പിണറായി 2.0




ഭരണത്തുടർച്ചയെന്ന കേരള രാഷ്​ട്രീയത്തിലെ അപൂർവത അടയാളപ്പെടുത്തിക്കൊണ്ട്​ രണ്ടാം പിണറായി മന്ത്രിസഭ വ്യാഴാഴ്​ച സത്യപ്രതിജ്​ഞ ചെയ്ത് അധികാരമേൽക്കുകയാണ്. പുതിയ സർക്കാറിനും മന്ത്രിസഭക്കും അതി​ന്‍റെ ലീഡർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേരുന്നു. കോവിഡും ചുഴലിക്കാറ്റും പ്രളയവും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് ഭരണകൂടത്തിൽ വലിയ പ്രതീക്ഷയുണ്ട്. അവ സാക്ഷാത്കരിക്കാൻ പുതിയ സർക്കാറിന്​ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

മന്ത്രിസഭയിലെ അംഗങ്ങളെ എല്ലാ ഘടക കക്ഷികളും തീരുമാനിച്ചു കഴിഞ്ഞു. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകാനാണ് പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചത്. സി.പി.ഐ മുഴുവൻ പുതിയ മന്ത്രിമാരെ ഇറക്കി. മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാവരെയും മാറ്റിയിരിക്കുകയാണ് സി.പി.എം. നിശ്ചയമായും, കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ സംഘടനാ രീതികൾ കൊണ്ടുതന്നെയാണ് കണിശമായ ഇത്തരമൊരു തീരുമാനമെടുക്കാനും തീരുമാനത്തിൽ ഉറച്ചുനിൽക്കാനും അതി​ന്‍റെ പേരിൽ ഒരു പ്രശ്നങ്ങളും ഇല്ലാതെ കൊണ്ടുപോകാനും അവർക്ക് സാധിക്കുന്നത്. സെലിബ്രിറ്റി പരിവേഷം കിട്ടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെപോലും മാറ്റുന്നതിൽ പാർട്ടിക്ക് ഒരു മടിയുമുണ്ടായില്ല. അതി​ന്‍റെ പേരിൽ പൊതുസമൂഹത്തിലുണ്ടായ വിയോജിപ്പുകളെ അസ്വാരസ്യങ്ങളൊന്നുമില്ലാതെ മറികടക്കാനും പാർട്ടിക്ക്​ സാധിച്ചിരിക്കുന്നു. പാർലമെൻററി രംഗത്തും അധികാര സ്​ഥാനങ്ങളിലും എല്ലാ സഖാക്കൾക്കും പ്രാതിനിധ്യം നൽകുക, അധികാരം എപ്പോഴും ചിലയാളുകളിൽ മാത്രം ഒതുങ്ങാതെ നോക്കുക തുടങ്ങിയ സമീപനങ്ങൾ സ്വാഗതാർഹമാണ്. കോൺഗ്രസ്​, മുസ്​ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികൾക്ക് ഇതിൽ വലിയ പാഠങ്ങളുണ്ട്. അവർക്ക് അങ്ങനെയൊരു തീരുമാനമെടുക്കാൻ പറ്റുമോ? എടുത്താൽതന്നെ അതി​ന്‍റെ പേരിൽ പ്രശ്നങ്ങളില്ലാതെ പോകാൻ പറ്റുമോ എന്ന് അവർ സ്വയം ചോദിച്ചു നോക്കണം. അധികാരങ്ങൾക്കും പദവികൾക്കും മേലെ പാർട്ടിയെ പ്രതിഷ്ഠിക്കുന്നതിൽ ഇരു കമ്യൂണിസ്​റ്റ്​ പാർട്ടികളും വിജയിച്ചിരിക്കുന്നുവെന്ന് മന്ത്രിസഭാലിസ്​റ്റ്​ പരിശോധിച്ചാൽ നിശ്ചയമായും പറയാൻ കഴിയും.

മന്ത്രിസഭയിൽ പുതുമുഖങ്ങൾ നിറയുമ്പോൾ സ്വാഭാവികമായും അതിന് വലിയ ഊർജവും ആവേശവും ലഭിക്കും. പുതുമുഖങ്ങളെന്നത് മാത്രമല്ല, യുവജനങ്ങളുടെ പ്രാതിനിധ്യവും നല്ലതുപോലെയുണ്ട് എന്നതും ശ്രദ്ധേയമാണ്. അവരുടെ കർമാവേശവും ഔത്സുക്യവും മന്ത്രിസഭയുടെ മൊത്തം പ്രവർത്തനങ്ങളെ ഗുണകരമായി സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, പുതുക്കംപോലെ തന്നെ പ്രസക്​തമായ കാര്യമാണ് പരിചയ സമ്പന്നതയെന്നതും. പരിചയ സമ്പന്നരുടെ അഭാവം സർക്കാറിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കില്ലേ എന്ന ആശങ്ക പങ്കുവെക്കുന്നവരുണ്ട്. പരിചയ സമ്പന്നനായ മുഖ്യമന്ത്രി നേതൃസ്​ഥാനത്തിരിക്കെ അത്തരമൊരു ആശങ്ക വേണ്ടെന്നു പറയുന്നവരുമുണ്ട്. എന്തായാലും, അതെല്ലാം എങ്ങനെയാണ് സംഭവിക്കാൻ പോകുന്നതെന്ന് സർക്കാർ പ്രവർത്തനങ്ങളിലൂടെ തെളിയിക്കപ്പെടേണ്ട കാര്യമാണ്. മൊത്തത്തിൽ പുതിയ ആവേശവും ഊർജവും വിതറുന്നതിൽ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് ഇടയാക്കിയിട്ടുണ്ട് എന്നത് വസ്​തുതയാണ്.

ഏത് അധികാര ഘടനയെക്കുറിച്ച വിശകലനത്തിലും അതി​ന്‍റെ പ്രാതിനിധ്യ സ്വഭാവം ചർച്ച ചെയ്യപ്പെടും, നമ്മുടേതുപോലുള്ള ബഹുസ്വര സമൂഹത്തിൽ വിശേഷിച്ചും. പ്രാതിനിധ്യത്തി​ന്‍റെ രാഷ്​്ട്രീയം പ്രസക്​തമായ ഇക്കാലത്ത്, ആ പരിേപ്രക്ഷ്യത്തിലൂടെ നോക്കുമ്പോൾ പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് ദൗർബല്യങ്ങളുണ്ട്. മൂന്നു സ്​ത്രീകൾ മന്ത്രിമാരാകുന്നു എന്നത് ആശാവഹമാണ്. അതിൽ തന്നെ സി.പി.ഐ, 1964ലെ പിളർപ്പിനു ശേഷം ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നത്. ഇത്രയും കാലം വനിതയെ മന്ത്രിയാക്കാത്തതി​ന്‍റെ പേരിൽ സോഷ്യൽ ഓഡിറ്റിങ്ങിനുപോലും വിധേയമാകാതെ സൗകര്യത്തിൽ കഴിഞ്ഞുപോയ പാർട്ടിയാണത്. അതേസമയം, സി.പി.ഐയുടെ മറ്റു മന്ത്രിമാർ മുഴുവൻ സവർണ സമുദായങ്ങളിൽനിന്ന് വരുന്നവരാണ് എന്ന വിമർശനവുമുണ്ട്. മന്ത്രിസഭ മൊത്തത്തിലെടുക്കുമ്പോൾ മുന്നാക്ക/സവർണ വിഭാഗങ്ങൾക്ക് ജനസംഖ്യ അനുപാതത്തെക്കാൾ പരിഗണന നൽകപ്പെട്ടിട്ടുണ്ട്.

സംസ്​ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്​ലിംകൾക്ക് ജനസംഖ്യ ആനുപാതികമായ പ്രാതിനിധ്യം നൽകപ്പെട്ടിട്ടുമില്ല. ഇതൊന്നും കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ ശൈലിയല്ല എന്നതായിരിക്കും ഇതിനുള്ള മറുപടി. ജാതി–മത പരിഗണനങ്ങളെ അതിജീവിക്കുന്ന കമ്യൂണിസ്​റ്റ്​ മാതൃകയാണ് തങ്ങൾ പിന്തുടരുന്നതെന്ന വാദം പക്ഷേ, ഇക്കാലത്ത് അത്രയങ്ങ് സ്വീകരിക്കപ്പെടുകയില്ല. കാരണം, ഭാവാത്മക വിവേചനം (Positiv​e Discrimination), സവിശേഷ നടപടി (Affirmativ​e Action) തുടങ്ങിയ ആശയങ്ങൾക്ക് വലിയ പ്രാമുഖ്യമുള്ള കാലമാണ് നമ്മുടേത്. അതുകൂടെ പരിഗണിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. നമ്മുടെ സമൂഹത്തി​ന്‍റെ അധികാര ഘടനയിൽ മേലെ നിൽക്കുന്നവർ തന്നെയാണ് ഇടതുപക്ഷ സർക്കാറി​ന്‍റെ അധികാര ഘടനയിലും മേലെ നിൽക്കുന്നത് എന്നു വരുന്നത് അത്രയെളുപ്പം വിശദീകരിക്കാൻ കഴിയുന്ന കാര്യമല്ല. സംസ്​ഥാനത്ത് ഏറ്റവും മാരകമായ വികസന വിവേചനം നേരിടുന്ന കാസർ​കോട്​, വയനാട് ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതും ഈ അർഥത്തിൽ തന്നെ വായിക്കാവുന്നതാണ്. അതിനാൽ, പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന സമൂഹങ്ങളെയും ഭൂമിശാസ്​ത്ര മേഖലകളെയും സവിശേഷമായി പരിഗണിച്ചുകൊണ്ടേ ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ പറ്റുകയുള്ളൂ. സർക്കാർ അതിൽ ശ്രദ്ധവെക്കുമെന്ന് പ്രതീക്ഷിക്കാം.

Tags:    
News Summary - Madhyamam editorial 20th May 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.