്കാമെന്ന വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയെങ്കിലും അത് അത്ര പെട്ടെന്നങ്ങനെ മുഖവിലക്കെടുക്കാനാവാത്തതിന് പലതുണ്ട് കാരണം.
ആപ്പ് ഉൾപ്പെടുത്തണമെന്ന കാര്യം ആപ്പിൾ, സാംസങ്, വിവോ, ഷവോമി, ഓപ്പോ തുടങ്ങിയ കമ്പനികളോട് രഹസ്യമായി നിര്ദേശിച്ചു എന്നിടത്തുതന്നെ ദുരൂഹത ആരംഭിക്കുന്നുണ്ട്. ഒളിച്ചുകടത്തലുകളൊന്നുമില്ലെങ്കിൽ, ദുരുദ്ദേശ്യങ്ങളേതുമില്ലെങ്കിൽ പരസ്യമായി നിർദേശിക്കാമായിരുന്നുവല്ലോ. ഓരോ ചെറുപദ്ധതിയും മുൻ സർക്കാറുകൾ ആവിഷ്കരിച്ച പദ്ധതികളുടെ പേരുമാറ്റിയുള്ള അവതരണങ്ങൾ പോലും കേന്ദ്രമന്ത്രിസഭയുടെ നേട്ടമെന്ന പേരിൽ പ്രധാനമന്ത്രിയുടെ ചിത്ര സഹിതം പത്രത്താളുകളിലും ചാനലുകളിലും മുതൽ പെട്രോൾ പമ്പുകളിൽ വരെ പരസ്യം ചെയ്യുന്നതാണല്ലോ സർക്കാറിന്റെ നടപ്പ് ശീലം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം ആപ്പുകൾ അനുവദിക്കാത്ത ആപ്പിൾ കമ്പനി ആഗോള സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനമായാണ് സർക്കാർ നിർദേശത്തെ വിലയിരുത്തിയത്. നിർദേശത്തോട് സഹകരിക്കേണ്ടതില്ല എന്നാണത്രേ അവരുടെ തീരുമാനം. ഏറെ സുരക്ഷാ സംവിധാനങ്ങളോടെ തയാറാക്കിയിട്ടും രാഷ്ട്രീയ നേതാക്കളുടെയും മറ്റും ഐഫോണുകളിൽ കടന്നുകയറാൻ ഭരണകൂട ഏജൻസികൾ നിരന്തരം ശ്രമിക്കുന്നതായി ഇപ്പോൾത്തന്നെ ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകിവരുന്നുണ്ട്.
120 കോടി ഉപഭോക്താക്കളുള്ള, ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിപണിയായ ഇന്ത്യയിൽ ഇതുപോലൊരു ആപ്പ് നിർബന്ധമാക്കുന്നതിന്റെ പരിണതി എന്തായിരിക്കും? ഫോണിലെ വിവരങ്ങൾ മാത്രമല്ല, ജനങ്ങളുടെ ചലനങ്ങൾ പോലും സർക്കാറിന് യഥേഷ്ടം ശേഖരിക്കാനാവും. സ്വകാര്യത എന്ന മൗലികാവകാശം കാറ്റിൽ പറത്തപ്പെടുമെന്ന് മാത്രമല്ല, ശേഖരിക്കപ്പെട്ട വിവരങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ വിൽക്കപ്പെടുകയും ചെയ്യും. ആധാർ എൻറോൾമെന്റിന് വേണ്ടി ശേഖരിച്ച ബയോമെട്രിക് ഡേറ്റ ഉൾപ്പെടെയുള്ള വിവരങ്ങൾ വൻകിട കമ്പനികൾക്കായി ചോർത്തപ്പെട്ട മുന്നനുഭവം നമുക്കുണ്ട്.
ഇസ്രായേലി സൈബർ ആയുധനിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ് തയാറാക്കിയ ചാരസംവിധാനമായ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ-മാധ്യമ പ്രവർത്തകരെയും മാത്രമല്ല, സുപ്രീംകോടതി ജഡ്ജിമാരെയും കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിരീക്ഷണ വിധേയമാക്കിയെന്ന ആരോപണം കേന്ദ്രസർക്കാർ ഇനിയും നിഷേധിച്ചിട്ടില്ല. ഇതു സംബന്ധിച്ച് സുപ്രീംകോടതി നിർദേശിച്ച അന്വേഷണവുമായി സഹകരിക്കാനും കേന്ദ്രം തയാറായിട്ടില്ല.
വ്യാജ കേസുകളിൽ കുടുക്കി ജയിലിലടച്ച പ്രഫ. ഹാനി ബാബു, റോണ വിൽസൻ തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരുടെ ലാപ്ടോപ്പുകളിൽ മാൽവെയറുകൾ ഉപയോഗിച്ച് വ്യാജ തെളിവുകൾ കുത്തിത്തിരുകിയ വിവരം യു.എസ് ആസ്ഥാനമായ സൈബർ സുരക്ഷാ ഏജൻസി സെന്റിനൽവൺ വെളിപ്പെടുത്തിയിരുന്നു.
പൗരജീവിതത്തിലേക്ക് നുഴഞ്ഞുകയറി അവകാശങ്ങൾ ഹനിക്കുന്നതിൽ കുപ്രസിദ്ധരായ ഇസ്രായേലും ചൈനയും ആക്ടിവിസ്റ്റുകളെ ട്രാക്ക് ചെയ്യാനും അവരെ ഉന്മൂലനം ചെയ്ത് എതിർശബ്ദങ്ങളെ ഇല്ലാതാക്കാനും ഇവ്വിധം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇസ്രായേലിൽനിന്ന് ആയുധങ്ങളും യുദ്ധമുറകളും ഹിംസയുടെ പ്രത്യയശാസ്ത്രവും ആവേശപൂർവം കടംകൊള്ളുന്ന ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ആ വഴിക്കുള്ള ശ്രമങ്ങൾ നടത്താനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.