കാലാവസ്ഥ വ്യതിയാനമെന്നത് കഴിഞ്ഞ അഞ്ചു വർഷമെങ്കിലുമായി നമുക്ക് മുന്നിലുള്ള യാഥാർഥ്യമാണ്. അതുവരെയും, കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമെല്ലാം ദൂരെയെവിടെയോ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമായിരുന്നെങ്കിൽ ഇപ്പോഴത് നമ്മുടെയെല്ലാം നേരനുഭവമായി മാറിയിരിക്കുന്നു. പലപ്പോഴും, കാലാവസ്ഥ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഇരകളായി നാം മാറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏഴുവർഷത്തിനിടെ, നമ്മുടെ ചെറുസംസ്ഥാനം പോലും സാക്ഷ്യംവഹിച്ചത് ഏഴ് വലിയ പ്രകൃതിദുരന്തങ്ങൾക്കാണ്. 2018ൽ 480ലധികം പേരുടെ മരണത്തിൽ കലാശിച്ച മഹാപ്രളയം മുതൽ പോയവർഷം മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾ ദുരന്തം വരെയുള്ള വൻ അപകടങ്ങൾ വ്യക്തമാക്കുന്നത് ജൂലൈ-ആഗസ്റ്റ് മാസങ്ങൾ കേരളത്തിന് ദുരന്തകാലം കൂടിയാണെന്നാണ്. കേരളത്തിന് പുറത്ത് ഹിമപാതവും ഉഷ്ണതരംഗവും മിന്നൽ പ്രളയങ്ങളുമൊക്കെയായി വേറെയും പ്രകൃതിദുരന്തങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത്തരത്തിൽ, ഒരു ദിവസം ഒരു അതിതീവ്ര കാലാവസ്ഥ പ്രതിഭാസമെങ്കിലും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നെന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) പുറത്തുവിട്ട ‘ക്ലൈമറ്റ് ഇന്ത്യ 2025’ എന്ന റിപ്പോർട്ടിൽ പറയുന്നത്. മാറിയ കാലാവസ്ഥയിൽ രാജ്യവും ഭരണകൂടവും ആവിഷ്കരിക്കേണ്ട പുതിയ ശീലങ്ങളെയും നയങ്ങളെയും കുറിച്ച് ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആലോചനാവിധേയമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
2025 ജനുവരി മുതൽ സെപ്റ്റംബർ 30 വരെയുള്ള 275 ദിവസത്തിനിടെ, രാജ്യത്ത് റിപ്പോർട്ട് ചെയ്ത അതിതീവ്ര കാലാവസ്ഥ സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ‘ക്ലൈമറ്റ് ഇന്ത്യ 2025’. ഇതിൽ 270 ദിവസങ്ങളിലും രാജ്യത്തെവിടെയെങ്കിലും അത്യസാധാരണമായതും കാലം തെറ്റിയതുമായ കാലാവസ്ഥ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അപകടങ്ങളിൽ ജീവൻ നഷ്ടമായത് നാലായിരത്തിലധികം പേർക്കാണ്; 95 ലക്ഷം ഹെക്ടർ കൃഷി നാശവും സംഭവിച്ചു. പോയവർഷം ഇത് യഥാക്രമം, 3238 മരണങ്ങളും 32 ലക്ഷം ഹെക്ടറുമായിരുന്നു. ഓരോ വർഷം കഴിയുംതോറും ദുരന്ത ദിനങ്ങളുടെ എണ്ണവും അപകടങ്ങളുടെ ആഘാതവും കൂടിവരുന്നെന്നാണ് കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. കാലാവസ്ഥ അപകടങ്ങളിൽ ഇന്ത്യയിൽ പ്രതിദിനം 15 പേർ മരിക്കുന്നുണ്ടെന്നും ഈ കണക്കുകളിലുണ്ട്. ഇത്തവണ കേരളത്തിൽ പ്രളയം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഈ മൺസൂൺ കാലത്ത് 112 പേർ കേരളത്തിൽ മരിച്ചിട്ടുണ്ട്.
ചൂരൽമല-മുണ്ടക്കൈ ദുരന്തം മാറ്റിനിർത്തിയാൽ, കഴിഞ്ഞ വർഷത്തേതിനെക്കാൾ കൂടുതലാണിത്. മറ്റു സംസ്ഥാനങ്ങളുടെ കാര്യവും ഭിന്നമല്ല. പ്രകൃതി ദുരന്തങ്ങളുടെ അണമുറിയാത്ത ഈ പേമാരികൾ, പരമ്പരാഗതമായ കാലാവസ്ഥ വിജ്ഞാനീയങ്ങളെ പോലും മാറ്റിമറിക്കുന്നുണ്ട്. നേരത്തെ നമുക്ക് നമ്മുടെ കാലാവസ്ഥയെ ഏറക്കുറെ കൃത്യമായിത്തന്നെ പ്രവചിക്കാനാകുമായിരുന്നു. കേരളത്തിൽ മൺസൂണിന്റെ കാര്യത്തിലാണെങ്കിൽ, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി മഴയും പിന്നീടുള്ള തുലാവർഷവുമെല്ലാം ഏറക്കുറെ കൃത്യമായി പ്രവചിക്കാവുന്ന തരത്തിൽ സന്തുലിതമായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല, ഇത്തവണ മൺസൂൺ പത്ത് ദിനം നേരത്തേയെത്തി. പലപ്പോഴും ജൂൺ, ജൂലൈ മാസങ്ങൾ മേഘരഹിതമായ ആകാശവും തൊട്ടടുത്ത മാസങ്ങൾ പേമാരികാലവുമാകുന്നു. മഴവിതരണത്തിലെ ഈ അന്തരമാണ് പ്രളയത്തിനും ഉരുൾപൊട്ടലിനുമെല്ലാം കാരണം. മധ്യേന്ത്യയിൽ താപവാതത്തിന്റെ കാര്യവും ഇതുതന്നെയാണ്. മാറിയ കാലാവസ്ഥയെ മുൻകൂട്ടി അറിയാനും വ്യവസ്ഥാപിതമായ പ്രതിരോധം തീർക്കാനും കഴിയാതെ വന്നതോടെയാണ് ദുരന്തങ്ങളുടെ ആഘാതവും വർധിച്ചത്.
മാറിയ കാലാവസ്ഥയെ പ്രതിരോധിക്കാൻ ഭരണാധികാരികൾ എന്തുചെയ്യുന്നെന്നതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. കാലാവസ്ഥാ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ സംവിധാനങ്ങൾ പുതിയ കാലാവസ്ഥ പ്രതിഭാസങ്ങളെ നേരിടാൻപാകത്തിൽ നവീകരിക്കപ്പെട്ടിട്ടില്ല. ഓരോ വർഷവും നൂറിലധികം പേർ ഉഷ്ണതരംഗത്താൽ മരിക്കുന്നെന്നാണ് കണക്ക്. പക്ഷേ, നമ്മുടെ രാജ്യത്ത് ഉഷ്ണതരംഗത്തെ പ്രകൃതിദുരന്തമായി ഇനിയും എണ്ണിയിട്ടില്ല. വയനാട് ഉരുൾദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയാത്തതും സംവിധാനം നവീകരിക്കപ്പെടാത്തതുകൊണ്ടുമാത്രമാണ്. ഇവിടെ പ്രശ്നം സംവിധാനങ്ങളുടേത് മാത്രമല്ല; സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നിലവിലെ ഉന്മാദ രാഷ്ട്രീയത്തിന്റേതു കൂടിയാണ്. വയനാട് ദുരന്തത്തോടുള്ള കേന്ദ്രസർക്കാറിന്റെ സമീപനമെന്തായിരുന്നെന്ന് ആരും മറന്നിട്ടുണ്ടാവില്ല. വയനാട്ടിൽ ഇരകളുടെ പുനരധിവാസത്തിനും മറ്റുമായി 2200 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് ആകെ അനുവദിച്ചത് 260.56 കോടി രൂപയായിരുന്നു.
അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, യു.പി, ബിഹാർ, ഛത്തിസ്ഗഢ്, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കായി 4645 കോടി അനുവദിച്ചപ്പോൾ കേരളത്തിനുള്ള വിഹിതമാണിത്. ബി.ജെ.പി ഭരിക്കുന്ന അസമിന് 2160 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ പത്തിലൊന്നുപോലും ദുരന്തം അസമിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നോർക്കണം. ഈ വർഷത്തെ എസ്.ഡി.ആർ.എഫ് വിഹിതത്തിലും ഈ വിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച റിപ്പോർട്ടും വ്യക്തമാക്കുന്നു. അസമിന് 751 കോടി നൽകിയപ്പോൾ കേരളത്തിന് 306 കോടി മാത്രം. കേരളത്തിന്റെ മാത്രം കാര്യമല്ലിത്. ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളിലെല്ലാം നടക്കുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നത് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, കാലാവസ്ഥ ദുരന്തത്തേക്കാൾ വലിയ ദുരന്തമായി ഭരണകൂടത്തിന്റെ ഉന്മാദ രാഷ്ട്രീയം മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.