സുനാലി ഖാത്തൂൻ ഒരു സാധാരണ സ്ത്രീയാണ്; ഒരു പ്രതീകവും. പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലക്കാരിയായ സുനാലിയും ഭർത്താവ് ഡാനിഷ് അലിയും 20 വർഷമായി ഡൽഹിയിൽ ആക്രി പെറുക്കി അരിഷ്ടിച്ച് കഴിയുകയാണ്. ഇക്കൊല്ലം ജൂണിൽ, ഡൽഹി പൊലീസിന് ഒരു ഉൾവിളി വരുന്നു. ഇവരും ഇവരെപ്പോലുള്ളവരും അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. അങ്ങനെ ഈ ദമ്പതികളെയും എട്ടുവയസ്സുള്ള മകൻ സാബിറിനെയും ഒപ്പം പശ്ചിമബംഗാളിൽനിന്നുതന്നെയുള്ള മറ്റൊരു കുടുംബത്തെയും പിടികൂടുന്നു. മനുഷ്യത്വത്തെപ്പറ്റിയോ പൗരാവകാശങ്ങളെപ്പറ്റിയോ ഉള്ള ഉത്കണ്ഠകൾ ഏശാത്തവരെന്ന് പലകുറി തെളിയിച്ച ഡൽഹി പൊലീസ് അവരെ അതിർത്തിക്കപ്പുറത്തേക്ക് വലിച്ചെറിയാനായി അതിർത്തി രക്ഷാസേനക്ക് (ബി.എസ്.എഫ്) കൈമാറുന്നു. ജൂൺ 26ന് അവരെ അതിർത്തിക്കപ്പുറത്തേക്ക്, ബംഗ്ലാദേശിലേക്ക് തള്ളുന്നു. ഇന്ത്യക്കാരെ ബലം പ്രയോഗിച്ച് അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് കടത്തിവിടുന്ന ഈ സമ്പ്രദായത്തിലെ നൈതികത പോകട്ടെ, ഈ കൊടുംപാതകം അവരോട് ഭരണകൂടം ചെയ്യുമ്പോൾ സുനാലി ഗർഭിണിയായിരുന്നു. കോടതിയിൽ കേസ് ഇഴഞ്ഞുനീങ്ങുമ്പോൾ അങ്ങ് ബംഗ്ലാദേശിലെ പൊലീസ് അവരെ നുഴഞ്ഞുകയറ്റക്കാരെന്ന നിലക്ക് അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുകയായിരുന്നു. മാസങ്ങൾ കഴിയുമ്പോഴേക്ക് കൊൽക്കത്ത ഹൈകോടതി ഉത്തരവിടുന്നു, ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ ആറ് പശ്ചിമബംഗാൾ സ്വദേശികളെ ഒക്ടോബർ 26നകം ഇന്ത്യയിൽ തിരികെയെത്തിക്കണമെന്ന്. ഗർഭിണിയുടെ യാതനയോർത്ത് തിരിച്ചെത്തിക്കൽ വേഗത്തിൽ വേണമെന്ന് കോടതി പറഞ്ഞെങ്കിലും, യൂനിയൻ സർക്കാർ ആ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് ചെയ്തത്. പ്രതിഭാഗം വക്കീൽ മാനുഷിക പരിഗണന നൽകി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതനുസരിച്ച് കോടതി സുനാലിയെ ഉടനെ തിരികെയെത്തിക്കാൻ കൽപിക്കുകയായിരുന്നു. അതുപ്രകാരം അവരെ മാതൃരാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

‘‘നിയമം മനുഷ്യത്വത്തിന് വഴിമാറണ’’മെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ, പൗരത്വപ്രശ്നം തീർപ്പായിട്ടില്ലെന്ന്. യൂനിയൻ സർക്കാർ നൽകിയ അപ്പീലിൽ വാദം​ കേൾക്കാൻ പോകുന്നതേയുള്ളൂ. ഡിസംബർ 12ന് അത് തുടങ്ങും. ദുർബലരും പാവങ്ങളുമായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം പീഡനമേൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കേസ്. ‘‘നുഴഞ്ഞുകയറ്റക്കാരെന്ന സംശയ’’ത്തിന്റെ പേരിൽ, ആദ്യപരിശോധന നടന്നപ്പോൾ ആ ആക്രിക്കച്ചവടക്കാരുടെ കൈവശം പൗരത്വ രേഖകളൊന്നും ഇല്ലായിരുന്നെന്ന കുറ്റം ചുമത്തിയാണ് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസ് അവരെ നാടുകടത്താൻ ഉത്തരവിട്ടതും അധികൃതർ തോക്കുചൂണ്ടി പറഞ്ഞയച്ചതും. കേസിന്റെ ദുർവഹഭാരം പേറിക്കൊണ്ടുതന്നെ സുനാലിയുടെ പിതാവ് ഭോദു ശൈഖ് കോടതിയെ സമീപിച്ചു. പൗരത്വം തെളിയിക്കാൻ അവസരം വേണം, പുറത്താക്കിയവരെ തിരിച്ചെത്തിക്കണം എന്നായിരുന്നു അഭ്യർഥന. അതംഗീകരിച്ച കോടതി അധികൃതരുടെ തിടുക്കത്തെ വിമർശിക്കുകയും ചെയ്തു-നിയമ നടപടികൾ പാലിക്കാതെ നാടുകടത്തിയതിനെയും. ഇതേസമയത്തുതന്നെ ബംഗ്ലാദേശിലെ കോടതി, സുനാലിയും കുടുംബവും ഇന്ത്യൻ പൗരരാണ് എന്ന് കണ്ട് അവരെ ജയിലിൽനിന്ന് മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടിരുന്നു. ഇത്രയൊക്കെ നടന്നിട്ടും യൂനിയൻ ആഭ്യന്തര മന്ത്രാലയം അവരെ വിദേശികളാക്കാൻ സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തിരിക്കുന്നത്.

സുനാലിക്ക് മാതൃരാജ്യത്തുതന്നെ പ്രസവിക്കാൻ കഴിയുമെന്ന ആശ്വാസമാണ് തൽക്കാലമുള്ളത്. അവരും കുടുംബവും നേരിടുന്നത് പൗരത്വവുമായി ബന്ധപ്പെട്ട നിയമ ഭേദഗതികൾ സൃഷ്ടിച്ച അനീതിതന്നെയാണ്. 2019ലെ ഭേദഗതി നിയമം വംശീയലക്ഷ്യ​ത്തോടെയാണെന്ന ആരോപണം അന്ന് നിഷേധിച്ച യൂനിയൻ സർക്കാറിന് കീഴിൽ, ആ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നിരന്തരം അരങ്ങേറുന്നത്. നിയമ പരിരക്ഷക്കായി, പൗരത്വം തെളിയിക്കാനുള്ള സാവകാശത്തിന് വേണ്ടിപ്പോലും, ശ്രമിക്കാൻ കഴിയാത്ത അനേകം പാവങ്ങളെ പൗരന്മാരല്ലാതാക്കി കഴിഞ്ഞിരിക്കണം. കോടതികളെ സമീപിക്കാൻ ഭാഗ്യമുണ്ടായവരിൽ പലർക്കും നീതി ലഭിക്കാൻ വർഷങ്ങളുടെ യാതന അനുഭവിക്കേണ്ടിവരുന്നു. അസമിൽ റിക്ഷക്കാരൻ മുഹമ്മദ്നൂർ ഹുസൈനും ഭാര്യയും രണ്ടു മക്കളും ഗുവാഹതി ഹൈകോടതി ഇടപെടലിൽ പൗരത്വം വീണ്ടെടുത്ത് ജയിൽമോചിതരാകുമ്പോഴേക്ക് ഒന്നര വർഷം ജയിലിൽ നരകിച്ചു. ശരീരം തളർന്ന ബനാഷ ബീഗം എന്ന അസംകാരി ജയിലിൽ കിടന്നില്ലെങ്കിലും മൂന്നുവർഷം വീണ്ട നിയമപോരാട്ടത്തിന്റെ കഷ്ടപ്പാട് അതിലേറെയായിരുന്നു; പൗരത്വമുണ്ടെന്ന് ഒടുവിൽ അധികൃതർ സമ്മതിച്ചു. അസമിലെ മുഹമ്മദ് റഹീം അലിക്ക് 2024ൽ സുപ്രീംകോടതി പൗരത്വം സ്ഥിരീകരിച്ചുകൊടുക്കുംവരെ 12 വർഷം നാടും അവകാശങ്ങളുമില്ലാത്തവനായി കഴിയേണ്ടിവന്നു. ഇത്തരം ഉദാഹരണങ്ങൾ ​വേറെയുമുണ്ട്. പൗരർക്ക് പൗരത്വം നിഷേധിച്ചതിന്റെ പേരിൽ കോടതികൾ ബന്ധപ്പെട്ടവരെ പല കേസിലും ശാസിച്ചിട്ടുണ്ട്. പക്ഷേ ഒന്നിൽപോലും ഇരകൾക്ക് നഷ്ടപരിഹാരമോ കുറ്റം ചെയ്ത അധികൃതർക്ക് ശിക്ഷയോ നൽകിയിട്ടില്ല. ഈ അവസ്ഥ മാറുന്നില്ലെങ്കിൽ സുനാലിമാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.

Tags:    
News Summary - Madhyamam Editorial 2025 Dec 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.