യുക്രെയ്ൻ യുദ്ധവിഷയത്തിൽ യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ് കോഫും ട്രംപിന്റെ ജാമാതാവ് കൂടിയായ പ്രതിനിധി ജാറെദ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ക്രെംലിനിൽ നടത്തിയ ചർച്ചകളുടെ ഫലത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. ചർച്ച ലക്ഷ്യം കാണുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളുടെ കാര്യത്തിൽ അഭിപ്രായൈക്യം ഉണ്ടായിട്ടില്ല എന്നത് വഴിമുടക്കിയായി നിൽക്കുന്നു. രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പിൽ നടന്ന ഏറ്റവും ഘോരമായ യുദ്ധത്തിന് എങ്ങനെയെങ്കിലും അറുതി വരുത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന ട്രംപ് തങ്ങളുടെ സഖ്യത്തിൽതന്നെ പെട്ട യുക്രെയ്നെ പരാജയത്തിന് തുല്യമായ ഒത്തുതീർപ്പിന് പ്രേരിപ്പിക്കാനാണ് നോക്കുന്നത് എന്ന പരാതി യുക്രെയ്നും അവരെ പിന്തുണക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുമുണ്ട്. ആഗസ്റ്റിൽ അലാസ്കയിൽ പുടിനുമായി ട്രംപ് നടത്തിയ ഉച്ചകോടിയിലോ, ശേഷം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി നടന്ന ചർച്ചയിലോ ഇരുകക്ഷികൾക്കും സ്വീകാര്യമായ നിർദേശങ്ങൾ ഉരുത്തിരിഞ്ഞിരുന്നില്ല. അതിനിടയിൽ എങ്ങനെയെങ്കിലും വിഷയമൊതുക്കാൻ ട്രംപ് യുക്രെയ്നെ വലിയ വിട്ടുവീഴ്ചകൾക്ക് നിർബന്ധിക്കുന്നുവെന്നാണ് നിരീക്ഷണം.
2022 ഫെബ്രുവരിയിൽ റഷ്യ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം തുടങ്ങിയത്. ഇടക്കിടെ ഇരുപക്ഷത്തിനും മാറിമാറി മേൽക്കൈ ലഭിക്കുന്നു എന്നല്ലാതെ യുദ്ധത്തിന് പരിഹാരമുണ്ടാവുന്ന സാധ്യതകൾ നന്നേ കുറവായിരുന്നു എപ്പോഴും. അതിനിടയിലാണ് വൈറ്റ് ഹൗസിൽ ട്രംപ് സ്ഥാനമേൽക്കുന്നത്. അമേരിക്ക മറ്റുള്ളവർക്കുവേണ്ടി ലോകം മുഴുവൻ യുദ്ധം ചെയ്യേണ്ടതില്ലെന്നും ഒരു മണിക്കൂർകൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കാൻ തനിക്കാവുമെന്നും പറഞ്ഞു മുന്നോട്ടുവെച്ച യുദ്ധവിരാമ നീക്കങ്ങളാണ് ഇപ്പോൾ വാർത്തകളിൽ. ഒരർഥത്തിൽ അമേരിക്കയുടെയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെയും ധാർമിക-സൈനിക പിന്തുണ കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ കഴിഞ്ഞ യുക്രെയ്ന് ഇപ്പോൾ അമേരിക്കൻ പിന്തുണയിൽ വലിയ ഉറപ്പില്ല. യുദ്ധത്തിൽ റഷ്യ കാര്യമായ നേട്ടങ്ങളുണ്ടാക്കിയെന്നത് ഏറക്കുറെ ഉറപ്പാണെങ്കിലും പത്ത് ലക്ഷത്തോളം പേരുടെ ആൾ നാശം റഷ്യക്കുണ്ടായി എന്ന് കരുതപ്പെടുന്നു. സൈനിക ശക്തിയുടെ ഭീമമായ വ്യത്യാസം മറികടക്കാൻ യുക്രെയ്ൻ ഡ്രോണുകളുപയോഗിച്ചുള്ള ചെറു ആക്രമണങ്ങളിലൂടെ ആൾനാശം വരുത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുക്രെയ്ൻ പക്ഷത്തും 60000 പേർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ വാദം. യുക്രെയ്ൻ ഭൂപ്രദേശത്തിന്റെ ഇരുപത് ശതമാനത്തോളം റഷ്യയുടെ കൈയിലാണ്. ഇപ്പോൾ ട്രംപ് മുന്നോട്ടുവെക്കുന്ന ഒത്തുതീർപ്പു നിർദേശങ്ങളിൽ പ്രധാനം പ്രസ്തുത ഭൂഭാഗങ്ങൾ കൈവശം വെക്കാൻ റഷ്യയെ അനുവദിക്കുക എന്നതാണ്.
1300ലധികം ദിനങ്ങളായി തുടരുന്ന യുക്രെയ്ൻ യുദ്ധം ഇരു രാജ്യങ്ങളെ മാത്രമല്ല, യുക്രെയ്ന്റെ ഗോതമ്പുൾപ്പെടെയുള്ള ഭക്ഷ്യ ധാന്യ കയറ്റുമതിയിലെ കമ്മി ലോകത്തെ മുഴുവൻ ബാധിക്കുന്നു. അപ്പുറത്ത്, മുൻ നിര അസംസ്കൃത എണ്ണ ഉൽപാദകരായ റഷ്യയുടെ കയറ്റുമതിയിലെ കുറവും ആഗോള സമ്പദ് വ്യവസ്ഥയിൽ ആഘാതമുണ്ടാക്കുന്ന ഘടകമാണ്. ഇതിനു പുറമെയാണ് റഷ്യക്കുമേൽ അമേരിക്കയും യൂറോപ്യൻ യൂനിയനും നടപ്പിലാക്കിയ ഉപരോധത്തിന്റെ പേരിൽ മറ്റു പല രാഷ്ട്രങ്ങൾക്കും-വിശിഷ്യാ യൂറോപ്യൻ രാജ്യങ്ങൾക്ക്-ഉണ്ടായ സാമ്പത്തികക്ഷീണം. ആഗോള എണ്ണ വ്യാപാരം അമേരിക്കൻ ഡോളറിൽ നടക്കുന്നതുകാരണം ഇതെല്ലാം ഉഭയകക്ഷികളെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയെ മൊത്തം ബാധിക്കും.
ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ ഇക്കാര്യത്തിൽ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ പിന്നെ യുദ്ധത്തിൽ തന്നെ ഒരു വിധത്തിൽ കക്ഷിയായ അമേരിക്കയാണ് ഇപ്പോൾ സമാധാന പദ്ധതിയുമായി മുന്നോട്ടുവരുന്നത്. സംഘർഷം നിർത്തിയില്ലെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ലെന്നു കരുതുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒരു വശത്ത്; മുഖം രക്ഷിക്കുന്ന ഒരു ഫോർമുല തേടുന്ന സെലൻസ്കി മറുപക്ഷത്ത്. ഇനി ഒരാക്രമണമുണ്ടാവില്ല എന്ന റഷ്യയുടെ ഉറപ്പും പിടിച്ചടക്കിയ പ്രദേശങ്ങളിൽ ചിലതെങ്കിലും തിരിച്ചുകിട്ടാനുള്ള സാധ്യതയും യുക്രെയ്ന്റെ നാറ്റോ അംഗത്വം തടയുന്ന റഷ്യൻ നിലപാടിൽ ഒരു മാറ്റവുമാണ് സെലൻസ്കി ആഗ്രഹിക്കുന്നത്.
യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിൽ വൈദഗ്ധ്യം അവകാശപ്പെടുന്ന ട്രംപിന്റെ സമാധാനപദ്ധതി ആത്മഹത്യാപരമാണെന്നാണ് സെലൻസ്കിയുടെ പക്ഷം. മാത്രമല്ല, അധിനിവേശത്തിനു ഔദ്യോഗികാംഗീകാരം നൽകിയാൽ അത് പുതിയ ആക്രമണത്തിന് വളമിടുകയാണ് ചെയ്യുക എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. യുക്രെയ്ന്റെ തന്നെ ഭാഗമായിരുന്ന ക്രീമിയ 2014ൽ റഷ്യ കൈയടക്കിയ ശേഷം ഇന്നുവരെ അത് തിരിച്ചുകൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടേയില്ല. അതിനു പുറമെയാണ് മറ്റു നാലു പ്രദേശങ്ങൾ പിടിച്ചടക്കിയത്. ഈ പ്രദേശങ്ങൾ റഷ്യക്ക് വിട്ടു കൊടുക്കുന്നതിനു പകരമായി കൂടുതൽ ഭൂമി പിടിച്ചടക്കുകയില്ലെന്ന് റഷ്യ ഉറപ്പു നൽകുകയെന്നതാണ് ട്രംപ് പദ്ധതിയിലെ പ്രധാന നിർദേശം. ഭാവിയിൽ അത്തരം കൈയേറ്റം നടന്നാൽ യുക്രെയ്നു സഹായം നൽകേണ്ടത് നാറ്റോയാണ്. അതിൽ അംഗത്വമെടുക്കുന്നത് തൽക്കാലം യുക്രെയ്ൻ മാറ്റി വെക്കണം. ചുരുക്കത്തിൽ തങ്ങൾ വൻഭീഷണിയായി കാണുന്ന റഷ്യയെ അമേരിക്കയുടെ തന്നെ കാർമികത്വത്തിൽ സ്വീകരിക്കണം. സ്വാഭാവികമായും ഇത്തരം ഒരു പദ്ധതിയെ യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്തുണക്കാൻ പറ്റില്ല. അമേരിക്ക യുക്രെയ്നെ വഴിയിലുപേക്ഷിക്കുന്നത് കണ്ടുനിൽക്കാൻ അവർ സന്നദ്ധമാവില്ല. ഈ ഘട്ടത്തിൽ അമേരിക്ക ഇനി എന്ത് നിർദേശങ്ങളാണ് സമർപ്പിക്കുന്നത് എന്നാണ് യൂറോപ്യൻ രാജ്യങ്ങളും മറ്റുള്ളവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.