നയതന്ത്രപരമോ മനുഷ്യത്വപരമോ ധാർമികമോ ആയ ഏത് അളവുകോൽ വെച്ച് നോക്കിയാലും ഭീകരമായ കുറ്റമാണ് ഇസ്രായേലും അമേരിക്കയും ചെയ്യുന്നത്
വിവിധ രാജ്യങ്ങളിൽ കുറ്റവാളികൾ ഭരണം പിടിച്ചുകഴിഞ്ഞ ഒരു ലോകത്ത് മനുഷ്യർ അനുഭവിച്ചുതുടങ്ങിയ അനിവാര്യമായ ജീർണതയുടെ മറ്റൊരു ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. രണ്ടു കുറ്റവാളികളാണ് ഇതിനു മുന്നിൽ. സദാചാരലംഘനം മറച്ചുവെക്കാൻ ചെലവിട്ട കോഴയുടെ കണക്കും മറച്ചുവെച്ചതിന് കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുകയും എന്നാൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയും ചെയ്ത ട്രംപ്; പരസ്യമായി വംശഹത്യ നടത്തുന്ന, ഒപ്പം കോടതിയുടെ അറസ്റ്റുവാറന്‍റ് പേറുന്ന, നെതന്യാഹു -ഇവർ ലോകരാജ്യങ്ങളെ കാഴ്ചക്കാരാക്കി നടത്തുന്ന മറ്റൊരു കുറ്റകൃത്യം ഇപ്പോൾ ഇറാനിൽ അരങ്ങേറുകയാണ്. യു.എസും ഇസ്രായേലും തുടങ്ങിയ യുദ്ധം ഭീതി പടർത്തിക്കൊണ്ട് വ്യാപിക്കുകയാണ്. ഇറാന്‍റെ പരമോന്നത നേതാവ് അലി ഖാംനഈ അടക്കം നേതാക്കൾ കൊല്ലപ്പെട്ടു. ഇസ്രായേലി ബോംബുകൾ ഇറാനിലെ സ്കൂൾ കുട്ടികളെ കൊന്നുകൊണ്ട് പുതിയ സിവിലിയൻ കുരുതിക്കും തുടക്കമിട്ടു. ഇസ്രായേലിനും ഗൾഫിലെ യു.എസ് സൈനിക സ്ഥാപനങ്ങൾക്കും നേരെ തിരിച്ചടിക്കാൻ തുടങ്ങിയ ഇറാൻ, ഇനി വിജയം കാണാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമപരമോ നയതന്ത്രപരമോ മനുഷ്യത്വപരമോ ധാർമികമോ ആയ ഏത് അളവുകോൽ വെച്ച് നോക്കിയാലും ഭീകരമായ കുറ്റമാണ് ഇസ്രായേലും അമേരിക്കയും ചെയ്യുന്നത്. യു.എൻ ചാർട്ടറിലെ വ്യവസ്ഥകൾക്ക് എതിരാണ് ഈ കടന്നാക്രമണം; യു.എൻ രക്ഷാസമിതിയുടെ അനുമതിയും അതിനില്ല. ഒത്തുതീർപ്പ് ചർച്ചകൾ തുടങ്ങിയ അതേസമയത്തുതന്നെ രഹസ്യമായി ആക്രമണ നീക്കങ്ങൾ തുടരുകയും, ഒത്തുതീർപ്പായി എന്ന പ്രതീക്ഷ സൃഷ്ടിക്കപ്പെട്ടതിന് പിന്നാലെ മിസൈലുകൾ വിട്ട് ചതിപ്രയോഗം നടത്തുകയുമാണ് അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ട് ചെയ്തത്. നയതന്ത്രപരമായി തീർക്കാമായിരുന്ന ഒരു വിഷയത്തിൽ, നിലവിലുണ്ടായിരുന്ന ധാരണപോലും റദ്ദാക്കിയ ശേഷം സംഘർഷത്തിന്‍റെ പാത സ്വീകരിക്കുകയായിരുന്നു ട്രംപ്. “ആക്രമണം സ്വയംരക്ഷക്ക്” എന്ന വാദവും “ആണവായുധ ഭീഷണി ഇല്ലാതാക്കാൻ” എന്ന വാദവും പൊള്ളയാണെന്ന് ആർക്കാണറിയാത്തത്? ആണവായുധങ്ങൾ കൈവശമുള്ള, മറ്റു രാജ്യങ്ങളെ കടന്നാക്രമിച്ച് ശീലമുള്ള, രണ്ട് രാജ്യങ്ങളാണല്ലോ, അതൊന്നുമില്ലാത്ത രാജ്യത്തിനെതിരെ ഈ വാദം ഉയർത്തുന്നത്. വാസ്തവം എന്തെന്ന് വ്യക്തമാണ്: ഇസ്രായേലിന്‍റെയും നെതന്യാഹുവിന്‍റെയും മാത്രം താൽപര്യങ്ങളാണ് തീർത്തും ഏകപക്ഷീയമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സമാധാനത്തിന് പുതിയ ഭീഷണി ഉയർത്തുന്ന ഈ യുദ്ധം ഇറാനെതിരെ മാത്രമല്ല, ലോകത്തിനു മൊത്തം എതിരെയാണ്. ഗൾഫ് മേഖലയാകെ യുദ്ധക്കളമാവുകയാണ്. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ തുടങ്ങി യു.എസ് സൈനികത്താവളങ്ങളുള്ള രാജ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിക്കുന്നുണ്ട്. ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് ആഗോള ചരക്കുനീക്കം സ്തംഭിപ്പിക്കും. എണ്ണക്ക് അടക്കം വിലകൂടും. ഹൂത്തി, ഹിസ്ബുല്ല തുടങ്ങിയ സായുധസംഘങ്ങൾ ഇടപെടുന്നതോടെ യുദ്ധത്തിന്‍റെ വ്യാപ്തി പിന്നെയും കൂടും. ഏതുനിലക്കും നഷ്ടവും നാശവും വിതക്കുന്ന ഈ കടുംകൈ തടയാൻ ലോക നേതൃത്വങ്ങൾക്ക് കഴിയാതെപോയതിന്‍റെ വിലയാണ് ഇപ്പോൾ മനുഷ്യസമൂഹം ഒന്നാകെ നൽകേണ്ടിവന്നിരിക്കുന്നത്. ഒരു വംശഹത്യ നടന്നുകൊണ്ടിരിക്കെ ഒന്നും ചെയ്യാനോ പറയാൻ പോലുമോ ആവാതെ നോക്കിനിന്നതിന്‍റെ പ്രത്യാഘാതംകൂടിയാണിത്; എല്ലാ പരിധിയും വിട്ടുള്ള യുദ്ധഭ്രാന്തന്മാരുടെ ലക്കുകെട്ട ചോരക്കളി ലോകത്തിന് ഇനിയും താങ്ങാനാവില്ല. ലോക നിയമവ്യവസ്ഥയെ പാടേ തള്ളി രണ്ട് തെമ്മാടി രാഷ്ട്രങ്ങൾ നടത്തുന്ന പൈശാചികതയെ ആ നിലക്കുതന്നെ കാണേണ്ടതുണ്ട്. അമേരിക്കയെ നയിക്കുന്നത് ഇസ്രായേലാണെന്നും ഇസ്രായേലിനെ നയിക്കുന്നത് സയണിസം എന്ന ആക്രമണോത്സുക വംശീയതയാണെന്നും തിരിച്ചറിഞ്ഞുകൊണ്ടേ പരിഹാരശ്രമങ്ങൾ ഫലപ്രദമായി തുടങ്ങാനാവൂ.
ഇന്ത്യക്ക്-പ്രത്യേകിച്ച് കേരളത്തിന്-ഇതൊരു നിസ്സാര ഭീഷണിയല്ല. ധാരാളം പ്രവാസികൾ ജോലിക്കും പഠനത്തിനുമായി ഇറാനിലും ഗൾഫ് രാഷ്ട്രങ്ങളിലും താമസിക്കുന്നുണ്ട്. അവരുടെ സുരക്ഷ പ്രഥമ പരിഗണനയാകണം. അതിനാവശ്യമായ സജ്ജീകരണങ്ങൾ യൂനിയൻ-സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയുടെ ചിരകാല സുഹൃത്തായ ഇറാന്‍റെ സുസ്ഥിതിയും നമുക്ക് പ്രധാനമാണ്. അതുകൊണ്ടുതന്നെ വെടിനിർത്തലിനും സംഘർഷവ്യാപനം തടയുന്നതിനും ആവശ്യമായ നയതന്ത്ര ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. വൈപരീത്യമെന്നു പറയട്ടെ, പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ച് “ഉറ്റസൗഹൃദം” പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ആ “സുഹൃത്ത്” ചെയ്തത്, ഇത്രയുംകാലം നമ്മുടെ വിശ്വസ്ത സുഹൃത്തായിരുന്ന ഇറാനെ ആക്രമിക്കുകയാണ്. ഇത് നമ്മുടെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. ട്രംപും നെതന്യാഹുവും ചെയ്തുകൂട്ടുന്ന കാര്യങ്ങളെ നമ്മുടെ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഇത് നമുക്ക് പ്രേരണയാകണം. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യു.എസ് വീറ്റോക്ക് വിധേയമാണെങ്കിൽപോലും, സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള വേദി എന്ന നിലക്ക് അത് അടിയന്തരമായി പ്രശ്നം ചർച്ചക്കെടുക്കണം. ഉന്മത്തരായ തെമ്മാടികളുടെ ക്രൂരവിനോദങ്ങൾക്ക് ഇനിയും നിന്നുകൊടുക്കണമോ എന്ന് ലോകരാഷ്ട്രങ്ങൾ കൂട്ടായി ചിന്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.