നവ വിദ്യാര്‍ഥി സമരങ്ങളുടെ സന്ദേശം

സമകാല ദേശീയ രാഷ്ട്രീയത്തിന്‍െറ ക്രിയാത്മക ഗതിമാറ്റത്തിന്, നവ വിദ്യാര്‍ഥി രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ആശയപരമായും കര്‍മപരമായും പ്രചോദകമാകുന്നുവെന്ന വിശകലനങ്ങള്‍ നേരത്തേ വന്നതാണ്. പരമ്പരാഗതമായി പിന്‍പറ്റിക്കൊണ്ടിരുന്ന രാഷ്ട്രീയമായ പ്രതിനിധാനങ്ങളും ആശയാവലികളും സംവാദ സമരശൈലികളും ഉപേക്ഷിച്ച പുതിയ തലമുറ ഉയര്‍ത്തുന്ന പുതിയ ചോദ്യങ്ങളും ജനാധിപത്യപരമായ അന്വേഷണങ്ങളും പ്രക്ഷോഭസഖ്യങ്ങളുമെല്ലാം വംശപരവും സാംസ്കാരികവുമായ ബഹുത്വത്തിലധിഷ്ഠിതമായ ഇന്ത്യയുടെ ജനാധിപത്യ വികാസത്തില്‍ പ്രത്യാശഭരിതമായ മാറ്റങ്ങളുടെ ഗൃഹപാഠങ്ങളായാണ് അനുമാനിക്കപ്പെടുന്നത്. വിശേഷിച്ച്, ദേശീയ ഭരണകൂടം പ്രത്യക്ഷമായിത്തന്നെ സമഗ്രാധിപത്യസ്വഭാവം അടിച്ചേല്‍പിക്കുന്ന കാലത്ത്. മണ്ഡല്‍ പ്രക്ഷോഭങ്ങള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ക്ക് സമാനമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍മാത്രം കരുത്തും വൈപുല്യവും കൈവരിക്കാന്‍ സാധിക്കുന്നുണ്ട്, ദേശീയതലത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ക്കും അവിടെനിന്ന് ഉയിര്‍കൊള്ളുന്ന സമരപരിപാടികള്‍ക്കും. അതുകൊണ്ടുതന്നെ, സ്വാഭാവികമായും ദേശീയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ രാഷ്ട്രീയ അലയൊലികള്‍ കേരളത്തിലും പ്രതിധ്വനിച്ചിരുന്നു. പക്ഷേ, കേരളത്തിലെ കലാലയങ്ങളെ സംബന്ധിച്ചിടത്തോളം, മുഖ്യധാര വിദ്യാര്‍ഥി രാഷ്ട്രീയ സംഘങ്ങള്‍ സജീവമായി അത്തരം മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നതിനാലും അവരില്‍നിന്ന് വ്യത്യസ്തമായ നവ വിദ്യാര്‍ഥി രാഷ്ട്രീയ വികാസത്തെ കക്ഷിഭേദമന്യേ ഇടിമുറികളുപയോഗിച്ച് ഇല്ലാതാക്കുന്നതില്‍ വിജയിക്കുന്നതിനാലും ദേശീയതലത്തില്‍ പ്രകടമാകുന്ന സജീവതയും പ്രക്ഷോഭ വൈവിധ്യവും കേരളത്തില്‍ ഇതുവരെ വേണ്ടത്ര ദൃശ്യമായിരുന്നില്ല.  എന്നാല്‍, അതില്‍നിന്ന് ഭിന്നമായി പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മരണാനന്തരം സ്വാശ്രയ കോളജുകളെ മുന്‍നിര്‍ത്തി കേരളത്തിലും നവ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും ആശയപരമായ സംവാദങ്ങളും സജീവമായിരിക്കുകയാണ്. പരമ്പരാഗത വിദ്യാര്‍ഥി രാഷ്ട്രീയ പ്രതിനിധാനങ്ങളുടെ ആശയപരമായ ദാരിദ്ര്യത്തെയും പ്രവര്‍ത്തനപരമായ പരാങ്മുഖതയെയും വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് അവ.
തിരുവനന്തപുരം ലോ അക്കാദമി സമരമാകട്ടെ, പാമ്പാടി നെഹ്്റു കോളജിലോ മറ്റക്കര ടോംസ് കോളജിലോ നടക്കുന്ന പ്രക്ഷോഭങ്ങളാകട്ടെ പരമ്പരാഗത വിദ്യാര്‍ഥി സംഘടനകളുടെ മേല്‍ക്കൈയിലല്ല തുടക്കംകുറിക്കപ്പെട്ടത്. സമരമുയര്‍ന്നതിനുശേഷം എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി തുടങ്ങിയ സംഘടനകളെല്ലാം തങ്ങളുടെ രാഷ്ട്രീയ സാധ്യതകള്‍ക്കനുസൃതമായി അത്തരം സമരമേഖലകളിലേക്ക് ചെന്നുചേരുകയാണുണ്ടായത്.  ചില സന്ദര്‍ഭങ്ങള്‍ സമരത്തില്‍ മേല്‍ക്കൈയും പൊതുശ്രദ്ധയും ലഭിക്കാന്‍  നാടകീയമായി അങ്ങേയറ്റം സംഹാരസ്വഭാവമുള്ള സമര വേലിയേറ്റങ്ങള്‍ നടത്തി സമരത്തിന്‍െറ ധാര്‍മികതയും, ഉയര്‍ത്തുന്ന ആവശ്യങ്ങളുടെ മുന്‍ഗണനകളും അട്ടിമറിക്കപ്പെടുന്നത് കാണാനാകും. മറ്റു ചിലപ്പോള്‍ മാനേജ്മെന്‍റുകളുടെയും സര്‍ക്കാറിന്‍െറയും ഇടയില്‍ വിലപേശല്‍ വര്‍ത്തികളായി നടിച്ച് സമരത്തെ ഒറ്റിക്കൊടുക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നുവെന്ന പരാതി പ്രക്ഷോഭത്തിന് നേതൃത്വംകൊടുക്കുന്നവര്‍ക്കുനേരത്തെന്നെ ഉയര്‍ത്തപ്പെടുന്നതും കാണാം. സ്വാശ്രയ കോളജ് സമരങ്ങളുടെ നാള്‍വഴികള്‍ വിദ്യാര്‍ഥി സംഘടനകളുടെ ആശയപാപ്പരത്തത്തിന്‍െറയും ഇരട്ടത്താപ്പുകളുടെയും ചരിത്രംകൂടിയാണ്.  ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാകണം കേരളത്തിലും പ്രബലമാകുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പ്രസക്തി വിലയിരുത്തപ്പെടേണ്ടത്.
ജാതീയ വിവേചനം, ജനാധിപത്യ അസഹിഷ്ണുത, ലിംഗപരമായ അനീതികള്‍, ന്യൂനപക്ഷ ഭീതിയും കെട്ടുകഥകളും, സാംസ്കാരിക സവര്‍ണ ചിഹ്്നങ്ങള്‍ക്കും വര്‍ണങ്ങള്‍ക്കും നല്‍കുന്ന പൊതുപരിഗണന തുടങ്ങി കലാലയങ്ങളില്‍നിന്നും പൊതുമണ്ഡലത്തില്‍നിന്നും തൂത്തുമാറ്റേണ്ട ജീര്‍ണതകളുടെ സംരക്ഷകരും പ്രയോക്താക്കളുമായി പരമ്പരാഗത വിദ്യാര്‍ഥി സംഘങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലും മടപ്പള്ളി കോളജിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറയും ലിംഗനീതിയുടെയും മറുവശത്ത് എസ്.എഫ്.ഐ ആണ് നിലകൊള്ളുന്നത്. കേരളത്തിലെ ധാരാളം കാമ്പസുകളില്‍ വ്യത്യസ്ത ശബ്ദങ്ങളെ നിശ്ചലമാക്കാനുള്ള ഇടിമുറികളുണ്ടെന്നത് നിസ്തര്‍ക്കമാണ്.  നവ സമൂഹമാധ്യമങ്ങള്‍ പ്രദാനംചെയ്യുന്ന തുറസ്സുകളെ ജനാധിപത്യപരമായ നവീകരണത്തിന്‍െറ ഉപകരണങ്ങളാക്കിമാറ്റാന്‍ കേരളത്തിലും ശക്തിയാര്‍ജിക്കുന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ക്ക് സാധിക്കണം. കടുത്ത ആശയസംവാദങ്ങളും വ്യത്യസ്തരുമായുള്ള വിശാലമായ ഐക്യനിരകളുമുയര്‍ത്തി ലോകത്തും രാജ്യത്തും ദൃശ്യമാകുന്ന നവ ജനാധിപത്യ മുന്നേറ്റങ്ങളുടെ തുടര്‍ച്ചകളും കേരളമാതൃകകളും സൃഷ്ടിക്കാന്‍ അവക്ക് സാധിക്കുമെങ്കില്‍ ഭാവി കേരളത്തിന്‍െറ രാഷ്ട്രീയത്തിനുള്ള മികച്ച നിക്ഷേപമാണ് നിലവിലെ വിദ്യാര്‍ഥിസമരങ്ങള്‍. തീര്‍ച്ചയായും അവക്ക് പരമ്പരാഗത വിദ്യാര്‍ഥി സംഘങ്ങളെ മാത്രമല്ല മുഖ്യധാരാ രാഷ്ട്രീയത്തത്തെന്നെ നവീകരിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍, കേരളത്തിലെ നഴ്സിങ് സമരത്തിന്‍െറയും പൊമ്പിളൈ ഒരുമയുടെ സമരത്തിന്‍െറയും ചരിത്രംകൂടി പുതിയ വിദ്യാര്‍ഥി നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ളെങ്കില്‍ കേരളത്തില്‍ ശക്തമായ നവ രാഷ്ട്രീയ പരീക്ഷണങ്ങളുടെ പരാജയത്തിന്‍െറ പട്ടികയിലേക്ക് എഴുതിച്ചേര്‍ക്കാനാകും നവ തലമുറയുടെ സമര പരീക്ഷണനീക്കങ്ങളുടെയും വിധി.
Tags:    
News Summary - madhyamam editorial on message of students movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.