‘‘ഒരുകാര്യം നേടണമെന്ന് ആരെങ്കിലും ഉൽക്കടമായി ആഗ്രഹിച്ചാല്, അതിനായി ഈ ലോകം മുഴുവന് അവർക്കൊപ്പം ഗൂഢാലോചന നടത്തും’’ എന്ന് കുറിച്ചിട്ടത് പൗലോ കൊയ് ലോയാണ്. ലോകത്ത് ഏറ്റവുമധികം തവണ വിവർത്തനം ചെയ്യപ്പെട്ട ആൽകെമിസ്റ്റിന്റെ രചയിതാവിന് ജന്മദേശമായ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം ഫാൻസുള്ളത് ഒരു പക്ഷേ, കേരളത്തിലായിരിക്കാം. ആലുവ ചൂണ്ടിയിൽ ആൽകെമിസ്റ്റിന്റെ കവർ ചിത്രത്തിന്റെ മാതൃകയിൽ സ്ഥാപിച്ച പുസ്തകശാലയുടെയും ‘ആൽകെമിസ്റ്റ്’ എന്ന് പേരിട്ട പറവൂരിലെ ഓട്ടോയുടെയും, തന്റെ പുസ്തകങ്ങളുടെ പരിഭാഷകളുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കേരളത്തിന്, മലയാളികൾക്ക് നന്ദി പറയാറുള്ള ആ വിഖ്യാത എഴുത്തുകാരൻ മലപ്പുറം ജില്ലയിലെ എലമ്പ്ര എന്ന ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഗ്രാമത്തിൽ ഒരു സ്കൂൾ എന്ന ആഗ്രഹത്തെ ഞെരിച്ചില്ലാതാക്കാൻ ഭരണകൂടം നടത്തിയ അപഹാസ്യമായ ഗൂഢാലോചനയെക്കുറിച്ച് വല്ലവിധേനയും അദ്ദേഹം കേട്ടിരുന്നെങ്കിൽ തുടക്കത്തിൽ സൂചിപ്പിച്ച ആൽകെമിസ്റ്റിലെ പഞ്ച് വരികൾ അദ്ദേഹം എഴുതുമായിരുന്നില്ല.
സമീപ പ്രദേശത്തൊന്നും സ്കൂളുകൾ ഇല്ലാത്തതിനാൽ, പിഞ്ചുകുട്ടികൾക്ക് പഠിക്കണമെങ്കിൽ കിലോമീറ്റർ താണ്ടി പോകേണ്ടിവരും എന്നതിനാൽ ഗ്രാമത്തിൽ ഒരു സർക്കാർ എൽ.പി സ്കൂളിനായി എലമ്പ്രക്കാർ ശ്രമം തുടങ്ങിയത് 1982ൽ ആണ്, കൃത്യമായി പറഞ്ഞാൽ ആൽകെമിസ്റ്റ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതിന് അര വ്യാഴവട്ടം മുമ്പ്. സ്ഥലം കണ്ടെത്തിയാൽ സ്കൂളിന് അനുമതിക്ക് ശ്രമിക്കാമെന്ന് മഞ്ചേരി നഗരസഭയുടെ പ്രഥമഅധ്യക്ഷനും പിന്നീട് എം.എൽ.എയുമായ ഇസ്ഹാഖ് കുരിക്കൾ ഉറപ്പ് നൽകിയതനുസരിച്ച് നാട്ടുകാർ പിരിവിട്ട് ഒരേക്കർ സ്ഥലം സ്വന്തമായി വാങ്ങി. ഗൾഫ് പ്രവാസം പച്ചപിടിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. നാട്ടുകാരുടെയും കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും പണം ചേർത്തിട്ടും, പ്രവാസികൾ വീട്ടിലേക്കയക്കാതെ നൽകിയ തുക സ്വരുക്കൂട്ടിയിട്ടും പണം തികഞ്ഞിരുന്നില്ല. ആലക്കത്തൊടി വീട്ടിലെ ഉമ്മയുടെ മഹർ മാല പണയം വെച്ച് കിട്ടിയ പണവും മമ്മൂട്ടി ഹാജി എന്ന മനുഷ്യസ്നേഹി ഹജ്ജ് തീർഥാടനത്തിനായി കരുതി വെച്ച തുകയുമൊക്കെ കൂടി ചേർത്താണ് അക്കാലത്ത് അവർ സ്ഥലം വാങ്ങാൻ 20,000 രൂപ എന്ന വലിയ സംഖ്യ സമാഹരിച്ചത്. അവിടെ കെട്ടിടം നിർമിച്ചു നൽകാമെന്ന് നഗരസഭയുടെ വാഗ്ദാനവും വന്നു. പ്രദേശത്ത് സ്കൂൾ അനുവദിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പലകുറി സർക്കാറിന് റിപ്പോർട്ട് നൽകി, ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനുമൊക്കെ ഇക്കാര്യം ബോധ്യമായി. ഇക്കാലത്തിനിടെ ആറ് മന്ത്രിസഭകളിലായി മലപ്പുറം ജില്ലക്കാരായ അഞ്ച് വിദ്യാഭ്യാസ മന്ത്രിമാരും ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയുമുണ്ടായി. പക്ഷേ, നയപരമായി തീരുമാനമില്ലെന്നും സാമ്പത്തിക സ്ഥിതിയില്ലെന്നുമൊക്കെപ്പറഞ്ഞ് സർക്കാറുകളൊക്കെ എലമ്പ്രയുടെ പഠനമോഹത്തെ ചവിട്ടിത്തേച്ചു.
എല്ലാ വാതിലുകളും മുട്ടിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് തേനത്ത് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ 2015ൽ കേരള ഹൈകോടതിയെ സമീപിച്ചത്. തികച്ചും ന്യായമായ ആവശ്യമെന്ന് ബോധ്യപ്പെട്ട കോടതി സ്കൂൾ അനുവദിക്കാൻ 2020ൽ വിധിച്ചു. എന്നാൽ, സകലരെയും അമ്പരപ്പിച്ച് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയാണ് പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാൻ യജ്ഞം നടത്തുന്നെന്ന് സദാ ഗീർവാണം മുഴക്കുന്ന സംസ്ഥാന സർക്കാർ ചെയ്തത്. നിശ്ചയദാർഢ്യത്തോടെ പിന്നെയും നിയമപോരാട്ടം തുടർന്ന എലമ്പ്രക്കാർക്ക് അനുകൂലമായി, വിദ്യാലയത്തിന്റെ വെളിച്ചമെത്താത്ത രാജ്യത്തെ സകല ഗ്രാമങ്ങൾക്കുംവേണ്ടി ഒടുവിൽ പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തെ നഗ്നമായി ലംഘിക്കുന്ന സംസ്ഥാന സർക്കാറിനെ നിശിതമായി വിമർശിച്ച സുപ്രീംകോടതി എലമ്പ്രയിൽ സർക്കാർ സ്കൂൾ സ്ഥാപിക്കാൻ ആറുമാസത്തിനകം നടപടി സ്വീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
സ്കൂൾ നൽകാത്തതിന് സാമ്പത്തിക പ്രയാസം പറയുന്ന സർക്കാർ എലമ്പ്രയുടെ അവകാശം നിഷേധിക്കാനുള്ള നിയമനടപടികൾക്ക് മാത്രം ഇതിനകം നികുതിപ്പണത്തിൽനിന്ന് എത്ര ലക്ഷം ചെലവിട്ടുവെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മലപ്പുറം ജില്ലയിൽ മുക്കിന് മുക്കിന് സ്കൂളുകൾ അനുവദിക്കപ്പെടുകയാണെന്ന് വിദ്വേഷ നടേശന്മാർ വ്യാജം പ്രചരിപ്പിക്കുന്ന കാലത്ത് യാഥാർഥ്യമെന്തെന്ന് സുപ്രീംകോടതി മുമ്പാകെതന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇനി വിദ്യാർഥികൾക്ക് പ്ലസ് ടു സീറ്റുകൾ ഉറപ്പാക്കാനും കോടതിവരാന്ത കയറുക മാത്രമേ പോംവഴിയുള്ളൂ എന്ന് തോന്നുന്നു.
എലമ്പ്രയിൽ സ്കൂൾ വേണമെന്ന് ആദ്യമായി ആവശ്യമുയരുന്ന കാലത്ത്, സ്കൂളിൽ പോകാൻ ഒരുങ്ങിനിന്ന ഒരു അഞ്ചുവയസ്സുകാരിക്ക് ഇപ്പോൾ 48 വയസ്സ് പ്രായമുണ്ടാവും. സുപ്രീംകോടതി വിധിയെയും ധിക്കരിക്കാൻ മുതിരാതെ, ജനങ്ങൾ വാങ്ങി നൽകിയ സ്ഥലത്ത് അടുത്ത അധ്യയന വർഷത്തിലെങ്കിലും സ്കൂൾ ആരംഭിക്കാൻ സർക്കാർ മനസ്സുകാണിച്ചാൽ ആ പഴയ അഞ്ചുവയസ്സുകാരിയുടെ പേരക്കുട്ടികൾക്കെങ്കിലും വീടിനടുത്ത് പ്രാഥമിക വിദ്യാഭ്യാസ സൗകര്യമൊരുങ്ങും. സർക്കാറിന്റെ പിടിവാശി മൂലം ഇക്കാലങ്ങൾക്കിടയിൽ എത്രയെത്രയോ കുട്ടികളുടെ പഠനമാണ് ബുദ്ധിമുട്ടിലായിട്ടുണ്ടാവുക!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.