സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ ആത്മവിമർശനപരമായ ഒരു നിരീക്ഷണം വിശദമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്. കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച ഒരു കാര്യം പിന്നീട് മറ്റൊരു ബെഞ്ച് പരിഗണിക്കുകയും മറ്റൊരു തീർപ്പ് നൽകുകയും ചെയ്യുന്ന പ്രവണതയെയാണ് ജസ്റ്റിസുമാർ ദീപാങ്കർ ദത്തയും അഗസ്റ്റിൻ ജോർജ് മസീഹും വിമർശനരൂപത്തിൽ എടുത്തുകാട്ടിയത്. ഒരു ബെഞ്ചിന്റെ ഉത്തരവിൽ അതൃപ്തി തോന്നുന്ന കക്ഷി, ബെഞ്ചിലെ ആരെങ്കിലും വിരമിച്ചശേഷം അതിലോ അല്ലെങ്കിൽ പുതിയൊരു ബെഞ്ചിലോ സമാനമായ പരാതി സമർപ്പിക്കുക, കോടതി അത് അനുവദിക്കുക, തുടർന്ന് ആദ്യതീർപ്പിൽനിന്ന് വ്യത്യസ്തമായ മറ്റൊന്ന് നൽകുക എന്നത് സുപ്രീംകോടതി വിധികളുടെ അന്തിമസ്വഭാവം ഇല്ലാതാക്കുകയും ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് ക്ഷതമേൽപിക്കുകയും ചെയ്യുമെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. വിധിതീർപ്പുകൾ ആഴത്തിലുള്ള ഭരണഘടനാ പരിജ്ഞാനവും ബൃഹത്തായ പരിശോധനകളും ആധാരമാക്കിയാണ് തയാറാക്കുക എന്നാണല്ലോ കരുതേണ്ടത്. അതുകൊണ്ടുതന്നെ അവ നിരന്തരം മാറ്റപ്പെടുന്നത് ശരിയല്ല. അതേസമയം, മാനുഷികമായ വീഴ്ചകളോ സാഹചര്യങ്ങളുടെ മാറ്റമോ മൂലം ചില തീർപ്പുകൾ അപൂർണമോ അപര്യാപ്തമോ ഒക്കെ ആകാൻ വിരളമായ സാധ്യതയുണ്ട്. അതിന് പുനഃപരിശോധനാ ഹരജിയും തിരുത്തൽ ഹരജിയും നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ, അടുത്തകാലത്തായി ഒരു ശീലമായി വന്നിട്ടുള്ള രീതി ഈ വ്യവസ്ഥയനുസരിച്ചുള്ളതല്ല. ബെഞ്ചിന്റെ ഘടന മാറിയശേഷം, തീർപ്പാക്കിയ വിഷയം പുതിയ ഹരജിയായി നൽകുന്നതാണ് ഇപ്പോൾ വിമർശനവിധേയമായിരിക്കുന്നത്. ഒരു ഉദാഹരണം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനേൽപിച്ച പരിക്കാണ്. പദ്ധതികൾ തുടങ്ങാൻ മുൻകൂറായിത്തന്നെ പാരിസ്ഥിതികാനുമതി വാങ്ങിയിരിക്കണമെന്ന് നിയമത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. 1994, 2006 വർഷങ്ങളിൽ ഇത് ഊന്നിപ്പറയുന്ന വിജ്ഞാപനങ്ങളുമിറക്കി. വൻകിട വ്യവസായ സംരംഭങ്ങൾ, അവയുടെ പ്രത്യാഘാതങ്ങളെപ്പറ്റി വിദഗ്ധസംഘം പഠിച്ച് ശിപാർശ നൽകും മുമ്പ് തുടങ്ങരുത്. മുൻകൂർ അനുമതി ഇല്ലാതെ തുടങ്ങുന്നത് നിയമഘംഘനമാണ്. വികസനജ്വരം പരിസ്ഥിതിക്കും കാലാവസ്ഥക്കും അതിജീവനത്തിനുമേൽപിക്കുന്ന പരിക്ക് കുറക്കാൻ ഇതാവശ്യമായിരുന്നു. പരിഹാര സംവിധാനങ്ങൾ മുൻകൂട്ടി തയാറാക്കേണ്ട ഇടങ്ങളിൽ, പദ്ധതി തുടങ്ങി, പരിസ്ഥിതിക്ഷതം സംഭവിച്ചശേഷം അവ തയാറാക്കിയതുകൊണ്ട് ഫലമില്ലല്ലോ. തുടങ്ങിക്കഴിഞ്ഞിട്ട്, മുൻകാല പ്രാബല്യത്തോടെ അനുമതി എന്നത് നിരർഥകമാണ്. പക്ഷേ, കമ്പനികളും സംരംഭകരും ഈ നിയമം ലംഘിച്ച് പദ്ധതികൾ തുടങ്ങുകയും അനുമതിക്കായി സമ്മർദം ചെലുത്തുകയും ചെയ്തു. ഒറ്റത്തവണത്തേക്കെന്നും, പിഴയോടെ ആവാമെന്നുമൊക്കെ വ്യവസ്ഥ വെച്ച് 2017ൽ വിജ്ഞാപനവും 2021ൽ ഉത്തരവുമിറങ്ങിയത് ഈ സമ്മർദം കാരണമാണ്. ഇതിനെതിരെ ഫയൽ ചെയ്ത ‘വനശക്തി’ കേസിൽ രണ്ടംഗ ബെഞ്ച് സുചിന്തിതമായി നൽകിയ വിധി, മുൻകൂർ അനുമതി നിർബന്ധം തന്നെ എന്നായിരുന്നു. മുൻകാലാടിസ്ഥാനത്തിൽ പിന്നീട് അനുമതി നൽകുന്നത് പരിസ്ഥിതി സംരക്ഷണത്തിനെതിരാണ്. പരിസ്ഥിതിക്ക് അപരിഹാര്യമായ പരിക്ക് സംഭവിച്ചുകഴിഞ്ഞശേഷം, ചെലവായിക്കഴിഞ്ഞ പണവും അധ്വാനവും ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുമതി നൽകുന്ന രീതി പരിസ്ഥിതിക്ക് ശാപമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്നീട് നടന്നത് അസാധാരണമായിരുന്നു. മുൻകൂർ അനുമതി നിർബന്ധമാക്കിയ 2025 മേയിലെ വിധി നൽകിയത് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ അംഗവുമായ രണ്ടംഗ ബെഞ്ചായിരുന്നു. ജസ്റ്റിസ് ഓക വിരമിച്ചതിന് പിന്നാലെ അത് പുനഃപരിശോധനക്കെടുക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് (അധ്യക്ഷൻ), ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് രൂപവത്കൃതമായി. ജസ്റ്റിസ് ഉജ്ജലിന്റെ വിയോജിപ്പോടെ, ഭൂരിപക്ഷ വിധി പ്രകാരം, പരിസ്ഥിതി ക്ലിയറൻസ് പിന്നീട് വാങ്ങിയാലും മതി എന്ന് പുതിയ വിധി വന്നു. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ അല്ലാതെതന്നെ ലംഘിക്കപ്പെടുകയും തലസ്ഥാനത്തുപോലും വിഷവായു നിറയുകയും ചെയ്തിട്ടും ഇത്തരമൊരു മാറ്റം സംഭവിച്ചെന്നത് മാത്രമല്ല, അത് സംഭവിച്ച രീതിയും അഭിലഷണീയമല്ല. ഒരു കൊലക്കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ ബെഞ്ചിലെ ജസ്റ്റിസ് ഓക വിരമിച്ചശേഷം, വിധി മാറ്റാനാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിച്ച വിധി, രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ച് മാറ്റിയതോടെ കാര്യങ്ങൾ പഴയ അനിശ്ചിതത്വത്തിലേക്ക് പതിച്ചിരിക്കുന്നു. ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കണമെന്ന വിധിയും ഡൽഹിയിലെ വായുമലിനീകരണം പരിഗണിച്ച് സമ്പൂർണ പടക്ക നിരോധനം ഏർപ്പെടുത്തിയ വിധിയും വൈകാതെ തിരുത്തി. ഇതിലെല്ലാം, ആദ്യവിധിയേക്കാൾ ദോഷകരമാണ് തിരുത്ത് എന്നതാണ് സാമാന്യ വിലയിരുത്തലായി പറയാവുന്നത്. തിരുത്തിന്റെ രീതി മാത്രമല്ല അതിന്റെ ഉള്ളടക്കവും പൊതുനന്മക്ക് അനുഗുണമാകുന്നില്ലല്ലോ? ഇത് തീർച്ചയായും വീണ്ടുവിചാരം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.