വ്യാജ ഏറ്റുമുട്ടലുകൾക്ക് അറുതി വേണം

ത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോവാദികൾ കൊല്ലപ്പെട്ടു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന ഇടതു തീവ്രവാദികളുടെ എണ്ണം 103 ആയി -ഈ മാസം 11ന് വാർത്താ മാധ്യമങ്ങളിൽ പ്രാധാന്യപൂർവം പ്രസിദ്ധീകരിച്ചുവന്ന വാർത്തയാണിത്. ഓപറേഷനിടെ, മാവോവാദികൾ സ്ഫോടകവസ്തു പ്രയോഗിച്ചതിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, കഴിഞ്ഞ ഒരു മാസത്തിനിടെ സേന നടത്തുന്ന മൂന്നാമത്തെ നക്സൽ വേട്ടയാണിത്, കാങ്കർ ജില്ലയിൽ 29 തീവ്രവാദികളെ കൊലപ്പെടുത്തിയ ‘ഏറ്റുമുട്ടൽ’നടന്ന് മൂന്നാഴ്ചക്കു ശേഷമാണ് ബിജാപുർ വേട്ട എന്നിങ്ങനെ ഒരു ഏറ്റുമുട്ടൽ വാർത്തയുടെ പതിവു ചേരുവകളെല്ലാം ചേർത്തായിരുന്നു പൊലീസിന്‍റെ വാർത്തക്കുറിപ്പ്. ‘വീരകൃത്യം’നിർവഹിച്ച സൈനികരെയും ഉയർന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി വിഷ്ണുദേവ് സായ് അനുമോദിച്ചതായും കുറിപ്പിൽ ഉണ്ടായിരുന്നു. പീപ്ൾസ് ലിബറേഷൻ ഗറില ആർമി എന്ന നക്സൽ തീവ്രവാദി വിഭാഗം നേതാവ് 100-150 പേരുമായി തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെ പീടിയ എന്നയിടത്തെ കാട്ടിൽ സംഘടിച്ചിരിക്കുന്നു എന്ന് വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് മേയ് 10ന് വെള്ളിയാഴ്ച പുലർച്ച ആറുമണിയോടെ ഏറ്റുമുട്ടൽ നടന്നതെന്നായിരുന്നു പൊലീസ് വിശദീകരണം. കൊല്ലപ്പെട്ട 12 പേരെ തിരിച്ചറിയാനായില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇവരിൽ ആറു പേർ മിലീഷ്യ കേഡറുകളും മറ്റ് ആറുപേർ നക്സൽ സായുധ സേനാംഗങ്ങളുമാണെന്ന് അറിയിപ്പുണ്ടായി. 


എന്നാൽ രണ്ടുനാൾ കഴിയും മുമ്പേ പൊലീസിന്‍റെ ഏറ്റുമുട്ടൽ കഥകളെ പൂർണമായി തിരസ്കരിച്ചുകൊണ്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രംഗത്തുവന്നു. ഉപജീവനമാർഗത്തിന് ടെൻഡു എന്ന ബീഡിയില നുള്ളുന്ന പാവപ്പെട്ട തൊഴിലാളികളെ നക്സൽ വേട്ടക്കായുള്ള പ്രത്യേക സേനകൾ സംഘടിതമായി വളഞ്ഞ് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസും’ ‘മൂകനായിക്’ പോലുള്ള പ്രാദേശിക വേരുകളുള്ള മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു. ഇല നുള്ളുന്ന സീസണായതിനാൽ പുലർച്ചെ യുവാക്കൾ സംഘം ചേർന്നാണ് യാത്രപോവുക. സംശയം തോന്നിയ പൊലീസും അർധസേന വിഭാഗവും പിന്തുടർന്നതോടെ ആദിവാസി യുവാക്കൾ ഓടിരക്ഷപ്പെടുന്നതിനിടെയാണ് വളഞ്ഞ് വെടിവെച്ചിട്ടത്. മാവോ കമാൻഡറും കേഡറുകളും എന്ന് പൊലീസ് പറയുന്ന 12 പേരിൽ ഒരു അഞ്ചാംക്ലാസ് വിദ്യാർഥിയും മനോനില തെറ്റിയ ചെറുപ്പക്കാരനുമുണ്ട്. കൊല്ലപ്പെട്ട നാൽപതുകാരൻ സാനു ഹാവ്‍ലമിൻ കേ​ൾവി, സംസാര പരിമിതികളുള്ളയാളാണെന്ന് അമ്മ പറയുന്നു. മുമ്പും രണ്ടു തവണ പൊലീസ് ഇയാളെ ചോദ്യംചെയ്യാൻ വിളിച്ചുകൊണ്ടുപോയി വിട്ടയച്ചിരുന്നുവത്രേ. ഒരിക്കൽ ഇയാളുടെ ബുദ്ധിമുട്ടുകൾ പറയാൻചെന്ന തന്നെയും പൊലീസ് തല്ലിയെന്ന് അമ്മ സുക്ലേ പറയുന്നു. നിരായുധരായ ഈ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യാമായിരുന്നു എന്നിരിക്കെ, എന്തിന് വെടിവെച്ചുകൊന്നു എന്നാണ് ആ അമ്മയുടെ ചോദ്യം. ഹാവ്‍ലമിന്‍റെ തലക്ക് 30,000 വില പറഞ്ഞു എന്ന പൊലീസ് വാദം അമ്മ തള്ളുന്നു. എല്ലാ ആഴ്ചയും 30 കിലോമീറ്റർ അകലെ ഗംഗാലൂരിൽ റേഷനരി വാങ്ങാൻ പട്ടാപ്പകൽ പോകുന്നതാണ് മകൻ എന്ന് അവർ വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ട ദുലാ താമോവിന്‍റെ അച്ഛന് പറയാനുള്ളതും അതുതന്നെ. തലക്കു വില പറയുന്നവരാണ് മക്കളെന്ന കാര്യം അവരറിയുന്നേയില്ല. മക്കളും ബന്ധുക്കളും കൊലചെയ്യപ്പെട്ടത് എല്ലാവരും അറിയുന്നതുതന്നെ പൊലീസ് പതിച്ച നോട്ടീസുകളിൽ നിന്നാണ്. ഇത്രയെല്ലാം വ്യക്തമായി സ്വന്തം മക്കളെപ്പറ്റി ആദിവാസി കുടുംബങ്ങൾ വെളിപ്പെടുത്തുമ്പോഴും തങ്ങളെ വെടിവെച്ചവർക്കുനേരെ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വഴുവഴുപ്പൻ മറുപടി. നേരത്തേ കാങ്കർ ഏറ്റുമുട്ടലിനെതിരെയും വ്യാജമെന്ന ആരോപണമുന്നയിച്ച് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു. തീവ്രവാദത്തെ പിന്തുണക്കുകയാണ് കോൺഗ്രസ് എന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

അതേസമയം ആദിവാസി വംശഹത്യക്കായി ഭരണകൂടം നക്സൽ വേട്ട മറയാക്കുകയാണെന്നും ബി.ജെ.പി അധികാരത്തിലേറിയതിൽ പിന്നെ ഛത്തിസ്ഗഢിൽ നക്സലുകൾക്കെതിരെ എന്നപേരിൽ ആദിവാസി കൂട്ടക്കൊലകൾ വർധിച്ചിരിക്കുകയാ​െണന്നും മുപ്പത്തഞ്ചിലേറെ പൗരാവകാശ സംഘടനകൾ അണിനിരന്ന കാമ്പയിൻ എഗന്‍സ്റ്റ് സ്റ്റേറ്റ് റെപ്രഷൻ (സി.എ.എസ്.ആർ) എന്ന പൊതുവേദി വെളിപ്പെടുത്തുന്നു. മാവോവാദികളെ നിരായുധീകരിക്കുന്നുവെന്ന പേരിൽ ആദിവാസി കർഷകർക്കെതിരെ നടത്തുന്ന ഏറ്റുമുട്ടൽ ഒളിയുദ്ധം വംശഹത്യയാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. ഇസ്രായേൽ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് വ്യോമ ബോംബിംഗ് വരെയുള്ള സായുധാക്രമണ മുറകൾ ഭരണകൂടം പയറ്റുന്നു. ഈ വർഷം ജനുവരി മുതൽ ബസ്തറിലെ ഗ്രാമങ്ങളിൽ അഞ്ചുതവണ ബോംബാക്രമണം നടത്തി. മാവോവാദി ഉന്മൂലനത്തിന്‍റെ പേരിൽ എന്തും ചെയ്യാൻ സേനയെ കയറൂരി വിട്ടിരിക്കുകയാണെന്ന് സി.എ.എസ്.ആർ തുറന്നടിക്കുന്നു. പ്രകൃതിവിഭവങ്ങളിൽ കണ്ണുവെച്ച കോർപറേറ്റുകൾക്കായി ഭൂമി തരപ്പെടുത്തിക്കൊടുക്കുന്ന പണിയാണ് വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടങ്ങൾ ചെയ്തുവരുന്നത്. മുതലാളിത്ത കുത്തകകൾക്കായി തദ്ദേശീയ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ചതുരുപായങ്ങളിൽ ഒന്നായി മാവോവാദി ഏറ്റുമുട്ടൽ പേരിലെ കൂട്ടക്കൊലകൾ മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് പ്രതിപക്ഷ പാർട്ടികളും പൗരാവകാശ സംഘടനകളും ആവശ്യപ്പെട്ട പോലെ സുതാര്യമായ അന്വേഷണവും അരുതായ്മകൾ തെളിഞ്ഞാൽ മുഖം നോക്കാതെയുള്ള നടപടികളുമാണ് ഇക്കാര്യത്തിൽ വേണ്ടത്. എന്നാൽ പല ഏറ്റുമുട്ടൽ കൃത്യങ്ങളുടെയും ഗുണഭോക്താക്കൾ (ചിലപ്പോൾ പ്രായോജകർ തന്നെയും) ഭരണകൂടമായിരിക്കെ, അത് എത്രത്തോളം ഫലപ്രദമായി നടക്കും എന്നത് സംശയകരമാണ്. ഏതായാലും സ്വന്തം മക്കളെ കൊന്നുതിന്നുന്ന പൈശാചിക, വിദ്രോഹ പ്രവർത്തനങ്ങളിൽനിന്ന് ‘ജനാധിപത്യത്തിന്‍റെ അമ്മ’യായ ഇന്ത്യക്ക് മോചനം വേണം. ആ രാജ്യദ്രോഹ, പൗരദ്രോഹ പ്രവർത്തനങ്ങൾക്ക് തുനിഞ്ഞിറങ്ങുന്ന വിധ്വംസക ശക്തികളിൽനിന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കുകതന്നെ വേണം. 

Tags:    
News Summary - Madhyamam editorial 2024 May 17 on fake encounters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.