ആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത്


രാജ്യത്ത് നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള വൈദ്യശാസ്ത്ര സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന നിയമമായിരുന്നു കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട്. മെഡിക്കൽ സ്ഥാപനങ്ങളുടെ ​രജിസ്ട്രേഷൻമുതൽ സേവനത്തിനുള്ള ഫീസ് നിർണയംവരെ ഉൾക്കൊള്ളുന്ന സമഗ്രമായൊരു നിയമമായിരുന്നു അത്. ആശുപത്രികളുടെയും പരിശോധന ലാബുകളുടെയുമെല്ലാം ഗുണനിലവാരം സമയാസമയങ്ങളിൽ പരിശോധിക്കാനും ചൂഷണം ഒഴിവാക്കാനും പര്യാപ്തമായ പ്രസ്തുത നിയമം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നുതന്നെ പ്രതീക്ഷിക്കപ്പെട്ടു. ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലെ രണ്ടാം യു.പി.എ സർക്കാർ 2010ൽ അംഗീകരിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മാതൃകയിൽ മൂന്നുവർഷങ്ങൾക്കുശേഷം ഉമ്മൻ ചാണ്ടി സർക്കാറാണ് ആദ്യമായി ഈ ബിൽ കേരളത്തിൽ കൊണ്ടുവന്നത്.

കരട് ബിൽ തയാറാക്കിയെങ്കിലും നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ കഴിയാതെ വന്നതിനാൽ പിന്നീട് അത് കാലഹരണപ്പെട്ടു. 2016ൽ, അധികാരത്തിൽവന്ന പിണറായി സർക്കാർ തൊട്ടടുത്ത വർഷം തന്നെ പ്രസ്തുത ബിൽ നിയമസഭയിൽ പാസാക്കി. പിന്നീട്, 2019ൽ ചട്ടങ്ങൾ രൂപവത്കരിച്ച് നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുകൾ വന്നത്. ചികിത്സാ ഫീസുകളുടെ വിശദാംശങ്ങൾ ആശുപത്രികളിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്നതടക്കം നിഷ്കർഷിക്കുന്ന നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും കേരള മെഡിക്കൽ അസോസിയേഷനുമൊക്കെയായിരുന്നു. കേസ് ആദ്യം പരിഗണിച്ച ഹൈകോടതി സിംഗ്ൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു. തുടർന്നാണ് വിഷയം ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്. കഴിഞ്ഞദിവസം, ആരോഗ്യ പരിരക്ഷ സംബന്ധിച്ച് സർക്കാറിന്റെ നിലപാടിന് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുംവിധം വിധി പറഞ്ഞ് ആശുപത്രി മാനേജ്മെന്റിന്റെയും ഡോക്ടർമാരുടെ കൂട്ടായ്മയുടെയും ഹരജി തള്ളിയിരിക്കുകയാണ് ഡിവിഷൻ ബെഞ്ച്.

മെഡിക്കൽ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനൊപ്പം അത്ത​രം കേന്ദ്രങ്ങളെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ സ്വകാര്യമേഖലയിലും കൊണ്ടുവരിക എന്നത് ആരോഗ്യ പ്രവർത്തകരും ഈ രംഗത്തെ സന്നദ്ധ സംഘടനകളും കാലങ്ങളായി ഉന്നയിക്കുന്ന കാര്യമാണ്. അത് മുഖവിലക്കെടുക്കുംവിധമാണ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് ആക്ടിന് സർക്കാർ രൂപം നൽകിയത്. ചില ന്യൂനതകളൊക്കെ ചൂണ്ടിക്കാണിക്കാനാകുമെങ്കിലും പൊതുവിൽ മേൽസൂചിപ്പിച്ച ആവശ്യങ്ങളെ വലിയ അളവിൽ ഈ നിയമം ഉൾക്കൊണ്ടിട്ടുണ്ട്. സ്വഭാവികമായും, ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾക്കും വ്യക്തികൾക്കുമെല്ലാം അത് തിരിച്ചടിയായി. അങ്ങനെയാണ് ഇതൊരു നിയമവ്യവഹാരത്തിലേക്ക് വഴിമാറിയത്. എന്നാൽ, നീതിപീഠം ജനങ്ങളുടെ വികാരത്തെ മുൻനിർത്തി സർക്കാർ രൂപം നൽകിയ നിയമത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടപ്പോൾ, അത് കാലം ആവശ്യപ്പെടുന്നൊരു നിർണായക ഇടപെടലായി മാറി.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് നിയമത്തിലെ ചട്ടങ്ങൾ ഏതാണ്ട് അതുപോലെത്തന്നെ വിധി പ്രസ്താവത്തിലും കോടതി ആവർത്തിച്ചിരിക്കുകയാണ്. ചികിത്സ അവകാശമാകുന്നുവെന്ന നിയമത്തിന്റെ ആത്യന്തിക മുദ്രാവാക്യത്തെ കോടതി പൂർണമായും പിന്തുണച്ചിട്ടുണ്ട്. പണമില്ലെങ്കിലും അടിയന്തര ചികിത്സ ഒരുഘട്ടത്തിലും നിഷേധിക്കപ്പെടരുത് എന്ന കോടതിയുടെ നിർദേശം ഇതാണ് വ്യക്തമാക്കുന്നത്. ചി​​കി​​ത്സ ഫീ​​സും പാ​​ക്കേ​​ജ്​ തു​​ക​​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ലും വെ​​ബ്സൈ​​റ്റി​​ലും വേ​​ണം, രോ​​ഗി​​ക​​ളു​​ടെ അ​​വ​​കാ​​ശ വി​​വ​​ര​​ങ്ങ​​ളും പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​ണം, സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​വ​​ർ​​ക്ക്​ വാ​ഹ​ന സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളു​ള്ള സു​​ര​​ക്ഷി​​ത യാ​​ത്ര ഉ​​റ​​പ്പാ​​ക്ക​​ണം, ബി​​ല്ലു​​ക​​ളും പ​​രി​​ശോ​​ധ​​ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും ഡി​​സ്ചാ​​ർ​​ജ് സ​​മ​​യ​​ത്ത് കൈ​​മാ​​റ​​ണം, പ​​രാ​​തി ന​​ൽ​​കേ​​ണ്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ന്റെ പേ​രും മറ്റു വിശദാംശങ്ങളും പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​ണം തുടങ്ങി കോടതി മുന്നോട്ടുവെച്ച നിർദേശങ്ങളത്രയും നിയമത്തിന്റെ ചട്ടങ്ങൾതന്നെയാണ്. അതുകൊണ്ടുതന്നെ, കോടതി വിധി നിശ്ചയമായും സർക്കാറിന്റെ ആരോഗ്യനയത്തിനുള്ള അംഗീകാരംകൂടിയാണ്.

വർത്തമാനകാല കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഈ കോടതിവിധിക്ക് വേറെയും മാനങ്ങളുണ്ട്. ​ആരോഗ്യമേഖലയിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ സംസ്ഥാനമായ കേരളത്തിൽ പൊതുജനാരോഗ്യ മേഖലയിൽ വിപുലമായ സംവിധാനങ്ങളാണുള്ളത്. അതിന്റെ ഗുണഫലവും കേരളീയർക്കുണ്ടായിട്ടുണ്ട്. ഉയർന്ന ആയുർദൈർഘ്യവും സ്കാൻഡിനേവിയൻ രാജ്യങ്ങളോട് കിടപിടിക്കുംവിധം കുറഞ്ഞ മാതൃ-ശിശുമരണ നിരക്കുമെല്ലാം കേരള ആരോഗ്യ മോഡലിന്റെ നിദർശകങ്ങളാണ്. അതേസമയം, പ്രമേഹം, ഹൃദ്രോഗം പോലുള്ള പകർച്ചേതര വ്യാധികൾ (എൻ.സി.ഡി) ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ, ചികിത്സ തേടുന്നവരുടെ എണ്ണവും കേരളത്തിൽ കൂടുതലാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘കേരള പഠന’ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ചികിത്സക്കായി വ്യക്തിതലത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നവർ കേരളീയരാണ്. ഈ സാഹചര്യത്തെ ​ഇവിടത്തെ വലിയൊരുവിഭാഗം സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളും നന്നായി മുതലെടുക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

ഇ​പ്പോൾ മറ്റൊരു പ്രവണതകൂടി രൂപപ്പെട്ടിരിക്കുന്നു. കേരളത്തിലെ വലിയ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങൾ രാജ്യത്തെയും ലോകത്തെയും കോർപറേറ്റുകൾ വാങ്ങിക്കൂട്ടുകയാണ്. നിലവിൽ, നമുക്ക് സുപരിചിതമായ പല സ്വകാര്യ ആശുപത്രികളുടെയും മുഖ്യവിഹിതം ഇത്തരം കോർപറേറ്റുകളുടെ നിയന്ത്രണത്തിലായി. സ്വാഭാവികമായും, ഈ കേന്ദ്രങ്ങളിലെല്ലാം ചികിത്സ നിരക്ക് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ, സാമൂഹിക പ്രതിബദ്ധതയോടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾക്കുപോലും പിടിച്ചുനിൽക്കാനാകാത്ത അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. ചികിത്സാരംഗം പതിയെ ഒരുതരം അനിശ്ചിതാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടെയാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് നിയമത്തിന് പുതുജീവൻ വെക്കുംവിധം കോടതി ഇടപെടലുണ്ടായിരിക്കുന്നത്. ഇപ്പോൾ പന്ത് സർക്കാറിന്റെ കോർട്ടിലാണ്. കോടതിവിധിയെ, അതിന്റെ സ്പിരിറ്റിൽ പ്രയോഗവത്കരിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. അതുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.

Tags:    
News Summary - Kerala Clinical Establishment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.