കുടിവെള്ളം നിഷേധിച്ചു, വൈദ്യുതിബന്ധം വിച്ഛേദിച്ചു, ഇൻറർനെറ്റ് കട്ട് ചെയ്തു, തീവണ്ടികൾ തിരിച്ചുവിട്ടു, സിംഘു, ഗാസിപുർ അതിർത്തികൾ നിറയെ കിടങ്ങുകളും കോൺക്രീറ്റ് മതിലുകളും മുൾവേലികളും സ്ഥാപിച്ചു, ആയുധസന്നാഹങ്ങളുമായി പൊലീസ് സേനയെ സജ്ജമാക്കി- രാജ്യാതിർത്തിയിലേക്ക് കടന്നുകയറുകയും ഇന്ത്യൻ പ്രവിശ്യയിൽ ഗ്രാമം നിർമിക്കുകയും ചെയ്ത ശത്രുരാജ്യത്തെ നേരിടാനല്ല, ഇന്ത്യയുടെ വിശപ്പാറ്റുകയും ധാന്യപ്പുരകൾ നിറക്കുകയും ചെയ്യുന്ന കർഷകസമൂഹത്തിെൻറ തികച്ചും ന്യായമായ അവകാശസമരത്തെ നേരിടാൻ കേന്ദ്രഭരണകൂടം നടത്തുന്ന ഒരുക്കങ്ങളാണിതെല്ലാം. ഇതിലേറെ തിളച്ചുമറിഞ്ഞ സമരപ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് തലസ്ഥാനവും ഇന്ത്യൻ നഗരങ്ങളും. എന്നാൽ, സ്വാതന്ത്ര്യപ്പോരാളികളെ തടയാൻ മുൾവേലികളും മതിലുകളും പണിയുന്ന ഇസ്രായേൽ മാതൃകയിലെ ഇത്രമാത്രം മനുഷ്യത്വരഹിതമായ ബന്തവസ്സുകൾ ഇതാദ്യം.
നിയമനിർമാണസഭകളിൽ കാര്യമായ ചർച്ചകളില്ലാതെ, ബന്ധപ്പെട്ട സമൂഹവുമായി കൂടിയാലോചന നടത്താതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്നത് ഇന്ത്യൻ കർഷകരുടെ ജീവൻമരണ പ്രശ്നമാണ്. ഇതിനകംതന്നെ പരിതാപാവസ്ഥയിലായ കാർഷികരംഗത്തെ കൂടുതൽ ശുഷ്കിപ്പിക്കുന്ന, ആയിരങ്ങളെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നിയമങ്ങൾ എത്രമാത്രം വിനാശകാരിയാണെന്ന തികഞ്ഞ ബോധ്യം അവർക്കുണ്ട്. അതു കൊണ്ടുതന്നെയാണ് കോവിഡ് ഭീതി മുറ്റിനിൽക്കുന്ന പതിറ്റാണ്ടിലെ അതിശൈത്യ രാത്രികളിലും തലസ്ഥാന അതിർത്തിയിലെത്തി അവർ സമരം കിടന്നത്. ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ താൽപര്യത്തിന് നിന്നു കൊടുത്തില്ലെന്നു മാത്രമല്ല, സമരവേദിയിൽ രാഷ്ട്രീയ നേതാക്കൾക്ക് അവർ ഇടം നൽകിയതുമില്ല. വിവാദ നിയമങ്ങൾ റദ്ദാക്കണെമന്നല്ലാതെ മറ്റൊരാവശ്യവും അവർക്കില്ല.
എന്നാൽ, കടുത്ത ദുരഭിമാനത്തിൽനിന്ന് ഉടലെടുത്ത പിടിവാശിയും ചങ്ങാതികളായ മുതലാളിമാരോടുള്ള ദാസ്യഭാവവും ബില്ലിനെക്കുറിച്ച് ഒരു പുനരാലോചനയിൽനിന്ന് കേന്ദ്രസർക്കാറിനെ തടഞ്ഞുനിർത്തുന്നു. കരാർകൃഷിക്ക് വിത്തിറക്കാൻ ഒരുങ്ങിനിൽക്കുന്ന കോർപറേറ്റുകളുടെ അപ്രീതി ഭയന്നാണ് തുറന്ന ചർച്ചകൾക്കുപോലും സർക്കാർ വിമുഖത പുലർത്തുന്നത്. ജനിതക മാറ്റം വരുത്തിയ (ജി.എം) വിളകളും വളങ്ങളും മാരക കീടനാശിനികളും വിൽക്കുന്ന കമ്പനികൾക്ക് നമ്മുടെ പാടത്തേക്ക് കടന്നുകയറാനുള്ള പാലം നിർമിച്ചു കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ കോർപറേറ്റുകളും ഭരണകൂടവും. സമരം തകർക്കാൻ ബഹുമുഖ തന്ത്രങ്ങൾ പ്രയോഗിച്ചുനോക്കി. കർഷകസംഘടനകളിൽ ഭിന്നത സൃഷ്ടിച്ചു, തീവ്രവാദികളെന്നും വിഘടനവാദികളെന്നും അപവാദം പരത്തി, പൊലീസിെൻറ 'മിടുക്കൻ കുട്ടികളെ' അണികൾക്കിടയിലേക്ക് കടത്തിവിട്ട് സമരത്തിെൻറ ഗതിമാറ്റാൻ ശ്രമിച്ചു. ആയിരങ്ങൾക്കെതിരെ കേസെടുത്തു, നാട്ടുകാരെന്ന വ്യാജേന സംഘ്പരിവാർ ഗുണ്ടകളെ അഴിച്ചുവിട്ട് അടിച്ചമർത്താൻ ശ്രമിച്ചു -എന്നിട്ടും തരിമ്പ് പിൻമാറില്ലെന്ന് കർഷകർ ആവർത്തിക്കുന്നത് ഈ അടിച്ചമർത്തലുകളേക്കാൾ വലുതാണ് വിവാദനിയമങ്ങളുടെ പരിണതിയെന്ന് ഉറപ്പുള്ളതുകൊണ്ടാണ്.
സമരക്കാർക്കെതിരെ അതിക്രമം നടത്തിയത് ആർ.എസ്.എസുകാരാണെന്ന് വെളിപ്പെടുത്തിയതിന് തുറങ്കിലടക്കപ്പെട്ട മാധ്യമപ്രവർത്തകന് കോടതി ഇടപെട്ടതു കൊണ്ടുമാത്രം ജാമ്യം ലഭിച്ചു. എന്നാൽ, അതിക്രമങ്ങൾക്കെതിരെയും കർഷകർക്ക് അനുകൂലവുമായി നിലപാടെടുക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് തുടരുന്നു. സർക്കാർ നിർദേശാനുസരണം തടഞ്ഞുവെച്ച 'കാരവൻ' മാഗസിേൻറതുൾപ്പെടെയുള്ള അക്കൗണ്ടുകൾക്ക് വീണ്ടും അനുമതി നൽകിയ ട്വിറ്ററിനെതിരെ പോലും ഭീഷണിയുണ്ട്.
കമ്പിവേലികളുടെയും ആണിച്ചങ്ങലകളുടെയും ചിത്രം പുറംലോകം കണ്ടതോടെ സമരഭൂമിയിൽ മാധ്യമപ്രവർത്തകർക്കും അപ്രഖ്യാപിത വിലക്കുണ്ട്. എന്നിട്ടെന്ത്? രാജ്യത്തെ സർക്കാർ-കോർപറേറ്റ് അനുകൂല മീഡിയ എത്ര മറച്ചുപിടിച്ചിട്ടും ഈ കൊടിയ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ലോകമാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകിത്തുടങ്ങിയിരിക്കുന്നു. ഗ്രെറ്റ തുൻെബർഗും റിഹാനയും മീന ഹാരിസും മുതൽ മുതിർന്ന രാഷ്ട്രീയചിന്തകരും വിദേശ എം.പിമാരും വരെ കർഷകരോട് ഐക്യദാർഢ്യപ്പെടുന്നു.
കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഉത്തർപ്രദേശ്, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ശക്തമായ പിന്തുണ നൽകിയവരാണ് ഇപ്പോൾ സമരരംഗത്തുള്ളതിൽ പകുതിയിലേറെ കർഷകരും. കോർപറേറ്റുകൾക്ക് കീഴൊതുങ്ങാനിടയാക്കുന്ന നിയമങ്ങളോട് വിസമ്മതമറിയിച്ചതോടെയാണ് അവർ തീവ്രവാദികളും രാജ്യത്തിെൻറ വെറുക്കപ്പെട്ട ശത്രുക്കളുമായി മുദ്രകുത്തപ്പെട്ടത്. ബി.ജെ.പിയെ പിന്തുണച്ചതാണ് തങ്ങളുടെ തലമുറ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്ന് യു.പിയിലെ ജാട്ട് കർഷകർ തുറന്നുപറഞ്ഞു തുടങ്ങിയിരിക്കുന്നു. മർദനങ്ങളെയും മുൾവേലികളെയും ഭയന്ന് പിൻമാറില്ലെന്നും വ്യക്തമാക്കിയ അവർ കർഷകശക്തിക്കുമുന്നിൽ ഇവ നിസ്സാരമെന്ന ്ഓർമപ്പെടുത്തുന്നു. സിംഘുവിലും ഗാസിപൂരിലും മാത്രമല്ല, ശനിയാഴ്ച രാജ്യവ്യാപകമായി കവലകൾ ഉപരോധിക്കുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്യൂഡൽ-കുത്തകമുതലാളിമാരുടെ ചൂഷണങ്ങൾക്കും ബ്രിട്ടീഷ്ഭരണകൂടത്തിെൻറ അതിക്രമങ്ങൾക്കുമെതിരെ ജീവൻ നൽകി പോരാടിയ കർഷകരുടെ പിൻമുറക്കാർ വിജയിച്ചോ മരിച്ചോ മാത്രമേ പിൻമാറൂ എന്ന് ഉറപ്പിച്ച മട്ടാണ്.
പാടത്ത് വിത്തുവിതച്ച് അന്നംവിളയിക്കുന്ന കർഷകർക്കൊപ്പമാണോ അതോ രാജ്യത്ത് വൈരം വിതച്ച് വിദ്വേഷം പരത്തുന്നവർക്കൊപ്പമാണോ എന്ന് ഇനി നിലപാടറിയിക്കേണ്ടത് ഇന്ത്യയിലെ പൊതുസമൂഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.