രാഹുല്‍ ഗാന്ധിയുടെ സാരഥ്യം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തതോടെ നെഹ്റു കുടുംബത്തിലെ ഇളംമുറക്കാരന്‍തന്നെയാവും പതിമൂന്ന് പതിറ്റാണ്ട്  പിന്നിട്ട ദേശീയ പ്രസ്ഥാനത്തെ നയിക്കുക എന്ന് തീര്‍ച്ചപ്പെട്ടിരിക്കുന്നു. പതിനെട്ടുവര്‍ഷം പാര്‍ട്ടിയുടെ സാരഥ്യം വഹിച്ച ഇറ്റാലിയന്‍ വംശജയായ സോണിയ ഗാന്ധിക്ക് അനാരോഗ്യം കാരണം ഇനിയും സ്ഥാനത്ത് തുടരാനാവില്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ അവരുടെതന്നെ നിര്‍ദേശവും താല്‍പര്യവും മാനിച്ചാണ് പ്രവര്‍ത്തക സമിതി നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മകന്‍ രാഹുലിനെ ഏകകണ്ഠമായി പിന്‍ഗാമിയായി തെരഞ്ഞെടുത്തത്.

അമ്മയുടെ അനാരോഗ്യം മൂലം അദ്ദേഹം തന്നെയാണല്ളോ വൈസ് പ്രസിഡന്‍െറന്ന നിലയില്‍ എ.ഐ.സി.സിയുടെ തലപ്പത്ത്. പത്തുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ് നിയന്ത്രിത യു.പി.എ ഭരണത്തെ രാജ്യം നിശ്ശേഷം നിരാകരിക്കുന്നതിന് വഴിയൊരുക്കിയ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചതും രാഹുലായിരുന്നു. അതില്‍പിന്നെ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പാര്‍ട്ടിക്ക് പുനരുജ്ജീവനം നല്‍കാനോ ഫലപ്രദമായ നേതൃത്വം പാര്‍ട്ടിക്കുണ്ടെന്ന് അണികളെയും രാജ്യത്തെയും ബോധ്യപ്പെടുത്താനോ രാഹുല്‍ ഗാന്ധിക്ക് ആയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളിലൊന്നില്‍പോലും പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. കോണ്‍ഗ്രസ് മുഖ്യഘടകമായ യു.ഡി.എഫ് ഭരണത്തിലിരുന്ന കേരളത്തില്‍ തലയെടുപ്പുള്ള നേതാക്കള്‍ രംഗത്തുണ്ടായിട്ടും എ.ഐ.സി.സിയിലെ തലമുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി പ്രചാരണരംഗത്തു സജീവമായിരുന്നിട്ടും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഡല്‍ഹിയില്‍ നവജാത ആം ആദ്മി പാര്‍ട്ടി നിയമസഭാ സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ മരുന്നിനുപോലും ഒരു സാമാജികനെ തെരഞ്ഞെടുത്തയക്കാന്‍ ഷീല ദീക്ഷിതിനും കൂട്ടുകാര്‍ക്കും കഴിയാതെപോയി. കോണ്‍ഗ്രസ് ഒറ്റക്ക് ഭരിച്ചിരുന്ന അസം ബി.ജെ.പി-എ.ജി.പി കൂട്ടുകെട്ട് പിടിച്ചെടുത്തു. പാര്‍ട്ടി ഭരിച്ചിരുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ബഹുഭൂരിപക്ഷം എം.എല്‍.എമാരും കൂറുമാറി പ്രാദേശിക പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പിയുടെ കൂടെപോയി.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെട്ട കോണ്‍ഗ്രസ് പാര്‍ലമെന്‍റിനകത്തും പുറത്തും ശോഷിച്ചുശോഷിച്ച് ശൂന്യതയില്‍ ലയിച്ച് കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന ഫാഷിസ്റ്റ് സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ എന്ന കടുത്ത ആശങ്ക നിലനില്‍ക്കുകയാണിപ്പോള്‍.

തകര്‍ച്ചയുടെ അഗാധഗര്‍ത്തില്‍നിന്ന് ദേശീയ ജനാധിപത്യ പ്രസ്ഥാനത്തെ വീണ്ടെടുക്കുകയും ഫാഷിസത്തെ അധികാരഭ്രഷ്ടമാക്കാന്‍ പാകത്തില്‍ അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യാനുള്ള കരുത്തും നേതൃപാടവവും ജനസമ്മതിയും രാഹുലിനുണ്ടോ എന്നതാണ് ഈയവസരത്തില്‍ പ്രസക്തമായ ചോദ്യം. മുന്‍ഗാമികളായ ഇന്ദിര ഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ എന്തിന് സ്വന്തം അമ്മയുടെ പോലുമോ വ്യക്തിത്വവും ചങ്കൂറ്റവും സ്വീകാര്യതയും രാഹുലിനുണ്ട് എന്ന് കോണ്‍ഗ്രസുകാര്‍ക്കുതന്നെയും അവകാശപ്പെടാനാവില്ല.

അവരില്‍ വലിയൊരു വിഭാഗം ഇപ്പോഴും പ്രതീക്ഷിക്കുന്നത് സഹോദരി പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശത്തെയാണ്. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ വിരളവും. നെഹ്റു കുടുംബത്തിന്‍െറ പുറത്തേക്ക് കണ്ണുപായിക്കാന്‍പോലും കോണ്‍ഗ്രസുകാര്‍ അശക്തരാണ് താനും. യോഗ്യരായ നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെങ്കിലും അവരിലൊരാളെയും അധ്യക്ഷസ്ഥാനത്തിരുത്താന്‍ കോണ്‍ഗ്രസുകാര്‍ തയാറല്ല. നിര്‍ബന്ധിതരായി ആ ദിശയില്‍ ചിന്തിച്ചാല്‍ ഉടന്‍ പിളര്‍പ്പാവും ഫലം. മനപ്പൊരുത്തമോ പരസ്പര ബഹുമാനമോ വിശാല പാര്‍ട്ടി താല്‍പര്യങ്ങളോട് പ്രതിബദ്ധതയോ ഇല്ലാത്ത ഒരാള്‍ക്കൂട്ടം മാത്രമായി മഹത്തായ ദേശീയ പ്രസ്ഥാനം പരിണമിച്ചതിന്‍െറ സ്വാഭാവിക ഫലമാണ് ഈ സ്ഥിതിവിശേഷം. മാത്രമല്ല, രണോത്സുക ദേശീയതയുടെ പക്ഷത്തേക്ക് കളംമാറിച്ചവിട്ടാന്‍ സന്നദ്ധരായവര്‍പോലുമുണ്ട് കോണ്‍ഗ്രസണികളില്‍. വിഭാഗീയ ആശയങ്ങളെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട പ്രവര്‍ത്തക സമിതി, വിഭാഗീയതയുടെയും വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും വിപത്തിന്‍െറ ഭയാനകതയെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ് എന്ന ചോദ്യമുയരുന്നു.

മാട്ടിറച്ചി നിരോധം രാജ്യത്തിന്‍െറമേല്‍ കര്‍ക്കശമായി അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ തങ്ങളാണത് ആദ്യം ചെയ്തതെന്ന് വീരവാദം മുഴക്കിയവരാണല്ളോ കോണ്‍ഗ്രസുകാര്‍. യു.എ.പി.എ എന്ന കാടന്‍ നിയമം കണ്ണില്‍ ചോരയില്ലാതെ സര്‍ക്കാറുകള്‍ പ്രയോഗിക്കുന്നതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കോണ്‍ഗ്രസിന് ശക്തിയില്ല. പാകിസ്താനുമായുള്ള ബന്ധം അനുദിനം വഷളായിവരുകയും അയല്‍ക്കാര്‍ പരസ്പരബന്ധങ്ങള്‍ മുറിച്ചെറിയുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ ശൗര്യവും വൈരവും പ്രകടിപ്പിക്കാത്തതിലാണ് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ള പരാതി. 

മുഴുവന്‍ ഇന്ത്യക്കാരെയും സമാവകാശങ്ങളുള്ള പൗരന്മാരായി കാണുകയും മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ ഭൂമികയില്‍ രാജ്യത്തെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റുവും മൗലാന അബുല്‍കലാം ആസാദും നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിന് നിറവേറ്റാനുള്ളതെന്ന സത്യമേ കോണ്‍ഗ്രസുകാര്‍ മറന്നുപോയിരിക്കുന്നു.

മൃദു ഹിന്ദുത്വംകൊണ്ട് തീവ്ര ഹിന്ദുത്വത്തെ നേരിടുക എന്ന നയത്തിന്‍െറ ദയനീയ പരാജയമാണ് പാര്‍ട്ടി ഇന്നുഭവിക്കുന്ന പതനത്തിന് മൂലകാരണമെന്നും തിരിച്ചറിഞ്ഞ ലക്ഷണമില്ല. അതുകൊണ്ടുതന്നെ അമ്മക്ക് പകരം മകന്‍ നേതൃസ്ഥാനത്ത് വന്നതുകൊണ്ട് അദ്ഭുതമൊന്നും സംഭവിക്കാനും പോകുന്നില്ല. പരസ്പരം കടിപിടികൂടുന്ന ഗ്രൂപ് നേതാക്കന്മാര്‍ക്ക് തലസ്ഥാനത്ത് ചെന്ന് പരാതി ബോധിപ്പിക്കാന്‍ ഒരഭയകേന്ദ്രം എന്ന പരിമിത ലക്ഷ്യമേ രാഹുല്‍ ഗാന്ധിയുടെ സാരഥ്യത്തിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കുള്ളൂവെങ്കില്‍ ഒന്നുമാത്രം പറയാം: വിനാശകാലേ വിപരീത ബുദ്ധി.

 

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.