ഈ പോരാട്ടത്തിൽ കോൺഗ്രസ് തോൽക്കരുത്

തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്ന പമ്പര വിഡ്ഢിത്തത്തിന് എൺപതുകളുടെ മധ്യത്തിൽ തുടക്കം കുറിച്ച, മതേതര ജനാധിപത്യം മൂലശിലയായി അംഗീകരിച്ച ദേശീയ പാർട്ടി എന്നവകാശപ്പെടുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പതിറ്റാണ്ടുകൾ നീണ്ട തിരിച്ചടികൾക്കുശേഷവും തിരിച്ചറിവുണ്ടായില്ലെന്നത് നിർഭാഗ്യകരമെന്നേ പറയാൻ കഴിയൂ. 1949 ഡിസംബർ 22 മുതൽ ജില്ല ഭരണാധികാരികൾ പൂട്ടിയിട്ട ബാബരി മസ്ജിദ് ഉടമാവകാശം സംബന്ധിച്ച കേസിൽ അലഹബാദ് ഹൈകോടതി വിധി പറയുംമുമ്പ് ഏകപക്ഷീയമായി ഹൈന്ദവ ക്ഷേത്രാരാധനക്ക് തുറന്നുകൊടുക്കാൻ അവസരമൊരുക്കിയത് പ്രാദേശിക കോൺഗ്രസ് നേതൃത്വമായിരുന്നല്ലോ. രാഷ്ട്രീയ പക്വതയോ ഭരണപരിചയമോ ഇല്ലാത്ത രാജീവ് ഗാന്ധിയെ ഇതിനായി തെറ്റിദ്ധരിപ്പിച്ചത് അരുൺ നെഹ്റു എന്ന യു.പി കോൺഗ്രസ് നേതാവായിരുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ പ്രതിജ്ഞാബദ്ധരായ തൽപരകക്ഷികൾ ഈ അവസരം ഉപയോഗിച്ച് രംഗം പിടിച്ചുപറ്റി രാമക്ഷേത്രരഥം രാജ്യമൊട്ടാകെ ഉരുട്ടിയതും ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരങ്ങൾ ആളിക്കത്തിച്ച് അധികാര ശ്രേണികൾ ഒന്നൊന്നായി കയറി ഒടുവിൽ ഇന്ത്യയെ ആർഷസംസ്കാരത്തിന്റെ ഈറ്റില്ലമായ ‘ഭാരത’മാക്കി മാറ്റിയെടുക്കുന്നതിൽ ബഹുദൂരം മുന്നോട്ടുപോയതും ഗതകാല ബാക്കിപത്രം. 2014ൽ നരേന്ദ്ര മോദി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ബാനറിൽ ഇന്ദ്രപ്രസ്ഥ സിംഹാസനത്തിൽ ഉപവിഷ്ടനായതിൽപിന്നെ രാജ്യത്ത് കൊണ്ടുവന്ന മാറ്റങ്ങൾ എവ്വിധമായിരുന്നെന്ന് ഇന്ത്യൻ ജനത നോക്കിക്കണ്ടതാണ്. മതേതര ജനാധിപത്യ ഭരണഘടനയെ നോക്കുകുത്തിയാക്കി നിർത്തി അംബാനി-അദാനിമാരുടെ സമ്പൂർണ സഹകരണത്തോടെ സവർണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുന്നതിൽ നേടിയെടുത്ത വിജയം ഒരു വിശദീകരണവും വ്യാഖ്യാനവും ആവശ്യപ്പെടുന്നില്ല. പതിനേഴാം ലോക്സഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ മൂന്നാമൂഴം ഉറപ്പാകുന്നതിലൂടെ സമ്പൂർണ ഹിന്ദുത്വ രാജ്യമെന്ന ആർ.എസ്.എസിന്റെ നൂറ്റാണ്ടുനീണ്ട സ്വപ്നം 2025ൽ സാക്ഷാത്കരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മോദിയും കൂട്ടരും. അതിനുള്ള ഏറ്റവും ഫലപ്രദമായ പോംവഴിയായി അവർ ഇത്തവണയും കാണുന്നത് സുപ്രീംകോടതി ഏകപക്ഷീയമായി പതിച്ചുനൽകിയ ബാബരി മസ്ജിദ് വഖഫ് ഭൂമിയിൽ 3000 കോടി രൂപ ചെലവിൽ തകൃതിയായി പണിത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം തന്നെ. ഹൈന്ദവാചാര്യന്മാരോ ആത്മീയ പുരുഷന്മാരോ ആരുമല്ല, പ്രധാനമന്ത്രി നന്ദ്രേ മോദിയും അദ്ദേഹത്തിന്റെ വലംകൈ അമിത് ഷായും ഇരുവരുടെയും മാർഗദർശി സർസംഘ് ചാലക് മോഹൻ ഭാഗവതും തന്നെയാണ് ചടങ്ങിലെ ഉയർത്തി കാണിക്കപ്പെടുന്ന താരങ്ങൾ. മുച്ചൂടും രാഷ്ട്രീയ അജണ്ടയോടെ നടക്കാൻ പോകുന്ന ക്ഷേത്രോദ്ഘാടനത്തിൽ ആത്മീയതയോ ആധ്യാത്മികതയോ ഒന്നുമല്ല, അധികാര രാഷ്ട്രീയം മാത്രമാണ് സർവഥാ പരിഗണനീയമെന്ന് വ്യക്തം.

ഇത്തരമൊരു പരിപാടിയിലേക്ക് രാജ്യത്തെ പ്രധാന രാഷ്​ട്രീയ പാർട്ടികളുടെ നേതാക്കളെയും വക്താക്കളെയും ക്ഷണിച്ചതിലുമുണ്ട് നഗ്നമായ രാഷ്ട്രീയ മുതലെടുപ്പ്. ഈ കെണിയിലും വലയിലും വീണുപോവാതിരിക്കാൻ ഇടതുപാർട്ടികൾ മതിയായ കരുതലെടുക്കുമ്പോൾ ‘ഇൻഡ്യ’ മുന്നണിയിലെ മുഖ്യഘടകത്തെ ആശയക്കുഴപ്പവും അനിശ്ചിതത്വവും അവസാന നിമിഷവും വേട്ടയാടുന്നുവെന്നത് എന്ത് മാത്രം നിർഭാഗ്യകരം. ബഹുമത രാഷ്ട്രമായ ഇന്ത്യയിൽ നിയമാനുസൃതമായ രീതിയിൽ പണിതുയർത്തുന്ന ആരാധനാലയ സംബന്ധമായ ചടങ്ങുകളിൽ ആര് പ​ങ്കെടുത്താലും അതിൽ അനൗചിത്യമോ അസാംഗത്യമോ ഇല്ല. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം നൂറ്റാണ്ടുകളായി ആരാധന നിർവഹിച്ചുവന്ന ചരിത്രസൗധം തികഞ്ഞ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ അന്യായമായി പൊളിച്ചൊടുക്കി തൽസ്ഥാനത്ത് പണിത ​ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിരുപദ്രവമോ ആത്മീയ സാക്ഷാത്കാരമോ ആയി കാണാൻ സാമാന്യ ബുദ്ധികൾക്ക് സാധിക്കുന്നതല്ല. ഈ സത്യം വേണ്ടവിധം ബോധ്യപ്പെടാനുള്ള അവസരം മതിയാവോളം ലഭിച്ചിട്ടും പാഠം പഠിക്കാതെ പ്രധാന പ്രതിപക്ഷ പാർട്ടി നിസ്സഹായരായി ഇരുട്ടിൽ തപ്പുന്നത് സഹതാപാർഹം മാത്രമല്ല പ്രതിഷേധാർഹം കൂടിയാണ്. രാഷ്ട്രീയവത്കരിക്കപ്പെട്ട മതചടങ്ങിൽനിന്ന് അക്കാരണം തന്നെ ചൂണ്ടിക്കാട്ടി, തങ്ങൾ അതിൽ പ​ങ്കെടുക്കാത്തത് മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയോടും ഇന്ത്യയിലെ ബഹുസ്വരതയോടുമുള്ള പ്രതിബദ്ധത കൊണ്ടാണെന്ന് തുറന്ന് പ്രഖ്യാപിക്കാനുള്ള ആർജവം കോൺഗ്രസ് കാണിക്കുകയാണെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ വിശ്വാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ആത്മാർഥമായ പിന്തുണ പാർട്ടിക്ക് ലഭിക്കുകതന്നെ ചെയ്യും; ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് ഭൂരിപക്ഷ മതഭ്രാന്തും യഥാർഥ മതനിരപേക്ഷതയും തമ്മിലെ പോരാട്ടമായി ലോകം വിലയിരുത്തുകയും ചെയ്യും.

Tags:    
News Summary - madhyamam editorial 2023 December 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.