വെളിയിട വിസര്‍ജനവും നോട്ടുരഹിത സമൂഹവും

2014 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. വൃത്തിയും വെടിപ്പുമുള്ള നാടായി ഇന്ത്യയെ മാറ്റുകയെന്നതാണ് ഇതിന്‍െറ വിശാല ലക്ഷ്യം. പദ്ധതിയുടെ പ്രധാന ഉപലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യയെ വെളിയിട വിസര്‍ജനമുക്ത രാജ്യമാക്കുകയെന്നത്. തുറസ്സായ സ്ഥലങ്ങളില്‍ കാര്യം സാധിക്കരുതെന്ന് ജനങ്ങളെ പഠിപ്പിക്കുന്നതാണ് 21ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന മഹാരാജ്യത്ത്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മഹത്തായ ഒരു പദ്ധതി എന്നത് ആശ്ചര്യകരമായ കാര്യമായി തോന്നിയേക്കാം. പക്ഷേ, നമ്മുടെ രാജ്യത്തിന്‍െറ യാഥാര്‍ഥ്യം അതാണ്.

വെളിയിട വിസര്‍ജനത്തിന്‍െറ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഗ്രാമീണ ജനസംഖ്യയില്‍ 52.1 ശതമാനവും നഗര ജനസംഖ്യയില്‍ 7.5 ശതമാനവും കക്കൂസിന് പുറത്ത്, തുറസ്സിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരാണ്. 2019 ഒക്ടോബര്‍ രണ്ട് ആവുമ്പോഴേക്ക് രാജ്യത്തുനിന്നും ഈ ഏര്‍പ്പാട് തുടച്ചു നീക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പദ്ധതി. ആ മഹദ് ദൗത്യം വിജയിപ്പിക്കേണ്ടത് രാജ്യനിവാസികളുടെ മൊത്തം ഉത്തരവാദിത്തമാണ്.

പക്ഷേ, കൗതുകകരമായ കാര്യം, മേല്‍ ദൗത്യം പാതിപോലും ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത സന്ദര്‍ഭത്തില്‍ തന്നെയാണ് നരേന്ദ്ര മോദി മറ്റൊരു സ്വപ്നവും ലക്ഷ്യവും രാജ്യനിവാസികള്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന പരമ്പരാഗത രീതി അവസാനിപ്പിച്ച് കറന്‍സി നോട്ടുരഹിത സമൂഹമായി ഇന്ത്യയെ  മാറ്റണമെന്നതാണ്  അദ്ദേഹത്തിന്‍െറ  പുതിയ ആഹ്വാനം. ഇതെക്കുറിച്ച് അദ്ദേഹം മുമ്പ് പലതവണ സൂചിപ്പിച്ചിരുന്നെങ്കിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഈ ആശയം അദ്ദേഹം ശക്തമായി മുന്നോട്ട്  വെക്കുന്നുണ്ട്.

നവംബര്‍ 28ന് നടത്തിയ ‘മന്‍ കീ ബാത്ത്' റേഡിയോ പ്രഭാഷണത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. പരമ്പരാഗത കറന്‍സികള്‍ ഉപേക്ഷിക്കുകയും ഡിജിറ്റല്‍ വിനിമയങ്ങളിലൂടെ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന തീര്‍ത്തും ആധുനികമായ സമ്പദ് ഘടനയിലേക്ക് രാജ്യത്തെ എത്തിക്കുകയാണത്രെ ലക്ഷ്യം. കൈയില്‍ കാശില്ലാതെ ജനം നട്ടം തിരിയുകയും ആത്മഹത്യ ചെയ്യുകയും രാജ്യം മുഴുവന്‍ ഒരു ക്യൂവായി മാറുകയും ചെയ്യുമ്പോള്‍ ഈ പ്രയാസങ്ങളൊക്കെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള വേദനകള്‍ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

നോട്ടുരഹിത സമൂഹം എന്നതും അഭിനന്ദനാര്‍ഹമായ ലക്ഷ്യമാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വികാസം മനുഷ്യരാശിയെ ആ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. പല വികസിത രാജ്യങ്ങളും വിനിമയങ്ങളുടെ സിംഹഭാഗവും നോട്ടുരഹിത രീതിയിലേക്ക് മാറ്റിയിരിക്കുന്നു. ബെല്‍ജിയമാണ് അക്കാര്യത്തില്‍ മുന്നില്‍. അവിടെ 93 ശതമാനം വിനിമയങ്ങളും നോട്ടുരഹിതമാണ്. ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ലോകത്ത് ഏറെ മുന്നിട്ട് നില്‍ക്കുന്നു. എന്നാല്‍, ബാങ്കിങ് സാന്ദ്രത ഏറ്റവും കുറഞ്ഞ സമൂഹങ്ങളിലൊന്നാണ് നമ്മുടെത്. നിലവില്‍ 1.45 ദശലക്ഷം പി.ഒ.എസ് ടെര്‍മിനലുകള്‍ (കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുന്ന മെഷീന്‍) മാത്രം ഉപയോഗത്തിലിരിക്കുന്ന ഒരു രാജ്യത്തെ നോട്ട് രഹിത സമൂഹമാക്കുകയെന്നത് എത്ര വിദൂര ലക്ഷ്യമാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

74 ശതമാനം മാത്രം സാക്ഷരതയുള്ള, ജനങ്ങളില്‍ വലിയൊരു വിഭാഗം ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന നാട്ടില്‍, രാഷ്ട്രത്തലവന്‍  ടെലിവിഷന്‍ സ്റ്റുഡിയോവില്‍ വന്ന് നാളെ മുതല്‍ നോട്ടുകള്‍ പിന്‍വലിക്കുകയാണ്, മറ്റന്നാള്‍ മുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടാവില്ല എന്ന മട്ടില്‍ കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ ജനങ്ങള്‍ കുഴഞ്ഞുപോവും. തീര്‍ച്ചയായും, നോട്ടു രഹിത സമ്പദ്ഘടനയെ കുറിച്ച് അദ്ദേഹം പങ്കുവെച്ച സ്വപ്നങ്ങള്‍ പ്രസക്തം തന്നെയാണ്. പക്ഷേ, ഒന്നാം വര്‍ഷം കക്കൂസ് സാര്‍വത്രികമാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ആള്‍ തന്നെ മൂന്നാം വര്‍ഷം ഡിജിറ്റല്‍ പണവിനിമയം സാര്‍വത്രികമാക്കാന്‍ ആഹ്വാനം ചെയ്യുന്നത് വലിയ തമാശയാണ്. നമ്മുടെ രാജ്യത്തിന്‍െറ യഥാര്‍ഥ സ്ഥിതികളെക്കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ് ഇമ്മട്ടിലുള്ള സമീപനങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. രാജ്യത്തിന്‍െറ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറിച്ചുള്ള നല്ല ബോധം ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടാവണം. അല്ലാതെ, ആരോടും കൂടിയാലോചിക്കാതെ, മറ്റാരുടെയും വാക്കുകള്‍ക്ക്   തരിമ്പും വില കല്‍പിക്കാതെ മഹദ് സ്വപ്നങ്ങള്‍ എന്നു താന്‍ കരുതുന്ന കാര്യങ്ങള്‍ അടിച്ചേല്‍പിച്ചാല്‍ രാജ്യം തകരും.

നാട്ടിലെ ധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കതിരുകള്‍ തിന്നു നശിപ്പിക്കുന്ന കിളികളെ കൊന്നുകളയുകയാണ് വഴിയെന്ന് മുമ്പ് ചൈനീസ് കമ്യൂണിസ്റ്റ്് സ്വേച്ഛാധിപതിയായ മാവോ സെ തുങ്ങിന് തോന്നിയിരുന്നു. അങ്ങനെയാണ് മഹത്തായ ‘കുരുവിയെ കൊല്ലൂ' കാമ്പയിന് അദ്ദേഹം തുടക്കം കുറിക്കുന്നത് (1958). സ്കൂള്‍ കുട്ടികള്‍ക്ക് വരെ കുരുവികളെ കൊല്ലാന്‍ കവണയും ടാര്‍ഗറ്റ് നല്‍കി മുന്നേറിയ പദ്ധതി പക്ഷേ, ധാന്യോല്‍പാദനം വര്‍ധിപ്പിക്കുകയല്ല ചെയ്തത്. കുരുവികള്‍ ഇല്ലാതായതോടെ കീടങ്ങള്‍ വര്‍ധിക്കുകയും ധാന്യോല്‍പാദനത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയും ചൈന പട്ടിണിയിലേക്കും കൂട്ട മരണത്തിലേക്കും പോയതുമാണ് ചരിത്രം.

രണ്ട് വര്‍ഷം മുമ്പ് കക്കൂസുകളുടെ വ്യാപനത്തെ കുറിച്ച് സംസാരിച്ച അതേ ഭരണാധികാരി, അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വേണ്ടി ജനങ്ങള്‍ ക്യൂവില്‍നിന്ന് പിടയുന്ന നേരത്ത് കറന്‍സി രഹിത സമൂഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ സ്വേച്ഛാധിപതികളും ഒരേപോലെയാണ് ചിന്തിക്കുക എന്നറിയുക.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.