അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നാലും ബി.ജെ.പിയെ ആഹ്ലാദിപ്പിക്കുന്നതും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അനായാസം വിജയമുറപ്പിക്കാനാകുമെന്ന അവരുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതുമാണ്. സീറ്റുകളിൽ കുറവുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടിനുശേഷം ഉത്തർപ്രദേശിൽ അധികാരത്തുടർച്ച ഉറപ്പുവരുത്താനും ആദ്യാവലോകനമനുസരിച്ച് 40 ശതമാനത്തിലധികം വോട്ട് നിലനിർത്താനുമായി എന്നത് ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയുടെ തീവ്ര വംശീയ രാഷ്ട്രീയത്തിനു ലഭിച്ച സ്വീകാര്യതയായി കാണണം.

ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിയുടെ തുടർഭരണം ഉറപ്പുവരുത്താൻ കൂടിയായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്വാധീനവും ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുകയറ്റവും ബി.ജെ.പി ഉറപ്പുവരുത്തിയിരിക്കുകയാണ്. പഞ്ചാബിലാകട്ടെ, കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി തകർത്താടുകയാണ്. കർഷകസമരത്തിന്‍റെ പ്രത്യാഘാതങ്ങളെയും ഭരണവിരുദ്ധ വികാരങ്ങളെയും മറികടക്കാൻ ഹിന്ദുത്വ അജണ്ടകളിലൂടെ ബി.ജെ.പിക്ക് സാധിച്ചുവെന്നത് രാജ്യത്തിന്‍റെ സാമൂഹികജീവിതത്തെ കൂടുതൽ അരക്ഷിതത്വത്തിലേക്കാണ് നയിക്കുക.

ബി.ജെ.പിയുടെ വിജയത്തുടർച്ചപോലെ, വിശകലന വിധേയമാക്കേണ്ടതാണ് കോൺഗ്രസിന്‍റെ സമ്പൂർണ തോൽവിയും. പ്രതിപക്ഷപാർട്ടിയായി നിലനിൽക്കുമെന്ന പ്രതീക്ഷ പോലുമില്ലാത്തവണ്ണം അവർ ജനമനസ്സുകളിൽനിന്ന് വിദൂരമായിരിക്കുന്നു. പഞ്ചാബിലെ കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ പഠിക്കാനുള്ള ത്രാണിപോലും കോൺഗ്രസിന് അവിടെ അവശേഷിക്കുന്നില്ല. പതിനഞ്ച് വർഷം തുടർച്ചയായി ഭരിച്ച, നിലവിൽ പ്രതിപക്ഷമായിരുന്ന മണിപ്പൂരിലെ നാഷനൽ പീപ്ൾസ് പാർട്ടിക്കും പിറകിലാണ് അവർ.

ഗോവയിൽ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും 2017നേക്കാൾ ദയനീയമാണ് പ്രകടനം. പഞ്ചാബിലെയും ഉത്തരാഖണ്ഡിലെയും നേതാക്കൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ തൊട്ടുമുമ്പുവരെ അധികാരപ്പോരിലും പാർട്ടിക്കകത്തെ പ്രതിയോഗികളെ വെട്ടിനിരത്തുന്നതിലുമാണ് ആമഗ്നരായിരുന്നത്. സിദ്ദുവും ഛന്നിയും ഹരീഷ് റാവത്തും ഡൽഹിയിലേക്ക് പറന്നിരുന്നത് പാർട്ടിയെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനായിരുന്നില്ല, വിമതരെ ഇല്ലായ്മ ചെയ്തുവെന്ന് ഉറപ്പിക്കാനായിരുന്നു. അതിന്‍റെ ഫലവും ഇപ്പോൾ ലഭിച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ നഷ്ടപ്പെടുക മാത്രമല്ല, സ്വന്തം മണ്ഡലങ്ങളിൽപോലും വേരുകളില്ലാത്തവരായി മാറിയിരിക്കുകയാണ് മൂവരും.

കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം പാർട്ടിക്കകത്തെ ഗ്രൂപ്പിസങ്ങൾ പരിഹരിക്കാനുള്ള നേതൃശേഷിയോ ബി.ജെ.പിയെ തോൽപിക്കാനുള്ള രാഷ്ട്രീയദിശാബോധമോ സംഘടനാപരമായ കരുത്തോ ഒന്നും പ്രകടിപ്പിക്കാതെ ആ പാർട്ടിയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസ്യതയാർജിക്കാതെ, ഭരണവിരുദ്ധ വികാരങ്ങളിലും മർദിതസമൂഹങ്ങളുടെ സ്വാഭാവിക ഏകോപനങ്ങളിലും കണ്ണുനട്ട് എളുപ്പത്തിൽ അധികാരത്തിലേക്ക് തിരിച്ചുവരാമെന്ന കോൺഗ്രസിന്‍റെ ധാരണയെക്കൂടിയാണ് സംഘടനാ വൈഭവംകൊണ്ടും മുസ്ലിംവിദ്വേഷത്തെ സമർഥമായി പ്രചരിപ്പിച്ചുകൊണ്ടും ബി.ജെ.പി തോൽപിച്ചുകൊണ്ടിരിക്കുന്നത്.

20 ശതമാനത്തിലധികം ജനസംഖ്യയുണ്ടായിട്ടും യു.പിയിലെ സ്ഥാനാർഥികളിൽ നിന്ന് മുസ്ലിംകളെ സമ്പൂർണമായി ഒഴിവാക്കിയത്, ജാതീയമായി വിഭജിക്കപ്പെട്ട ഹിന്ദു വോട്ടുബാങ്ക് ഏകീകരിക്കാൻ സഹായകമായി. ബി.എസ്.പിക്ക് ലഭിച്ചിരുന്ന ദലിത് വോട്ടുകൾ വരെ ഇത്തവണ ബി.ജെ.പി നേടിയെന്നാണ് പ്രാഥമിക വിശകലനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ, സംഘ്പരിവാർ തുടരുന്ന മുസ്ലിംവിരുദ്ധ രാഷ്ട്രീയം രാജ്യത്ത് കനക്കുക തന്നെയാണ്. ആ അർഥത്തിൽ 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിെന്‍റ അജണ്ടയിൽ കാതലായ പരിവർത്തനമൊന്നുമുണ്ടാകാനിടയില്ല. ഒപ്പം, തീവ്ര ദേശീയ വീകാരം കൂടുതൽ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും. 'ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പി'ന് തയാറെന്ന വെടി ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ തന്നെ പൊട്ടിച്ചിരിക്കുന്നു.

ബി.ജെ.പി വിജയകരമായി നടപ്പാക്കിെക്കാണ്ടിരിക്കുന്ന ധ്രുവീകരണരാഷ്ട്രീയത്തെ അതിജീവിക്കാനുള്ള ശേഷി രാജ്യത്തിനിയും അവശേഷിക്കുന്നുണ്ടെന്ന പ്രത്യാശകിരണങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രസരിപ്പിക്കുന്നുണ്ട്. സംഘ് രാഷ്ട്രീയം സ്വരൂപിച്ച പണവും പേശീബലവും കാരണം അധികാരത്തിലേറുന്നതിൽ പരാജയപ്പെട്ടുവെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയോളം വോട്ട് കരസ്ഥമാക്കുവാൻ സമാജ് വാദി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കർഷകർക്കും കർഷക തൊഴിലാളികൾക്കും സ്വാധീനമുള്ള മേഖലകളിൽ ബി.ജെ.പിയുടെ വോട്ട് ശതമാനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ബി.ജെ.പിക്ക് പകരം 'ആപ്പി'നെ വരിക്കാൻ പഞ്ചാബ് ജനത ഒറ്റക്കെട്ടായി തീരുമാനിച്ചതും വർഗീയ രാഷ്ട്രീയത്തെ പുൽകാനുള്ള വൈമുഖ്യത്തെയാണ് അടയാളപ്പെടുത്തുന്നത്.

എന്നാൽ, പ്രാദേശിക രാഷ്ട്രീയ കരുത്തിനെ ഏകോപിപ്പിക്കാനും ദേശീയരാഷ്ട്രീയ പരിവർത്തനത്തിനുള്ള ഇന്ധനമാക്കാനും ഭിന്നമായ അധികാര താൽപര്യങ്ങളുള്ള പാർട്ടികൾക്കും നേതാക്കൾക്കും കരുത്തുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ആ അനിശ്ചിതത്വത്തിലാണ് രാജ്യം മുന്നോട്ടു പോകുന്നതും സംഘ് രാഷ്ട്രീയം വിജയക്കൊടി നാട്ടുന്നതും.

Tags:    
News Summary - Madhyamam Editorial About Five States Assembly Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.